- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടബാധ്യതയാൽ അച്ഛൻ ആത്മഹത്യ ചെയ്തപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് പേറി; കൂലിപ്പണിയെടുത്ത് കുടുംബത്തെ പോറ്റുമ്പോഴും നിശ്ചയദാർഢ്യത്തോടെ പഠിച്ചു; ആർമിയിൽ ചേരണമെന്ന മോഹം അവസാനിച്ചത് പൊലീസായപ്പോൾ; കിട്ടുന്നത് തുച്ഛമായ ശമ്പളമായിട്ടും നാടിന്റെ വേദനയാണ് വലുതെന്ന നിലപാട് സ്വീകരിച്ചു; സാലറി ചലഞ്ച് ഏറ്റെടുത്ത് സൈബർ ലോകത്ത് വൈറലായ അരുൺ പുലിയൂർ എന്ന പൊലീസുകാരന്റെ കഥ
തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായിട്ടുള്ള സാലറി ചലഞ്ചിൽ തന്റെ ഒരു മാസത്തെ ശമ്പളം നൽകിയ പൊലീസുകാരൻ അരുൺ പുലിയൂരിന്റെ കഥ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനന്ദനങ്ങളും വിമർശ്ശനങ്ങളും ഒരു പോലെ ആ ഉദ്യോഗസ്ഥന് ലഭിക്കുന്നുണ്ട്. സഹായം നൽകിയിട്ട് അത് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട് ലൈക്ക് നേടുക എന്ന ലക്ഷ്യമാണ് അരുണിന്റെത് എന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ തന്റെ സഹപ്രവർത്തകരായവർക്ക് പ്രചോദനമാകുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് അരുൺ ഇട്ടത്. സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ അരുണിനെ പറ്റി കൂടുതൽ അറിയാൻ മറുനാടൻ മലയാളി അദ്ദേഹത്തിന്റെ നാടായ നെടുമങ്ങാട് പുലിയൂരിലെത്തി. അവിടെ എത്തിയപ്പോൾ അറിഞ്ഞ കഥ ഇങ്ങനെ: 'നെടുമങ്ങാട് പനയ്ക്കോട് പുലിയൂർ സിനി ഭവനിൽ ശശിധരൻ നായരുടെയും പുഷ്പകുമാരിയുടെയും ഇളയ മകനാണ് അരുൺ. ഇലക്ട്രോണിക്സിൽ ഡിപ്ലോമ ചെയ്യുന്ന സമയത്താണ് വക്കീൽ ഗുമസ്തനായ അച്ഛൻ ശശിധരൻ നായർ കടബാധ്യത മൂലം മരിക്കുന്നത്. സഹോദരി സിനിയുടെ വിവാഹ ശേഷം ഉണ്ടായ കടബാധ്യത എ
തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായിട്ടുള്ള സാലറി ചലഞ്ചിൽ തന്റെ ഒരു മാസത്തെ ശമ്പളം നൽകിയ പൊലീസുകാരൻ അരുൺ പുലിയൂരിന്റെ കഥ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനന്ദനങ്ങളും വിമർശ്ശനങ്ങളും ഒരു പോലെ ആ ഉദ്യോഗസ്ഥന് ലഭിക്കുന്നുണ്ട്. സഹായം നൽകിയിട്ട് അത് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട് ലൈക്ക് നേടുക എന്ന ലക്ഷ്യമാണ് അരുണിന്റെത് എന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ തന്റെ സഹപ്രവർത്തകരായവർക്ക് പ്രചോദനമാകുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് അരുൺ ഇട്ടത്. സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ അരുണിനെ പറ്റി കൂടുതൽ അറിയാൻ മറുനാടൻ മലയാളി അദ്ദേഹത്തിന്റെ നാടായ നെടുമങ്ങാട് പുലിയൂരിലെത്തി. അവിടെ എത്തിയപ്പോൾ അറിഞ്ഞ കഥ ഇങ്ങനെ:
'നെടുമങ്ങാട് പനയ്ക്കോട് പുലിയൂർ സിനി ഭവനിൽ ശശിധരൻ നായരുടെയും പുഷ്പകുമാരിയുടെയും ഇളയ മകനാണ് അരുൺ. ഇലക്ട്രോണിക്സിൽ ഡിപ്ലോമ ചെയ്യുന്ന സമയത്താണ് വക്കീൽ ഗുമസ്തനായ അച്ഛൻ ശശിധരൻ നായർ കടബാധ്യത മൂലം മരിക്കുന്നത്. സഹോദരി സിനിയുടെ വിവാഹ ശേഷം ഉണ്ടായ കടബാധ്യത എങ്ങനെ തീർക്കുമെന്നറിയാതെ ചെയ്ത കടുംകൈയായിരുന്നു ആത്മഹത്യ. അച്ഛന്റെ ആത്മഹത്യ അരുണിനെ ഏറെ തളർത്തി. ഇലക്ട്രോണിക്സിൽ ബിടെക് എടുക്കണമെന്ന മോഹം അച്ഛന്റെ മരണത്തോടെ മണ്ണിട്ടു മൂടി. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പിന്നീട് അച്ഛൻ വരുത്തി വച്ച കടം തീർക്കണം എന്ന ചിന്ത മാത്രമായി മനസ്സിൽ. അതിനായി കൂലിവേലയ്ക്കായി ഇറങ്ങി. അരുൺ ചെയ്യാത്ത ജോലികളൊന്നുമില്ലായിരുന്നു. കെട്ടിടം പണിക്കായുള്ള തട്ടിന്റെ ജോലി, പെയിന്റിങ്, മൈക്കാട്, പ്ലംബിങ്ങ്,വയറിങ്, പിന്നെയൊരു കമ്പനിയിൽ താൽക്കാലിക ജോലി, ടൂവീലർ ഷോപ്പിൽ സെയിൽസ് മാൻ അങ്ങനെ പോകുന്നു ജോലികളുടെ നിര.
ഇതിനിടയിൽ പലവട്ടം ആർമി റിക്രൂട്ട്മെന്റുകളിൽ പങ്കെടുത്തു. തുടർ പഠനം ഇനി സാധ്യമല്ലെന്ന് മനസ്സിലാക്കിയതോടെ എങ്ങനെയെങ്കിലും ഒരു ഗവ.ജോലിയിൽ പ്രവേശിക്കുക എന്നതായിരുന്നു ലക്ഷ്യം. ആരോഗ്യ ക്ഷമതാ പരീക്ഷയും മറ്റും പാസായി എഴുത്ത് പരീക്ഷയ്ക്ക് എത്തിയപ്പോൾ കൈക്കൂലി ചോദിച്ചത് അറുപതിനായിരം രൂപയാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സമയത്ത് അത്രയും പണം എവിടെ നിന്ന് കണ്ടെത്താൻ. അങ്ങനെ ആർമി എന്ന സ്വപ്നത്തിന് തിരശ്ശീല വീണു. പിന്നെ ആഗ്രഹം സ്റ്റേറ്റ് ഫോഴ്സായിരുന്നു. കൂലിപ്പണി എടുക്കുന്നതിനിടയിൽ കിട്ടുന്ന സമയത്തും വീട്ടിൽ രാവോളം ഇരുന്ന് ഉറക്കമൊഴിച്ചും പി.എ.സ്.സി പഠനം തുടങ്ങി.
പ്രാരാബ്ധങ്ങളോട് പോരാടുന്നതിനിടയിൽ അമ്മാവന്റെ മകളുമായി പ്രണയത്തിലായി. സാമ്പത്തിക സ്ഥിതി മോശമായതിനാൽ അരുണിന് മകളെ കെട്ടിച്ചു കൊടുക്കില്ലെന്ന് അമ്മാവൻ പറഞ്ഞതോടെ പ്രണയിനിക്ക് 18 വയസ്സ് തികയുന്ന സമയം വീട്ടിലേക്ക് വിളിച്ചിറക്കി കൊണ്ടു പോന്നു. ഒരു പെൺകുട്ടി കൂടി ഒപ്പം കൂടിയപ്പോൾ പ്രാരാബ്ദം വീണ്ടും കൂടി. കഠിന പ്രയത്നത്തിനൊടുവിൽ 2012 ജൂണിൽ പൊലീസിൽ ജോലി ലഭിച്ചു. ഇതോടെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി. ഇതിനിടയിൽ ഒരു കുഞ്ഞും ജനിച്ചു. പഴയ കടബാധ്യതകൾ ഇപ്പോഴും ലഭിക്കുന്ന ശമ്പളത്തിൽ നിന്നും അടച്ചു കൊണ്ടിരിക്കുകയാണ് അരുൺ.'
കഷ്ടപ്പാടിനിടയിലും ലഭിക്കുന്ന ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെ പറ്റി ചോദിച്ചപ്പോൾ അമ്മ പുഷ്പകുമാരി പ്രതികരിച്ചതിങ്ങനെ. 'എനിക്ക് സന്തോഷം മാത്രമേയുള്ളൂ. കാരണം നമ്മളും സാമ്പത്തികമൊക്കെയുണ്ടായിട്ടും ഇപ്പോൾ ഇങ്ങനെ അധഃപതിച്ചു. നമ്മളെകാളും കഷ്ടപ്പെടുന്ന ഇഷ്ടം പോലെ ജനങ്ങൾ ഉണ്ട്. നമുക്കിപ്പോൾ വലുതല്ലെങ്കിലും കേറിക്കിടക്കാൻ ചെറിയൊരു വീടുണ്ട്. എന്നാൽ പ്രളയത്തിൽ അകപ്പെട്ടവർക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒന്നുമില്ലായ്മയിൽ നിന്നും കയറി വന്നവരാണ് ഞങ്ങൾ. ഇപ്പോൾ ഒരു ജോലി ഉള്ളതിനാൽ ജീവിച്ചു പോകാൻ കഴിയുന്നുണ്ട്. അവൻ എന്നോട് വന്ന് അങ്ങനെ ചോദിച്ചപ്പോൾ അഭിമാനം തോന്നി'.
'എനിക്ക് ഒരുപാട് സന്തോഷമായി. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെറിയ സഹായമാണെങ്കിലും ചെയ്യണം എന്ന് ചേട്ടനോട് പറഞ്ഞു' എന്നാണ് അരുണിന്റെ ഭാര്യ വിമ പറഞ്ഞത്. അരുണിന്റെയും വിമയുടെയും മകൻ ആദി ഉഴമലയ്ക്കൽ ശ്രീനാരായണ എൽപി സ്‌ക്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അച്ഛന്റെ പ്രവർത്തിയിൽ ഏറെ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ഈ കൊച്ചു മിടുക്കനാണ്. സ്‌ക്കൂളിലിപ്പോൾ സ്റ്റാറാണിവൻ.
ചെളികൊണ്ട് നിർമ്മിച്ച് ചുവരും ആസ്ബറ്റോസ് നിരത്തിയ മേൽക്കൂരയും ഉള്ളവീട്ടിലാണ് അരുൺ എന്ന പൊലീസുകാരനും കുടുംബവും താമസിക്കുന്നത്. സോഷ്യൽ മീഡിയ വഴി അരുണിനെ പറ്റി അറിഞ്ഞ നിരവധി പ്രവാസി അസോസിയേഷൻകാർ വീട് വച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു ഈ പൊലീസുദ്യോഗസ്ഥൻ. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു വീട് വയ്ക്കുമെന്നാണ് അരുൺ പറയുന്നത്.