ശാരീരിക വൈകല്യമുള്ളവരുടെ പാർക്കിങ് ഏരിയയിൽ അനധികൃതമായി കടന്നുകയറുന്നവർക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പാർക്കിങ് നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാർക്കിങ് ഏരിയയിലെ കടന്നുകയറ്റം മൂലം വിഷയത്തിൽ നിരവധി പരാതികളാണ് ദിവസേന ഉയരുന്നത്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായുള്ള പാർക്കിങ് ഏരിയ മറ്റുള്ളവർ ഉപയോഗിച്ചാൽ 110 ഒഎംആർ വരെ പിഴ ഈടാക്കണമെന്നാണ് നിയമം. പാർക്കിങ് ലൈനിന് ഇടയിൽ ശരിയായി പാർക്ക് ചെയ്തില്ലെങ്കിലും ഇതേ പിഴയാണ് ഈടാക്കുന്നത്.

എസ് ക്യൂയു ജീവനക്കാർ പോലും ഉപയോഗിക്കുന്നത് അംഗവൈകല്യമുള്ളവർക്കുള്ള പാർക്കിങ് ഏരിയയാണ്. ഇവ പ്രവേശനകവാടത്തിന്റെ അടുത്താകുന്നത് മൂലം ചട്ടം ലംഘിച്ച് പാർക്കിങ് നടത്തുകയാണ് ചെയ്യുക. ഫെസ്റ്റിവൽ സമയങ്ങളിൽ ചില ഡ്രൈവർമാർ വളരെ ക്രൂരമായാണ് പെരുമാറുക. തീരെ മാന്യതയില്ലാത്തതും പ്രൊഫഷണലിസത്തന് ചേരാത്തതുമായ നടപടിയാണ് ഇത്തരം പ്രവർത്തികളെന്ന് വിമർശകർ പറയുന്നു. ആളുകൾ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് അനുവദിക്കുന്ന ഏരിയയിൽ പാർക്ക് ചെയ്യാതിരിക്കുന്നതിന് ബോധവത്കരമാണ് നടത്തേണ്ടതെന്നുമാണ് ഇവരുടെ വാദം. അതേ സമയം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഉയർന്ന പിഴ ഈടാക്കണമെന്നും കുറ്റം ആവർത്തിച്ചാൽ ജയിലിൽ ഇടണമെന്നും മറ്റൊരു വിഭാഗം പറയുന്നു.

ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ ആർഒപി മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹ്യ സേവന മന്ത്രാലയവും ട്രാഫിക് അധികൃതരും ചേർന്നാണ് ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്ക് പാർക്കിങ് പെർമിറ്റുകൾ നൽകുന്നത്. പെർമിറ്റുകൾ വാഹനത്തിൽ കാണാവുന്ന വിധം വെയ്ക്കണമെന്നും ആർഒപി വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ നടത്തിയ അഭിപ്രായ സർവ്വെയിൽ 18 ശതമാനം പേരും അംഗവൈകല്യമുള്ളവർക്ക് നൽകുന്ന പാർക്കിങ് ഏരിയ ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു.