അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ഇടവേളയ്ക്ക് ശേഷം വീണ്ടും കല്ലുകൾ കൊണ്ടുവന്ന് തുടങ്ങിയതായി റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മൂന്നു ലോറികളിലായി ചുവന്ന കല്ലുകൾ എത്തിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രാമക്ഷേത്ര നിർമ്മാണത്തിനായാണ് കല്ലുകൾ എത്തിച്ചതെന്ന് വിഎച്ച്പിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് ക്ഷേത്രനിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് വിഎച്ച്പി പറയുന്നു.

അയോധ്യയിലെ രാംസേവക് പുരത്താണ് കല്ലുകൾ എത്തിച്ചിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനായുള്ള സാമഗ്രികൾ ശേഖരിക്കുന്നതിനായി വിഎച്ച്പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകൾ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനായി ഇവിടെ എത്തിച്ചിരിക്കുന്ന കല്ലുകളിൽ കൊത്തുപണികൾ ചെയ്യുന്ന ജോലി നടന്നുവരികയാണ്.

വിഎച്ച്പിയുടെ ഉപസംഘടനയായ രാം ജന്മഭൂമി ന്യാസ് എന്ന സംഘടനയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതികളിലൊരാളായ നൃത്യഗോപാൽ ദാസ് ആണ് ഇതിന്റെ പ്രധാന നേതാവ്.