കോട്ടയം: നല്ല ഉയരക്കാരെ കണ്ടാൽ, ഒന്നുനോക്കില്ലേ? ഉം, കൊള്ളാലോ....എന്താ പൊക്കം എന്ന് മനസിലെങ്കിലും ഒന്നുപറയും. ഒന്നുസംസാരിക്കണമെങ്കിൽ സ്റ്റൂൾ വേണമല്ലോ..എന്ന് ചിലപ്പോൾ പതിവ് തമാശയും പറഞ്ഞേക്കാം. പൊക്കക്കാർക്ക് ഇപ്പോൾ കൂട്ടായ്മ ഒക്കെയുണ്ട്. പൊക്കം കുറഞ്ഞവർക്ക് ലിറ്റിൽ പീപ്പിൾ അസോസിയേഷൻ ഉള്ളത് പോലെ ഉയരക്കാർക്ക് കേരള ടോൾമെൻ അസോസിയേഷനുണ്ട്. ഇടയ്ക്ക് ചേരുന്ന കൂട്ടായ്മകൾ, പങ്കുവയ്ക്കലുകൾ, എല്ലാം ജീവിതത്തെ കൂടുതൽ നിറം പിടിപ്പിക്കുന്നു, പ്രശ്‌നപരിഹാര വഴികൾ തെളിക്കുന്നു. ഇത്തരം കൂട്ടായ്മകളിലൊക്കെ കൗതുകം വിരിക്കുന്ന പാലായിലെ ഒരു കുടുംബം ഉണ്ട്.

പാലാ ഇടമറ്റം കാപ്പിലെ വീട്ടിലേക്ക് ചെന്നാൽ, പൊക്കക്കാരുടെ കുടുംബത്തെ കാണാം. ഇവർക്ക് പരസ്പരം സംസാരിക്കാൻ സ്റ്റൂളിൽ കയറി നിൽക്കുകയൊന്നും വേണ്ട. ആൺമക്കൾക്ക് ഇത്തിരി തലപ്പൊക്കം കൂടുതലെന്ന് മാത്രം. സഹോദരങ്ങൾക്കിടയിൽ നിൽക്കുമ്പോൾ പെൺതരിയായ ആർഷ്‌ലിക്ക് പൊക്കം കുറവാണെന്ന് കാഴ്ചക്കാർക്ക് തോന്നാം.

ചേട്ടനും അനിയനും ഒക്കെ എന്തൊരു പൊക്കമാടീ എന്ന് കൂട്ടുകാരികൾ കളി പറയുമ്പോൾ, ആർഷ്‌ലി ഒട്ടും കൂസാതെ പറയും, ' ഒന്നുപോടീ...ഞാനും അത്ര മോശമല്ല, അളന്നുനോക്കിയാൽ, അഞ്ചടി എട്ടിഞ്ച് പൊക്കം. ഇക്കാര്യത്തിൽ അമ്മ സാലിയാണ് ആർഷ്‌ലിയുടെ കൂട്ടുകാരി. അമ്മയ്ക്ക് അഞ്ചടി ഏഴിഞ്ചാണ്. അച്ഛൻ സന്തോഷ്.ജെ.കാപ്പൻ ആറടി മൂന്നിഞ്ച്കാരനാണ്. കൃഷിപ്പണി ഉപജീവനമാർഗ്ഗമായ സന്തോഷിനും ആൺമക്കളോട് മത്സരിക്കാനാവില്ല. മൂത്തവൻ, ആർഷിക് എസ് കാപ്പൻ(25) ആറടി ഒമ്പതിഞ്ചാണെങ്കിൽ, ഇളയവൻ ആദർശ് എസ് കാപ്പൻ(17) ചേട്ടനെയും വെല്ലും.

പൊക്കക്കാരായതുകൊണ്ട് തന്നെ ചെറുപ്പത്തിലെ ഇരുവരെയും ബാസ്‌കറ്റ് ബോൾ കോച്ചുമാർ നോട്ടമിട്ടു. മികച്ച താരങ്ങളാണെന്ന് മാത്രമല്ല, ജില്ല, സംസ്ഥാന തലങ്ങളിൽ, സമ്മാനങ്ങളും വാരിക്കൂട്ടി. പൊക്കക്കാരായതുകൊണ്ട് മാറി നടക്കുന്ന രീതിയൊന്നും തങ്ങൾക്കില്ലെന്ന് ആർഷ്‌ലി പറയും. എല്ലാവരോടും കൂടി കഴിയുന്ന സ്വഭാവമാണ് ചേട്ടനും അനിയനും തനിക്കും. പെൺകുട്ടികളുടെ കൂട്ടത്തിൽ, പൊക്കക്കാരിയെന്ന ജാടയൊന്നും ആർഷ്‌ലിക്കും പരിസരത്ത് കൂടി പോയിട്ടില്ല.

അപ്പനും അമ്മയും മക്കളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം നൽകുന്നു. പഠിപ്പിലും മുമ്പരാണ് മൂവരും. ആർഷ്‌ലി എംബിഎക്ക് പഠിക്കുന്നു. ചേട്ടൻ ആർഷിക് സി എ ഫൈനൽ ഇയറിന്. ഇളയ കുട്ടി ആദർശ് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും.

കുടുംബമായി എവിടെയെങ്കിലും പോയാൽ മാത്രമല്ല, ടോൾമെൻ കൂട്ടായ്മയിൽ പോയാലും ഈ കുടുംബം കൗതുകക്കാഴ്ചയാണ്. കാരണം, ഉയരക്കാർ, മൂവായിരത്തോളം വരുമെങ്കിലും, ഇത്രയും ഉയരമുള്ള ബ്രോസ് ഇവർ മാത്രം. പൊക്കം കുറഞ്ഞവർക്ക് പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ ചില ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഉദാഹരണത്തിന് ഹോട്ടലിൽ പോയാൽ കൈകഴുകാൻ പറ്റാത്ത അവസ്ഥ. പൊക്കം കുറഞ്ഞവരെ വിഷമിപ്പിക്കുന്ന ഒരുകാര്യം. അങ്ങനെയുള്ള പ്രശ്‌നങ്ങൾ പൊക്കക്കാർക്കില്ലെങ്കിലും പാകത്തിനുള്ള റെഡിമെയഡ് ഉടുപ്പുകൾ കിട്ടുക വലിയ തലവേദന തന്നെ. കമ്പനി തന്നെ കനിയണം. ബസിലും കാറിലുമൊക്കെ ആൺതരികൾക്ക് യാത്ര അൽപം വിഷമം ആയേക്കാം. എന്തായാലും പൊക്കക്കാരുടെ ഈ കുടുംബത്തിന് വലിയ പരാതിയൊന്നുമില്ല. ജീവിതം ഉഷാർ, ഹാപ്പി.