- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയെ ആക്ഷേപിച്ച് ഇറക്കിവിട്ട സംഭവം: സുകുമാരൻ നായർക്കെതിരെ സമുദായത്തിനുള്ളിൽ കടുത്ത വിമർശനം; അഹങ്കാരം കണ്ടു കൈയടിക്കുന്ന നായർ പ്രമാണികൾക്കെതിരെയും രോഷം ശക്തം
കോഴിക്കോട്: നടൻ സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്തു നിന്നും ആക്ഷേപിച്ച് ഇറക്കിവിട്ട സംഭവത്തിൽ ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സുകുമാരൻ നായരുടെ നിലപാടിനെ പിന്തുണച്ച് ചുരുക്കം ചില കോൺഗ്രസ് നേതാക്കൾ എത്തിയത് ഒഴിച്ചാൽ അദ്ദേഹത്തിന്റെ താൻപ്രമാണിത്തത്തിനെതിരെ പ്രതിഷേധം അതിശക്തമായിരിക്കയാണ്. എൻഎസ്എസിന്റെ പ്രതിനിധി
കോഴിക്കോട്: നടൻ സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്തു നിന്നും ആക്ഷേപിച്ച് ഇറക്കിവിട്ട സംഭവത്തിൽ ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സുകുമാരൻ നായരുടെ നിലപാടിനെ പിന്തുണച്ച് ചുരുക്കം ചില കോൺഗ്രസ് നേതാക്കൾ എത്തിയത് ഒഴിച്ചാൽ അദ്ദേഹത്തിന്റെ താൻപ്രമാണിത്തത്തിനെതിരെ പ്രതിഷേധം അതിശക്തമായിരിക്കയാണ്. എൻഎസ്എസിന്റെ പ്രതിനിധി സഭാംഗങ്ങളിൽ നിന്നു തന്നെ ജനറൽ സെക്രട്ടറിയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെങ്കിലും ഭയപ്പാടുകൊണ്ട് പരലും പരസ്യമായി പറയാൻ മടിക്കുകയാണ്. എന്നാൽ, സുകുമാരൻ നായർ എൻഎസ്എസിന് അപമാനമായ വ്യക്തിയാണെന്നും അദ്ദേഹം സ്ഥാനത്തു നിന്നും മാറണമെന്നുമുള്ള ആവശ്യവും സുരേഷ് ഗോപി വിവാദത്തോടെ സമുദായത്തിന് അകത്തു നിന്നും ഉയർന്നു. ഈ ആവശ്യം സിനിമാ നിർമ്മാതാവ് സുരേഷ്‌കുമാർ പരസ്യമായി തന്നെ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
എൻഎസ്എസിനുള്ളിൽ സുകുമാരൻ നായരുടെ താൻപോരിമയിൽ പ്രതിഷേധിച്ച് പുറത്തെത്തി രൂപീകരിച്ച മലബാർ നായർ സമാജവും സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. രാജ്യം പോലും ആദരിച്ച സുരേഷ് ഗോപിയെ പോലുള്ള ഒരു കലാകാരനെ സുകുമാരൻ നായരെ പോലുള്ള നാലാംകിടക്കാരനേ അവഹേളിക്കാൻ പറ്റൂ എന്ന് മലബാർ നായർ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്‌ക്കരൻ പിള്ള പറഞ്ഞു. നായർ സമുദായത്തിന്റെ അന്തക വിത്താണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ നിലപാടകൾക്കെതിരെ എൻ.എസ്.എസ് ആസ്ഥാനം ഉപരോധിക്കുമെന്നും ഭാസ്‌ക്കരൻ പിള്ള പറഞ്ഞു.
സുരേഷ് ഗോപിയെ എൻഎസ്.എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ട നടപടിയിൽ പ്രതിഷേധിച്ച് മാവേലിക്കര പേള എൻ.എസ്.എസ് കരയോഗം സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ബിജെപിയും ചലച്ചിത്രതാരം അനൂപ് ചന്ദ്രനും ഇന്നലെ സുകുമാരൻ നായരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ സുകുമാരൻ നായർ ആക്ഷേപിച്ചത് കേരളത്തിനാകെ നാണക്കേടെന്നും കെഎം മാണിക്കും പിജെ കുര്യനും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കിൽ സുരേഷ് ഗോപിക്കും പോകാമെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം സുരേഷ് ഗോപിക്കല്ല സുകുമാരൻ നായർക്കാണ് രാഷ്ട്രീയമുള്ളതെന്ന് ആരോപിച്ച കെ സുരേന്ദ്രൻ കോൺഗ്രസ് രാഷ്ട്രീയമാണ് സുകുമാരൻ നായർ ഉയർത്തിപ്പിടിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
കലാകാരന്മാർ മതമേലധ്യക്ഷന്മാരുടെ പുറകെ പോകരുതെന്നും മതമേലധ്യക്ഷന്മാരുടെ പുറകെ പോകുന്നവർക്ക് ഒരു പാഠമാണ് ഇന്നലെ എൻഎസ്എസ് ആസ്ഥാനത്ത് സംഭവിച്ചതെന്നും ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. രാജ്യം ഭരത് അവാർഡ് നല്കി ആദരിച്ച നടനെയാണ് ജി. സുകുമാരൻ നായർ ഇറക്കി വിട്ടതെന്നും അത് ശരിയായ നടപടിയല്ലെന്നും അനൂപ് പറഞ്ഞു. ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് സുരേഷ് ഗോപിയെന്നതെങ്കിലും മാനിക്കണമായിരുന്നെന്നും എൻഎസ്എസ് എന്നത് സുകുമാരൻ നായരുടെ മാത്രം സ്വത്തല്ല മറിച്ച് എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും അനൂപ് കൂട്ടിച്ചേർത്തു.
അതേസമയം എൻഎസ്എസ് നേതൃത്വത്തിൽ തിരുത്തൽ വേണമെന്ന് നടൻ സുരേഷ്‌ഗോപി പറഞ്ഞു. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ല. ഇതിനെതിരേ സാമുദായിക അംഗങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും സുരേഷ്‌ഗോപി പ്രതികരിച്ചിരുന്നു. സുരേഷ് ഗോപിയുടെ പ്രതികരണത്തോടെ നായർ സമുദായത്തിനുള്ളിൽ നിന്നും അതിശക്തമായ വികാരമാണ് സുകുമാരൻ നായർക്കെതിരെ ഉണ്ടായിരിക്കുന്നത്. സുരേഷ് ഗോപിയെ ഇറക്കിവിട്ടപ്പോൾ കൈയടിച്ച നായർപ്രമാണിമാർക്കെതിരെയും എതിർപ്പ് ശക്തമായിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ സംഭവത്തിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന എതിർപ്പ് താൽക്കാലികമാണെന്നും. അത് വൈകാതെ കെട്ടടങ്ങുമെന്നുമാണ് സുകുമാരൻ നായരുടെ വിലയിരുത്തൽ.
നേരത്തെ ബാർകോഴയിൽ കെ എം മാണിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴും സുകുമാരൻ നായർ വിമർശിക്കപ്പെട്ടിരുന്നു. അന്ന് ഉഴവൂർ കരുനെച്ചി കരയോഗമാണ് ജനറൽ സെക്രട്ടറിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. താൻ പറയുന്നതിനപ്പുറം ഒരു നായരുമില്ലെന്ന് പലപ്പോഴും പറയുന്ന സുകുമാരൻ നായരോട് മാപ്പു പറയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഉഴവൂർ കരുനെച്ചി കരയോഗം. നായർ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന തീരുമാനമാണ് സുകുമാരൻ നായരുടെതെന്ന് പ്രേമേയം പാസാക്കിക്കൊണ്ട് കരയോഗം ഭാരവാഹികൾ പറഞ്ഞിരുന്നു.