- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യസ്നേഹത്തിന്റെ നാദാപുരം മാതൃക; രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി ഉസ്മാൻ ഓടി നടക്കുന്നു; പ്രതിഫലേച്ഛയില്ലാത്ത സമൂഹസേവനത്തിന്റെ ഉത്തമോദാഹരണം
കോഴിക്കോട്: ജീവിത ദൈന്യതയിൽ ഒറ്റപ്പെടുന്ന രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി സ്വന്തം ജീവിതം മാറ്റി വച്ചിരിക്കുകയാണ് നാദാപുരം പാറക്കടവ് സ്വദേശി തൈക്കണ്ടി വീട്ടിൽ ഉസ്മാൻ. നഗരങ്ങളിൽ അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം ചോര വാർന്ന് കിടക്കേണ്ടി വന്നാലും തിരിഞ്ഞു നോക്കാൻ ആളുകൾക്ക് പലപ്പോഴും സമയമുണ്ടാകാറില്ല. എന്
കോഴിക്കോട്: ജീവിത ദൈന്യതയിൽ ഒറ്റപ്പെടുന്ന രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി സ്വന്തം ജീവിതം മാറ്റി വച്ചിരിക്കുകയാണ് നാദാപുരം പാറക്കടവ് സ്വദേശി തൈക്കണ്ടി വീട്ടിൽ ഉസ്മാൻ. നഗരങ്ങളിൽ അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം ചോര വാർന്ന് കിടക്കേണ്ടി വന്നാലും തിരിഞ്ഞു നോക്കാൻ ആളുകൾക്ക് പലപ്പോഴും സമയമുണ്ടാകാറില്ല. എന്നാൽ അവശതയനുഭവിക്കുന്ന രോഗികൾക്കിടയിലും അപകടങ്ങളിൽ ചതഞ്ഞരയുന്നവർക്കിടയിലുമമായി ഉസ്മാൻ തന്റെ ജീവിതം ചെലവിടുകയാണ്. സേവനങ്ങൾ മറയാക്കി സാമ്പത്തിക ലാഭം കൊയ്യുന്നവർ കൂണ് കണക്കിന് മുളച്ചു പൊങ്ങുമ്പോഴും നിസ്വാർത്ഥമായി പണം പറ്റാതെയുള്ള ഉസ്മാന്റെ പ്രവർത്തനങ്ങൾക്ക് തിളക്കം ഏറെയുണ്ട്.
കപട സദാചാരത്തിന്റെയും ദുരഭിമാനത്തിന്റെയും മതിലുകൾ ഭേതിച്ച് കൊണ്ടുള്ള ഉസ്മാന്റെ വേറിട്ട സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പതിനാല് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയതോടെയാണ് ഉസ്മാൻ പൊതു പ്രവർത്തന മേഖലയിൽ സജീവമായത്. ദൂബായിലെ എയർപോർട്ട് ജീവനക്കാരനായി നല്ല വരുമാനത്തോടെ തന്നെ ജോലി ചെയ്യുന്നതിനിടയിലായിരുന്നു അപകടത്തിൽ ഇടത് കാലിന് മാരകമായ പരിക്കേൽക്കുന്നത്. തുടർന്ന് വിദേശത്തും നാട്ടിലുമായി നിരവധി ആശുപത്രികൾ കയറിയിറങ്ങി. ഒടുവിൽ ഓപ്പറേഷന് വിധേയമാക്കിയ ശേഷം കാലിനേറ്റ ക്ഷതം ഭേതമായെങ്കിലും ഈ സംഭവത്തോടെ പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിൽ തന്നെ കൂടുകയായിരുന്നു. ജോലിയിൽ തികഞ്ഞ ആത്മാർത്ഥതയും ഉത്തരവാദിത്വവും കാണിച്ചിരുന്ന ഉസ്മാന് ബെസ്റ്റ് സ്റ്റാഫിനുള്ള അവാർഡും വേറെയും ചില അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
പ്രവാസിയായിരുന്നപ്പോൾ ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുമെങ്കിലും ബാങ്ക് ബാലൻസായി ഒന്നും തന്നെ ബാക്കിയുണ്ടാകുമായിരുന്നില്ല. ജീവിതത്തിൽ മിതത്വം പാലിക്കാത്തതുകൊണ്ടോ ആഢംബര ജീവിതം നയിച്ചതു കൊണ്ടൊ ആയിരുന്നില്ല സമ്പാദ്യമില്ലാതെ പോയത്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ട് ഇല്ലാത്തവന്റെ കണ്ണീരെപ്പൊകയും സാന്ത്വനമെത്തിക്കുകയുമാണ് ഉസ്മാന്റെ പതിവ് രീതി. പ്രവാസ ജീവിതത്തിൽ ഉസ്മാനെ അറിയാത്തവരായി ദുബായിൽ ആരും ഉണ്ടായിരുന്നില്ല. പതിനാല് വർഷത്തെ പ്രവാസ ജീവിതത്തോടെ എല്ലാവർക്കും പ്രിയപ്പെട്ടവനാ മാറിയിരുന്നു. പ്രവാസ ജീവിതം മതിയാക്കി 16 വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിക്കുമ്പോൾ ഓരോ സഹപ്രവർത്തകന്റെയും ഹൃദയം ഒന്ന് പിടഞ്ഞിരുന്നു. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും ആൾരൂപത്തെ തങ്ങൾക്ക് നഷ്ടപ്പെടുന്നതിന്റെ നൊമ്പരമായിരുന്നു അവർക്ക്.
ചെറു പ്രായത്തിൽ ഉമ്മയായിരുന്നു ഉസ്മാന്റെ മാതൃക. രോഗികളെ ശുശ്രൂഷിക്കാനായി കിലോമീറ്റർ അകലെയുള്ള തലശ്ശേരി ആശുപത്രിയിലേക്ക് പണവുമായി ഉമ്മ ഉസ്മാനെ അയക്കുമായിരുന്നു. അന്ന് തൊട്ടേ രോഗികളെ പരിചരിക്കുക എന്നത് അറിയാതെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. ഇന്ന് ഭാര്യയും മൂന്ന് ആൺ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും ഉസ്മാന്റെ സേവന പ്രവർത്തനങ്ങൾക്കുണ്ട്. പാരമ്പര്യമായി ലഭിച്ച കുടുംബ സ്വത്ത് ആസ്തിയായി ഉസ്മാനും ഭാര്യക്കും കൈവശമുണ്ടെന്നതും മറ്റു ബാധ്യതകളൊന്നുമില്ല എന്നതും തന്റെ പ്രവർത്തന മേഖലയിൽ മുഴുവൻ സമയവും ശ്രദ്ധയൂന്നാൻ സാധിക്കുന്നു. കുട്ടിക്കാലം മുതൽ മറ്റുള്ളവരെ സേവിക്കുക എന്നത് ഇഷ്ട വിനോദമാണെങ്കിലും പണക്കാരനെയും പണമില്ലാത്തവനെയും രണ്ട് തട്ടിൽ കണ്ടിരുന്ന നാട്ടിലെ ദുഷ്പ്രവണത ഉസ്മാനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ദിവസങ്ങൾ ചലനമറ്റ് ആശുപത്രി കിടക്കയിൽ കഴിയുന്ന രോഗികളെ കുളിപ്പിക്കുവാനും യൂറിൻ ട്യൂബ് മാറ്റുവാനും തുടങ്ങി കാണാനും തൊടാനും അറയ്ക്കുന്ന മൃതദേഹങ്ങളെ കഴുകി വൃത്തിയാക്കുവാൻ വരെ ആദ്യം വിളി വരിക ഉസ്മാനായിരിക്കും. കോഴിക്കോട്ടെ മിക്ക ആശുപത്രികളിലും സുപരിചിതനാണ് ഇന്ന് ഉസ്മാൻ. ട്യൂബ് ഊരാനും ഫിറ്റ് ചെയ്യാനുമെല്ലാം ഡോക്ടർമാർ തന്നെ ഉസ്മാനെ പഠിപ്പിച്ചിട്ടുണ്ട്. ഉസ്മാന്റെ സേവനങ്ങൾക്ക് മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്തതും അല്ലാത്തതുമായ അഞ്ഞൂറിലധികം മൃതദേഹങ്ങൾ ഇതുവരെ പരിപാലിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങും വഴി കോഴിക്കോട് പഴയ ബസ്റ്റാന്റിന് സമീപത്ത് മരണത്തോട് മല്ലിടുന്ന മഴയിൽ പുതച്ചിരിക്കുന്ന ഒരു യാചകന് ഭക്ഷണവും വെള്ളവും നൽകി ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സംഭവം ഇന്നും മറക്കാതെ ഓർത്തെടുക്കാൻ ഉസ്മാന് കഴിയും. ഇങ്ങനെ നിരവധി രോഗികളെയും ജീവിതത്തിൽ ഒറ്റപ്പെടുന്നവരെയും സ്‌നേഹാലയങ്ങളിലും കരുണാലയങ്ങളിലും ഉസ്മാൻ തന്നെ എത്തിച്ചിട്ടുണ്ട്. കാൻസർ, എയ്ഡ്‌സ് തുടങ്ങിയ മാരക രോഗങ്ങളുള്ളവർക്കും ഉസ്മാൻ തന്റെ സേവനം എത്തിക്കാറുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നാദാപുരവും പരിസരവും വർഗീയവും രാഷ്ട്രീയവുമായ ലഹളയിൽ പരസ്പരം വെട്ടി മുറിച്ചപ്പോൾ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഉസ്മാൻ സമാധാന സന്ദേശവുമായി എല്ലാ മത വിഭാഗങ്ങൾക്കിടയിലേക്കും ഇറങ്ങിച്ചെന്നു. തന്റെ കാരുണ്യപ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധനേടാനും എല്ലാവരെയും ഒരുമിപ്പിക്കാനും ഈ നാൽപ്പത്തി ഒൻപതുകാരന് സാധിച്ചിട്ടുണ്ട്. ഇന്ന് ഉസ്മാൻ എന്നത് ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായി തന്നെ വളർന്നിട്ടുണ്ട്. രോഗികളെ സംരക്ഷിക്കുന്നതിനും മൃതദേഹങ്ങൾ കുളിപ്പിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമെല്ലാം ഉസ്മാനോടൊപ്പം ഒരു സംഘം യുവാക്കൾ തന്നെയുണ്ട്. ഇവരെല്ലാം പ്രതിഫലം പറ്റാതെയുള്ള പ്രവർത്തന പാതയിൽ ഉസ്മാനോടൊപ്പം സജീവമാണ്.
ദിവസം രണ്ടോ മൂന്നോ രോഗികളെ ആശുപത്രിയിലോ വീട്ടിലോ പോയി കുളിപ്പിക്കാനും മറ്റു ശുശ്രൂഷകൾ ചെയ്യാനുമുണ്ടാകും. സമയം രാത്രി എത്ര വൈകിയാലും ഉസ്മാനെ വിളിച്ചാൽ ഉടനെ ഓടിയെത്തും. പൊതു പ്രവർത്തനത്തിനു പുറമെ ഒരു കലാകാരൻ കൂടിയാണ് ഉസ്മാൻ. സ്‌കൂൾ കലോത്സവ കാലം വന്നാൽ കോഴിക്കോട് ജില്ലയിലും പുറത്തുമായി വിവിധ സ്‌കൂളുകളിൽ നിന്നും വിളിവരും. കോൽക്കളി, ദഫിമുട്ട്, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ മാപ്പിള കലകളാണ് പഠിപ്പിക്കുന്ന പ്രധാന ഇനങ്ങൾ. മനസിൽ രാഷ്ട്രീയമുണ്ടെങ്കിലും സജീവമായി ഇതുവരെ രംഗത്തില്ല. പഞ്ചായത്ത് തെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സമ്മർദമുണ്ടായിട്ടുണ്ടെങ്കിലും രാഷ്്ട്രീയത്തിലേക്ക് താൽപര്യമില്ലെന്നാണ് അവരോട് ഉസ്മാന്റെ മറുപടി.