തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിവാദത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോവിലും സെൻസർ ബോർഡ് ഓഫീസിലും തെളിവെടുപ്പ് നടത്തി. സെൻസറിംഗിനു മുമ്പായി സിനിമയുടെ ദൈർഘ്യം കുറച്ചത് വിസമയ സ്റ്റുഡിയോയിൽ വച്ചായിരുന്നു. നേരത്തെ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്റ്റുഡിയോ ഇപ്പോൾ സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ പേരിലാണ്. അതിനിടെ പ്രേമം സെൻസർ കോപ്പി ചോർന്നത് സെൻസർ ബോർഡിൽ നിന്നാണെന്ന സംവിധായകനും ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോ ഉടമയുമായ പ്രിയദർശന്റെ ആരോപണത്തിനെതിരെ സെൻസർ ബോർഡ് അഡൈ്വസറി പാനൽ അംഗവും ചലച്ചിത്ര സംവിധായകനുമായ വിജയകൃഷ്ണൻ രംഗത്ത് വന്നു.

സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താൻ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളിൽ നിന്നും അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ഉള്ളവർക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടാനവുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡിവൈഎസ്‌പി ഇക്‌ബാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ആന്റി പൈറസി സെൽ നടത്തിയ റെയ്ഡിൽ പ്രേമം ഉൾപ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സിഡികൾ വൻതോതിൽ കണ്ടെടുത്തിരുന്നു. വ്യാജ സിഡികൾ കൈവശം വച്ചതിന്റെ പേരിൽ എട്ടുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ബീമാപള്ളിയിലെ മൂന്ന് കടകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സെൻസർ ബോർഡിൽ നിന്നാകും കോപ്പി പുറത്ത് പോയതെന്ന ആരോപണം പ്രിയദർശൻ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സെൻസർ ബോർഡ് അംഗം പരസ്യമായി രംഗത്ത് വന്നത്. ഇതോടെ സിനിമാ മേഖലയിലുള്ളവർ തമ്മിലെ പരസ്യപോരായി പ്രേമം വിവാദം മാറുകയാണ്. സിനിമയിലെ തിരുവനന്തപുരം ലോബിയാണ് പൈറസിക്ക് പിന്നിലെന്നാണ് ഒരു വാദം. കൊച്ചി കേന്ദ്രീകരിച്ചുള്ള ന്യൂ ജെനറേഷൻ സിനിമാ സംഘങ്ങളെ തകർക്കാനാണ് ഇതെന്നും ആരോപണം ഉയരുന്നു. മെയ്‌ 29ന് റിലീസ് ചെയ്ത പ്രേമം തീയേറ്ററുകളിൽ വൻ ചലനമാണുണ്ടാക്കിയത്. 25 ദിവസം കൊണ്ട് 30 കോടിയിലധികം കളക്ഷൻ നേടി മുന്നേറവേയാണ് വ്യാജൻ ഇറങ്ങിയത്. പെരുന്നാൾ സിനിമകൾ 17നോ അതിന് മുമ്പായോ റിലീസാകും. പെരുന്നാളിനിറങ്ങിയ സിനിമകളെ കൈവിട്ട് കാണികൾ പ്രേമം കാണാൻ പോകുമെന്ന് ഭയന്നാണ് വ്യാജനിറക്കിയതെന്നും ആക്ഷേപമുണ്ട്. സൂപ്പർതാരത്തിന്റെ സിനിമയുടെ കളക്ഷൻ റെക്കാർഡ് തകർക്കാതിരിക്കാനും ഇതിലൂടെ കഴിഞ്ഞേ്രത.

അതിനിടെയാണ് പ്രിയദർശനെ കുറ്റപ്പെടുത്തി വിജയകൃഷ്ണൻ രംഗത്ത് വരുന്നത്. കേന്ദ്ര സെൻസർബോർഡ് അധ്യക്ഷനും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെൻസർ സ്‌ക്രിപ്ട് എഴുതിയ ആൾ, ചിത്രം ട്രിം ചെയ്ത സ്റ്റുഡിയോ എന്നിവിടങ്ങളിലേക്കാണ് ആദ്യകോപ്പിയുമായി പോയിട്ടുണ്ടാവുക. ഈ പറഞ്ഞ് കേട്ടത് വച്ച് നോക്കിയാൽ സെൻസറിംഗിനായി ആദ്യം അൻവർ റഷീദ് കൊണ്ടുവന്ന കോപ്പിയാണ് പുറത്തുപോയിട്ടുണ്ടാവുകയെന്നാണ് സെൻസർ ബോർഡ് അംഗം വിജയകൃഷ്ണന്റെ അഭിപ്രായം. അത് എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്തുക എത്രമാത്രം നിസ്സാരമാണ്. ഇതൊന്നും അറിയാത്ത ആളല്ല പ്രിയദർശൻ. ആദ്യപരിഗണനയിൽ തന്നെ സ്വന്തം സ്റ്റുഡിയോകളിൽ അന്വേഷണം നടക്കരുതെന്ന് കരുതി അന്വേഷണം വഴിതെറ്റിക്കാൻ ആകാം ഈ ആരോപണം.

പ്രിയദർശനോ മോഹൻലാലോ ഇതൊന്നും പകർത്തിക്കൊടുത്തെന്ന് ഞങ്ങളാരും ആരോപിക്കുന്നില്ല. അങ്ങനെ ചിന്തിക്കേണ്ടതുമില്ല. പക്ഷേ പ്രിയദർശന്റെ ആരോപണം സ്വന്തം സ്റ്റുഡിയോയെ ഈ അന്വേഷണത്തിന്റെ ഭാഗമാക്കാതിരിക്കാൻ ആണ്. കൃത്യം ചെയ്തവർക്ക് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണ് സെൻസർ ബോർഡിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമെന്നാണ് വിജയകൃഷ്ണന്റെ വിശദീകരണം. സെൻസർ ഷിപ്പിനായി ഒരു സിനിമയുടെ കോപ്പി എത്തുന്നത് അതിന് മുമ്പ് പല കൈമറിഞ്ഞാണ്. സെൻസർ കോപ്പി എന്നത് സെൻസർ ബോർഡിന് മുന്നിലെത്തിയ ശേഷം അങ്ങനെ രേഖപ്പെടുത്തുന്ന പതിപ്പല്ല. പ്രേമം എന്ന ചിത്രം സെൻസറിംഗിനായി കണ്ടയാളാണ് ഞാൻ. നിർമ്മാതാവ് അൻവർ റഷീദാണ് രണ്ട് മണിക്കൂർ അമ്പത്തിരണ്ട് മിനുട്ടോളം ദൈർഘ്യമുള്ള പതിപ്പുമായി വന്നത്.

ലെംഗ്ത് കുറച്ചാൽ നന്നായിരിക്കാം എന്ന ചില അംഗങ്ങളുടെ നിർദ്ദേശം പരിഗണിച്ചാകാം ആ കോപ്പി കൊണ്ടുപോയി എഴ് മിനുട്ട് ട്രിം ചെയ്താണ് സെൻസർ കോപ്പിയായി അൻവർ റഷീദ് വീണ്ടും സമർപ്പിച്ചത്. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന അതേ പതിപ്പാണ് സെൻസർ ബോർഡ് ഓഫീസിലുള്ളത്. സിഡി സമർപ്പിക്കുമ്പോൾ മാത്രമാണ് സെൻസർ ബോർഡ് അതിന്റെ കസ്‌റ്റോഡിയനാകുന്നത്. അൻവർ റഷീദിന്റെ സാന്നിധ്യത്തിൽ സീൽ ചെയ്താണ് സെൻസർ കോപ്പി സൂക്ഷിച്ചിരിക്കുന്നത്. അത് പുറത്തുപോയാൽ സീൽ പൊട്ടിച്ച് പുറത്തെടുത്തതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാനുമാകും. സെൻസർ കോപ്പി എന്ന് രേഖപ്പെടുത്തുന്നത് സെൻസർ ബോർഡ് അല്ല സ്റ്റുഡിയോകളിൽ നിന്നാണെന്നും വിജയകൃഷ്ണൻ പറയുന്നു.

സെൻസർ കോപ്പിയാണ് പുറത്തുപോയതെങ്കിൽ കണ്ടുപിടിക്കാൻ വളരെ എളുപ്പവുമാണ്. ഡബ്ബിങ്,മിക്‌സിങ്,എഡിറ്റിങ് ഘട്ടങ്ങൾ കൈകാര്യം സ്റ്റുഡിയോകളിലും കൈമറിഞ്ഞ വഴികളും പരിശോധിച്ചാൽ മതി. റീലുകൾ രേഖപ്പെടുത്തി സെൻസർ കോപ്പിയെന്ന് അടയാളപ്പെടുത്തിയത് ഒരു സ്റ്റുഡിയോയിൽ വച്ചായിരിക്കും. ഇതിന് ശേഷം സെൻസർ സ്‌ക്രിപ്ട് എഴുതാൻ ഈ സിഡി തന്നെയാണ് ഉപയോഗിക്കുന്നുണ്ടാകും. സെൻസർ സ്‌ക്രിപ്ട് തയ്യാറാക്കിയ ആളുടെ പക്കലും ഈ സിഡി വന്നിട്ടുണ്ടാകുമെന്നും വിജയകൃഷ്ണൻ പറയുന്നു.