- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല പൊലീസ് സ്റ്റേഷനിൽ 'ദുർഭൂതം' കുടിയിരിക്കുന്നുവോ? സിഐയ്ക്ക് ചുമതലയേൽക്കാൻ പേടിയോ? രണ്ട് വാഹനാപകടങ്ങൾ നാഥനില്ലാ കളരിയാക്കിയ സ്റ്റേഷന്റെ കഥ
പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനെ ഏതോ ദുർഭൂതം ബാധിച്ചിരിക്കുന്നുവെന്ന് പ്രചാരണം. സി.ഐയ്ക്ക് പിന്നാലെ എസ്.ഐയ്ക്കും വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റത് ഈ പ്രവചനം ശരിവയ്ക്കുന്നു. ദുർഭൂതത്തിന്റെ അപ്രീതിക്ക് പാത്രമാകേണ്ടെന്ന് കരുതിയാകണം ഇവിടേക്ക് പുതുതായി നിയമനം ലഭിച്ച സിഐ ചുമതലയേൽക്കാൻ വൈകുന്നു. ഫലത്തിൽ നാഥനില്ലാ കളരിയായി സ്
പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനെ ഏതോ ദുർഭൂതം ബാധിച്ചിരിക്കുന്നുവെന്ന് പ്രചാരണം. സി.ഐയ്ക്ക് പിന്നാലെ എസ്.ഐയ്ക്കും വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റത് ഈ പ്രവചനം ശരിവയ്ക്കുന്നു. ദുർഭൂതത്തിന്റെ അപ്രീതിക്ക് പാത്രമാകേണ്ടെന്ന് കരുതിയാകണം ഇവിടേക്ക് പുതുതായി നിയമനം ലഭിച്ച സിഐ ചുമതലയേൽക്കാൻ വൈകുന്നു. ഫലത്തിൽ നാഥനില്ലാ കളരിയായി സ്റ്റേഷൻ മാറി.
ഇവിടെ സി.ഐയായിരുന്ന വി. രാജീവിന് വാഹനപരിശോധനയ്ക്കിടെ ജീപ്പിടിച്ചു കയറി ഗുരുതരപരുക്കേറ്റത് കഴിഞ്ഞ ഡിസംബറിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ രാത്രികാല പരിശോധനയ്ക്കു പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ എസ്.ഐ വിനോദ്കൃഷ്ണൻ(42), ഡ്രൈവർ രാജേഷ്‌കുമാർ(40) എന്നിവർക്ക് പരുക്കേറ്റു.
സി.ഐയ്ക്ക് അപകടം നേരിട്ടത് എസ്.സി.എസ് ജങ്ഷനിലായിരുന്നെങ്കിൽ എസ്.ഐക്ക് പരുക്കേറ്റത് ഇവിടെ നിന്ന് ഏതാനും മീറ്റർ മാറിയുള്ള കുരിശുകവലയിലെ അപകടത്തിലാണ്. മുഖത്തുസാരമായി പരുക്കേറ്റ് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ്.ഐ യെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡ്രൈവർ രാജേഷ്‌കുമാർ പ്രാഥമിക ചികിൽസ തേടി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് മാറ്റുന്നതിനിടെ ഡിസംബർ 13 ന് രാത്രി 11.35 ന് എം.സി. റോഡിൽ എസ്.സി.എസ് ജങ്ഷനിൽ വച്ചാണ് സിഐ വി. രാജീവിന് ജീപ്പിടിച്ച് ഗുരുതരപരുക്കേറ്റത്. റോഡ് മധ്യത്തിലുള്ള ഡിവൈഡറിൽ പാഞ്ഞു കയറിയ വാഹനം നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകിക്കൊണ്ടുനിൽക്കുകയായിരുന്ന സിഐയെയും മറ്റു രണ്ടുപേരെയും പാഞ്ഞെത്തിയ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ജീപ്പ് നിർത്താതെ പോയി. അഞ്ചു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിൽ വീട്ടിൽ വിശ്രമിക്കുന്ന സി.ഐയുടെ വലതുകൈയും ഇടതുകാലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇപ്പോൾ മല്ലപ്പള്ളി സി.ഐ ബിനു വർഗീസിനാണ് തിരുവല്ലാ സ്റ്റേഷന്റെ താൽകാലിക ചുമതല. നിലവിൽ ആലപ്പുഴ ജില്ലയിൽ നിന്നും മനോജ് എന്ന സി.ഐയെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹം ഇതുവരെ ചുമതലയേൽക്കാൻ തയാറായിട്ടില്ല. തിരുവല്ല വേണ്ടാ എന്ന നിലപാടിലാണ് മനോജ് എന്ന് അറിയുന്നു. മുൻപ് ലക്ഷങ്ങൾ കൊടുത്തും പി.ജെ. കുര്യന്റെ കൈയും കാലും പിടിച്ചുമാണ് പലരും തിരുവല്ലായിൽ സി.ഐയായി എത്തിയിരുന്നത്.
അത്രമാത്രം വരുമാനമാണ് ഈ സ്റ്റേഷനിൽ നിന്നുള്ളത്. തുടർച്ചയായി രണ്ടു ഉദ്യോഗസ്ഥർക്ക് അപകടം പിണഞ്ഞതോടെ ആർക്കും വേണ്ടാത്ത, പ്രേതബാധയുള്ള തിരുവല്ല സ്റ്റേഷനിൽ ഇനി ബാധയൊഴിപ്പിക്കൽ നടത്തേണ്ടി വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.