കാബുൾ: കഴിഞ്ഞ ദിവസമാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ട് ഇരു രാജ്യങ്ങളുടെയും തലവന്മാർ ലോകത്തിനു സമർപ്പിച്ചത്. പത്തുവർഷത്തിലേറെ സമയമെടുത്താണ് ഈ അണക്കെട്ടു യാഥാർഥ്യമായത്. ഈ സ്വപ്‌നം പൂവണിയിക്കുന്നതിനായി പ്രവർത്തിച്ച സംഘത്തിനു താലിബാൻ ക്രൂരതയ്ക്കിരയായി ജീവൻ ബലി കൊടുക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. സൗഹൃദ അണക്കെട്ടിനു വേണ്ടി നിരവധി ജീവൻ ബലി കൊടുക്കേണ്ടി വന്നുവെങ്കിലും ഒടുവിൽ അഫ്ഗാനിൽ ഇന്ത്യ നടത്തിയ ഏറ്റവും ചെലവേറിയ അടിസ്ഥാനസൗകര്യ സഹായ പദ്ധതി യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഇരുരാജ്യങ്ങളും.

275-മില്ല്യൺ ഡോളറാണ് ഇന്ത്യ ഈ പദ്ധതിക്കായി ചിലവഴിച്ചത്. ഈ അണക്കെട്ട് അഫ്ഗാനിസ്ഥാന്റെ ഹേരത്ത് മേഖലയെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ 1500-ഓളം ഇന്ത്യൻ-അഫ്ഗാൻ വിദഗ്ധരുടെ വർഷങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഈ അണക്കെട്ട് യാഥാർഥ്യമായത്.
ഇന്ത്യൻ മിനി-രത്‌ന കമ്പനിയായ വാപ്‌കോസ് (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവ്വീസസ്) ആണ് പത്ത് വർഷത്തിൽ കൂടുതൽ സമയം ചിലവഴിച്ച് 1,775-കോടി രൂപ മുതൽമുടക്കി ഈ അണക്കെട്ട് നിർമ്മിച്ചത്.

സൽമ അണക്കെട്ട് എന്നുകൂടി അറിയപ്പെടുന്ന ഈ ഡാം പണിതിരിക്കുന്നത് ഹേരത്ത് പ്രവിശ്യയിലെ ഹരി റുഡ് നദിയുടെ കുറുകെയാണ്. മണ്ണും കല്ലും അടങ്ങിയ മിശ്രിതം നിറച്ചാണ് 107.5 മീറ്റർ ഉയരമുള്ള ഈ അണക്കെട്ട് പടുത്തുയർത്തിയത്. 14-മെഗാവാട്ട് ശേഷിയുള്ള 3 യൂണിറ്റുകളടങ്ങിയ 42-മെഗാവാട്ട് ആകെ ശേഷിയുള്ള പവർഹൗസും ഡാമിനോടനുബന്ധിച്ച് നിർമ്മിച്ചിരിക്കുന്നു.75,000 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ ശേഷിയുണ്ട് ഈ അണക്കെട്ടിന്. ഈ അണക്കെട്ടിന്റെ ജലസംഭരണിയുടെ വ്യാപ്തി നീളത്തിൽ 20-കിലോമീറ്ററും, വീഥിയിൽ 3.7-കിലോമീറ്ററും വരും. 633-മില്ല്യൺ മെട്രിക് മീറ്റർ ക്യൂബ് ജലം മൊത്തത്തിൽ ഉൾക്കൊള്ളാൻ ശേഷിയുണ്ട് ഈ സംഭരണിക്ക്.ഉയരം 107.5 മീറ്ററും, നീളം 540-മീറ്ററും അടിത്തട്ടിലെ വീതി 450-മീറ്ററും ഉണ്ട് സൽമ അണക്കെട്ടിന്. ഹേരത്ത് നഗരത്തിൽ നിന്ന് 165-കിലോമീറ്റർ കിഴക്ക് മാറിയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

ദുരന്തസ്മരണ

2010-ൽ ഹേരത്ത് പ്രവശ്യയിലെ ജില്ലാ ഗവർണറെ താലിബാൻ വധിച്ചു. തൊട്ടടുത്ത വർഷം എൻജിനീയറിങ് വിദഗ്ധരുടെ ഒരു സംഘം തന്നെ താലിബാൻ ക്രൂരതയ്ക്ക് ഇരയായിത്തീരുകയും ചെയ്തു. അഫ്ഗാൻ തൊഴിൽ സംഘം പറഞ്ഞറിയിക്കാനാകാത്ത കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ പദ്ധതിക്കായി നിലകൊണ്ടത്. 2013-ൽ 1,300-കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് സൽമ അണക്കെട്ട് മുഴുവനായി തകർത്തു കളയാൻ താലിബാൻ ശ്രമിച്ചിരുന്നു എന്ന് അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അറിയിച്ചിരുന്നു.

കനത്ത സുരക്ഷാഭീഷണി കാരണം അഫ്ഗാനിസ്ഥാൻ ഗവൺമെന്റ് ഏർപ്പെടുത്തുന്ന ഹെലിക്കോപ്റ്റർ ഉപയോഗിച്ച് മാസത്തിലൊരിക്കൽ മാത്രമാണ് ഇന്ത്യൻ എൻജിനീയർമാരും മറ്റു സാങ്കേതിക വിദഗ്ദരും അടങ്ങിയ സംഘം പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നത്. അണക്കെട്ട് നിർമ്മാണത്തിനുപയോഗിച്ച വിദഗ്‌ധോപകരണങ്ങളും മറ്റു സാമഗ്രികളും ആദ്യം ഇന്ത്യയിൽ നിന്ന് കടൽമാർഗ്ഗം ഇറാനിലെ ബന്ദെർ-ഇ-അബ്ബാസ് തുറമുഖത്ത് എത്തിക്കുകയും, അവിടെനിന്ന് 1200-കിലോമീറ്റർ റോഡ്മാർഗ്ഗത്തിൽ ഇറാൻ-അഫ്ഗാൻ അതിർത്തിയായ ഇസ്ലാം കിലയിൽ എത്തിക്കുകയും, ഇസ്ലാം കിലയിൽ നിന്ന് വീണ്ടും കരമാർഗ്ഗം 300-കിലോമീറ്റർ അകലെയുള്ള പദ്ധതിപ്രദേശത്തേക്ക് എത്തിക്കുകയുമായിരുന്നു ചെയ്തത്. നിർമ്മാണത്തിനുപയോഗിച്ച സിമന്റ്, ഉരുക്ക്, സ്‌ഫോടകവസ്തുക്കൾ മുതലായവ അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.