ഡൽഹി: വിവാഹേത ലൈംഗിക ബന്ധം ക്രിമിനൽ കുറ്റം അല്ലാതാക്കിയ ചരിത്രപരമായ വിധി ഇന്നലെയാണ് പുറത്തുവന്നത്. സ്ത്രീയുടെ ജയമാനൻ ഭർത്താവല്ല എന്നത് അടക്കം അതീവ നിർണായകമായ നിരീക്ഷണങ്ങളും ഈ വിധിയിൽ ഉണ്ടായി. ഐപിസി 497 എടുത്തുകളഞ്ഞ വിധി ലോകം മുഴുവൻ ശ്രദ്ധിക്കുകയും ചെയ്തു. ഈ ചരിത്രപ്രസിദ്ധമായ വിധിക്ക് ഇടയാക്കിയ നിയമ പോരാട്ടത്തിൽ ഒരു പ്രവാസി മലയാളിക്ക് നിർണായക റോളുണ്ട്. ഇറ്റലിയിൽ ഹോട്ടൽ വ്യവസായി ആയ ജോസഫ് ഷൈൻ ആണ് ഈ വിധി പുറപ്പെടുവിക്കുന്നതിന് ഇടയാക്കിയ ഹർജിക്കാരൻ.

ജോസഫ് ഷൈന്റെ ഹർജിയിൽ 158 വർഷം പഴയ സെക്ഷൻ 497 ആണ് സുപ്രീം കോടതി റദ്ദാക്കിയത്. കോടതിയിൽ നിയമപോരാട്ടം നടത്തി ശീലമുള്ള ജോസഫ് ഷൈന് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റം അല്ലാതാക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് പൊതു സമൂഹത്തിൽ പുരുഷന്മാർ കുടുങ്ങുന്ന ചില കേസുകൾ വർധിച്ചതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു ഹർജി കോടതിയിൽസമർപ്പിച്ചതെന്നും മറിച്ച് വ്യക്തി താൽപ്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇപ്പോൾ ഇറ്റലിയിൽ ഉള്ള ഷൈൻ ലൈവ് മിന്റ് എന്ന ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. അഡ്വ. കാളീശ്വരം രാജ് മുഖേനയാണ് ജോസഫ് ഷൈൻ നിയമ പോരാട്ടം നടത്തിയത്. അതുകൊണ്ട് തന്നെ വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി പൊതുതാത്പര്യ വിഷയങ്ങളിൽ വേറിട്ട് നിയമ യുദ്ധം നടത്തുന്ന പ്രവാസി മലയാളിയായ ജോസഫ് ഷൈനിന്റെ വിജയം കൂടിയാണ്.

കഴിഞ്ഞ 18 വർഷമായി ഇറ്റലിയിലെ ട്രെന്റോയിൽ ബിസിനസുകാരനാണ് ജോസഫ് ഷൈൻ കോഴിക്കോട് കൂടത്തായ് ബസാർ സ്വദേശഇയാണ്. വിവാഹേതര ബന്ധം മോശമാണെന്ന് പറയുമ്പോഴും ഇത്തരമൊരു കാര്യത്തിന്റെ പേരിൽ വ്യക്തികളെ ജയിലിലടയ്ക്കാൻ സർക്കാരിനോ പൊലീസിനോ കഴിയുമോ എന്നതാണ് ഈ ഹർജിയിലൂടെ ജോസഫ് ഷൈൻ ചോദ്യം ചെയ്തത്. വ്യക്തി സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും വില നൽകുന്ന ഐതിഹാസിക വിജയമാണ് ഈ വിധിയെന്ന് കാളീശ്വരം രാജ് വ്യക്തമാക്കുന്നു.

വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന നിയമമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഇത് റദ്ദാക്കി സ്ത്രീയേയും തുല്യ ഉത്തരവാദിത്തമുള്ള വ്യക്തിയായി കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലെന്നും ഭർത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി വിധിച്ചു.

ഇതാദ്യമായല്ല ജോസഫ് ഷൈനിന്റെ പേരിൽ മലയാളികൾ കേൾക്കുന്നത്. കഴിഞ്ഞ വർഷം പെമ്പിള ഒരുമൈ സമരത്തിനെതിരെ മന്ത്രി എം.എം. മണി ചില വിവാദ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസഫ് ഷൈൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരമൊരു വിഷയത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളിയ ഡിവിഷൻ ബെഞ്ച് മന്ത്രിയുടെ വിവാദ പരാമർശങ്ങളെ പവിത്രമാണെന്ന് പറയാനോ വിമർശിക്കാനോ തയ്യാറല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അഡ്വ. കാളീശ്വരം രാജ് മുഖേന ജോസഫ് ഷൈൻ നൽകിയ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.