കണ്ണുർ: കണ്ണൂർ ജില്ല എന്ന പേര് കേട്ട് കഴിയുമ്പോൾ പലർക്കും ഉള്ളിൽ ഭയമാണ്. രാഷ്ട്രീയം തലയ്ക്കു പിടിച്ച എല്ലാ പാർട്ടിക്കാരും അന്യോന്യം എതിർപ്പുകൾ കൊണ്ടുനടക്കുന്ന ഒരു നാട് എന്ന് ചിലർക്ക് എങ്കിലും അഭിപ്രായം ഉണ്ടാവാം.എന്നാൽ കണ്ണൂർ ജില്ലയിൽ നിന്ന് കൗതുകമുണർത്തുന്ന ഒരു കാഴ്ച നമുക്ക് കാണാൻ കഴിയും.മൂന്ന് പാർട്ടിക്കാരുടെയും കൊടി ഒരു പോലെ ഒരു സ്ഥലത്ത് പാറി കളിക്കുന്ന കാഴ്‌ച്ച.പാർട്ടി ഭേദമന്യേ പാർട്ടി പരിപാടികളുടെ ബോർഡും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഒക്കെ നടക്കുമ്പോഴും വഴക്കും വക്കാണവും ഒന്നുമില്ലാതെ തന്നെയാണ് ഓരോ പാർട്ടിക്കാരും അവരുടെ കാര്യങ്ങൾ ചെയ്തുവരുന്നത്.

കണ്ണൂർ ജില്ലയിലെ നടാലിൽ ആണ് ഈ കൗതുക കാഴ്ച. നടാലിൽ നിന്ന് കാടാച്ചിറക്ക് പോകുന്ന റോഡിനോട് ചേർന്ന് മൂന്ന് പാർട്ടിക്കാരുടെയും കോടി ഒരേ പോലെ പാറിപറക്കുകയാണ്. യാതൊരു പ്രശ്‌നങ്ങളും പരാതിയോ പരിഭവമോ ഇല്ലാതെ.കണ്ണൂർ ജില്ലയിലെ പലസ്ഥലത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഇവിടെ പാർട്ടിക്കാർ തമ്മിലുള്ള സംഘർഷങ്ങൾ പോലും ഉണ്ടാവാറില്ല.എല്ലാ പാർട്ടിക്കാരും തമ്മിൽ അവരുടേതായ രീതിയിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ എല്ലാവരും ചേർന്ന് കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥലമാണിത്.

ആദ്യമായി കോൺഗ്രസ് കൊടിയാണ് ഈ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സിപിഎം പാർട്ടി കൊടിയും ഇവിടെ പ്രത്യക്ഷപ്പെട്ടു.എന്നാൽ പിന്നെ ഞങ്ങൾക്കും അവസരം വേണം എന്നു പറഞ്ഞു ഒടുവിലായി സ്ഥലത്തെ ബിജെപി പ്രവർത്തകരും കൊടി കുഴിച്ചിട്ടു. മൂന്ന് പാർട്ടിക്കാരും ഈ ഒരു പ്രദേശത്തുകൊടിനാട്ടിയിട്ടുണ്ട് എങ്കിലും ഇവർ തമ്മിൽ പ്രത്യക്ഷത്തിൽ ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല.ഒരു വർഷത്തോളമായി മൂന്നു പാർട്ടിക്കാരുടെയും കൊടി ഇവിടെ പാറിപ്പറക്കാൻ തുടങ്ങിയിട്ട്.

എന്നാൽ നാട്ടുകാർ ചിലർക്കെങ്കിലും മൂന്നു പാർട്ടിക്കാരുടെയും കൊടി ഇവിടെ കാണുന്നത് ഭയം ഉണ്ടാക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് പോലുള്ള അക്രമങ്ങൾ നമ്മുടെ നാട്ടിലേക്ക് വരുമോ എന്ന ഭയം പരോക്ഷമായെങ്കിലും ചിലരുടെ ഉള്ളിലുണ്ട്. മാമ്പയിൽ മുക്ക് എന്നായിരുന്നു സ്ഥലത്തിന്റെ പേര്. എന്നാൽ മൂന്നു പാർട്ടിക്കാരുടെയും കൊടി ഒരേപോലെ പ്രത്യക്ഷപ്പെട്ടതിനാൽ നാട്ടുകാർ കൗതുകത്തോടെ സ്ഥലത്തിനെ കൊടിമുക്ക് എന്നും വിളിക്കാറുണ്ട്.

മറ്റിടങ്ങളിൽ ഇതൊരുപുതി കാഴ്ച അല്ലെങ്കിലും കണ്ണൂർ ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഒരു വാർത്ത വളരെ കൗതുകം ഉണർത്തുന്ന ഒന്നു തന്നെയാണ്. ഈ നാട്ടിലെ വിവിധ പാർട്ടി പ്രവർത്തകരോട് ചോദിച്ചു കഴിഞ്ഞാൽ ആത്യന്തികമായി അവരൊക്കെ അവരുടെ വിശ്വാസത്തിൽ വിശ്വസിക്കുന്നവരാണ് എങ്കിലും മറ്റൊരു ആൾക്ക് ആവശ്യം വന്നാൽ പാർട്ടി ഭേദമന്യേ അവർ ഓടിയെത്തും. ഈ മനോഭാവം തന്നെയാണ് മൂന്നുപേർക്കും അവരുടേതായ സ്ഥാനം കൽപ്പിച്ചു കൊടുത്തുകൊണ്ട് ഒരേപോലെ കൊടികൾ പാറിപ്പറക്കാൻ ഇവിടെ പ്രേരണ ആവുന്നതും.