വീടിന്റെ തറ പോലും ബാക്കി വെയ്ക്കാതെ സംഹാരതാണ്ഡവമാടി ഒഴുകിയെത്തിയ മലവെള്ളം.. സ്ഥാവര ജംഗമ വസ്തുക്കളും ആധാർ കാർഡും എന്നു വേണ്ടാ വീട് വെക്കാൻ മാത്രം ഉണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലത്തിന്റെ ആധാരവും ഉൾപ്പടെ എല്ലാം നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി. അങ്ങനെ കുട്ടികളുടെ സർട്ടിഫിക്കറ്റുകളും ഉടുതുണിയും ഒഴികെ എല്ലാം നഷ്ട്ടപ്പെട്ട കഥയാണ് ഉരുൾപ്പൊട്ടൽ അതിന്റെ സംഹാരതാണ്ഡവമാടിയ കൂട്ടിക്കൽ പഞ്ചായത്തിലെ പീടികക്കുന്നേൽ വീട്ടിലെ പി എസ് രാജേഷിനും ഭാര്യ സിന്ധുവിനും പറയാനുള്ളത്. വേണ്ടപ്പെട്ടവരുടെ ജീവൻ മലവെള്ളം കൊണ്ടുപോയില്ല എന്ന ആശ്വാസം മാത്രമാണ് അവർക്കുള്ളത്. 

മലവെള്ളം വന്ന സമയത്ത് രാജേഷിന്റെ പ്രായമായ അമ്മയും ഭാര്യ സിന്ധുവും പതിനൊന്നും പത്തും വയസുള്ള രണ്ടു പെൺകുട്ടികളുമാണ്ഓടും ഷീറ്റും കൊണ്ട് മേൽക്കൂര ഉണ്ടായിരുന്ന വീട്ടിലുണ്ടായിരുന്നത്. രാജേഷും അച്ഛനും പുറത്തായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന്മണിമലയാറിന് സമീപമുള്ള പുല്ലടയാർ നിറഞ്ഞു കവിഞ്ഞു. നിമിഷനേരം കൊണ്ട് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. കല്ലും മണലും വെള്ളവും വീടിനു മുകളിലേക്ക് പതിക്കുന്നതു കണ്ട പെൺകുട്ടികൾ അലറിവിളിച്ചു കരഞ്ഞപ്പോൾ അവരെയും പ്രായമായ അമ്മയേയും എടുത്തു നിമിഷനേരം കൊണ്ട് മാറിയതുകൊണ്ടു ജീവനോടെ ഇരിക്കുന്നുവെന്നു സിന്ധു കരഞ്ഞുകൊണ്ട്പറയുന്നു.

ഒക്ടോബർ 16നു നടന്ന ഉരുൾപൊട്ടലിനു ശേഷം സർവ്വതും നഷ്ടപ്പെട്ട് സമീപത്തുള്ള സിഎസ്ഐ പള്ളിയിൽ 17ദിവസം കഴിഞ്ഞു. നാട്ടുകാരുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഭക്ഷണവും ഡ്രസ്സുകളും ലഭിച്ചു. സർക്കാർ സംവിധാനത്തിൽ നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഇവർക്ക് കേറിക്കിടക്കാൻ ഒരു വീടും കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും ലഭിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം. കൂലിപ്പണി ചെയ്തു കുടുംബം നോക്കിയിരുന്ന രാജേഷിന് എങ്ങനെ അത് സാദ്ധ്യമാകും എന്നതാണ് അവരുടെ മുന്നിലുള്ള ചോദ്യചിഹ്നം.

ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ഈ വർഷത്തെ ക്രിസ്മസ് ന്യു ഇയർ അപ്പീൽ കൂട്ടിക്കൽ, ഏന്തയാർ പ്രേദേശത്ത് പേമാരിയിലും പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ജീവനും ജീവനോപാധിയും നഷ്ടപെട്ട നിരാലംബരെ സഹായിക്കാനാണ് തീരുമാനിച്ചത്. സർക്കാർ സഹായങ്ങളും ദേശീയവും അന്തർദേശീയവുമായ സഹായങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെയാണ്. ഉദാരമതികളുടെ സഹായങ്ങൾ കൂടുതലും താഴ്ന്ന വരുമാനക്കാരെ ലക്ഷ്യം വച്ചപ്പോൾ ദുരന്തം മൂലം ഏറ്റവും കഷ്ടത്തിലായത് സമൂഹത്തിലെ ഇടത്തട്ടിൽ കഴിയുന്നവരാണ് എന്നാണ് ബിഎംസിഎഫിന്റെയും സന്നദ്ധ സംഘടനയായ ആവാസിന്റെയും പ്രതിനിധികൾ ഈ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മനസിലായത്.

ചെറിയ വ്യാപാരവ്യവസായ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ, സ്വന്തമായതും പാട്ടത്തിനെടുത്തുമായ കൃഷിഭൂമിയിൽ അത്യധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നവർ തുടങ്ങിയവരാണ് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സർവ്വതും നഷ്ടപെട്ട രീതിയിലെത്തിയത്. സർക്കാരോ സന്നദ്ധ സംഘടനകളോ അവരുടെ നിശബ്ദ നിലവിളികൾ ചെവികൊണ്ടില്ല. അങ്ങനെ ഉള്ള നിരാലംബർക്ക് വേണ്ടിയാണ് ആഘോഷങ്ങളുടെയും പങ്കുവെയ്ക്കലിന്റെ ഈ വേളയിൽ വായനക്കാരുടെ കാരുണ്യത്തിനായി അവതരിപ്പിക്കുന്നത്. നിങ്ങളുടെ ഒരു ചെറിയ കൈസഹായം ഈ ആലംബഹീനരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM