ലണ്ടൻ: ഹണ്ടിങ്ങ്ടണിലെ ഒൻപതു വയസുകാരൻ ജിയോർബിൻ ബിലോയ് പാൽകമ്പനിക്ക് കത്തെഴുതി പത്തുലക്ഷം ആളുകളുടെ കൈകളിലെത്തുന്ന നേട്ടംകേട്ട് അമ്പരന്നുപോയ മലയാളികളെ തേടി മറ്റൊരു യുവപ്രതിഭ കൂടി എത്തുന്നു. ജിയോർബിന്റെ വാർത്ത ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടു രണ്ടുമാസം തികയും മുന്നേയാണ് മുഴുവൻ യുകെ മലയാളികൾക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടവുമായി കാർഡിഫിൽ ന്യൂപോർട്ടിൽ നിന്നും ആയിഷ ടാനിയ എന്ന പത്തു വയസുകാരിയുടെ വിജയ കഥയാണ് ഇന്ന് വായനക്കാരെ തേടി എത്തുന്നത്.

യുകെ മലയാളികളുടെ മക്കളിൽ കഴിവും നേതൃത്വ ശേഷിയും പ്രതിഭയും നിറഞ്ഞവർ അനേകമുണ്ടെങ്കിലും അവരിൽ മിടുമിടുക്കരുടെ എണ്ണം തേടിയാൽ അധികം പേരുണ്ടാവാൻ ഇടയില്ല. ഇത്തരക്കാരെ തിരക്കിയാൽ തീർച്ചയായും ആയിഷയുടെ പേരും ആ പട്ടികയിൽ ഇടം പിടിക്കും. കാരണം യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ഇടം പിടിച്ച പത്തു പേരിൽ ഒരാളാണ് ആയിഷ.

ചെറുപ്രായത്തിൽ ഏതൊരു കുട്ടിയേയും പോലെ പേപ്പറും ക്രയോൺസും എടുത്തു ചിത്രം വര തുടങ്ങിയ ആയിഷയുടെ വിരലുകൾ സാവധാനം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. അസാധാരണ പ്രതിഭ തിരിച്ചറിഞ്ഞ് വീട്ടുകാരും സ്‌കൂളും പ്രോത്സാഹനം നൽകിയതോടെ ആയിഷയും സീരിയസായി. വരകളിൽ അനായാസം വർണം നിറഞ്ഞു.

കാഴ്ചക്കാരിൽ കൗതുകം ഉണർത്താൻ കൊച്ചു ആയിഷക്കു കഴിഞ്ഞതോടെ പൂർണ്ണമായും വരയുടെ ലോകത്തായി ശ്രദ്ധ. കുട്ടികളുടെ ബഹുമുഖ പ്രതിഭ കണ്ടെത്താൻ ബിഐസി യുകെ നടത്തിയ ചിത്ര രചന മത്സരത്തിൽ വെറും കൗതുകം കൊണ്ടാണ് ആയിഷ പങ്കെടുത്തതെന്നു പിതാവ് നിഷാം ഹനീഫ പറയുന്നു. ആയിഷ വരയുടെ ലോകത്തു വളരെ ഗൗരവക്കാരി ആണെന്ന് ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളിൽ ചിലർക്ക് മാത്രമേ അറിയൂ.

കുട്ടികളിൽ വരയും മറ്റും പ്രോത്സാഹിപ്പിക്കണത്തിന്റെ ഭാഗമായാണ് ബിഐസി യുകെ ഓരോ വർഷവും പെയിന്റിങ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. ഇതിൽ വിജയിക്കുന്നവരെ തിരഞ്ഞെടുത്തു രാജ്യത്തെ മികച്ച ആർട്ടിസ്റ്റുകളായി പ്രഖ്യാപിക്കുകയും ചെയ്യും. ഇങ്ങനെ വിജയികൾ ആയവരുടെ ചിത്രങ്ങളാണ് ബിഐസി രാജ്യമെങ്ങും പരസ്യത്തിനായി ഹോർഡിങ്ങുകളിൽ ഉപയോഗിക്കുക.

ഇത്തരത്തിൽ ആയിഷ വരച്ച ചിത്രം രാജ്യത്തിന്റെ പല പ്രദേശത്തും ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്ത്യൻ കടുവയുടെ ഗൗരവം നിറഞ്ഞ ചിത്രമാണ് സ്വാഭാവികത ഒട്ടും നഷ്ടമാകാതെ ആയിഷ പെയിന്റിങ് ആക്കിയത്. ഏറെ പ്രശസ്തമായ ബിഐസി പുരസ്‌ക്കാരം കരസ്ഥമാക്കാൻ നൂറു കണക്കിന് കുരുന്നു പ്രതിഭകളാണ് ആയിഷയോടൊപ്പം അവസാന പത്തിൽ ഇടം കണ്ടെത്താൻ രാജ്യമെങ്ങുമായി മത്സരത്തിൽ പങ്കെടുത്തത്.

ഒട്ടേറെ കുട്ടികൾ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ കഴിവ് നഷ്ടപ്പെടുത്തുന്നു എന്നത് ശ്രദ്ധയിൽ പെട്ടാണ് ബിഐസി സവിശേഷമായ ഈ മത്സരം സംഘടിപ്പിക്കുന്നതെന്നും വക്താവ് അറിയിച്ചു. മാത്രമല്ല വെറുമൊരു മത്സരം നടത്തി സമ്മാനവും നൽകി വീട്ടിലേക്കു പറഞ്ഞു വിടുന്നതിൽ അർഥം ഇല്ലെന്നും മത്സരം സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതുകൊണ്ടും കുട്ടികൾക്ക് കാര്യമായ പ്രോത്സാഹനം ആകുന്നില്ലെന്ന് മനസ്സിലാക്കിയാണ് ബിഐസി തങ്ങളുടെ പരസ്യ പലകകൾ യുവ പ്രതിഭകൾക്കായി മാറ്റി വയ്ക്കുന്നത്. നൂതനമായ ഈ പ്രചാരണ പരിപാടിയാണ് മത്സരത്തിന് കൂടുതൽ ജനകീയ ഭാവം നൽകിയത്. ഈ വർഷം 120 കേന്ദ്രങ്ങളിൽ ആയിരിക്കും ആ പരസ്യ ഫലകങ്ങൾ ഇടം പിടിക്കുന്നത്. ആയിഷയുടെ ചിത്രങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് യുകെയിൽ പലയിടത്തും എത്തിയത്.

ചിത്രങ്ങളുടെ സ്വാഭാവികതയ്ക്കായി പൂർണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിക്കാതെയാണ് ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടത്. രാജ്യത്തെ പ്രമുഖ കാർട്ടൂണിസ്റ്റ് കൂടിയായ ഫിൽ കോർബാറ്റ് അധ്യക്ഷനായ ജഡ്ജിങ് പാനലിൽ ആയിഷയുടെ ചിത്രം പ്രത്യേക ശ്രദ്ധ നേടി. വരയുടെ അടിസ്ഥാന പാഠം ആയിഷയുടെ മനസ്സിൽ ഉണ്ടെന്നു കണ്ടെത്തിയ ജഡ്ജിങ് സമിതി ചിത്രത്തിന്റെ സൂക്ഷ്മ വശങ്ങൾ നഷ്ടമാകാതെയാണ് ഈ മിടുക്കി കടുവയെ മിനുസപ്പെടുത്തി എടുത്തത് എന്നും നിരീക്ഷിച്ചു. വെറും പെൻസിൽ ഉപയോഗിച്ച് കടുവയുടെ ഓരോ രോമ കൂപത്തിലും ഫിനിഷിങ് ടച്ച് നൽകാൻ ആയിഷ കാട്ടിയ സൂക്ഷമത കാണാതിരുന്നാൽ ആ കുരുന്നു പ്രതിഭയോടുള്ള ക്രൂരതയായി മാറും എന്നാണ് അദ്ദേഹം ജഡ്ജിങ് നോട്ടിൽ കുറിപ്പ് എഴുതിയത്. ഈ പ്രായത്തിൽ ഏറെ അസാധാരണമായ കാഴ്ചയാണ് ഇതെന്നും ഫിൽ വിലയിരുത്തി.

ആയിഷയെ വരയുടെ ലോകത്തു പിടിച്ചു നിർത്താൻ തങ്ങളുടെ പരസ്യ ബോർഡുകൾ പ്രചോദനം പകരട്ടെ എന്നാണ് ബിഐസി യുകെ, അയർലന്റ് ജനറൽ മാനേജർ ഹെന്റി നിക്കോളോ അഭിപ്രായപ്പെട്ടത്. ആയിഷയ്ക്കു കൂടുതൽ സന്തോഷം പകരാൻ ഒരു പരസ്യ ഫലകം ന്യൂപോർട്ടിൽ സ്ഥാപിക്കാനും ബിഐസി തയ്യാറായി. മലപ്പുറം തിരൂർ സ്വദേശികളായ നിഷാം ഹനീഫയുടെയും സുമയ്യയുടെയും മൂത്ത മകളാണ് ആയിഷ.

രണ്ടു സഹോദരങ്ങൾ, റോസും ലിയോണും. പിതാവ് നിഷാം ക്രൈം സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും മാതാവ് സുമയ്യ സിറ്റിസൺ അഡൈ്വസ് ബ്യൂറോയിൽ ഓഫീസ് ജീവനക്കാരി ആയും സേവനം ചെയ്യുന്നു. ദേശീയ അവാർഡ് ലഭിച്ച വിവരം രാജ്ഞിയെ അറിയിക്കാൻ അവരുടെ മനോഹരമായ ഒരു ചിത്രം കൂടി വരച്ചാണ് ആയിഷ അയച്ചത്. കത്ത് ലഭിച്ച പാടെ നന്ദി അറിയിച്ചു ബക്കിങ്ഹാം കൊട്ടാരം ആയിഷക്കു നന്ദിയും അഭിനന്ദനവും അറിയിച്ചു രാജ്ഞിയുടെ ഒപ്പോടെ മറുപടി അയക്കുക ആയിരുന്നു. ഭാവിയിൽ ഒരു ചിത്രകാരി ആകുക എന്നതിനപ്പുറം കൊച്ചയിഷയ്ക്കു ഒരു മോഹവുമില്ലെന്നും ബാപ്പയും ഉമ്മയും ഏകമനസ്സോടെ പറയുന്നു.