കൊച്ചി:തിരുവനന്തപുരത്തേക്കോ, കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ഉള്ള ബസ്സിന്റെ സമയമറിയാൻ അന്വേഷണ കൗണ്ടറിലെത്തി ചോദിച്ചാൽ ഒന്നുകിൽ ആളില്ല, അല്ലെങ്കിൽ തിരക്ക്. അതുകൊണ്ടു തന്നെ ബസ് വരുമ്പോൾ പോകാമെന്നു കരുതി കാത്തിരിക്കുന്നവരാണ് അധികവും.

എന്നാൽ കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ടും സമയക്രമവും ഷെഡ്യുളുമറിയാൻ ഇനി ഡിപ്പോകളിൽ വിളിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. കേരളത്തിലെ ഓരോ ഡിപ്പോകളുടെ റൂട്ടും സമയക്രമവും ഷെഡ്യൂളുകളും ഫോൺ നമ്പറുമൊക്കെയുൾപ്പെടുത്തിയ 'ആനവണ്ടി' ആപ്പ് ഹിറ്റായിക്കഴിഞ്ഞു. കെ എസ് ആർ ടി സി യാത്രക്കാരെ സഹായിക്കാൻ ആപ്പിന് ബ്ലോഗും ഫേസ് ബുക്ക് പേജും ആനവണ്ടി.കോം എന്ന വെബ്‌സൈറ്റും തയ്യാറാണ്.

ആനവണ്ടിക്ക് പിന്നിൽ പ്രവർത്തിച്ചത് ബാംഗ്ലൂർ സ്വദേശിയായ വൈശാഖാണ്. ആനവണ്ടി ആപ്പിനു പിന്നിൽ കെ.എസ്.ആർ.ടി.സിയുടെ എന്തെങ്കിലും സഹായം കിട്ടി കാണുമെന്നു കരുതുന്നെങ്കിൽ തെറ്റി. ഇത്തരമൊരു ആപ്പ് ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സിയെ സമീപിച്ചപ്പോൾ ഷെഡ്യൂൾ വിവരങ്ങൾ നൽകാൻ പോലും അവർ തയ്യാറായില്ല. ഇതിനു വിവരാവാകാശ നിയമപ്രകാരം അപേക്ഷിച്ചാണ് വിവരങ്ങൾ കിട്ടിയത്.

കെ.എസ്.ആർ.ടി.സി കൃത്യസമയം പാലിക്കാതെ പലയിടത്തും സ്വകാര്യബസ് ലോബിയെ സഹായിക്കാനായി സമയം തെറ്റി ഓടുന്നതായി വാർത്തകൾ വരുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ യഥാർത്ഥ സമയം ജനങ്ങളിലേക്കെത്തുന്നതിൽ ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരുണ്ടെന്നതാണ് വാസ്തവം. ചെറുപ്പം മുതലെ ആനവണ്ടികളോടുള്ള കടുത്ത ആരാധനയാണ് ആനയാത്രക്കാർക്കായി ഇത്തരമൊരു ആപ്പ് ഉണ്ടാക്കാൻ വൈശാഖിനെ പ്രേരിപ്പിച്ചത്.

ആനവണ്ടി ആപ്പ് ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ പിന്നീട് ഓഫ്‌ലൈൻ ആയും ഉപയോഗിക്കാം.സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള സർവീസുകളുടെ പൂർണവിവരങ്ങൾ ആനവണ്ടി ആപ്പിൽ നിങ്ങളുടെ വിരൽത്തുമ്പിലെത്തും. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം. വിൻഡോസ് മൊബൈലിലും ലഭിക്കും. 2008 ൽ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തൻ ആണ് കെ.എസ്.ആർ.ടി.സി ബ്ലോഗ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളുടേയും ചിത്രങ്ങൾ അടങ്ങിയ ഇമേജ് ഡാറ്റാബേസ് കുറച്ചുവർഷം മുൻപ് ടീം തയ്യാറാക്കിയിരുന്നു.

എറണാകുളത്തുള്ള ഗ്രീൻഫോസ് ടെക്‌നോളജിസ് എന്ന ഐ.ടി സ്ഥാപനം ഉടമയായ ശ്രീനാഥ് ആണ് അനവണ്ടി വെബ് സൈറ്റ് ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകിയത്. കെ.എസ്.ആർ.ടി.സി ഫോൺ നമ്പറുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവയും ആനവണ്ടി വെബ്‌സൈറ്റിൽ ലഭ്യമാകും.