- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നാടു മുഴുവൻ വെന്തു വെണ്ണീറായി; പുരുഷന്മാർ കൂട്ടത്തോടെ പലായനം ചെയ്തു; സ്ത്രീകളും കുട്ടികളും പെരുവഴിയിലായി: കേരളമറിയാതെ പോയ ഒരു രാഷ്ട്രീയ പ്രതികാരത്തിന്റെ കഥ; നാദാപുരത്തു മറുനാടൻ മലയാളി കണ്ട ദുരന്ത കാഴ്ചകൾ
കോഴിക്കോട്: കത്തിച്ചാമ്പലായിക്കിടക്കുന്ന അനവധി വീടുകൾ, അക്രമികളെ ഭയന്ന് പലായനം ചെയ്ത താമസക്കാർ, ദിവസങ്ങളായി ദുരിതാശ്വാസക്യാമ്പിൽ നിശബ്ദരായി കഴിയുന്ന നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും, തങ്ങളുടെ കത്തിത്തീർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തങ്ങൾക്കു വിലപ്പെട്ട രേഖകളോ സർട്ടിഫിക്കറ്റുകളോ ശേഷിക്കുന്നുണ്ടോയെന്നു തെരയുന്നവർ,
കോഴിക്കോട്: കത്തിച്ചാമ്പലായിക്കിടക്കുന്ന അനവധി വീടുകൾ, അക്രമികളെ ഭയന്ന് പലായനം ചെയ്ത താമസക്കാർ, ദിവസങ്ങളായി ദുരിതാശ്വാസക്യാമ്പിൽ നിശബ്ദരായി കഴിയുന്ന നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും, തങ്ങളുടെ കത്തിത്തീർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തങ്ങൾക്കു വിലപ്പെട്ട രേഖകളോ സർട്ടിഫിക്കറ്റുകളോ ശേഷിക്കുന്നുണ്ടോയെന്നു തെരയുന്നവർ, വീടുകൾക്കു മുമ്പിലും പാതയോരത്തും കത്തിത്തീർന്ന വാഹനങ്ങൾ..എവിടെയും പേടിപ്പെടുത്തുന്ന നിശബ്ദത, എവിടെ നോക്കിയാലും പൊലീസ്, അവരുടെ ചോദ്യശരങ്ങൾ...
ഇത് ഇറാഖിലെയോ ഗസയിലെയോ കാഴ്ചകളല്ല. സാംസ്‌കാരിക കേരളത്തിലെ പ്രബുദ്ധരുടെ നാടായ നാദാപുരത്തിൽ അധികമാരെയും അറിയിക്കാതെ നടന്ന കിരാതത്വത്തിന്റെ ബാക്കിപത്രമാണ്. ഡി വൈ എഫ് ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടതിനു പ്രതികാരം തീർത്തപ്പോൾ ഒന്നുമറിയാത്ത എത്രയോ സ്ത്രീകളും കുട്ടികളുമാണ് വഴിയാധാരമായത്. പരിഷ്‌ക്ൃതസമൂഹത്തിൽനിന്നു കേൾക്കാൻ പാടില്ലാത്ത രാഷ്ട്രീയ അരാജകത്വത്തിന്റെയും വർഗീയ ദുഷ്പ്രവണതകളുടെയും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത സൃഷ്ടിക്കുന്ന ഭീകരതയുടെയും ദൃശ്യങ്ങളാണ്, പ്രബുദ്ധരെന്നു മേനികൊള്ളുന്ന മാദ്ധ്യമപ്രവർത്തകർ എത്തിനോക്കാൻ തയാറാകാത്ത നാദാപുരത്തു മറുനാടൻ ലേഖകൻ കണ്ടത്.
ഇവിടെ എന്താണു യഥാർഥത്തിൽ നടന്നതെന്നു പുറംലോകം അധികമറിഞ്ഞില്ല. ആരും അറിയിച്ചില്ല.ആരുമൊട്ട് ഇടപെടാൻ തയാറായുമില്ല. ഇതിനിടയിൽ എത്രയോ കുടുംബങ്ങളാണ് ക്രൂരമായ അക്രമങ്ങൾക്കിരയായത്. ഒരു പ്രദേശത്തിന്റെ നഷ്ടങ്ങളും വേദനകളും മാത്രമായിരുന്നില്ല ഇവിടത്തെ സംഭവങ്ങൾ ബാക്കിയാക്കിയത്. മാനവികതയും സൗഹാർദവും ആഗ്രഹിക്കുന്ന മനുഷ്യസമൂഹത്തിന്റെ ഹൃദയത്തിലേക്കായിരുന്നു സംഘർഷം പ്രഹരമേൽപ്പിച്ചത്.
1998- ലും തുടർന്ന് 2001-ലും നാദാപുരത്ത് സംഭവിച്ച കലാപവാർത്തകൾ ദേശീയതലങ്ങളിൽ വരെ ഇടം പിടിച്ചു. ചോരയും ചാരവും വീണ മണ്ണിൽനിന്നും നിരപരാധികളായ അനേകായിരം ആളുകൾക്ക് ജീവിതയാഥാർത്ഥത്തിലേക്ക് തിരിച്ചുവരാൻ നന്നേ പാടുപെടേണ്ടിവന്നു. പതിനഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും നാദാപുരത്ത് അതിക്രൂരമായ മനുഷ്യാവകാശലംഘനങ്ങളും അരക്ഷിതാവസ്ഥയും ഉടലെടുത്തിരിക്കുകയാണ്. അന്നത്തെക്കാൾ ഞെട്ടിക്കുന്ന തരത്തിൽ.
കഴിഞ്ഞ ജനുവരി 22ന് രാത്രി പത്തരയോടെ കണ്ണങ്കൈ റോഡിൽ വച്ച് ഭാസ്‌കരന്റെ മകൻ ഷിബിൻ എന്ന ചെറുപ്പക്കാരൻ വെട്ടേറ്റുമരിച്ച വിവരം പ്രദേശവാസികൾ ഞെട്ടലോടെയാണ് അടുത്ത ദിവസം അറിഞ്ഞത്. രാഷ്ട്രീയമായ കാരണങ്ങളോ രാഷ്ട്രീയ വൈരാഗ്യമോ ആയിരുന്നില്ലത്രേ കൊലപാതകത്തിലേക്കെത്തിച്ചത്. കൊന്നവനും കൊല്ലപ്പെട്ടവനും രാഷ്ട്രീയമുണ്ടായിരുന്നു എന്നുള്ളത് യാഥാർത്ഥ്യവുമാണ്.
പിറ്റേന്നു രാവിലെ വളരെ പെട്ടെന്നായിരുന്നു അമ്പതുപേരടങ്ങുന്ന മൂഖംമൂടിധാരികളായ വിവിധ സംഘങ്ങൾ ആയുധങ്ങളുമായി പാഞ്ഞടുക്കുന്നത്. പ്രത്യേക വിഭാഗത്തിന്റെ വീടുകൾ തെരഞ്ഞുപിടിച്ചായിരുന്നു അക്രമം. കയ്യിൽ മാരകായുധങ്ങളും പെട്രോളും പ്രത്യേക കെമിക്കലും ഉണ്ടായിരുന്നു. യാതൊരു ദാക്ഷിണ്യവും അക്രമിസംഘം കാണിച്ചിരുന്നില്ല. അലമാരകൾ അടിച്ചു തകർത്ത് ആഭരണങ്ങളും, കത്തി കാണിച്ച് പണവും കവർച്ച നടത്തി.
ജീവനിൽ ഭയന്ന് ഓടി രക്ഷപ്പെട്ടവരും വഴിയിൽ ബോധരഹിതരായവരും ഇരകളുടെ കൂട്ടത്തിലുണ്ട്. സ്ത്രീകളും കുട്ടികളുമെല്ലാം ഭയന്നു കരഞ്ഞു, ഉപദ്രവിക്കരുതേയെന്നു കേണപേക്ഷിച്ചു. അക്രമത്തിനിരയായ പല കുടുംബങ്ങളും ലേഖകനുമായി വിവരിച്ച സംഭവങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.തൂണേരി പഞ്ചായത്തിലെ വെള്ളൂരും കോടഞ്ചേരിയും ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ വിസ്തൃതിയിൽ അക്രമികൾ തേർവാഴ്ച നടത്തി.
ഒരു പുരുഷായുസിൽ ഉണ്ടാക്കിയെടുത്ത വീടും സമ്പാദ്യവും നശിച്ച നിരവധി പ്രവാസികൾ, പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ചാരമായ വേദനയിൽ വിതുമ്പുന്ന വിദ്യാർത്ഥികൾ, കൃഷിയും കുടിവെള്ളവും നഷ്ടമായ അനേകം കുടുംബങ്ങൾ. വീടുകളിലെ ഭിത്തികൾ അടിച്ചു തരിപ്പണമാക്കിയിട്ടും കലി തീരാതെ ക്രിമിനൽ സംഘം ഫ്രിഡ്ജും കമ്പ്യൂട്ടറും, ഫർണിച്ചറുമെല്ലാം കിണറ്റിലേക്ക് തള്ളി. എല്ലാം കഴിഞ്ഞെന്ന ഉറപ്പ് വരുത്തി അവർ ചുവന്ന കൊടിയും നാട്ടി. കല്യാണ വീട് അഗ്നിക്കിരയാക്കിയും ആഭരണങ്ങൾ കവർന്നും കണ്ണിൽ കണ്ടതെല്ലാം അവർ അടിച്ചു തകർത്തു. പുതുക്കം മാറാത്ത വീടുകളും അഗ്നിക്കിരയായി.
പാർട്ടിയും രാഷ്ട്രീയവുമില്ലാത്ത, വയോധികരും സ്ത്രീകളുമടങ്ങുന്ന 82 വീടുകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. അവയിൽ മിക്കതും പ്രവാസികളുടെ വീടായിരുന്നു. ആരോഗ്യമുള്ള പുരുഷന്മാരില്ലാത്ത വീടുകൾ. കൊലപാതകവുമായി വിദൂരബന്ധം പോലുമില്ലാത്ത ഒരു വിഭാഗം ജനതയെ അഗ്നിക്കും കൊള്ളിവെയ്‌പ്പിനും കവർച്ചയ്ക്കും ഇരയാക്കിയപ്പോൾ ആരുമെത്തിയില്ല അരുതേയെന്നു പറയാൻ. നിയന്ത്രിക്കാൻ ഒരു പാർട്ടിനേതാവുമുണ്ടായില്ല, ഭരണകൂടവുമുണ്ടായില്ല. അക്രമികൾ മതിവരുവോളം അഴിഞ്ഞാടി.
വടകര താലൂക്കിൽ തൂണേരി പഞ്ചായത്തിലെ വെല്ലൂർ, കോടഞ്ചേരി, കോട്ടേമ്പ്രം തുടങ്ങിയ പ്രദേശങ്ങളാണ് അക്രമിസംഘം അഗ്നിക്കിരയാക്കിയത്. ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ഒരുക്കിയ ക്യാമ്പുകളിലും പുറം നാടുകളിലുള്ള ബന്ധുവീടുകളിലുമാണ് ഇന്ന് തൂണേരി പഞ്ചായത്തിലെ അക്രമത്തിനിരയായ ബഹുഭൂരിപക്ഷം ജനതയും. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റുമെന്ന് അറിയാത്തവരാണ് പലരും. തല ചായ്ക്കാനുള്ള കിടപ്പാടം ഉപയോഗശൂന്യമായിരിക്കുന്നു. ഇപ്പോൾ റോഡിലെങ്ങും പൊലീസ് സന്നാഹങ്ങളാണ്. കാൽ നടയാത്രക്കാരെയും യാത്രികരെയും പൊലീസ് തടഞ്ഞ് പേരും അഡ്രസും രേഖപ്പെടുത്തുന്നു, കയ്യിലുള്ള ലഗേജുകൾ പരിശോധിക്കുന്നു. ഫോട്ടോ എടുക്കുന്നതിനും തകർന്ന വീടുകളിൽ കയറുന്നതിനും പൊലീസിന്റെ വിലക്കുണ്ടായിരുന്നു. ഇന്ന് പരസ്പരം ബന്ധു വീടുകളിലേക്ക് പോകാൻ പോലും ഈ ജനതക്ക് വിലക്ക് വന്നിരിക്കുന്നു.
82 വീടുകൾ കത്തി ചാമ്പലാക്കിയപ്പോൾ പൊലീസും ഭരണകൂടവും നിഷ്‌ക്രിയരാവുകയായിരുന്നു. രാവിലെ ഒമ്പതുമുതൽ നടന്ന അക്രമസംഭവങ്ങൾ വൈകീട്ട് വരെ നീണ്ടു നിന്നു. എന്നിട്ടും ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിരലിലെണ്ണാവുന്ന പൊലീസുകാർ എത്തിയെങ്കിലും സംഘത്തെ നേരിടാനുള്ള സന്നാഹം അവരിൽ ഉണ്ടായിരുന്നില്ല. വൈകീട്ട് ആറിനായിരുന്നു വിവിധ പൊലീസ് ക്യാമ്പുകളിൽ നിന്നും രണ്ടായിരം പൊലീസുകാരെ വിന്യസിക്കുന്നത്.
ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു വിഭാഗത്തെ ചുട്ടരിച്ചപ്പോൾ അവർ ചെയ്ത തെറ്റെന്താണെന്നു പോലും അവർ അറിഞ്ഞിരുന്നില്ല. കേരളത്തിനു സങ്കൽപ്പിക്കാൻ കഴിയാത്ത വെണ്ണീർ ചിത്രങ്ങളാണി്‌പ്പോൾ തൂണേരിയിൽ. തുമ്മിയാൽ വാർത്തയും ചർച്ചയുമാക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ കണ്ണുതുറക്കാതെ കിടക്കുകയാണിപ്പോഴും. നിരാലംബരായ സമൂഹത്തോടു കാണിച്ച നെറികേടിന് മുന്നിൽ മലയാള മാദ്ധ്യമങ്ങൾക്ക് നീതി നിർവഹിക്കാനായില്ല.
(തുടരും)