മൂന്നാറിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മൂന്നംഗ ദൗത്യസംഘത്തെ (രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്, സുരേഷ് കുമാർ) ഏർപ്പെടുത്തി 2007ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭ നടത്തിയ മുന്നേറ്റമാണ് മൂന്നാർ ഓപ്പറേഷൻ. ഇപ്പോൾ 9 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഇടത് സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ വന്നിരിക്കുന്നു. മൂന്നാറിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണവും മൂന്നോ നാലോ മടങ്ങായി വർദ്ധിച്ചിരിക്കുന്നു. നിർമ്മാണങ്ങൾക്കെതിരെ അന്ന് 60 സ്റ്റോപ്പ് മെമോ കൊടുത്ത റവന്യൂ ഡിപ്പാർമെന്റ് ഇന്ന് 108 സ്റ്റോപ്പ് മെമോകളാണ് രണ്ട് മാസം മുൻപ് കൊടുത്തിരിക്കുന്നത്. എന്നാലും നിർമ്മാണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പുരോഗമിക്കുന്നു. ഇനിയൊരു ഓപ്പറേഷന് ഇടത് സർക്കാർ തയ്യാറാകുമോ?

തയ്യാറാകാൻ സാധ്യത വളരെ കുറവാണെന്നാണ് വെറും 28 ദിവസങ്ങൾ കൊണ്ട്, ഉന്നത രാഷ്ട്രീയ ഇടപെടൽ കൊണ്ട് പൂട്ടിക്കെട്ടി പോകേണ്ടി വന്ന 2007ലെ ഓപ്പറേഷന്റെ പാഠം നമ്മോട് പറയുന്നത്. അന്ന് ഓപ്പറേഷൻ അവസാനിപ്പിക്കാനുണ്ടായ കാര്യങ്ങൾ പലതാണ്.

1. ഓപ്പറേഷന്റെ മാസ്റ്റർ മൈൻഡ് ആയിരുന്ന സുരേഷ്‌കുമാർ ഐപിഎസിന്റെ വാക്കുകൾ ഇങ്ങനെയാണ്: 35,000 ഏക്കർ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകി. 28 ദിവസങ്ങൾ കൊണ്ട് 16,000 ഏക്കർ തിരിച്ചു പിടിച്ചു. 92 അനധികൃത കെട്ടിടങ്ങൾ പൊളിച്ചു. എന്നാൽ പിന്നാലെ വന്നു മറ്റൊരു ഉത്തരവ്. പാർട്ടി ഓഫീസുകൾ, പള്ളി, അമ്പലങ്ങൾ എന്നിവ അനധികൃതമെങ്കിലും പൊളിക്കാൻ പാടില്ല. അവിടെ തുടങ്ങുകയായിരുന്നു ഗവൺമെന്റിന്റെ ഒത്തുകളിയും ഓപ്പറേഷന്റെ പരാജയവും.



2. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിലെ ഇരട്ടത്താപ്പ് നയംവച്ച് നിയമത്തിന് മുന്നിൽ നിൽക്കാവാനില്ല എന്ന് ഗവൺമെന്റ് പ്ലീഡർ മുഖ്യമന്ത്രി വിഎസിനെ അറിയിച്ചതോടെ അന്നുവരെ അനുകൂലമായി നിന്ന കോടതിയും ഗവൺമെന്റിന് എതിരായി.

3. രാഷ്ട്രീയക്കാരുമായി ബന്ധമില്ലാത്ത റിസോർട്ട് മാഫിയകൾ മൂന്നാറിൽ ഇല്ലെന്നുതന്നെ പറയാം. ''മൂന്നാറിൽ പൊളിക്കാൻ വന്നാൽ കാലുവെട്ടും'' എന്ന് സിപിഐ(എം) നേതാവ് എംഎം മണി പരസ്യമായി പ്രഖ്യാപിച്ചു. കാരണമില്ലാതല്ല. കൈയേറ്റ മാഫിയയുടെ എച്ചിൽ തിന്ന് കൊഴിത്തതാണ് മൂന്നാറിൽ തൊഴിലാളി പാർട്ടി. നിയമവിരുദ്ധമായി കണ്ടെത്തിയ 50 ഏക്കർ ഭൂമി സിപിഐ(എം) നേതാവ് എംഎം മണിയുടെ സഹോദരൻ ലംബോധരന്റേതാണ്.

സിപിഐയുടെ മൂന്നാറിലെ പാർട്ടി ഓഫീസ് ഒരു അനധികൃത നിർമ്മാണവും കൈയേറ്റവുമാണ്. പാർട്ടി ഓഫീസ് എന്ന നിലയിൽ അവിടെ പ്രവർത്തിക്കുന്നത് ഒരു അഞ്ചുനില റിസോർട്ടാണ്. പാർട്ടി്ക്ക് സിദ്ധിച്ച ഭൂമിയിൽ 5 സെന്റിനാണ് പട്ടയം.

 

എന്നാൽ 12 സെന്റാണ് ഇപ്പോൾ പാർട്ടി ഓഫീസ് കൈവശം വച്ചിരിക്കുന്നത്. ആ അഞ്ചു സെന്റ് ആകട്ടെ പി.കെ. വാസുദേവൻ നായർ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും വീടു കെട്ടി താമസിക്കാനാണ് പട്ടയം കൊടുത്തിട്ടുള്ളത്. അവർക്കോ അവരുടെ ആശ്രിതർക്കോ മാത്രമാണ് അവിടെ താമസിക്കാൻ നിയമപരമായി അവകാശം. അല്ലാത്ത കൈമാറ്റങ്ങൾ പട്ടയ വ്യവസ്ഥകളുടെ ലംഘനമാണ്.

ഇപ്പോൾ പള്ളിവാസൽ പെൻസ്റ്റോക്ക് പൈപ്പ് ലൈനിന്റെ അടുത്ത് ചെങ്കുത്തായ മലയുടെ താഴ്‌വാരത്ത് ഉയരുന്ന ബഹുനില റിസോർട്ടുകൾ ഇരിക്കുന്ന സ്ഥലം ഇപ്പോഴത്തെ ഇടുക്കി എംപി. ജോയ്‌സ് ജോർജിന്റെ സഹോദരൻ ജോജി ജോർജിൽ നിന്നും വൻകിട മുതലാളിമാർ (തൊടുപുഴ മാടപ്പറമ്പിൽ, കോവളം രവീന്ദ്രൻ അടക്കം) വാങ്ങിയതാണ്. ജോജി ജോർജിന് അവിടെ എങ്ങനെ ഭൂമി കിട്ടി എന്നതാണ് പ്രസക്തമായ ചോദ്യം. സർക്കാർ തരിശു ഭൂമി കുടികിടപ്പിനായി സുലോചന മോഹനന് കൊടുത്തതായും അവരിൽ നിന്ന് ജോജി ജോർജ് വാങ്ങിയതായും രേഖയിൽ പറയുന്നു.

എന്നാൽ യാതൊരു കാരണവശാലും പതിച്ചു കൊടുക്കാൻ കഴിയാത്ത പുറമ്പോക്കിനും പുൽമേടിനും ഏത് നിയമ പ്രകാരം പട്ടയം കിട്ടിയെന്ന് റവന്യൂ ഡിപ്പാർട്ട്‌മെന്റ് തന്നെ ചോദിക്കുന്നു (ബി 6 939/ 2016). കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോർജ്ജിന്റെ ഭൂമിയിടപാട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചു.

പക്ഷേ, അതിനുശേഷം എല്ലാവരും അത് മറുന്നുകളയുകയും ചെയ്തു. റവന്യൂ മന്ത്രിയായിരുന്ന മാണിയുടെ മരുമക്കൾക്കുമുണ്ട് മൂന്നാറിൽ അനധികൃതമായ ഭൂമി കൈയേറ്റം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം കാര്യമല്ല. എല്ലാ രാഷ്ട്രീക്കാരും ഭൂമാഫിയകളും റിസോർട്ട് മാഫിയകളും ഒരുമിച്ച് ചേർന്ന് കളിക്കുന്ന ഒരു കള്ളനും പൊലീസും കളിയാണിത്.

4.അടുത്ത പ്രധാന കാരണം രവീന്ദ്രൻ പട്ടയമാണ്. 1999ൽ ഇ.കെ.നായനാരിന്റെ കാലത്ത് ദേവികുളം അഡീഷണൽ തഹസിൽദാർ ആയിരുന്ന എം. രവീന്ദ്രൻ രാഷ്ട്രീയ സമ്മർദ്ദം മൂലം പതിച്ചുകൊടുത്ത പട്ടയങ്ങളെയാണ് രവീന്ദ്രൻ പട്ടയം എന്ന് വിളിക്കുന്നത്. 530 പട്ടയങ്ങളിലായി 4251 ഹെക്ടർ ഭൂമിയാണ് അത്തരത്തിൽ രവീന്ദ്രൻ പട്ടയം കൊടുത്തിട്ടുള്ളത്. അഡീഷണൽ തഹസിൽദാറായ രവീന്ദ്രന് പട്ടയം കൊടുക്കാൻ നിയമപരമായി കഴിയില്ല.

 എന്നാൽ തനിക്ക് അതിനുള്ള അധികാരം കളക്ടർ തന്നിരുന്നു എന്ന് രവീന്ദ്രൻ വാദിച്ചെങ്കിലും അത് ഇതുവരെ തെളിയിക്കാനായിട്ടില്ല. അതേസമയം വിജിലൻസ് അന്വേഷണത്തിൽ 530 അല്ല ആയിരക്കണക്കിന് പട്ടയങ്ങളാണ് ദേവികുളം താലൂക്കിൽ രവീന്ദ്രൻ കൈയൊപ്പിട്ട് കൊടുത്തിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. രവീന്ദ്രൻ തന്നെയും സ്വന്തം സ്ഥലത്തിന്റെ പട്ടയം ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ്. 

5. അവസാനമായി രണ്ടാംനിര കാരണങ്ങൾ വച്ചുകൊണ്ട് ആരംഭിച്ച ഒരു ഓപ്പറേഷൻ ആയിരുന്നു 2007ലെ മൂന്നാർ ഓപ്പറേഷൻ. അടിസ്ഥാനപരമായ ചോദ്യം അവിടെ ചോദിക്കപ്പെട്ടില്ല. സംസാരം മുഴുവൻ അനധികൃത കൈയേറ്റത്തെക്കുറിച്ചായിരുന്നു. ഏലമലക്കാടുകൾക്കും കണ്ണൻ ദേവൻ കുന്നുകൾക്കും ലാന്റ് അസൈന്മെന്റ് പ്രകാരം കൊടുത്തിരിക്കുന്ന പട്ടയം എന്തിന് വേണ്ടിയുള്ളതായിരുന്നു എന്നതാണ് അടിസ്ഥാന ചോദ്യം.



പശ്ചിമഘട്ടത്തിലെ വ്യാപകമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ഏത് ശ്രമങ്ങളും ഇനിയും പരാജയപ്പെട്ടേക്കാം. അതിനുള്ള കാരണങ്ങൾ ഇവയാണ്:
* 1977 ന് ശേഷം പശ്ചിമഘട്ടത്തിൽ നിയമപരമല്ലാത്ത വ്യക്തമായ വനഭൂമി കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്.
* നിയമപരമല്ലാത്ത ഭൂമി വിലയ്ക്ക് വാങ്ങിയവരുമുണ്ട്.
* ആദിവാസി സെറ്റിൽമെന്റുകളുടെ നല്ലൊരു ശതമാനത്തിലും ജനറൽ കാറ്റഗറിയിൽ പെട്ടവർ കൃത്യമായ രേഖകൾ ഇല്ലാതെ ഭൂമി വിലക്ക് വാങ്ങി (അല്ലാതെയും) ജീവിക്കുന്നുണ്ട്.
* വനപ്രദേശത്തോട് ചേർന്ന് ഏക്കർ കണക്കിന് ഭൂമി തോട്ടം വ്യവസ്ഥയിൽ അനുവദിച്ചുകിട്ടിയവർ പിന്നീട് വനംകൂടി വെട്ടിപ്പിടിച്ചിട്ടുണ്ട്.
* ടൂറിസത്തിന്റെ മറവിൽ വൻ റിസോർട്ട് ഉടമകൾ നിയമപരമല്ലാതെ ഭൂമി കൈവശം വെക്കുന്നുണ്ട്.

ഇപ്പോൾ ഇടുക്കിയിൽ പട്ടയവിതരണ മാമാങ്കങ്ങൾ ഹർത്താൽ വച്ച് ഉഴപ്പാൻ ഒരു കാരണമുണ്ട്. ഇപ്പോൾ പട്ടയ വിതരണം നടന്നാൽ 1978ന് ശേഷമുള്ള കയ്യേറ്റങ്ങൾക്ക് ഒരു കാലത്തും പട്ടയം കിട്ടില്ല എന്ന് ചിന്തിക്കുന്നവരാണ് ഇതിനു പിന്നിൽ. വളരെ കൃത്യവും ഇനം തിരിച്ചുള്ളതുമായ ഒരു വിശാല റീസർവ്വേ നടത്താതെ ഈ പ്രശ്‌നത്തിന് ഒരിക്കലും ശാശ്വതമായ ഒരു പരിഹാരമുണ്ടാവാൻ പോകുന്നുമില്ല.

കഴിഞ്ഞ വർഷം ഉമ്മൻ ചാണ്ടി സർക്കാർ യാതൊരു വിവേചനവുമില്ലാതെ പ്രഖ്യാപിച്ചതുപോലെ ഒരു റിസർവ്വേ നടത്തി നിലവിൽ ആളുകൾ കൈവശം വച്ചിരിക്കുന്ന ഭൂമി മുഴുവൻ ക്രമപ്പെടുത്തി കൊടുക്കുന്നതുമൂലം വൻകിട ഭൂമാഫിയകൾ ആയിരിക്കും യഥാർത്ഥത്തിൽ മുതലെടുക്കാൻ പോകുന്നത്.

അതേസമയം റീസർവ്വേ നടത്താതെ സർക്കാർ ഓപ്പറേഷനിലേക്ക് നീങ്ങിയാൽ പശ്ചിമഘട്ടത്തിൽ നിന്ന് വ്യാപകമായ കുടിയിറക്ക് ഉണ്ടാകും. അത് കേരളത്തിന് താങ്ങാൻ കഴിയുന്നതിന് അപ്പുറമായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ മുഴുവനായി ഒരു ഉന്നതതല ചർച്ചയിലൂടെ കേന്ദ്രസംസ്ഥാന സർക്കാരുകളും, ഭൂമിയും പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുമിച്ചിരുന്ന് തുറന്ന് ചർച്ച ചെയ്ത് തീരുമാനമാകാതെ കാര്യങ്ങൾക്ക് പരിഹാരമാവില്ല.

ആല്ലാതെ വെറുതെ കയ്യേറ്റം ഒഴിപ്പിക്കൽ എന്ന നിയമനടപടിയുമായി ഇറങ്ങിയാൽ അത് സാധാരണ ജനങ്ങളിൽ താത്പര കക്ഷികൾ കുടിയിറക്ക് ഭീതി ജനിപ്പിച്ച് ഗാഡ്ഗിൽ, കസ്തൂരിരംഗൻ മുതലായവരെ ചീത്ത വിളിച്ച് ഒരു ജനപ്രക്ഷോഭമാക്കി മാറ്റി പരാജപ്പെടുത്തുകയേയുള്ളൂ. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ കാല് നനയാതെ കരയിൽ ഇരിക്കുന്ന കുത്തക മുതലാളിമാർ ആയിരിക്കും.

നാളെ: യൂക്കാലി വ്യവസായം മൂന്നാറിന്റെ കണ്ണീർ