തിരുവല്ല: സിനിമകളിൽ പൊലീസ് വേഷത്തിൽ കാണുന്ന കൊച്ചിൻ ഹനീഫയെ പഠിക്കുകയാണ് തിരുവല്ലയിലെ പൊലീസുകാർ. നാട്ടുകാരെ ചിരിപ്പിച്ചു കൊല്ലാൻ തന്നെയാണ് ഇവരുടെ തീരുമാനം.

പുതിയ കഥയിങ്ങനെ: മുപ്പതോളം മോഷണക്കേസിൽ പ്രതിയായ തുകലശേരി പൂമംഗലത്ത് വീട്ടിൽ ശരത് (29) ആറു മാസം മുൻപ് നടത്തിയ മോഷണത്തിനു പിടിയിലായതിനെ തുടർന്ന് റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി മുങ്ങി. കേസ് സംബന്ധിച്ച് രണ്ടാഴ്ച മുൻപ് കോടതിയിൽ ഹാജരായ പ്രതിയെ നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ കാലതാമസം വരുത്തിയതിന്റെ പേരിൽ ജാമ്യം റദ്ദ് ചെയ്ത് റിമാൻഡ് വിധിച്ചു. വിധി പറയുന്നതിനിടെ പ്രതി കോടതി ജീവനക്കാരുടെയും പൊലീസിന്റെയും കണ്ണു വെട്ടിച്ച് മറുവാതിലിലൂടെ ഇറങ്ങിപ്പോയി.

പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിൽ കലി കയറിയ ജഡ്ജി, എസ്.ഐ. വിനോദ്കൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ടു. കോടതിയിലെത്തിയ പാടേ അഭിഭാഷകർക്കും പൊലീസുകാർക്കും ഇരിക്കാനുള്ള സ്ഥലത്ത് വന്നിരുന്ന എസ്.ഐയെ ജഡ്ജി ശാസിച്ചു. കോടതി പിരിയും വരെ മൂലയ്ക്ക് മാറി നിൽക്കാനും ആവശ്യപ്പെട്ടു.

രണ്ടു ദിവസം എസ്.ഐ ഇങ്ങനെ നിന്നു. രണ്ടാം ദിവസം വൈകുന്നേരമായതോടെ മുങ്ങിയ പ്രതിയെ പൊലീസ് തന്നെ കണ്ടെത്തി, വീണ്ടും കോടതിയിൽ ഹാജരാക്കി. റിമാൻഡിലേക്കയച്ച പ്രതിയുമായി പൊലീസുകാർ കോടതിയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ വീണ്ടും ഇയാൾ മുങ്ങി.
ആകെപ്പാടെ അങ്കലാപ്പിലായ ജില്ലയിലെ പൊലീസ് സംവിധാനം വ്യാഴാഴ്ച രാത്രി മുതൽ പ്രതിയെ തപ്പി നടന്നു. അപ്പോൾ ശരത് മല്ലപ്പള്ളി ബിവറേജിൽ നിന്ന് മദ്യം വാങ്ങി തന്റെ രക്ഷപ്പെടൽ ആഘോഷിക്കുകയായിരുന്നു.

രണ്ടാമതും മദ്യം വാങ്ങാൻ എത്തിയപ്പോൾ ബീവറേജസിനു സമീപത്തുനിന്നും ഇന്നലെ ഉച്ചയോടെ എസ്.ഐ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിയെ ഇന്ന് കനത്ത പൊലീസ് ബന്തവസിൽ വീണ്ടും കോടതിയിൽ ഹാജരാക്കും.