കൊച്ചി സ്വദേശിയായ തമിഴ് നടിയെ ഉപയോഗിച്ച് ആളുകളിൽ നിന്നും പണം തട്ടുകയും പിന്നീട് മർദ്ദിച്ചവശരാക്കുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ട നേതാവ് ആലുവ എരുമത്തല കടവിൽ അംജിത് (35) ആരേയും ഞെട്ടിക്കുന്ന അധോലോക കഥകളിലെ നായകനാണെന്ന വിവരമാണ് പുറത്തുവരുന്നത്. സിനിമയിലെ അഴകിയ രാവണനപ്പുറമുള്ള ഇമേജുകൾ ഇയാൾക്കുണ്ട്. പൊലീസിന് മുകളിൽ പറന്ന മിനി ദാവൂദ് ഇബ്രാഹിമായിരുന്നുേ്രത ഇയാൾ. ഒത്തുതീർപ്പിലിലൂടെ പ്രശ്‌നങ്ങൾ തീർക്കുന്ന വിരുതൻ. കൊച്ചിയും കടന്ന് ഗൾഫിലും യൂറോപ്പിലുമെല്ലാം സ്വാധീനം ചെലുത്തിയ ക്രിമിനൽ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അംജിതും ഈ കഥകൾ സ്ഥിരീകരിക്കുന്നു. എന്നാൽ എല്ലാം പഴയതുമാത്രമാണെന്നാണ് വാദം. ഇപ്പോൾ എല്ലാവരും ചേർന്ന് കുടുക്കിയതാണെന്നും പറയുന്നു.

സംവിധാന മോഹവുമായി ചെന്നൈയിൽ എത്തിയ കൊല്ലം സ്വദേശിയായ യുവാവിൽ നിന്നും നടിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം രൂപയാണ് അംജിത് തട്ടിയത്. ചെന്നൈയിൽ വച്ചാണ് യുവാവിൽ നിന്ന് നടിയും ഗുണ്ടാനേതാവും കൂടി ആദ്യം പണം തട്ടുന്നത്. ചതി മനസിലാക്കിയ യുവാവ് എറണാകുളത്തെ താമസസ്ഥലത്തേയ്ക്ക് മടങ്ങി. എന്നാൽ മറ്റൊരു യുവതി മുഖേന ഫേസ്‌ബുക്കിൽ ബന്ധം സ്ഥാപിച്ച് യുവാവിനെ ഒരു മാളിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതി. മാളിൽ നിന്നും യുവാവിനെ ഒരു ഫ്ളാറ്റിലേയ്ക്ക് കൊണ്ടുപോകാൻ യുവതി ശ്രമിച്ചെങ്കിലും യുവാവ് വിസമ്മതിച്ചു. ഇതോടെ യുവതി അംജിതിനെ വിവരം അറിയിക്കുകയും ഇയാളെത്തി യുവാവിനെ മർദ്ദിക്കുകയും ചെയ്തു. ശേഷം എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസിലെത്തി യുവതിയെക്കൊണ്ട് യുവാവിനെതിരെ പരാതി കൊടുപ്പിച്ചു. ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് യുവതികളെക്കൊണ്ട് ബൽക്ക്‌മെയിൽ ചെയ്യിക്കുന്ന അംജിതിന്റെ സ്ഥിരം പരിപാടിയാണെന്ന് മനസിലായത്. കേസിൽ നടിയും യുവതിയും പ്രതികളാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് അംജിതിന്റെ ക്രിമിൽ ബന്ധങ്ങൾ പുറത്തുവരുന്നത്.

നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും 'ഭായി' ആണ് ആലുവ എരുമത്തല കടവിൽ അംജിത്. സൂപ്പർ താരങ്ങൾ അടക്കമുള്ള സിനിമാക്കാരും അങ്ങനെ തന്നെ വിളിച്ചു. ആ വിളി കേട്ടില്ലെങ്കിൽ പ്രകോപിതനാകും. ഗുണ്ടായിസമുണ്ടെങ്കിലും സാമ്പത്തിക പ്രയാസമുള്ള നാട്ടുകാരെ സഹായിക്കാൻ മുന്നിലുണ്ട്. പിശുക്കില്ലാതെ പണമെറിഞ്ഞ് മികച്ച അഭിഭാഷകരെ വച്ചാണ് കേസുകൾ വാദിക്കുക. ഉന്നതരുമായി വരെ ഇടപാടുകൾ. കൊച്ചി പൊലീസിലെ ഉന്നതസ്ഥാനങ്ങളിൽ ചില 'ക്രിമിനൽ പൊലീസുകാർ' ഉണ്ടെന്നും അംജിത് പറയുന്നു. ഇവരിലൂടെ കിട്ടുന്ന കേസുകൾ അംജിത് ഒതുക്കി തീർത്തും. കേസിലെ ശ്രദ്ധാകേന്ദ്രമായ തമിഴ്‌നടിയെ കുറിച്ചും തന്നെ കേസിൽ കുടുക്കിയതിനെ കുറിച്ചും അംജിത് കൂടുതൽ കാര്യങ്ങൾ അംജിത് തന്നെ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം തുറന്നു പറയാനും അംജിതിന് മടിയില്ല.

ഒരു വർഷം മുമ്പ് 'അപരൻ' എന്ന തന്റെ സിനിമയുടെ പ്രമോ സോംഗ് ഷൂട്ട് ചെയ്യുന്ന സമയത്താണ് പ്രൊഡക്ഷൻ കൺട്രോളർ വഴി 'വിവാദനടി' പരിചയപ്പെടാൻ വന്നതെന്ന് അംജിത് പറയുന്നു സോന എന്നാണ് പേരുപറഞ്ഞത്. പടം തീർന്നതിനാൽ അടുത്ത സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞ് മടക്കി അയച്ചു. ആകെ രണ്ടു മലയാള സിനിമകളിലേ ഇവർ അഭിനയിച്ചിട്ടുള്ളൂ. തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുമില്ല. കൊച്ചിയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഇവർ. ആദ്യ സിനിമയിലെ പ്രൊഡ്യൂസറിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. സിനിമാ സംവിധായകനെ തട്ടിക്കൊണ്ടു പോയിയെന്നതും വ്യാജമാണ്. തന്റെ ഒന്നരക്കോടി രൂപ അയാളുടെ സിനിമയിൽ ഇറക്കി പോയിക്കിടക്കുമ്പോഴാണ് പാലായിലെ മറ്റൊരു പ്രൊഡ്യൂസറെ കാണാനായി അയാൾക്കൊപ്പം പോയതെന്നും അംജിത് പറയുന്നു.

റിയൽ എസ്റ്റേറ്റാണ് തന്റെ ബിസിനസ്. പല ബിസിനസുകൾ ചെയ്ത് പൊട്ടിയപ്പോഴാണ് ഇതിലേക്ക് വന്നത്. റിയൽ എസ്റ്റേറ്റിലൂടെ കോടികൾ ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരെ ഉൾപ്പെടെ ദിവസവും നിരവധി പേരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാറുണ്ട്. പൊലീസിൽ പരാതി നൽകിയാൽ വർഷങ്ങളായാലും നടപടിയുണ്ടാകാത്ത കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കേസുകൾ തീർപ്പാക്കുന്നതാണ് ഇതിൽ മുഖ്യം. കേസ് തീർപ്പായാൽ നല്ല തുക കമ്മീഷൻ കിട്ടും. തൊഴിലിന്റെ ഭാഗമായി അത്യാവശ്യം ഗുണ്ടായിസം കാണിക്കാറുണ്ട്. കേരളത്തിലും പുറത്തും സാമ്പത്തിക പറ്റിപ്പുകേസുകളിൽ ഇടനിലക്കാരനായിട്ടുണ്ട്. ദുബായിലും യു.കെയിലും എല്ലാം ഈ ആവശ്യത്തിന് പോയിട്ടുണ്ട്-അംജിത് പറയുന്നു. കോടതിയിലും പൊലീസിലും പോയാൽ കാലതാമസം ഉണ്ടാകുന്നതിനാലാണ് ആളുകൾ തന്നെത്തേടി വരുന്നതെന്നും പറയുന്നു.

എന്നാൽ ഇപ്പോഴത്തെ കേസിൽ കുടുക്കിയതെന്നാണ് അംജിതിന്റെ വാദം. പൊലീസുകാർ പ്രതികാരം തീർക്കുകയായിരുന്ന കാപ്പ ചുമത്തി അകത്തിടാനായിരുന്നു നീക്കം. അതു പൊളിഞ്ഞെന്നും പറയുന്നു. രൂപേഷ് പോളിന്റെ സിനിമ നിർമ്മിച്ചാണ് അംജിത് സിനിമയിൽ എത്തുന്നത്. പിന്നെ തന്റെ തട്ടിപ്പുകൾക്ക് നല്ല സാധ്യതയുള്ള മണ്ണായി സിനിമയെ തിരിച്ചറിഞ്ഞു. പിന്നെ അതും തട്ടിപ്പിനുള്ള മാർഗ്ഗമായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിലച്ച സിനിമ പൂർത്തിയാക്കുന്നതിന് പണം മുടക്കി അരങ്ങേറ്റം കുറിച്ചു. സംവിധായകൻ രൂപേഷ് പോൾ സ്വന്തമായി നിർമ്മിച്ച് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന 'കത്തിരിവെയിൽ' എന്ന തമിഴ് ചിത്രം പാതിവഴിയിൽ നിലച്ചിരുന്നു.

ഈ സമയം മുക്കുപണ്ടം തട്ടിപ്പ്, സ്ഥലക്കച്ചവടം, കുഴൽപ്പണം, സ്പിരിറ്റ് കടത്ത്, കാർ മോഷണം, കലമാൻകൊമ്പ് വിൽപ്പന എന്നിങ്ങനെ വിവിധ മേഖലകളിൽ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു അംജിത്. പെരുമ്പാവൂരിൽ നിന്നും ആന്ധ്രപ്രദേശിലേക്ക് പ്‌ളൈവുഡ് കയറ്റി അയച്ചും തട്ടിപ്പ് നടത്തിയും കാശുണ്ടാക്കി. കോടികൾ കൈയിലുണ്ടായിരുന്ന അംജിതിനെ കൊച്ചിയിലെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖേനയാണ് സംവിധായകൻ രൂപേഷ് പോൾ പരിചയപ്പെട്ടതെന്നാണ് സൂചന.

മുടങ്ങി കിടക്കുന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. തമിഴ് സംവിധായകൻ അശോകിന്റെ മകൻ വിൻസെന്റ് നായകനായുള്ള സിനിമ അംജിതിന്റെ സാമ്പത്തിക സഹായത്തിൽ ചിത്രീകരണം പുനരാരംഭിച്ചു.'കത്തിരിവെയിൽ' സെറ്റിൽ അംജിതിന് അഴകിയരാവണൺ എന്നായിരുന്നു രഹസ്യ വിളിപ്പേര്. സിനിമയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷം ഒപ്പിച്ചെടുത്തിരുന്നു. വേഷത്തെപ്പറ്റി കൂട്ടാളികൾ വാനോളം പുകഴ്‌ത്തിയതോടെ കഥയിൽ മാറ്റം വരുത്തണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. അസി. കമ്മീഷണറെ എസ്‌പിയാക്കി സിനിമയിലെ മുഖ്യകഥാപാത്രമാക്കണം എന്നായിരുന്നു ഡിമാന്റ്. രൂപേഷും തിരക്കഥാകൃത്തായ ഭാര്യ ഇന്ദുമേനോനും ആദ്യം വിസമ്മതിച്ചെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴി കഥയിൽ മാറ്റം വരുത്തി. അങ്ങനെ അംജിത് നടനുമായി

അംജിതിന്റെ കൂട്ടാളികളായ ഗുണ്ടകളെ തന്നെയാണ് സിനിമയിലും ഗുണ്ടാവേഷം ചെയ്യിപ്പിച്ചത്. ബഹ്‌റിനിൽ പോയാണ് ഗാനം ചിത്രീകരിച്ചത്. അവിടെ താമസവും ഭക്ഷണവും നൽകിയ കൊല്ലം സ്വദേശിയെ പണം നൽകാതെ കബളിപ്പിച്ചു. കഥയിൽ പല രീതിയിൽ മാറ്റം വരുത്തിയപ്പോൾ ചിത്രീകരിച്ച സിനിമയുടെ ദൈർഘ്യം നാല് മണിക്കൂറായി. പിന്നെയും മാറ്റം വരുത്തണമെന്ന ആവശ്യവുമുന്നയിച്ചപ്പോൾ സംവിധായകനുമായി തെറ്റി. ഒടുവിൽ രൂപേഷ് പോൾ ഈ സിനിമയുമായുള്ള ബന്ധം വിട്ടു. അങ്ങനെ കത്തിരിവെയിലിന്റെ കഥയും തിരക്കഥയും നിർമ്മാണവും സംവിധാനവും സംഗീതവുമെല്ലാം അംജിത് സ്വന്തം പേരിലാക്കി. ഭയം കാരണം ആരും ഒന്നും ചോദ്യം ചെയ്തില്ല. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സിനിമ പുറംലോകം കണ്ടില്ല.

സിനിമ പെട്ടിയിലായതിനും സാമ്പത്തിക നഷ്ടത്തിനും കാരണം രൂപേഷാണെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയി. വീട്ടുതടങ്കലിലാക്കിയ ശേഷം നഗ്‌നസ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രൂപേഷ് പോളിൽ നിന്നും 35 ലക്ഷം വാങ്ങി. ബാങ്ക് ഡെപ്പോസിറ്റായി കിടന്ന 15 ലക്ഷവും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയുമാണ് പോൾ പണം നൽകിയത്. ഇതോടെ അംജിത് മലയാള സിനിമയിൽ ക്രുപ്രസിദ്ധനായി. തുടർന്നും ഗുണ്ടാപണി തുടർന്നു. സിനിമയിൽ പലരേയും ഭീഷണിപ്പെടുത്തി കോടികളുണ്ടാക്കി. അഭിനയ മോഹവുമായി നടക്കുന്നവരെ ചാക്കിലാക്കി ലക്ഷങ്ങൾ തട്ടിച്ചു. പണയത്തിനെടുക്കുന്ന സ്ഥലം മറിച്ചുവിറ്റും കബളിപ്പിക്കുന്നത് അംജിതിന്റെ ഹോബിയാണ്. പല പ്രമുഖരും ഇയാളുടെ തട്ടിപ്പിനിരയായി.

ചില ക്രിമിനൽ കേസുകളിൽപ്പെട്ടതിനെ തുടർന്ന് എടത്തല കോമ്പാറയിലേക്ക് താമസം മാറ്റിയ കാലത്ത് പെൺകുട്ടിയോട് പ്രണയവും തോന്നി. സമീപത്തെ ഒരു ബിരുദ വിദ്യാർത്ഥിനിയോട് വൺവേ പ്രേമം. ഇതിനിടയിൽ മറ്റൊരാളുമായി യുവതിയുടെ വിവാഹമുറപ്പിച്ചിരുന്നു. കോളേജിലേക്ക് പോയ യുവതിയെ ഒരു ദിവസം തന്നോടൊപ്പം കറങ്ങാൻ വരണമെന്ന് അഭ്യർത്ഥിച്ച് അംജിത് കാറിൽ കയറ്റി. ഈ വിവരം അയാൾ തന്നെ സുഹൃത്തുക്കൾ മുഖേന യുവതിയുമായി വിവാഹമുറപ്പിച്ചിട്ടുള്ള യുവാവിനെയും യുവതിയുടെ ബന്ധുക്കളെയും അറിയിച്ചു. അതോടെ വിവാഹം മുടങ്ങിയ യുവതിയെ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ കഥകൾ പലതാണ് സിനിമാ ലോകത്ത് അംജിതിനെ പറ്റി.