പത്തനംതിട്ട: കലിയുഗവരദനാണ് അയ്യപ്പൻ. അഭീഷ്ടദായകൻ. അങ്ങനെയുള്ള ധർമശാസ്താവിന്റെ തിരുമുന്നിൽനിന്ന് സാധുവായ ഒരു യുവാവിനെ കാണാതായിട്ട് അഞ്ചുവർഷം പിന്നിടുന്നു.

മകനെ കണ്ടെത്താൻ സഹായിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷകൾക്കും പ്രാർത്ഥനകൾക്കും മുന്നിൽ അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. പിടിപാടും സ്വാധീനവുമുള്ളവരുടെ പിന്തുണയോടെ ഈ യുവാവിനെ കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് മാതാപിതാക്കാൾ വിശ്വസിക്കുന്നത്. പക്ഷേ, ഔദ്യോഗിക സ്ഥിരീകരണമില്ല. മകന്റെ കൊലയാളികളെ വേണ്ട, അവന്റെ ശരീരമെങ്കിലും കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കാൻ സമീപിക്കാത്ത അധികാരദൈവങ്ങളില്ല. കോടതികൾ ഇല്ല. കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ശബരിമല സന്നിധാനത്ത് മരാമത്ത് വിഭാഗം താൽക്കാലിക ജീവനക്കാരനായിരുന്ന നാരങ്ങാനം കണ്ണാട്ടുതറയിൽ രവീന്ദ്രന്റെ മകൻ അഭിലാഷി(27)നെയാണ് 2010 മെയ് 22 മുതൽ അവിടെനിന്ന് കാണാതായത്. ഏതെങ്കിലും വിധത്തിൽ അഭിലാഷിന്റെ തിരോധാനവുമായി ബന്ധമുള്ള നാട്ടിലൂടെ നെഞ്ചുവിരിച്ചു നടക്കുമ്പോൾ അവരെ തൊടാൻ മടിക്കുകയാണ് പൊലീസ്.

ഓരോ ഘട്ടത്തിലും ഓരോ അന്വേഷണ ഉദ്യോഗസ്ഥർ. അവർ ചുമതലയേൽക്കുന്നതിന് പിന്നാലെ പത്രങ്ങളിലും ബസ് സ്റ്റാൻഡിലുമൊക്കെ ഒരു ലുക്ക് ഔട്ട് നോട്ടീസ്. തീർന്നു, അന്വേഷണം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമടക്കം നിരവധിപ്പേർ അന്വേഷിച്ചു മടക്കിയ കേസാണിത്. ശബരിമലയിലെ ഉൾവനത്തിലെവിടെയോ, അല്ലെങ്കിൽ സന്നിധാനത്തെ ഏതെങ്കിലും സെപ്റ്റിക് ടാങ്കിനുള്ളിൽ അഭിലാഷിനെ കൊന്നു കുഴിച്ചു മൂടിയെന്ന് നാട്ടുകാരും ബന്ധുക്കളും കരുതുന്നു. 2010 മെയ് 22 ന് അഭിലാഷ് വീട്ടിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. പക്ഷേ, അയാൾ വീട്ടിലെത്തിയില്ല. രണ്ടുമൊബൈൽ ഫോണുകളുണ്ടായിരുന്നു. അതു രണ്ടും സ്വിച്ച്ഡ് ഓഫ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശബരിമല വിട്ട് അയാൾ മറ്റെങ്ങും പോയിട്ടില്ലെന്ന് വ്യക്തമായി.

പൊലീസ് അന്വേഷണം വഴിതിരിയുന്നത് കണ്ട് നാട്ടുകാരും അഭിലാഷിന്റെ ബന്ധുക്കളും സ്വന്തം നിലയിൽ അന്വേഷിച്ചിറങ്ങി. ഇവർ ഒളികാമറയും സൗണ്ട് റെക്കോഡറും ഉപയോഗിച്ച് ശബരിമലയിൽ സ്ഥിരം അന്തേവാസികൾക്കിടയിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അഭിലാഷിനെ കാണാതാകുന്നതിനു തലേന്നു രാത്രിയാണ് അതൊക്കെ നടന്നത്. ഭക്തർ പുണ്യസ്ഥലമെന്നു കരുതുന്ന ശബരിമല ക്ഷേത്രശ്രീകോവിലിൽപ്പോലും ഉദ്യോഗസ്ഥർ നടത്തുന്ന പേക്കൂത്തുകൾ. മദ്യപിച്ചും മാംസം പാകം ചെയ്ത് ഭക്ഷിച്ചും ജോലിക്കാർ ഇവിടെ ആഘോഷിക്കുന്നതിന്റെ കഥകൾ അഭിലാഷിന്റെ ചെറിയച്ഛൻ സോമനും അന്നത്തെ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റും പത്രസമ്മേളനം നടത്തി പുറത്തു വിട്ടു. ഇവർ സമാഹരിച്ച തെളിവുകൾ സ്വീകരിക്കാൻ പൊലീസ് തയാറായില്ല. അഭിലാഷിന്റെ നാട്ടുകാർ സംസാരിച്ച് മൊഴി റെക്കോഡ് ചെയ്തവർ പൊലീസ് ചോദ്യം ചെയ്തപ്പോൾ അതൊക്കെ നിഷേധിച്ചു. അവർ നേരത്തേ പറഞ്ഞ കാര്യങ്ങൾ റെക്കോഡ് ചെയ്തിരുന്നത് നൽകിയെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല.

അഭിലാഷ് കൊല്ലപ്പെടുന്നതിന്/കാണാതാകുന്നതിന് തലേന്ന് ശ്രീകോവിലിന് അടിയിലെ മുറിയിൽ മദ്യസൽക്കാരം നടന്നിരുന്നുവത്രേ. അന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവും അഭിലാഷും തമ്മിൽ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു അഭിലാഷിന്റെ തിരോധാനം. ഇതേപ്പറ്റി ഓഫ് സീസണിൽ സന്നിധാനത്ത് കട നടത്തുന്ന ചില വ്യാപാരികൾക്ക് അറിയാമായിരുന്നു. ഈ വിവരം പുറത്തു പറയുന്നതിൽ നിന്ന് ആരോ അവരെ വിലക്കി. സീസൺ അല്ലാത്തപ്പോൾ നടക്കുന്ന നിരവധി കൊള്ളരുതായ്മകൾ ഇവർ അഭിലാഷിന്റെ നാട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം അഭിലാഷ് പുറത്തു പറയുമെന്ന് ഭയന്നാണ് അയാളെ വകവരുത്തിയത് എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.

ദേവസ്വം മരാമത്തിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് അഭിലാഷിന്റെ ബന്ധുക്കൾക്ക് സംശയം. ഇയാളുടെ അടുത്ത അനുയായി ആയ ജീവനക്കാരനുമായി അഭിലാഷ് വാക്കേറ്റവും സംഘട്ടനവും നടത്തിയത്. ഈ ജീവനക്കാരൻ പിന്നീട് തിരുവനന്തപുരത്തുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. ലോക്കൽ പൊലീസും പത്തനംതിട്ട ഡിവൈ.എസ്‌പിയും അന്വേഷിച്ച കേസിന് തുമ്പുണ്ടാകാതെ വന്നപ്പോൾ അഭിലാഷിന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചു. അന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പിയായിരുന്ന പി.കെ. ജഗദീശ് അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കുറെ ലുക്ക്ഔട്ട് നോട്ടീസും പത്രപ്പരസ്യങ്ങളും നൽകി. എന്നിട്ടും രക്ഷയൊന്നുമില്ലെന്ന് പറഞ്ഞ് ഒരു ഒഴുക്കൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ് കൈകഴുകി.

തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു നൽകി. വീണ്ടും വന്നു ലുക്ക് ഔട്ട് നോട്ടീസും പത്രപ്പരസ്യവും. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്ക് മാറ്റമായി. പിന്നാലെ, വന്ന ഡിവൈ.എസ്‌പി അഭിലാഷിന്റെ മാതാപിതാക്കളുടെ മൊഴി എടുത്തു. വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല. അദ്ദേഹം ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഫോണിൽ വിളിച്ചിട്ടും രക്ഷയില്ല. ഇന്നേവരെ കോൾ അറ്റൻഡ് ചെയ്തിട്ടില്ല. ഏതറ്റം വരെ പോകാനുമുള്ള മനക്കരുത്തുമായിട്ടാണ് അഭിലാഷിന്റെ പിതാവ് രവീന്ദ്രൻ നിൽക്കുന്നത്. വീണ്ടുമൊരു ഹേബിയസ് കോർപ്പസ് കൂടി നൽകാൻ ഒരുങ്ങുകയാണ് അദ്ദേഹം.

അന്വേഷണം നടത്തുന്നവരൊന്നും അഭിലാഷിന്റെ ബന്ധുക്കളുടെ കൈവശമുള്ള തെളിവുകൾ പരിശോധിക്കാൻ തയാറല്ല. ദേവസ്വം ബോർഡിലെ ഉന്നതന്റെ പിടിപാടാണ് ഇതിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. മകന്റെ ശവശരീരമെങ്കിലും കിട്ടിയിരുന്നെങ്കിൽ അവൻ മരിച്ചെന്ന് വിശ്വസിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. അതു കിട്ടാത്തിടത്തോളം കാലം നേരിയ പ്രതീക്ഷ ഈ മനസുകളിലുണ്ട്.