കണ്ണൂർ: വില്ലേജ് ആഫീസറുടേയും തഹസിൽദാറുടേയും ഒരു കുടുംബത്തോടുള്ള നീതി നിഷേധത്തിന് അഞ്ച് വർഷം തികയുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടാണ് റവനവ്യൂ അധികാരികളുടെ കൊടിയ പീഡനം. ചേലോറ ലക്ഷം വീട് കോളനിയിൽ താമസിച്ചു വരുന്ന മേലേക്കണ്ടി ഹൗസിലെ കോയില്ല്യത്ത് മിനിയും ഭർത്താവ് പ്രമോദും ഉദ്യോഗസ്ഥ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കാൻ വേണ്ടി ചിന്തിക്കുകയാണ്. ചെമ്പനോടയിലെ വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയവും ചർച്ചയാക്കുന്നത്.

2012 ജൂലായ് മാസം ഇവരുടെ മൂത്ത മകൾ പ്രമിഷയുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള ജാതി സർട്ടിഫിക്കറ്റിനായി ചേലോറ വില്ലേജ് ആഫീസിൽ മിനി അപേക്ഷ നൽകിയിരുന്നു. അപേക്ഷ വിശദമായി പരിശോധിക്കാതെ നീ പറയനും ഭർത്താവ് തീയ്യനുമല്ലേ? പിന്നേ നിനക്കെങ്ങനെ പറയിയായ മകൾ ജനിച്ചു എന്ന് വില്ലേജ് ഓഫീസർ പരസ്യമായി പരിഹസിച്ചു. നിന്റെ മകൾ ആനുകൂല്യം വാങ്ങി പഠിച്ചാൽ കലക്ടറാകുമോ? എന്നു പറഞ്ഞ് അപേക്ഷയും രേഖയും വലിച്ചെറിഞ്ഞതായി മിനിയുടെ ഭർത്താവ് പ്രമോദ് പറയുന്നു.

ഇതേ തുടർന്ന് അപേക്ഷ നിരസിച്ചതിനും അപമാനിച്ചതിനും വില്ലേജ് ഓഫീസർക്ക് എതിരെ സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ കമ്മീഷനും കണ്ണൂർ ജില്ലാ കലക്ടർക്കും പരാതി നൽകി. അതോടെ മക്കളുടെ ജാതി സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും നിരന്തര പീഡനത്തിനും കുടുംബം ഇരയാകേണ്ടി വന്നിരിക്കയാണ്. ചേലോറ വില്ലേജ് ഓഫീസറുടെ ചുവടു പിടിച്ച് കണ്ണൂർ താലൂക്കിലെ ഉദ്യോഗസ്ഥർ മുതൽ കിർത്താട്സ് വരെ ജാതി പ്രശ്നത്തിന് കൂട്ടു നിന്നു.

മരിച്ചു പോയ മിനിയുടെ അച്ഛന്റെ സ്ഥാനത്ത് വടകരക്കാരനായ മേൽവിലാസമില്ലാത്ത അസീസിനെ ഉദ്യോഗസ്ഥർ എഴുതിച്ചേർത്തു. തന്റെ ഭാര്യ മിനിയുടെ അമ്മയും അച്ഛനും പറയ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഭാര്യാ പിതാവ് ബാലൻ വർഷങ്ങൾക്കു മുമ്പേ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം പിൻതുടർച്ചയായി ഇവർക്ക് നൽകപ്പെട്ടിരുന്നു. രജിട്രാഫീസ് രേഖകളും അത് വ്യക്തമാക്കുന്നു. ഇതൊക്കെ തെളിവായി നൽകിയാലും വില്ലേജ് ഓഫീസർക്കെതിരെ ഭാര്യ നൽകിയ പരാതിയുടെ പ്രതികാരമെന്ന നിലയിൽ അച്ഛന്റെ പേര് മാറ്റി മറ്റൊരു മത വിഭാഗക്കാരനെ പ്രതിഷ്ഠിച്ചിരിക്കയാണ് റവന്യൂ അധികാരികൾ.

വില്ലേജ് അധികാരിക്കും കിർത്താട്സിനും കാര്യത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷണം നടത്തി തീരുമാനമെടുക്കാം. താലൂക്ക് അധികാരികൾ സ്വയം സൃഷ്ടിച്ച പിതാവ് വടകരക്കാരൻ അസീസിന് പകരം കിർത്താട്സ് സ്വദേശമില്ലാത്ത അസീസിനെയാണ് അവരോധിച്ചത്. മിനിയുടെ പിതാവ് പരേതനായ ബാലനെന്ന് വ്യക്തമായി തെളിയിക്കുന്ന രേഖകൾ എല്ലാം അവഗണിക്കുകയായിരുന്നു. കൂലിതൊഴിലാളിയായ മിനിയും ഭർത്താവ് പ്രമോദും ഇപ്പോൾ മക്കൾക്ക് ജാതി പരിഗണന ലഭിക്കാൻ തൊഴിൽ ഉപേക്ഷിച്ച് നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ്. കണ്ണൂർ ജില്ലാ കലക്ടർ 2014 ൽ മിശ്ര വിവാഹിതരായ ഇവരുടെ മക്കൾക്ക് പറയ വിഭാഗമായി ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ഓരോ മക്കളുടേയും വിദ്യാഭ്യാസ ആവശ്യത്തിന് വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ അപേക്ഷ നിരസിക്കപ്പെടുകയാണ്.

വില്ലേജ് അധികാരികളുടെയും താലൂക്ക് ഉദ്യോഗസ്ഥരുടേയും ഈ പീഡനത്തിനെതിരെ കണ്ണൂർ ഡി.വൈ. എസ്. പിക്ക് നടപടിയെടുക്കാൻ പരാതി നൽകിയെങ്കിലും അദ്ദേഹം കേസെടുക്കാൻ തയ്യാറാവുന്നില്ല. അട്രോസിറ്റീസ് ആക്ട് പ്രകാരം പട്ടിക ജാതി പീഡനത്തിനെതിരെ കേസെടുക്കാമെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ല. ഏറ്റവും ഒടുവിൽ ഞങ്ങളുടെ മകൻ നിധീഷിന് പ്ലസ് വണ്ണിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും വീണ്ടു കിർത്താട്സിന്റെ അനുമതിക്കു വേണ്ടി കാത്തിരിക്കയാണ് വില്ലേജ് അധികാരികൾ. ആദ്യ അപേക്ഷയിൽ നടപടിയെടുക്കാതെ കിർത്താട്സ് റീ സബ്മിഷന് ആവശ്യപ്പെട്ടിരിക്കയാണ്.

ഒരു അന്വേഷണവും നടത്താതെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തോ പരിസരത്തോ വന്ന് മൊഴിയെടുക്കാതെ റവന്യൂ അധികൃതർ നൽകുന്ന തെറ്റായ വിവരമനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. ജില്ലാ കലക്ടർക്ക് ജാതി സംബന്ധമായ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും കീഴ് ഉദ്യോഗസ്ഥർ കുടുംബത്തെ വേട്ടയാടുകയാണ്. സ്വന്തം പിതാവിനെപ്പോലും മാറ്റുകയും ഭാര്യയെ പരസ്യമായി അപമാനിക്കുകയും ചെയ്ത ഉദ്യോഗസ്ഥ നടപടിയിൽ മനം നൊന്ത് ഞങ്ങൾ ഇനിയും ജീവിക്കണമോ? മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയർപ്പിച്ച് ജീവിക്കുകയാണ് ഈ കുടുംബം.