- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; വീടിന്റെ പുമുഖത്ത് റീത്ത് വച്ചും പ്രതിഷേധം; ആക്രമണം വെളുപ്പിന് നാലരയ്ക്ക്; പിന്നിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
തൃശ്ശൂർ: കുന്നംകുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്. പുലർച്ചെ നാലരക്കായിരുന്നു കല്ലേറ് നടന്നത്. കെ. ജയശങ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നു. വീടിന്റെ ഇരു വശങ്ങളിലെയും ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. വീടിന്റെ പൂമുഖത്ത് റീത്തും വെച്ചിരുന്നു.
കുന്നംകുളം എ.സി.പി, സിഐ, എസ്ഐ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇന്നലെ കല്യാണ മണ്ഡപത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ ജാള്യത മറക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്ലേറ് നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം കെ.ജയശങ്കറിന്റെ പ്രചാരണജാഥക്ക് നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറിൽ പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്നും അക്രമം നടത്തിയവരെ പിടികൂടിയില്ലെന്നും ആരോപിച്ച് യു.ഡി.എഫ്. പ്രവർത്തകർ രാത്രി പത്തിന് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കാട്ടകാമ്പാൽ ചിറയ്ക്കൽ സെന്ററിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സ്ഥാനാർത്ഥി കെ. ജയശങ്കർ പങ്കെടുത്ത ജാഥ ചിറയ്ക്കൽ സെന്ററിൽ എത്തിയപ്പോൾ സമീപത്തെ കല്യാണ മണ്ഡപത്തിൽ നിന്ന് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞെന്നാണ് പരാതി. സംഭവത്തിനു പിന്നിൽ സിപിഎം. പ്രവർത്തകരാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. പൊലീസ് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ആരോപിച്ച് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജോസഫ് ചാലിശ്ശേരി, എം.എസ്. മണികണ്ഠൻ, എ.എം. നിതീഷ്, വർഗീസ് ചൊവ്വന്നൂർ, വിഘ്നേശ്വര പ്രസാദ് തുടങ്ങിയവരും സ്ഥലത്തെത്തി.
പൊലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഷാർ കോട്ടോൽ ആരോപിച്ചു. പരിക്കേറ്റവരുടെ മൊഴി എടുക്കാമെന്നും കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കാമെന്നും എ.സി.പി. അനീഷ് വി. കോര ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു.
കല്യാണ മണ്ഡപത്തിൽ പെരുന്തിരുത്തി സ്വദേശിയുടെ വിവാഹ ഒരുക്കങ്ങളാണ് നടന്നിരുന്നത്. ഇവിടേക്ക് വന്ന വാഹനം തടയുകയും യു.ഡി.എഫ്. പ്രവർത്തകർ അക്രമിക്കുകയുമായിരുന്നെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ടി.കെ. വാസു, എം.എൻ. സത്യൻ എന്നിവർ പറഞ്ഞു.
കല്യാണ മണ്ഡപത്തിൽ കയറി അക്രമം നടത്തിയതിൽ പത്തോളം പേർക്ക് പരിക്കുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണെന്നും അക്രമം നടത്തിയ യു.ഡി.എഫ്. പ്രവർത്തകരുടെ പേരിൽ കർശന നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ