ശ്രീനഗർ: അമർനാഥ് തീർത്ഥാടകരുടെ നേരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ ആക്രമണങ്ങളും കല്ലേറും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇക്കുറി കൂടുതൽ സുരക്ഷയേർപ്പെടുത്തി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ സൈനികരുടെ സേവനം സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംരക്ഷണത്തിനായി 27,000 സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്നാണ് ജമ്മു കശ്മീർ സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഭീകരാക്രമണവും സൈന്യത്തിന് എതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരുടെ കല്ലേറും അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രദേശവാസികളുടെ രോഷം തീർത്ഥാടകരുടെ നേരെ തിരിയുമോ എന്ന ആശങ്ക ശക്തമാണ്.

കഴിഞ്ഞ കൊല്ലം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അമർനാഥ് തീർത്ഥാടന പാതയിൽ വിന്യസിച്ചിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമർനാഥ്. തീർത്ഥാടനം 40 ദിവസം നീണ്ടുനിൽക്കും. സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നടത്തിയ ഉന്നതാധികാര സമിതിയുടെ ചർച്ചയിലാണ് കേന്ദ്ര സർക്കാരിനോട് അധിക സുരക്ഷ ആവശ്യപ്പെടാൻ തീരുമാനമായത്.

തീവ്രവാദികളും കല്ലേറുകാരും ഒരു പോലെ ഭീഷണി ഉയർത്തുന്നുണ്ടെന്നും എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉപദേശകനായ അശോക് പ്രസാദ് അറിയിച്ചു. സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സുരക്ഷാ ഭീഷണികളെ ശക്തമായി തന്നെ നേരിടുമെന്നും പ്രസാദ് വ്യക്തമാക്കി.