- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആധാർ വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് ഉഗ്രവിഷമുള്ള ഇഴജീവിയെപ്പോലെ; ബയോമെട്രിക് മഥനം അമൃതം കൊണ്ടുവരുമോ എന്ന് തീർച്ചയില്ലെങ്കിലും കാളകൂട വിഷം വമിച്ചു തുടങ്ങിയിരിക്കുന്നു; ആധാർ ഡാറ്റാബേസിന്റെ ഡിസൈനിങ്ങിലും ഉറങ്ങുന്നത് ദുരന്തത്തിന്റെ തിരമാലകൾ തന്നെ; ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പരമ്പരയുടെ രണ്ടാം ഭാഗം
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ലെന്നും അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണെന്നും വ്യക്തമാക്കിയുള്ള സമ്പൂർണലേഖനം കഴിഞ്ഞദിവസം മറുനാടൻ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പതിയുമ്പോൾ എന്ന ശീർഷകത്തിൽ ആധാറിന്റെ ഉള്ളറകൾ ചികയുന്ന, വി എം.ഷെമേജ്, കെ.പി.പ്രകാശൻ എന്നിവർ ചേർന്ന് വിശദ പഠനം നടത്തി തയ്യാറാക്കിയ പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം. Biometric സാങ്കേതികവിദ്യ 100% വിശ്വാസ്യയോഗ്യമല്ല എന്നാണ് ഈ പരമ്പരയുടെ ആദ്യലക്കത്തിൽ ചൂണ്ടിക്കാണിച്ചതെങ്കിൽ ആധാർ ഡാറ്റാബേസിന്റെ ഡിസൈനിങ്ങിലും ദുരന്തത്തിന്റെ തിരമാലകളുറങ്ങിക്കിടക്കുന്നു എന്ന വിഷയമാണ് ഇന്ന് ചർച്ചചെയ്യുന്നത്. ''ആധാർ'' പദ്ധതിയിൻ കീഴിൽ ബ്രഹ്മാണ്ഡത്തിലെ സകല മനുഷ്യ സൃഷ്ടികളുടെയും ബയോമെട്രിക് മുദ്രകൾ, വിവരങ്ങൾ, വ്യക്തികളുടെ വിലാസം എന്നിവയെല്ലാം ഒരുമിച്ചു ചേർത്ത് ഒരൊറ്റ Central
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ലെന്നും അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണെന്നും വ്യക്തമാക്കിയുള്ള സമ്പൂർണലേഖനം കഴിഞ്ഞദിവസം മറുനാടൻ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പതിയുമ്പോൾ എന്ന ശീർഷകത്തിൽ ആധാറിന്റെ ഉള്ളറകൾ ചികയുന്ന, വി എം.ഷെമേജ്, കെ.പി.പ്രകാശൻ എന്നിവർ ചേർന്ന് വിശദ പഠനം നടത്തി തയ്യാറാക്കിയ പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം.
Biometric സാങ്കേതികവിദ്യ 100% വിശ്വാസ്യയോഗ്യമല്ല എന്നാണ് ഈ പരമ്പരയുടെ ആദ്യലക്കത്തിൽ ചൂണ്ടിക്കാണിച്ചതെങ്കിൽ ആധാർ ഡാറ്റാബേസിന്റെ ഡിസൈനിങ്ങിലും ദുരന്തത്തിന്റെ തിരമാലകളുറങ്ങിക്കിടക്കുന്നു എന്ന വിഷയമാണ് ഇന്ന് ചർച്ചചെയ്യുന്നത്.
''ആധാർ'' പദ്ധതിയിൻ കീഴിൽ ബ്രഹ്മാണ്ഡത്തിലെ സകല മനുഷ്യ സൃഷ്ടികളുടെയും ബയോമെട്രിക് മുദ്രകൾ, വിവരങ്ങൾ, വ്യക്തികളുടെ വിലാസം എന്നിവയെല്ലാം ഒരുമിച്ചു ചേർത്ത് ഒരൊറ്റ Central Identities Data Repositoryയിൽ (കേന്ദ്രീകൃതവും പട്ടികയിലെന്നപോലെ ക്രമബന്ധിതവുമായ വിവരസഞ്ചയത്തിൽ/ഡാറ്റാബേസിൽ) ശേഖരിക്കപ്പെട്ടിരിക്കുന്നു. പാസ്സ്‌വേർഡിന് പകരമായി ഉപയോഗിക്കപ്പെടുന്ന ബയോമെട്രിക് മുദ്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തരം കേന്ദ്രീകൃത വിവരസഞ്ചയത്തിൽ (centralized repository യിൽ) സൂക്ഷിക്കുകയാണെങ്കിൽ, ശത്രുരാജ്യങ്ങൾ നിയമിക്കുന്ന വിദഗ്ധ ഹാക്കർമാരുടെ സംഘങ്ങളോ സാമ്പത്തിക ക്രിമിനൽ ഇടപാടുകാരോ എപ്പോൾ വേണമെങ്കിലും നുഴഞ്ഞുകയറി കൈവശപ്പെടുത്തിയേക്കാമെന്ന് Centre for Internet and Society യിലെ സുനിൽ എബ്രഹാമിനെ പ്പോലുള്ളവർ താക്കീതു ചെയ്യുന്നു. ബയോമെട്രിക് 'പാസ് വേർഡ്' മുദ്രകൾ വികേന്ദ്രീകൃതമായി സൂക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ഇത്ര അപകടം ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കരുതുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ രാജ്യത്തിലെ മുഴുവൻ ആളുകളെക്കൊണ്ടും ഒന്നുമെഴുതാത്ത ചെക്കുബുക്കിൽ ഒപ്പു വയ്‌പ്പിച്ചിട്ട് നടപ്പാതയുടെ ഇരു വശങ്ങളിലും വാരിവിതറുന്നതിന് സമാനമാണ് കേന്ദ്രീകൃത റിപോസിറ്ററിയിലെ ** ബയോമെട്രിക് ഒപ്പുകൾ സൂക്ഷിക്കുന്ന രീതി. ഏത് സമയത്തും ഹാക്ക് ചെയ്യപ്പെടുകയോ അധികാരികളാൽ തന്നെ ദുരുപയോഗം ചെയ്യപ്പെടുകയോ അതുമല്ലെങ്കിൽ, സ്വകാര്യ കമ്പനികൾ ചോർത്തിയെടുക്കുകയോ ചെയ്യാം എന്നാണിതിനർത്ഥം. (ATM/ ക്രെഡിറ്റ് കാർഡുകളുടെയും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകളുടെയും സൂത്രസംഖ്യകളും പാസ്സ് വേർഡുകളും ലക്ഷക്കണക്കായ ഉപഭോക്താക്കളുടെ കൈവശം വികേന്ദ്രീകൃതമായാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത് എന്നത് ഇവിടെ സ്മരണീയമാണ്.)
ഓ! ഇപ്പോഴും ബാങ്കിടപാടുകൾക്ക് ആധാർ ഉപയോഗിക്കുന്നില്ലല്ലോ; ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളും പാസ്സ് വേർഡും തന്നെയാണല്ലോ ശരണം എന്നു കരുതുന്നവർ ഓർത്തിരിക്കേണ്ടത്, ആധാറുമായി ബന്ധിപ്പിച്ചാൽ, മറ്റെല്ലാ പാസ് വേർഡിനും പകരമായി ബയോമെട്രിക് മുദ്രകളുമായി ചേർച്ച ഒപ്പിക്കുക സുസാധ്യവും പതിവു രീതിയുമായിത്തീരും എന്ന സംഗതിയാണ്. കൂടാതെ, താഴെ കൊടുത്തിട്ടുള്ള ഈ വാർത്ത വായിക്കുക:
''.....ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകളെയും പിൻ നമ്പർ, പാസ്സ് വേർഡ് എന്നിവയും ഒഴിവാക്കിക്കൊണ്ട് കടയുടമകൾക്കും വ്യാപാരികൾക്കും ഉപഭോക്താക്കളിൽ നിന്നും ആധാർ നമ്പർ ഉപയോഗിച്ചു പേയ്‌മെന്റ് നടത്താവുന്ന ഒരു പൊതു മൊബൈൽ ഫോൺ ആപ് വികസിപ്പിച്ചെടുക്കുന്നതിന് സർക്കാർ ഇതോടൊപ്പം ശ്രമങ്ങൾ നടത്തുകയാണ്....'' (ലക്ഷ്വറി കാറുവാങ്ങുമ്പോൾ ഭാഗ്യ നമ്പർ കുറിച്ചു തരുന്നതു പോലെ, ഇനി, നിങ്ങളുടെ ഗ്രഹനില പരിശോധിച്ച് ബാങ്കിങ് പാസ് വേർഡ് ഓലയിൽ കുറിച്ചു തരുന്ന ജ്യോതിഷികളും താമസിയാതെ രംഗത്തിറങ്ങുമോ? നിങ്ങളുടെ പാസ്സ് വേർഡുകൾ മറ്റൊരു ഏജൻസിയുടെ കൈയിൽ സൂക്ഷിക്കുന്നതിന്റെ അപകടം ഓർത്തു നോക്കൂ...)
''....ജനങ്ങൾക്ക് അവരുടെ ആധാർ (ID) അവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാവുന്നതാണ്. അങ്ങനെ അവർക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും അക്കൗണ്ടിലേക്ക് കാശ് നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതിനും കൂടാതെ, ബാങ്കുകൾ അന്തർ- ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും ''ആധാറിനാൽ പ്രവർത്തനസജ്ജമാക്കപ്പെട്ട പണമിടപാട് സംവിധാനം (Aadhaar Enabled Payment System (AEPS)) ഉപയോഗപ്പെടുത്താവുന്നതാണ്....''- ........... ഇന്ത്യൻ എക്സ്‌പ്രസ്സ്, ഡിസം: 2, 2016 . (രാത്രി കക്കാൻ വരുന്ന കള്ളനും പകൽ വീട്ടിന്റെ പൂട്ടു നിർമ്മിച്ചു തരുന്ന കൊല്ലനും ഒരാൾ തന്നെയാകുന്നത് വീട്ടുടമയ്ക്ക് സൗകര്യപ്രദമായാലുമില്ലെങ്കിലും പണപ്പെട്ടിക്ക് സുരക്ഷിതത്വം നൽകണമെന്നില്ല)
-----------------------------
പരമ്പരയുടെ ആദ്യഭാഗം:
------------------------------
2017 ഫെബ്രുവരിയിൽ, ഒരൊറ്റവ്യക്തി 397 പേരുടെ ആധാർ ഇടപാടുകൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് (UIDAI അഥോറിറ്റി), ആക്‌സിസ് ബാങ്ക് ഉൾപ്പെടെ മൂന്നുസ്ഥാപനങ്ങൾക്കെതിരേ കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടി, പൂർണ്ണമായും വിശ്വാസ്യ യോഗ്യമല്ലാത്ത ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആധാർ പദ്ധതി അപകടകരമാണെന്ന്, കേരളസർക്കാറിന്റെ മുൻ IT ഉപദേഷ്ടാവായ ശ്രീ. ജോസഫ് സി. മാത്യു മുന്നറിയിപ്പു നൽകുന്നുണ്ട്. ''വിരലടയാളങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ആളുകളുടെ എല്ലാവരുടെയും വിരൽ വേണമെന്നില്ല. അത് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞാൽ മതി ....'' എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. - (മാതൃഭൂമി, മെയ് 3, 2017) ആക്‌സിസ് ബാങ്ക് ആധാർ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഉപഭോക്താക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള സഹകരണമുണ്ടെങ്കിൽ ഒരാൾക്കു തന്നെ ഒരു പാടു പേരുടെ ബയോമെട്രിക് മുദ്രകൾ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന പരോക്ഷ സൂചന അധികാരികൾ തന്നെ നൽകുകയുണ്ടായി.
സാമൂഹ്യ സുരക്ഷാ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഒരു പദ്ധതിയായി ഇന്ന് ആധാർ പദ്ധതി വിപണനം ചെയ്യപ്പെടുന്നു. എന്നാൽ, ''അനധികൃത താമസക്കാരെയും പുറമേ നിന്ന് കടന്നു വന്നവരെയും അടിച്ചു തളിച്ചു പുറത്താക്കാനായിരുന്നു വാസ്തവത്തിൽ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നും എന്നാൽ, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന്റെ കല്ലോലങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയാൽ ഇത് വികസനം കൊണ്ടുവരുന്ന ക്ഷേമപദ്ധതിയായി ചിത്രീകരിക്കപ്പെട്ടു'' എന്നും മുൻ ഇന്റലിജൻസ് ബ്യൂറോ ഡയരക്ടറും ഇപ്പോഴത്തെ നാഷനൽ സെക്യൂരിറ്റി അഡൈ്വസറുമായ ശ്രീ: ഏ. കെ. ഡോവൽ സമ്മതിച്ചിട്ടുണ്ട്.
http://www.tehelka.com/2009/08/falling-between-the-barcodes/?singlepage=1
അതായത്, ആധാർ സ്വന്തം ജനങ്ങളെ ചാരനിരീക്ഷണം ചെയ്യാനുള്ള ഗൂഢ പദ്ധതിയുടെ (Surveillance Project) ഭാഗമാണ്. 2000 ആം ആണ്ട് ഏപ്രിൽ മാസത്തിൽ ശ്രീ. അടൽ ബിഹാരി വാജ്‌പേയി സർക്കാർ നിയമിച്ച ഗ്രൂപ് ഒഫ് മിനിസ്റ്റേർസ് വിഭാവനം ചെയ്ത *** multi purpose National ID project കൊണ്ട് ഉദ്ദേശിച്ചത് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ആരംഭിച്ച്, ഇന്ത്യാരാജ്യത്താകമാനം വ്യാപിപ്പിക്കാൻ സാധിക്കും വിധം രാജ്യത്തെ എല്ലാ പൗരന്മാർക്കും (citizens) അനന്യ സ്വത്വമുള്ളതും (unique) ദേശീയാടിസ്ഥാനത്തിൽ ഉള്ളതുമായ തിരിച്ചറിയൽ രേഖ പ്രദാനം ചെയ്യണം എന്നായിരുന്നു.
കാണുക: ''....അത്യുത്സാഹത്തോടെ പ്രവർത്തിക്കുന്ന പൗരസമൂഹ പ്രതിരോധ സംഘടനകളും (civil defence organization), ഗ്രാമതലത്തിലും വാർഡ് തലത്തിലും ഉള്ള പ്രതിരോധ സമിതികളും, പുനഃസംഘടിപ്പിക്കപ്പെട്ട ക്രിമിനൽ നീതിന്യായ വ്യവസ്ഥയും ഒക്കെ ചേർന്ന് ശക്തിപ്പെടുത്തപ്പെട്ടവയാവും'' (രാജ്യരക്ഷയ്ക്കായുള്ള) ''ഈ ഘടനാസംവിധാനങ്ങൾ (structures). രാജ്യാതിർത്തിയിൽ സ്ഥിതിചെയ്യുന്ന എല്ലാ ജില്ലകളിലും ആരംഭിച്ച്, ദേശീയാടിസ്ഥാനത്തിൽ ഒരു ''വിവിധോദ്ദേശ തിരിച്ചറിയൽ രേഖ'' എല്ലാവർക്കും ലഭ്യമാക്കാനുള്ള പദ്ധതി, ഊർജ്ജിതാവേഗത്തോടെ നടപ്പാക്കേണ്ടതുണ്ട്....''
Source: http://pib.nic.in/archieve/lreleng/lyr2001/rmay2001/23052001/r2305200110.html
എന്നാൽ, 120 കോടിയിലധികം വരുന്ന ഇന്ത്യക്കാരിൽ അനധികൃത കുടിയേറ്റക്കാർ ആരൊക്കെ എന്നന്വേഷിക്കാനുള്ള, പൊടിമൂടിയ സർക്കാർ രേഖകളും ''വംശവൃക്ഷങ്ങളു''ടെ ഭൂതകാല വേരുകളും പിന്നോട്ട് പിന്തുടർന്നു കൊണ്ടുള്ള, കുടിയേറ്റ ചരിത്രത്തിന്റെ ഊടുവഴികളിലെ വിസ്മൃതരായ മനുഷ്യരുടെ ജാതകക്കുറിപ്പുകൾ ചികഞ്ഞെടുക്കുന്ന യത്‌നം ഭഗീരഥനു പോലും അസാധ്യമെന്നു കണ്ട് പി. ചിദംബരത്തെ പോലുള്ള ഭരണാധികാരികൾ ഉപേക്ഷിച്ചു. അങ്ങനെയാണ്, എല്ലാ ഇന്ത്യൻ പൗരന്മാർക്കും Unique ID നൽകുക എന്നതിനു പകരം ഇന്ത്യയിലെ എല്ലാ റെസിഡന്റ്‌സിനും ഒരു Adhaar ID നൽകുക എന്ന തീരുമാനത്തിലേക്ക് അന്നത്തെ UPA സർക്കാർ എത്തിച്ചേരുന്നത്.
''...ദേശീയ സുരക്ഷയ്ക്കായി മെനയുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് ആധാർ പദ്ധതി ജന്മമെടുക്കുന്നതും അതു തന്നെയാണ് ആധാർ കൊണ്ട് ലക്ഷ്യമിടുന്നതും. (ഇന്റലിജൻസ് ബ്യൂറോ, റോ, സിബിഐ, എക്‌സൈസ് നികുതിക്കും പ്രത്യക്ഷ നികുതിക്കും വേണ്ടിയുള്ള കേന്ദ്ര ബോർഡുകൾ മുതലായ) 11 സുരക്ഷാ - ഇന്റലിജൻസ് ഏജൻസികളുൾപ്പെടുന്ന നാറ്റ്ഗ്രിഡുമായി (നാഷനൽ ഇന്റലിജൻസ് ഗ്രിഡ്) വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്ന വിധം ഇന്ത്യക്കാരുടെ അനന്യസ്വഭാവമുള്ള ഈ സ്വത്വാധാര രേഖകൾ (UIDs) ഒരു വിവരസഞ്ചയത്തിൽ സൂക്ഷിക്കപ്പെടും.'' എന്ന് പ്രഫുൽ ബിദ്വായി എഴുതിയിട്ടുണ്ട്.
http://questioningaadhaar.blogspot.in/2010/12/praful-bidwai.html
ആധാർ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുന്ന പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ, ഭീകരപ്രവർത്തനം പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സഹായകരമാകും എന്ന് സർക്കാരിന്റെ തലപ്പത്തുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടായാലും പ്രഫുൽ ബിദ്വായ് അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. നാറ്റ്ഗ്രിഡിന് കൈമാറപ്പെടുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ, വളരെ എളുപ്പം ചോർന്നു വല്ലവരുടെയും (കുറ്റവാളികളുടെയോ സ്വകാര്യ കോർപറേറ്റുകളുടെയോ) കൈയിൽ ചെന്നു ചേരാനുള്ള സാധ്യതയാണ് ഉള്ളത് എന്ന്, ഇന്റലിജൻസ് വിദഗ്ധനും ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ മുൻ സ്‌പെഷ്യൽ സെക്രട്ടറിയുമായിരുന്ന വി. ബാലചന്ദ്രൻ, നാറ്റ്ഗ്രിഡി (NATGRID) നെ കുറിച്ച് സൺഡേ ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിക്കിലീക്‌സിന്, അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത ബ്രാഡ്‌ലി മാനിങ്, വാസ്തവത്തിൽ, ഇന്ത്യൻ കരസേനയിലെ ''നായ്ക്ക്'' പദവിക്ക് സമാനമായ റാങ്കിലുള്ള ഒരു സാധാരണ സൈനികൻ മാത്രമായിരുന്നു എന്നും, ബ്രാഡ്‌ലി മാനിങ്ങിന് അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്താമെങ്കിൽ, നാറ്റ്ഗ്രിഡിന്റെ (NATGRID) നിയന്ത്രണത്തിലുള്ള ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച അതിവിപുലമായ രഹസ്യങ്ങൾ നാളെ ഏതു ചാലക്കമ്പോളത്തിലും ഏതു ശത്രുരാജ്യത്തിന്റെ കൈയിലും ചെന്നെത്താം എന്നും ശ്രീ: ബാലചന്ദ്രൻ പറയാതെ പറയുന്നു.
കോടിക്കണക്കിന് പൗരന്മാരുടെ സ്വകാര്യ രഹസ്യങ്ങൾ ചോർത്തി, ഒരു കേന്ദ്ര ഡാറ്റാബേസിൽ വൈക്കോൽ ഏരി പോലെ കുന്നു കൂട്ടിയ ശേഷം, അതിൽ നിന്ന് ഒരൊറ്റ വൈക്കോൽ തിരഞ്ഞ് കണ്ടുപിടിക്കുക എന്നതിനർത്ഥം, നമ്മുടെ ഇന്റലിജൻസ് ഗാദറിങിന്റെ ഉദ്ദേശ്യം തന്നെ ഭീകരരെ വേട്ടയാടുകയും കുറ്റകൃത്യം മുൻകൂട്ടി തടയുകയും, അല്ല, എന്നുതന്നെയാണ്. തീവ്രവാദ ആക്രമണം നടന്നു കഴിഞ്ഞ ശേഷം ചില കടലാസുപുലികളെ അറസ്റ്റു ചെയ്യാൻ ഇത്തരം അതിവിപുലമായ വൈക്കോൽ ഏരികൾ സഹായകരമായേക്കാം.
ആധാർ പദ്ധതി ഒരു മാസ്സ് സർവെയ് ലൻസ് പദ്ധതിയാണ് എന്ന് കേണൽ (റിട്ടയർഡ്) മാത്യു തോമസും പ്രഫുൽ ബിദ്വായിയും ജീൻ ഡ്രെസെയും മറ്റ് നിരവധി വിദഗ്ദരും ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആധാർ പദ്ധതിക്കെതിരെയുള്ള ഞങ്ങളുടെ പ്രധാന വിമർശനം ഇത് സാമ്രാജ്യത്ത ചാര നിരീക്ഷണ പദ്ധതിയാണ് എന്നുള്ളതാണ്. വാഷിങ്ടൻ സമവായത്തിന്റെ അന്തഃസത്തയ്ക്ക് അനുരോധമായ വിധം രാഷ്ട്രങ്ങളുടെ നികുതി വലയുടെ പരിധി കൂടുതൽ കൂടുതൽ വിപുലമാക്കുന്നതിനും, അതേ സമയം, സ്റ്റേറ്റ് നൽകുന്ന സാമൂഹ്യ ക്ഷേമപരമായ ഇളവുകളെ പരമാവധി വെട്ടിക്കുറക്കുന്നതിനും വേണ്ടിയുള്ള മാസ് സർവെയ്‌ലൻസ് പദ്ധതിയാണ് ആധാർ. വാഷിങ്ടൺ കൺസെൻസസിലെ പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ ഇവയാണ്:
''ആഭ്യന്തര മൊത്ത ഉത്പാദനത്തിന് ആനുപാതികമായി വമ്പിച്ച ഫിസ്‌കൽ കമ്മി ഉണ്ടാകാത്ത വിധം കടുത്ത ഫിസ്‌കൽ അച്ചടക്കം പാലിക്കപ്പെടണം. സബ്‌സിഡികൾക്കായി അധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കി, വിശാലാടിസ്ഥാനത്തിൽ വികസനത്തെ ശക്തിപ്പെടുത്തുന്ന മേഖലകളിലാണ് മുഖ്യമായും സർക്കാർ പൊതു ചെലവുകൾ നടത്തേണ്ടത്. ..... പരിമിതമായ നികുതി നിരക്കുകൾ മാത്രം ഉണ്ടായിരിക്കുന്ന വിധത്തിലും നികുതിപ്പണം ഒടുക്കുന്നവരുടെ വിഭാഗത്തിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന വിധത്തിലും നികുതി പരിഷ്‌കരണം നടത്തുക.''
നോട്ട് അസാധൂകരണം, സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷൻ, ആധാർ ചാരനിരീക്ഷണം, ജി.എസ്.ടി എന്നീ പദ്ധതികളിലൂടെ സർക്കാർ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത് മുകളിൽ സൂചിപ്പിച്ച വാഷിങ്ടൻ സമവായ ലക്ഷ്യങ്ങൾ തന്നെയാണ്. ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് നൽകപ്പെടുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ് ആധാറിന്റെ ഒരു ഉദ്ദേശ്യം. ഒരുകാര്യം മാത്രം ഇവിടെ ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ. ആധാർ, ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ തിരഞ്ഞു പിടിക്കാനുള്ള ഒരു ഇന്റലിജൻസ് പദ്ധതി മാത്രമല്ല. മറിച്ച്, ലോകമുതലാളിത്തം നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വേണ്ടി കൂടി രൂപം നൽകിയിട്ടുള്ള അങ്കം കണ്ടിരിക്കെത്തന്നെ താളിയൊടിക്കാനുള്ള ആഗോള പദ്ധതി കൂടിയാണ്.
ഭരണാധികാരികളും സാമ്രാജ്യത്ത നയവിദഗ്ദരും പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്രാ ഭീകരപ്രവർത്തനത്തിനെതിരായ ചാര നിരീക്ഷണം നടത്തുന്ന കാര്യത്തിൽ ആധാർ പദ്ധതി എത്രമാത്രം ഫലപ്രദമായിരിക്കുമെന്ന് പറയുക വയ്യ. ബയോമെട്രിക് മഥനം അമൃതം കൊണ്ടുവരുമോ എന്ന് തീർച്ചയില്ലെങ്കിലും കാളകൂട വിഷം വമിച്ചു തുടങ്ങിയിരിക്കുന്നു. സ്വേച്ഛാധിപത്യ പ്രവണതയുള്ളതും വർണ്ണവെറി ബാധിച്ചവരുമായ ഭരണാധികാരികൾക്ക് ആധാർ തിരിച്ചറിയൽ കാർഡിനെ ഉപയോഗപ്പെടുത്തി, രാജ്യത്ത് ഇപ്പോൾ തന്നെയുള്ള വർഗ്ഗീയ ധ്രുവീകരണത്തെ ശക്തിപ്പെടുത്താൻ സാധിക്കും. ഒരു പ്രത്യേക പ്രദേശത്തെയോ സമുദായത്തിലേയോ (ആധാർ, ജാതി മത വിവരങ്ങൾ ശേഖരിക്കുന്നില്ലെങ്കിൽ കൂടി) അംഗങ്ങൾ താരതമ്യേന കൂടുതലായി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരാണെന്ന് സമർത്ഥിക്കാനും ഭരണ നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരുടെ മേൽ കൃത്രിമമായി സൃഷ്ടിച്ച ജൈവമുദ്രാ മാനദണ്ഡപരമായ തെളിവുകൾ കെട്ടിയേൽപ്പിച്ച് വേട്ടയാടാനും മറ്റും ആധാർ കാർഡ് പോലുള്ള സർവെയ്‌ലൻസ് (ചാരനിരീക്ഷണ) പദ്ധതികൾ പ്രയോജനപ്പെടുത്തപ്പെടാം.
ആധാർ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഉഗ്രവിഷമുള്ള ഒരു ഇഴജീവിയെപ്പോലെ നുഴഞ്ഞു കയറുന്നു. രാജ്യ രക്ഷ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി എന്ന ഒരു മുടന്തൻ ന്യായം പറഞ് ഞാൽ, ആധാർ പദ്ധതി പ്രകാരം ശേഖരിക്കപ്പെടുന്ന വിവരങ്ങൾ സർക്കാരിന് ഉപയോഗപ്പെടുത്താവുന്നതേ ഉള്ളൂ. ആധാർ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുന്ന ബയോമെട്രിക് ഡാറ്റ, ധനകാര്യ വിവരങ്ങൾ എന്നിവ ആർക്കൊക്കെ കൈമാറ്റം ചെയ്യപ്പെടാം ആർക്കൊക്കെ (ദുരു)പയോഗം ചെയ്യാം എന്ന് നിർവ്വചിക്കുന്ന നിയമ നിർമ്മാണം ഇന്ത്യയിൽ ഇനിയും നടന്നിട്ടില്ല എന്ന കാര്യം കൂടി ഇവിടെ ഓർമ്മയിൽ വയ്ക്കാം.
ആഭ്യന്തര ഭരണാധികാരികൾക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കും എന്നതു പോലെത്തന്നെ സാമ്രാജ്യത്ത ചാര ഏജൻസികൾക്കും ആധാർ പദ്ധതിയിൽ ദുഷ്ടലാക്കുണ്ട്. 1990 കളിൽ ശീതയുദ്ധാനന്തരം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട അമേരിക്കയിൽ 'It is the economy stupid ! ' എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലേറിയ ക്ലിന്റനും അൽഗോറും അമേരിക്കയുടെ ഡിഫൻസ്- ഇന്റലിജൻസ് ബജറ്റ് 10% കണ്ട് വെട്ടിക്കുറക്കുകയും, ബദലായി, സാങ്കേതിക വിദ്യകളെ ആശ്രയിച്ചുള്ള സംവിധാനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തി ഇന്റലിജൻസ് ഗാദറിങ് നടത്താൻ സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി.
Information Technology, Biometric technology എന്നീ രംഗങ്ങളിൽ ഗവേഷണം നടത്തുന്നതിനും പദ്ധതികൾ വികസിപ്പിക്കുന്നതിനും ക്ലിന്റന്റെ കാലത്ത് അമേരിക്കൻ സ്റ്റേറ്റ്, വൻ നിക്ഷേപങ്ങൾ നടത്തുകയും (ഉദാ: ബയോമെട്രിക് കൺസോർടിയം ചാർടർ, പ്രമോഷൻ ഒഫ് ഇന്റർനെറ്റ് as a global mass communication medium) ഇന്റലിജൻസ് പ്രവർത്തനങ്ങളിലുള്ള സർക്കാരിന്റെ ചെലവ് ചുരുക്കുന്നതിനായി സാർവദേശീയമായിത്തന്നെ സർവെയ്‌ലൻസ് കമ്പനികൾക്ക് കൂടുതൽ കരാറുകൾ നൽകുകയും ചെയ്തു. മറ്റൊരു രീതിയിൽ പറഞ് ഞാൽ, അമേരിക്കയ്ക്കു വേണ്ടി IT - Biometric സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്റലിജൻസ് ഗാദർ ചെയ്യാനുള്ള ഉത്തരവാദിത്വവും ചെലവും മറ്റു രാഷ്ട്രങ്ങളുടെ ചുമലിൽ കെട്ടിയേൽപ്പിക്കുന്ന തന്ത്രം ക്ലിന്റന്റെ കാലത്തു തുടങ്ങിയതാണ്. (സ്വകാര്യ സർവെയ്‌ലൻസ് കമ്പനികൾ അമേരിക്കയിൽ ദശകങ്ങൾക്ക് മുമ്പുതന്നെ ഉദയം ചെയ്തിരുന്നു.). പിൽക്കാലത്ത് ബുഷ് ഭരണകൂടം ഇസ്ലാമിക തീവ്രവാദത്തെ നേരിടാൻ ഡിജിറ്റൽ - ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സർവെയ്‌ലൻസ് കമ്പനികളെയും പ്രോസസ്സുകളെയും ആഗോളാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം കൂടുതൽ ശക്തമായി മുമ്പോട്ടു കൊണ്ടുപോയി.
Biometric സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സർവേയ്‌ലൻസ് പ്രൊജക്ടുകൾ നടപ്പാക്കപ്പെട്ടിട്ടുള്ള നിരവധി രാജ്യങ്ങളിൽ ഒന്നു മാത്രമാണ് ഇന്ത്യ. സാമ്രാജ്യത്ത ഇന്റലിജൻസ് പ്രവർത്തനങ്ങൾ ഔട്‌സോർസിങ് ചെയ്തു ജീവിക്കുന്ന നന്ദ(ഗോപ) നിലേക്കനി കുമാരന്മാർ പല രാജ്യങ്ങളിലും അപ്പപ്പോൾ പിറവികൊള്ളാറുണ്ട്. സംഹാരമാണ് എല്ലായുഗങ്ങളിലെയും അവതാരങ്ങളുടെ ജന്മദൗത്യം. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനെന്നു പറഞ്ഞാണ് ഈ ആധാർ പദ്ധതി കെട്ടിയേൽപ്പിക്കപ്പെടുന്നതെങ്കിലും റാപുൻസെലിന്റെ**** വേണിയെ കുറിച്ചുള്ള കഥയിലെന്ന പോലെ, ഈ പദ്ധതിയെ ഒരു ഗോവണിയെന്ന പോലെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിദേശരാജ്യങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾക്ക്, ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തെ ശിഥീലീകരിച്ച് നുഴഞ്ഞു കയറാൻ സാധിക്കും.
അമേരിക്കൻ പ്രതിരോധ ഏജൻസികൾ സാർവ്വദേശീയമായി സ്വതന്ത്ര പൗരന്മാരുടെ ജീവചരിത്ര വിവരങ്ങളും ജൈവമുദ്രാ വിവരങ്ങളും ചോർത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന വിദഗ്ധ സമിതികളും സർവേയ്‌ലൻസ് (ചാരനിരീക്ഷണ) കമ്പനികളും ചേർന്ന് ഈ ബയോമെട്രിക് വിവരങ്ങളും ബയോഗ്രാഫിക്കൽ വിവരങ്ങളും അതത് പൗരന്മാരുടെ മൊബൈൽ നമ്പറുകൾ, ഇ-മെയിൽ അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്കിങ് - ധനകാര്യ രേഖകൾ എന്നിവയുമായി ഒത്തു നോക്കി, വ്യക്തികളുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളെ കുറിച്ചും മനഃശാസ്ത്രപരമായ സ്വഭാവസവിശേഷതകളെ കുറിച്ചും ലൈംഗികവും സദാചാര പരവുമായ സമീപനങ്ങളെ കുറിച്ചും കുറ്റവാസനകളെ കുറിച്ചും അഴിമതിയുടെ ഭൂതകാല ചരിത്രത്തെ കുറിച്ചും നികുതി-വരുമാന ശേഷിയെകുറിച്ചും മാനുഷികമായ മറ്റു ദൗർബ്ബല്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണകൾ ഉണ്ടാക്കിയെടുക്കുന്നു.
ഇത്തരത്തിൽ അമേരിക്ക ആഗോള പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതിനെ പറ്റി എഡ്വേർഡ് സ്‌നോഡൻ നമുക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നുണ്ട്. 2010 നവമ്പറിൽ വിക്കിലീക്‌സ് പുറത്തു വിട്ട ഒരു രേഖയിൽ ഇങ്ങനെ പറയുന്നു: ''ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ നയതന്ത്ര വിദഗ്ദരെ കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾ പോലും തനിക്ക് ലഭ്യമാക്കണമെന്ന് (അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന) ഹിലാരി ക്ലിന്റൻ ആവശ്യപ്പെട്ടതായി വിക്കിലീക്‌സ് ഇന്നു പുറത്തു വിട്ട രഹസ്യ സ്വഭാവമുള്ള രേഖകൾ വ്യക്തമാക്കുന്നു.'' (ഇക്കണോമിക് ടൈംസ്, നവ: 29, 2010)
റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: ''ചേരിചേരാ പ്രസ്ഥാനത്തിലും G-77 കൂട്ടായ്മയിലും ഇസ്ലാമിക രാഷ്ട്രകൂട്ടായ്മയിലും പെട്ട പ്രധാന രാഷ്ട്രങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച്, ചീന, ക്യൂബ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, സുഡാൻ, ഉഗാണ്ട, സെനഗൽ, സിറിയ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള സ്ഥിരകാലയളവിലേക്കുള്ള പ്രതിനിധികളുടെ ജീവചരിത്രപരവും ജൈവമുദ്രകളെ സംബന്ധിച്ചതുമായ (biographical and biometric) വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി, എന്നു മാത്രമല്ല; ഈ പ്രതിനിധികളോരോരുത്തർക്കും അവരുടെ സ്വന്തം രാജ്യങ്ങളോടുള്ള കൂറിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി.''
കുറുക്കൻ നോട്ടമിട്ട കോഴിക്കൂടുകളിലൊന്നിൽ ഉറങ്ങിക്കിടന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരായ നയതന്ത്രജ്ഞരും ഉണ്ടായിരുന്നു എന്നു കാണുക. ഇന്ത്യയിൽ നിന്നുള്ള നയതന്ത്ര വിദഗ്ധരുടെയും രാഷ്ട്രനേതാക്കളുടെയും ജനപിന്തുണയുള്ള ആക്ടിവിസ്റ്റുകളുടെയും biometric വിവരങ്ങളും biographical വിവരങ്ങളും ഇങ്ങനെ ചോർത്തിയെടുക്കുക അമേരിക്കയിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് എത്രമാത്രം വിഷമകരമാണെന്ന് ആലോചിച്ചു നോക്കുക. അതുകൊണ്ടുതന്നെയാണ് സാർവ്വദേശീയമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്ത ശക്തികൾ തങ്ങളുടെ ഇച്ഛാനുവർത്തികളായ ഭരണാധികാരികളെയും ആർത്തിപ്പണ്ടാരങ്ങളായ കോർപ്പറേറ്റ് നേതൃത്വത്തെയും ഉപയോഗപ്പെടുത്തി, വിവിധ രാഷ്ട്രങ്ങളിൽ ചാരനിരീക്ഷണ പദ്ധതികൾ (surveillance projects) നടപ്പാക്കിക്കൊണ്ടിരിക്കുന്നത് (തുടരും).
Foot notes:
** റിപോസിറ്ററി = വിവര ശേഖരം = ഡാറ്റാബേസ് = ആധാർ ID അഥോറിറ്റിയുടെ കൈയിലെ ഒരൊറ്റ താക്കോൽ(വാക്കി)ട്ടു പൂട്ടിയ, ഒട്ടും ഉറപ്പില്ലാത്ത ID കൾ സൂക്ഷിക്കുന്ന വലിയ തകരപ്പെട്ടി.
** അതേ സമയം, Unique ID എന്ന സങ്കൽപ്പം ആദ്യമായി ഉയർന്നു വന്നത് 2006 ഇൽ ആയിരുന്നു എന്ന ധാരണ പരത്താൻ National Identification Authority of India Billനെ കുറിച്ചുള്ള ലോക് സഭാ സ്റ്റാന്റിങ് കമ്മിറ്റി റിപോർട്ടിൽ ഉൾപ്പെടെ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്.
**** ജർമ്മൻ നാടോടി സാഹിത്യത്തിൽ, കയറിവരാൻ പടവുകളില്ലാത്ത, ഉന്നതമായൊരു ഗോപുര ശിഖരത്തിൽ, ഒറ്റക്കിളിവാതിൽ മാത്രമുള്ള കോട്ടപോലെ ഭദ്രമായ മുറിയിൽ പുരുഷസ്പർശമേൽക്കാതെ മന്ത്രവാദിനിയാൽ വളർത്തപ്പെട്ട റാപുൻസെൽ എന്ന പെൺകുട്ടിയുടെ കഥയുണ്ട്. റാപുൻസെൽ പിരിച്ചുകെട്ടിയ തന്റെ അഴകാർന്ന നീണ്ടമുടി ജനാലയിലൂടെ പുറത്തേക്കിടും. അതിൽ പിടിച്ച് ക്രൂരയും ദുഷ്ടയുമായ മന്ത്രവാദിനി കോട്ടമുറിയിലേക്ക് കയറി വരും.
ഈ പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം:http://www.marunadanmalayali.com/story-99132
ലേഖനത്തോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ലേഖകരെ അറിയിക്കാം: ഇ-മെയിൽ: shemej@gmail.com)