കോഴിക്കോട്: ഇന്ത്യയിൽ കൃത്യമായൊരു ഭരണഘടനയും അതിൽ ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉള്ളതുകൊണ്ടുമാത്രം ജീവന് അപകടമേൽക്കാതെ കഴിഞ്ഞുപോരുന്ന ഒരു വിഭാഗമാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത്. പാക്കിസ്ഥാനടക്കമുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ പോലും കൊല്ലപ്പെടേണ്ടവർ എന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ട അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന് കേരളത്തിൽ അത്ര വലിയ പ്രതിസന്ധികളൊന്നുമുണ്ടായിട്ടില്ല. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും നിരവധി ആരോപണങ്ങളും  കുപ്രചരണങ്ങളുമാണ് ഖാദിയാനികൾ എന്നറിയപ്പെടുന്ന അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിനെതിരെ ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിം സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ ഇവിടുത്തെ എല്ലാ വിഭാഗം സുന്നികളും, മുഴുവൻ മുജാഹിദ് ഗ്രൂപ്പുകളും, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പുരോഗമനത്തിന്റെ കപടമുഖമണിഞ്ഞ വർഗ്ഗീയവാദികളും ഒറ്റക്കെട്ടാണെന്നാണ് അത്ഭുതം. ലോകത്താകമാനവും കേരളത്തിലും അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് വിശ്വാസികൾ അനുഭവിച്ചു വരുന്ന മുനഷ്യാവകാശ ലംഘനങ്ങൾ കുപ്രചരണങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് പ്രസ്ഥാനത്തിന്റെ കോഴിക്കോട് ആസ്ഥാനത്ത് വെച്ച് കോഴിക്കോട് ജില്ലാ മിഷനറിയുടെ പ്രവർത്തകരും നേതാക്കളും. സംഘടിതമായ ഇസ്ലാമിനെ പേടിച്ച് കേരളത്തിലെ ഒരു മുഖ്യധാര മാധ്യമവും
അഹമ്മദീയ മുസ്ലീങ്ങളുടെ യാതൊരു വാർത്തയും കൊടുക്കാറില്ല.ആദ്യമായിട്ടാണ് ഒരു മാധ്യമപ്രവർത്തകൻ തങ്ങളുടെ ആസ്ഥാനത്തെത്തി കാര്യങ്ങൾ തിരക്കുന്നതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അഹമ്മദീയ മുസ്ലിം ജമാഅത്തിന്റെ പ്രവർത്തകർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു.

അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ചരിത്രം

പ്രവാചക കാലഘട്ടത്തിന്റെ 13 തലമുറകൾക്ക് ശേഷം മിർസാ ഗുലാം മുർതദ എന്നൊരാളുടെ മകനായി മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നതോടുകൂടിയാണ് അഹമ്മദിയാ മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിശ്വാസങ്ങൾക്കും തുടക്കം. ഇതാണ് മഹദി ഇമാം എന്നാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വിശ്വാസം.എന്നാൽ മറ്റു മുസ്ലിം സംഘടനകളെ സംബന്ധിച്ച് മഹദി ഇമാം ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ എന്ന ഗ്രാമത്തിലാണ് മിർസാ ഗുലാം അഹമ്മദ് ജനിക്കുന്നത്. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ ഹദീസുകളിലെല്ലാം ഖദാ എന്ന സ്ഥലത്ത് മഹദി ഇമാം വരും എന്നൊരു പ്രവചനവുമുണ്ട്. പഞ്ചാബിലെ ഈ ഖാദിയാൻ എന്ന സ്ഥലത്തിന് ഹദീസിൽ പറഞ്ഞത് ഖദാ എന്ന സ്ഥലത്തോടുള്ള സാമ്യതകളും മിർസാ ഗുലാം അഹമ്മദിനെ മഹദി ഇമാമായി വിശ്വസിക്കാൻ അഹമ്മദിയാക്കളെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. അതിനപ്പുറം അദ്ദേഹത്തിന്റെ ചരിത്രങ്ങളിൽ പറയുന്നുണ്ട്.

ജനിച്ചതുമുതൽ സദാസമയവും പള്ളിയും പ്രാർത്ഥനകളും മാത്രമായി ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ഇസ്ലാമിന് വേണ്ടി നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ബറാഹീന അഹ്മദിയ്യാ എന്ന  ഗ്രന്ഥം.  പ്രവാചക കാലഘട്ടത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും ഇസ്ലാമിന് വേണ്ടി പേനകൊണ്ട് പോരാടുന്ന ആളെന്ന് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതിന് ശേഷം ദൈവം നേരിട്ട് അദ്ദേഹത്തെ ഈ കാലഘട്ടത്തിൽ അവതരിക്കുന്ന മഹദി ഇമാം താങ്കളാണെന്ന് അറിയിക്കുകയും അത് മിർസാ ഗുലാം അഹമ്മദ് ജനങ്ങളോട് പറയുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെ അഹമ്മദിയാക്കൾ അദ്ദേഹത്തെ മഹദി ഇമാം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണമായ ആളെ ആത്മീയ നേതൃത്വമായി അംഗീകരിച്ചുകൊണ്ട് 1889 മുതൽ അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് ലോകത്തുണ്ട്.

അഹമ്മദിയാ മുസ്ലിം ജമാഅത്ത് നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ

ഇത്രയും പറഞ്ഞത് അഹമ്മദിയാ മുസ്ലിം ജമാഅത്തിന്റെ ചരിത്രപരവും വിശ്വാസപരവുമായ കാര്യങ്ങളാണ്. അതിനപ്പുറം നാം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത് വർഷങ്ങളായി ഇവർ അനുഭവിച്ചുവരുന്ന മുനഷ്യാവകാശ ലംഘനങ്ങളും ഇവർക്ക് നേരെ ഉയരുന്ന കുപ്രചരണങ്ങളുമാണ്. പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിൽ അഹമ്മദിയാക്കളെ ശാരീരികമായി നേരിടുമ്പോൾ കേരളത്തിൽ അതിനേക്കാളേറെ തളർത്തിക്കളയാൻ പറ്റുന്ന തരത്തിലുള്ള കുപ്രചരണങ്ങൾ കൊണ്ടാണ് അഹമ്മദിയാ മുസ്ലിം ജമാഅത്ത് പ്രവർത്തകരെ ഭൂരിപക്ഷ മുസ്ലിം സംഘനടകൾ നേിടുന്നത്. കല്ലുവെച്ച നുണകൾ പറഞ്ഞാണ് ഇവിടുത്തെ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ അഹമ്മദിയക്കളോടുള്ള വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ ഭരണഘടനയിൽ അഹമ്മദിയാക്കൾ കൊല്ലപ്പെടേണ്ടവരാണെന്ന് എഴുതിച്ചേർക്കപ്പെട്ടപ്പോൾ, കേരളത്തിൽ അഹമ്മദിയാക്കൾ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന് ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിം സമുദായം ഫത്വ ഇറക്കി. അവരെ കണ്ടാൽ സലാം പറയാൻ പാടില്ല, അവരിങ്ങോട്ട് പറഞ്ഞാൽ മടക്കരുത്, അവർ നിസ്‌കരിക്കാറില്ല, പ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കാറില്ല, ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന കലിമ ചൊല്ലാറില്ല, അവർ ഹജ്ജിന് പോകുന്നത് മക്കയിലേക്കല്ല ഖാദിയാനിലേക്കാണ് തുടങ്ങി അനേകായിരും കള്ളപ്രചരണങ്ങളാണ് അഹമ്മദിയാക്കളെ കുറിച്ച് ഇവടുത്തെ വിഘടിച്ച് നിൽക്കുന്ന ഭൂരിപക്ഷ മുസ്ലിംസമുദായം ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുന്നത്.

മറ്റേതൊരു ഇസ്ലാമിക വിഭാഗത്തെ പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ കൃത്യതയോടെ ഖുർആനിലെ കൽപനകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തന്നെയാണ് അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും. അതുകൊണ്ടു തന്നെ അഹമ്മദിയാ മുസ്ലിം ജമാഅത്ത് മറ്റൊരു മതമല്ല. മറിച്ച് ഇസ്ലാം തന്നെയാണ്. കോഴിക്കോട് മുതലക്കുളം മൈതാനിക്ക് സമീപത്തെ അഹമ്മദിയാ മുസ്ലിം ജമാഅത്തിന്റെ ഓഫീസിലോ പള്ളിയിലോ ചെന്നാൽ ഇത്രയും കാലം കേരളത്തിലെ സകലമാന ഇസ്ലാമിക സംഘടനകളും നടത്തിയിരുന്നത് കള്ളപ്രചരണങ്ങളായിരുന്നു എന്നത് മനസ്സിലാകും. അഹമ്മദിയാക്കൾ അന്ത്യപ്രവാചകൻ മുഹമ്മദിനെ അംഗീകരിക്കുന്നു. അഹമ്മദിയാ മുസ്ലിം ജമാഅത്തിലെ അഹമ്മദ് എന്ന പദം മിർസാ ഗുലാം അഹമ്മദിന്റെ അഹമ്മദല്ല. മറിച്ച് പ്രവാചകൻ മുഹമ്മദിന്റെ തന്നെ അനവധി പേരുകളിലൊന്നായ അഹമ്മദാണ്. എല്ലാ മുസ്ലിംകളും ഉച്ചരിക്കുന്ന കലമത്തു തൗഹീദായ ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ള (അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ) എന്നത് തന്നെയാണ് അഹമ്മദിയാക്കളും ഉച്ചരിക്കുന്നത്. വാക്കുകളിൽ പോലും വ്യത്യാസമില്ലാതെ ഈ വാചകം അഹമ്മദിയാക്കളുടെ എല്ലാ പള്ളികളിലും എഴുതിച്ചേർത്തിട്ടുണ്ട്. അഹമ്മദിയാക്കൾ ഹജ്ജിന് പോകുന്നതും എല്ലാവരും പോകുന്ന മക്കയിലേക്കും മദീനയിലേക്കും തന്നെയാണ്. അല്ലാതെ പഞ്ചാബിലെ ഖാദിയിനിലേക്കല്ല. ഈ സീസണിലും അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നിരവധി പ്രവർത്തകർ സർക്കാർ മുഖേനയും സ്വകാര്യ ഏജൻസികൾ വഴിയും ഹജ്ജിന് പോയി വന്നിട്ടുണ്ട്.

ഇതൊക്കെയാണ് സത്യമെന്നിരിക്കെ ഇവർക്കെതിരെ ഇവിടുത്തെ ഭൂരിപക്ഷ മുസ്ലിംസമുദായം നടത്തുന്ന കുപ്രചരണങ്ങൾ ആളുകൾക്കിടയിൽ അഹമ്മദിയാക്കളോട് വെറുപ്പ് സൃഷ്ടിക്കാനും സമൂഹത്തിൽ ഒറ്റപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. കുപ്രചരണം നടത്തുന്നവർ വിശ്വസിക്കുന്ന അതേ ദൈവത്തിലും അതേ ഗ്രന്ഥത്തിലും വിശ്വസിക്കുന്നവരാണ് അഹമ്മദിയാക്കൾ. ആകെയുള്ള വ്യത്യാസം അഹമ്മദിയാക്കളെ സംബന്ധിച്ച് മഹദി ഇമാം ഈ ലോകത്ത് അവതരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു എന്നതാണ്. ഖുർആനിൽ തന്നെ പറയുന്നത് ഇസ്ലാം 72 വിഭാഗങ്ങളായി വിഭജിക്കുമെന്നാണ്. ഇതേ അടിസ്ഥാനത്തിൽ വിഭജിച്ച ഒരു വിഭാഗമായി എന്തുകൊണ്ടാണ് അഹമ്മദിയാക്കളെ കാണാൻ കഴിയാത്തതെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. അഹമ്മദിയാക്കളുമായി വിവാഹം പാടില്ല, അവരെ ജോലിക്കെടുക്കാൻ പാടില്ല, മിണ്ടാൻ പാടില്ല തുടങ്ങി നിരവധി വിലക്കുകളാണ് കേരളീയ മുസ്ലിം സമൂഹം അഹമ്മദിയാക്കൾക്ക് വിധിച്ചുനൽകിയിട്ടുള്ളത്.

പാക്കിസ്ഥാനിലെ അവസ്ഥ

കേരളത്തിൽ കള്ളപ്രചരണങ്ങൾ കൊണ്ട് ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെങ്കിൽ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ പാക്കിസ്ഥാനിൽ ഒരു ഇസ്ലാമി സംഘടനക്കും അതിന്റെ പ്രവർത്തകർക്കും നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപിത മതമായ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യത്ത് നിന്നും അവിടുത്തെ ഗവൺമെന്റിൽ നിന്നും അഹമ്മദിയാക്കൾ നേരിടുന്നത് നിയമപരമായ വിലക്കുകളാണ്. പാക്കിസ്ഥാനിൽ 1974ൽ സുൽഫിക്കറലി ഭൂട്ടോയുടെ കാലത്ത് എല്ലാതരം ഇസ്ലാമിക വിധിവിലക്കുകളും നിയമങ്ങളും അനുവർത്തിച്ച് പോരുന്നവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ടാണ് നേരിട്ടത്. പാക്കിസ്ഥാൻ പാർലമെന്റിൽ ഈ നിയമം പാസാക്കുമ്പോൾ അതിനകത്തുണ്ടായിരുന്ന അതേ ഖുർആനിലെ കൽപനകൾ തന്നെയാണ് അഹമ്മദിയാക്കളും അനുസരിച്ച് പോന്നിരുന്നത്. അതിനപ്പുറം അഹമ്മദിയാക്കൾക്ക് നിസ്‌കരിക്കാൻ പള്ളികൾ ഉപയോഗിക്കരുതെന്നും പാക്കിസ്ഥാൻ പാർലമെന്റ് നിയമം പാസാക്കി. അവർ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് മസ്ജീദ് എന്ന് പറയാനോ, ഖുർആൻ പാരായണം നടത്താനോ, പരസ്പരം സലാം പറയാനോ പാടില്ലെന്നും സർക്കാർ വിലക്കി.

ഏതെങ്കിലുമൊരു അഹമ്മദിയ മുസ്ലിം ജമാഅത്തുകാരൻ അല്ലാഹുവിനെ ആരാധിച്ചാൽ അവൻ ശിക്ഷിക്കപ്പെടാൻ അർഹനാണെന്ന് കൂടി പാക്കിസ്ഥാൻ അവരുടെ നിയമസംഹിതയിൽ എഴുതിച്ചേർത്തു. പിന്നീട് 1984ൽ സിയാഉൽ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിന് കീഴിൽ ഈ നിയമങ്ങളെല്ലാം കർശനമായി നടപ്പാക്കി അഹമ്മദികളെ ശിക്ഷിക്കാൻ തുടങ്ങി. തെരുവുകളിൽ സർക്കാറിന്റെ ഒത്താശയോടെ തീവ്രവാദികൾ അഹമ്മദികൾ വധിക്കപ്പെടേണ്ടവരാണെന്ന് ബാനറുകളുമേന്തി പ്രചരണം നടത്തി. 2010ൽ ഒറ്റദിവസം അഹമ്മദിയാക്കളുടെ രണ്ട് പള്ളികൾ സർക്കാർ ഒത്താശയോടുകൂടി തകർത്ത് നൂറിലധികം ആളുകളെ തീവ്രവാദികൾ കൊന്നൊടുക്കി. ഏറ്റവുമൊടുവിൽ ഇമ്രാൻഖാൻ അധികാരത്തിലെത്തിയപ്പോഴും ഇതൊക്കെ തന്നെയാണ് പാക്കിസ്ഥാനിലെ അഹമ്മദികളുടെ അവസ്ഥ. ഇമ്രാൻഖാന്റെ സാമ്പത്തിക ഉപദേഷ്ടാവായി അഹമ്മദിയാ വിഭാഗത്തിൽ പെട്ട ഒരാളെ നിയമിച്ചതിന്റെ പേരിൽ നിരവധി ലഹളകളാണ് അവിടെ നടന്നത്. അവസാനം അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയാണുണ്ടായത്.

ഇത്തരത്തിൽ ഇസ്ലാമിന്റെ പേരിൽ രൂപീകൃതമായ രാജ്യങ്ങളിൽ നിന്ന് പോലും ഖുർആൻ അടിസ്ഥാന പ്രമാണമായി വിശ്വസിച്ചുപോരുന്ന ഒരു ജനവിഭാഗത്തിന് ഏൽക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് സംസാരിക്കാനോ അവരുടെ മനുഷ്യാവകശാങ്ങളുടെ കൂടെ നിൽക്കാനോ ഒരു മുസ്ലിം പണ്ഡിതൻ പോലും വന്നിട്ടില്ല എന്നതാണ് ഖേദകരമായ കാര്യം. കേരളത്തിൽ ഏറ്റവും ഉയർന്ന ശബ്ദസൗകര്യങ്ങളിൽ മാത്രം പ്രഭാഷണങ്ങൾ നടത്തുന്ന തട്ടമിട്ട ഉസ്താദുമാർ ഇപ്പോഴും സത്യമറിയാതെ അഹമ്മദിയാക്കളെ കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്ന തിരക്കിലുമാണ്. ഇത്തരക്കാരുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള മറുപടി കോഴിക്കോട്ടെ അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആസ്ഥാനത്തുണ്ട്. കേൾക്കാൻ സഹിഷ്ണുതയുള്ളവരെ സ്വാഗതം ചെയ്ത് അവിടെ കോഴിക്കോട്ടെ അഹമ്മദിയ്യാ മുസ്ലിം ജമാത്തിന്റെ പ്രവർത്തകരുണ്ട്.