- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അർധ ബോധാവസ്ഥയിലായ സൈനികനെ, ആനുകൂല്യങ്ങൾ അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ ഉപേക്ഷിച്ചുവെന്ന് മാതാവിന്റെ പരാതി. സൈനിക അധികാര കേന്ദ്രങ്ങളിൽ അടക്കം തെളിവ് സഹിതം പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ല. പാലിയേറ്റീവ് കെയർ സെന്റററിൽ നിന്ന് മോചിപ്പിച്ചെടുത്ത മകനെയും ചേർത്തു പിടിച്ച് ആ അമ്മ വിലപിക്കുന്നു. കാലഭേദങ്ങളൊന്നുമറിയാതെ അമ്മയുടെ മാറിൽ ചേർന്നു കിടക്കുകയാണ് ആ മകൻ, ഒരു പിഞ്ചു കുഞ്ഞ് എന്ന വണ്ണം.
റാന്നി ഇടമൺ പത്മവിലാസം വീട്ടിൽ ഓമനയമ്മയാണ് മകനും സൈന്യത്തിൽ നായികുമായിരുന്ന മകൻ പിജെ രാജേഷ് കുമാറിന് നീതി കിട്ടാൻ വേണ്ടി അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങി നടക്കുന്നത്. 2012 ൽ നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ രാജേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. നാട്ടിലെ ആശുപത്രിയും കൊച്ചിയിലെയും ബംഗളൂരുവിലെയും നേവൽ ആശുപത്രികളിലുമായിട്ട് നടത്തിയ ചികിൽസയുടെ ഫലമായി ജീവിതത്തിലേക്ക് മടങ്ങിയ രാജേഷ് തിരികെ ജോലിയിൽ പ്രവേശിച്ചു.
2012 നവംബർ 20 ന് റാന്നി തോമ്പിക്കണ്ടം മാമ്പൊഴിൽ ലീനാ ജോയിയെ രാജേഷ് വിവാഹം കഴിച്ചു. പ്രണയ വിവാഹമായിരുന്നു ഇത്. തുടർന്ന് ഭാര്യയുമായി ജോലി സ്ഥലമായ ബംഗളൂരുവിലേക്ക് രാജേഷ് മടങ്ങി. അപകടത്തിന്റെ അസ്കിതകളിൽ നിന്ന് പൂർണമായും മോചിതനാകാത്ത രാജേഷ് ആ സമയത്തും മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ലീന ഗർഭിണിയായി. ആ സമയത്ത് അവരെ പരിചരിക്കാൻ വേണ്ടി താനും ഒപ്പം പോയിരുന്നുവെന്ന് ഓമനയമ്മ പറയുന്നു. കുഞ്ഞിന് അഞ്ച് മാസം പ്രായമാകുന്നതു വരെ ഓമനയമ്മ അവിടെ തുടർന്നു. അതിന് ശേഷം ലീന നിർബന്ധിച്ച് നാട്ടിലേക്ക് മടക്കി അയച്ചു. ഈ സമയത്ത് രാജേഷിന്റെ ശാരീരികാവസ്ഥ വഷളായി തുടങ്ങി. കുഞ്ഞിന് ഒരു വയസായപ്പോഴേക്കും രാജേഷിന്റെ കാഴ്ച ശക്തി മങ്ങി. ഓർമക്കുറവും അനുഭവപ്പെട്ട് തുടങ്ങി. ശരിയായ ചികിൽസ കിട്ടാതിരുന്നത് നില കൂടുതൽ വഷളാക്കി.
രാജേഷിന്റെ മാതൃയൂണിറ്റായ 14 എൻജിനീയർ റെജിമെന്റ് 2014 ൽ ആസാമിൽ നിന്ന് സെക്കന്തരാബാദിലേക്ക് വന്നു.അപ്പോൾ രാജേഷിനെ ബംഗളൂരുവിൽ നിന്ന് സെക്കന്തരാബാദിലേക്ക് സ്ഥലം മാറ്റി. അവിടെ ഒരു വർഷം സർവീസിൽ തുടർന്നപ്പോഴേക്കും ആരോഗ്യ നില തീർത്തും വഷളായി. അങ്ങനെ 2016 ൽ മകനെയും ഭാര്യയെയും കൂട്ടി രാജേഷ് ഭാര്യ വീട്ടിലെത്തി. ഏപ്രിലിൽ അവധി തീർന്ന് മടങ്ങിയ രാജേഷിനൊപ്പം ഭാര്യയും ഭാര്യാ സഹോദരനും പോയിരുന്നു. രാജേഷിനെ അയാളുടെ ക്വാർട്ടേഴ്സിന്റെ വരാന്തയിൽ ഉപേക്ഷിച്ച്, കിട്ടാവുന്നതെല്ലാം നുള്ളപ്പെറുക്കി ഭാര്യയും സഹോദരനും റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങി.
സമീപ ക്വാർട്ടേഴ്സുകളിൽ ഉള്ളവർ രാജേഷിന്റെ യൂണിറ്റിൽ വിവരം അറിയിച്ചു. അവിടെ നിന്ന് ലീനയെ ബന്ധപ്പെട്ടെങ്കിലും വരാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്ന് ഓമനയമ്മയുടെ പരാതിയിലുണ്ട്. തുടർന്ന് റെജിമെന്റിൽ നിന്ന് അറിയിച്ചത് അനുസരിച്ച് ഓമനയമ്മയും രാജേഷിന്റെ സഹോദരിയും അവിടെ എത്തി. ഇവർ ചെല്ലുന്നുവെന്ന വിവരം കിട്ടിയ ലീനയും ഓടിപ്പാഞ്ഞ് അവിടെ വന്നു. തുടർന്ന് കമാൻഡിങ് ഓഫീസറെ കണ്ട ലീന രാജേഷിന് ബംഗളൂരുവിലേക്ക് മാറ്റം വേണമെന്ന് അപേക്ഷിച്ചു. അവിടേക്ക് മാറ്റം കിട്ടിയ രാജേഷിനെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ തുടങ്ങി. ഈ സമയത്ത് തമിഴ്നാട്ടുകാരനായ ദീപക് എന്ന പട്ടാളക്കാരൻ തന്റെ പിതാവിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്നു. ദീപകുമായി ലീന പ്രണയത്തിലായി.
ഈ സമയത്ത് രാജേഷിനെ പരിചരിച്ചിരുന്നത് അയാളുടെ യൂണിറ്റിൽ നിന്ന് തന്നെയുള്ള മറ്റൊരു സൈനികനായിരുന്നു. ലീന ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കാറില്ലായിരുന്നുവെന്നും അവൾ ദീപകുമൊത്ത് ആശുപത്രിക്ക് വെളിയിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്നും ഓമനയമ്മയുടെ പരാതിയിൽ പറയുന്നു. രാജേഷിന്റെ ബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങനെ രാജേഷിന് നിർബന്ധിത പെൻഷൻ നൽകാൻ തീരുമാനമായി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ദീപകും ലീനയുമാണെന്ന് ഓമനയമ്മ ആരോപിക്കുന്നു.
രാജേഷ് വിരമിച്ചപ്പോൾ ലീനയ്ക്കൊപ്പം ദീപകും പോന്നു. രാജേഷിന്റെ കാര്യങ്ങൾ നോക്കാൻ ആർമിയിൽ നിന്ന് അയച്ചതാണ് ദീപകിനെ എന്നാണ് ലീന എല്ലാവരോടും പറഞ്ഞിരുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് രാജേഷുമായി ലീന സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴും ദീപക് അനുഗമിച്ചു. നാട്ടിലെത്തിയ ലീന രാജേഷിന്റെ പണം ഉപയോഗിച്ച് ഒരു കാർ വാങ്ങിയെന്നും അത് രജിസ്റ്റർ ചെയ്തത് ദീപകിന്റെ പേരിലായിരുന്നുവെന്നും ഓമനയമ്മ ആരോപിക്കുന്നു. രാജേഷിന് ലഭിച്ച ഇൻഷുറൻസ് തുകയും പെൻഷൻ ആനുകൂല്യങ്ങളും ഉപയോഗിച്ച് ലീന പുതിയ വീട് നിർമ്മിച്ചു. രാജേഷിന്റെ തുടർ ചികിൽസയ്ക്ക് ഒരു പൈസയും ചെലവഴിച്ചില്ല. ശേഷിച്ച പണം ലീന തുടർ പഠനത്തിനും അവരുടെ വീട്ടുകാരെ സഹായിക്കാനുമായി ചെലവഴിച്ചുവെന്നും പറയുന്നു.
ഒരു ദിവസം താനും ബന്ധുക്കളും കൂടി കാണാൻ ചെല്ലുമ്പോൾ രാജേഷിന് ബോധമുണ്ടായിരുന്നില്ല. ശരീരമാസകലം ചതവും കാണപ്പെട്ടു. രാജേഷിനെ ദീപക്, ലീന, ലീനയുടെ പിതാവ്,സഹോദരൻ എന്നിവർ ചേർന്ന് കഠിനമായി ഉപദ്രവിച്ചിരുന്നുവെന്ന് മനസിലായി. തങ്ങളെ കണ്ട ഉടനെ ദീപകും ലീനയും ചേർന്ന് രാജേഷിനെ പ്രദേശത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടു പോയി. എന്നാൽ അവിടെ അഡ്മിറ്റ് ചെയ്യാൻ തയാറായില്ല.
രാജേഷിനെ കൊലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങൾക്ക് മനസിലായെന്ന് ഓമനയമ്മ പറയുന്നു. ഞങ്ങൾ പിന്നാലെ ചെല്ലുമെന്ന് മനസിലായപ്പോൾ രാജേഷിനെ അവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് രാജേഷിനെ ഞങ്ങളുടെ വീട്ടിൽ കൊണ്ടാക്കി ദീപകും ലീനയും സ്ഥലം വിട്ടു. ആ അവസരം മുതലെടുത്ത് രാജേഷിനെ കൊച്ചി അമൃത ആശുപത്രിയിൽ കാണിച്ചു. നില മെച്ചപ്പെട്ടുവെന്ന് മനസിലാക്കിയ ലീനയും സഹോദരനും കൂടി വീട്ടിൽ വന്ന് രാജേഷിനെ ബലമായി കൂട്ടിക്കൊണ്ടു പോയി. തുടർന്ന് പന്തളം ഇടപ്പോണിലുള്ള ജോസ്കോ പാലിയേറ്റീവ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെയും വേണ്ട പരിചരണമില്ലെന്ന് കണ്ട് അധികാര കേന്ദ്രങ്ങളിൽ പരാതി നൽകി രാജേഷിനെ മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്നു.
ഇതിന് ശേഷം രാജേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ കഴിഞ്ഞ വർഷം ജനുവരി ദീപകിനെ ലീന വിവാഹം കഴിച്ചു. ലീന രാജേഷ് എന്ന പേര് ലീന ദീപക് എന്നാക്കി മാറ്റുകയും ചെയ്തു. രണ്ടാം വിവാഹത്തിന് മുന്നോടിയായി രാജേഷുമായുള്ള വിവാഹ ബന്ധം ഒഴിയാൻ താൻ തയാറാണെന്ന് ലീന അറിയിച്ചിരുന്നുവെന്ന് ഓമനയമ്മ പറഞ്ഞു. രാജേഷിന്റെ ഇതുവരെയുള്ള ആനുകൂല്യങ്ങൾ താൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഇനി മുതലുള്ളത് തനിക്ക് വേണ്ടെന്നും ലീന ഓമനയമ്മയോട് പറഞ്ഞിരുന്നു. ഇതെല്ലാം ലീന എഴുതി നൽകിയിരുന്നുവെന്നും പറയുന്നു.
എന്നാൽ, പിന്നീട് ലീന അഭിപ്രായം മാറ്റി. വിവാഹ ബന്ധം വേർപെടുത്താൻ തയാറായില്ല. ആദ്യ വിവാഹം മറച്ചു വച്ചു കൊണ്ട് ദീപകിന്റെ ഭാര്യയാവുകയും ആ വിവരം മിലിട്ടിറി റെക്കോഡ്സിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. സത്യത്തിൽ ഇന്ത്യൻ സൈന്യത്തെ വഞ്ചിക്കുകയാണ് ലീന ചെയ്തിരിക്കുന്നത് എന്ന് ഓമനയമ്മ പറഞ്ഞു. ലീന ആർക്കൊപ്പം വേണമെങ്കിലും പൊക്കോട്ടെ തന്റെ മകന്റെ ജീവനാണ് വലുതെന്ന് ഈ അമ്മ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി മുതൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഓമനയമ്മ പരാതി നൽകിയിട്ടും ഇതു വരെ ആശാവഹമായ ഒരു പുരോഗതിയുമില്ല.