കോഴിക്കോട്: മുന്നറിയിപ്പുകളെല്ലാം നൽകിയെങ്കിലും കരകാണാക്കടലിന്റെ രൗദ്രഭാവങ്ങളിലേക്ക് നടന്നടുത്ത ഒരു രക്ഷിതാവിന്റെ പിടിയിൽനിന്ന് തിര വിഴുങ്ങാൻ കൊതിച്ച ഒരു കൊച്ചുബാല്യത്തെ നാലു യുവാക്കൾ രക്ഷിച്ച അത്ഭുതകരമായ കഥയാണിത്. വെറും കഥയല്ല, ഇക്കഴിഞ്ഞ മെയ് 29ന് പൊന്നാനി കടപ്പുറത്ത് മാതാപിതാക്കളുടെ കൺമുമ്പിൽ വച്ചുണ്ടായ ജീവന്റെ തുടിപ്പുകൾ ആവോളം ജ്വലിച്ചു നില്ക്കുന്ന സംഭവമാണിത്.

പൊടിപ്പും തൊങ്ങലുമില്ലാതെ സാഹസികമായ ഇടപെടലിലൂടെ ജനഹൃദയങ്ങളുടെ മനസ്സറിഞ്ഞ പ്രശംസ പിടിച്ചുപറ്റിയ സംഘാംഗങ്ങൾ പറയുന്നത് ഇങ്ങനെ:

28ന് അജിത്തിന്റെ പിറന്നാളായിരുന്നു. (അജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ. ജിത്തു, അനസ,് ഷിനു- ഇവരും അതുപോലെ തന്നെ). പിറന്നാളിന്റെ ബാക്കി ആഘോഷിക്കാൻ സിനിമക്ക് ഇറങ്ങിയ ഞങ്ങൾ എന്തോ കാരണത്താൽ പൊന്നാനി കടപ്പുറം പോയി. ഉച്ചത്തിലുള്ള വർത്തമാനവും സെൽഫിയും, അങ്ങനെ എല്ലാം ബഹളമയം... അതിനിടക്ക് കടലിലേക്ക് കെട്ടിയിട്ടുള്ള ഒരു കരിങ്കൽ പാത ഞങ്ങളിലൊരാളുടെ കണ്ണിൽ പെട്ടു. അതിൽ ശക്തിയായ് തിരമാല വന്നടിച്ച് വായുവിൽ ഉയരുന്നുണ്ടായിരുന്നു. ഫോട്ടോക്കുള്ള ബാക്ക് ഗ്രൗണ്ട് ആയി അത് ഞങ്ങളിലാർക്കോ തോന്നി. ഏകദേശം ആ കലുങ്കിന്റെ പകുതിക്ക് നിന്ന് ഞങ്ങൾ ഫോട്ടോ എടുക്കവെ, ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മൂന്നുചെറിയ കുഞ്ഞുങ്ങളുമായ് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വന്നു.

ഞങ്ങളേം കടന്ന് കലുങ്കിന്റെ അപ്പുറത്തേക്ക് പോകാനൊരുങ്ങുന്ന അയാളോട് ഒരു മുന്നറിയിപ്പായ് ഞാൻ പറഞ്ഞു: ''ചേട്ടാ തിരയ്ക്ക് ശക്തി കൂടുതലാ. വല്ലാതെ അങ്ങോട്ട് പോവണ്ട''. ഓ.... എന്നും പറഞ്ഞ്...അങ്ങേര് ഞങ്ങളേം കടന്നു മുന്നോട്ടുപോയി. ജിത്തുവും അങ്ങേർക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ, ഫലമുണ്ടായില്ല.

അതിൽ മുതിർന്ന കുട്ടി (ഏകദേശം 10 വയസ് കാണും) കരഞ്ഞുകൊണ്ട് 'ബാപ്പാ തിരിച്ചു പോകാം എന്നു പറഞ്ഞു കൊണ്ടിരുന്നു...ഞാനാ കരയുന്ന കുട്ടിയോട് ബാപ്പാന്റെ കൈ മുറുകെ പിടിച്ചോ...എന്ന് പറഞ്ഞു. അവന്റെ ഉമ്മ പുറകിൽ നിന്ന് പോവണ്ടാ എന്ന് ആർത്തുവിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ, അതൊന്നും കൂസാതെ പിതാവ് മുന്നോട്ടു തന്നെ!

അതും പോരാഞ്ഞിട്ട് ബാപ്പാന്റെ വക ഒരു ഡയലോഗും ! 'ധൈര്യമുള്ളവർ മാത്രം വന്നാ മതി'. കുട്ടികളോട് മഹത്തായ ഒരു ഉപദേശവും- ' തിര വരുമ്പോൾ കല്ലിൽ മുറുകേ പിടിച്ചാൽ മതി.'

അവരായി അവരുടെ പാടായി.... ഞങ്ങൾ ഞങ്ങളുടെ ഫോട്ടോ ഷൂട്ട് തുടർന്നു. ഒരു പത്ത് മിനുറ്റ് കഴിഞ്ഞു കാണും. പൊതുവേ ശക്തമാണ് കടൽ. ആർത്തിരമ്പുന്നു. അതിനിടക്ക് കടൽ ശക്തമായ് ഒന്ന് ഗർജ്ജിച്ചു; ഒരു ഭീമൻ തിര വന്ന് കലുങ്കിനെ മുക്കി. ഒരു നിമിഷനേരത്തേക്ക് കലുങ്ക് കടൽ വിഴുങ്ങി.

ഞങ്ങളെല്ലാം കല്ലിൽ വഴുക്കി വീണു. അതിനിടക്കും ഞാൻ ആ കുട്ടികളെ നോക്കി. അവിടം വായുവിലേക്ക് ഉയർന്ന ജലമല്ലാതെ വേറൊന്നും കാണാൻ സാധിച്ചില്ല. എഴുന്നേൽക്കാൻ കഴിഞ്ഞതും ഞങ്ങൾ അങ്ങോട്ടേക്ക് ഓടി... വീണു കിടക്കുന്ന അയാൾ കയ്യിൽ രണ്ടുകുട്ടികളെ മുറുകെ പിടിച്ച്... പരിഭ്രമത്തോടെ 'കുട്ടി എവിടെ എന്ന് പറഞ്ഞു കൊണ്ടിരിക്കായിരുന്നു'. ഞാൻ ഒരു നിമിഷം അങ്ങേരെ നോക്കി നിന്നു:
'കുട്ടി മരിച്ചു .... കുട്ടി കടലിൽ പോയി.. ഈശ്വരാ...എന്റെ കണ്ണിൽ തന്നെ ഇതു നീ കാണിച്ചല്ലോ എന്ന് മാത്രമായിരുന്നു എന്റെ മനസിൽ....അതിനിടക്ക് ഷിനു വിളിച്ചു പറഞ്ഞു: 'എടാ, കുട്ടി അതാ വെള്ളത്തിൽ.' ഞങ്ങൾ നോക്കുമ്പോൾ അവൻ വെള്ളത്തിൽ താഴ്ന്നു പോകാതിരിക്കാൻ വേണ്ടിയുള്ള അവസാന വെപ്രാളത്തിലായിരുന്നു.

അവനു നേരെയായ് ജിത്തു നിൽക്കുന്നത് ഞാൻ കണ്ടു. 'ചാടെടാ ജിത്തൂ' ഞാൻ ഉറക്കെ പറഞ്ഞു. അതു കേട്ടതും അവൻ ചാടി നീന്തി കുട്ടിയെ പിടിച്ചു. പക്ഷെ, തിരിച്ചു നീന്താൻ അവന് സാധിക്കുന്നില്ല. കുട്ടിയെ ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ച് ജിത്തു വെള്ളത്തിൽ താഴ്ന്നു. ഇത് മനസിലാക്കിയ ഞാനും കടലിലേക്ക് ചാടി. കുട്ടിയെ പിടിച്ച് തിരികെ നീന്തി. പക്ഷേ, കുട്ടിയെ പൊക്കിപ്പിടിച്ച് എനിക്ക് വെള്ളത്തിന് അടിയിലൂടെ നീന്താനേ സാധിച്ചുള്ളൂ. ഇതിനിടക്ക് അജിയും ചാടി കുഞ്ഞിനെ വാങ്ങി കരക്ക് കയറ്റി.

ആളുകൾ കൂടി. ആ ബാപ്പാക്ക് ആൾക്കാരുടെ വായിൽനിന്ന് വഴക്ക് കേൾക്കേണ്ടി വന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ ഞങ്ങൾ നടന്നു. നനഞ്ഞ കുപ്പായം ഊരി പിഴിഞ്ഞ് കടൽക്കരയിൽ ഞങ്ങളിരുന്നു.

ജിത്തുവും അജിയും അവന്റെ വെള്ളം കയറി നാശമായ ഫോൺ നോക്കി ഇരുന്നു. (എന്റെ ഫോൺ കൂട്ടുകാരന്റെ കയ്യിൽ ആയിരുന്നു).
വൈകിയില്ല, 'മോനേ...' വിളി കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ആ ഉമ്മയായിരുന്നു. കൂടെ കുടുംബവും.
ആ ഉമ്മ നിറഞ്ഞ കണ്ണുകളോടെയും വിടർന്ന പുഞ്ചിരിയോടെയും ഒരുപാടൊരുപാട് നന്ദി പറഞ്ഞു.
ആ കുട്ടിയുടെ കവിളിൽ തട്ടി ഞാൻ ചോദിച്ചു 'പേടിച്ചോടാ ... നീ'
'അതെ'' എന്നർത്ഥത്തിൽ അവൻ തലയാട്ടി. കുറെനേരം സംസാരിച്ച ശേഷം ഒടുവിൽ ആ കുടുംബം അകലേക്ക് നടന്നു പോയി.
നടന്നകലുന്ന ആ കുഞ്ഞിനെ നോക്കി ജിത്തു പറഞ്ഞു:
'ടാ നമ്മള് നോക്കി നിൽക്കവെ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാൽ പിന്നെ നമ്മൾ ഭൂമിക്ക് ഭാരമായ വെറും പാഴ് വസ്തുക്കളാവില്ലെടാ?....'
വർധിച്ച സ്‌നേഹത്തോടെ അവനെ മനസോടു ചേർത്തുപിടിച്ച് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു: ' നീ ഞങ്ങടെ മുത്താടാ.'