പത്തനംതിട്ട: മാവോയിസ്റ്റ് കമാൻഡർ രൂപേഷിനൊപ്പം പിടിയിലായ വടശേരിക്കര കുമ്പളാംപൊയ്ക കുഴിപറമ്പിൽ അനൂപ് ജോർജ് മാത്യു ചില്ലറക്കാരനല്ല. എസ്.എഫ്.ഐ നേതാവായിരിക്കുമ്പോൾ പൊലീസിനെ സ്റ്റേഷനിൽ കയറി ആക്രമിച്ചായിരുന്നു തീവ്രഇടതുപക്ഷ ആശയങ്ങളിലേക്ക് അനൂപ് നീങ്ങിയത്. കോയമ്പത്തൂരിൽ പിടിയിലായതിനെ തുടർന്നു പഴയ രേഖകൾ പരിശോധിച്ച പൊലീസാണ് അനൂപ് ലോങ് പെൻഡിങ് വാറൻഡുള്ള പ്രതിയാണെന്നു കണ്ടെത്തിയത്.

എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന അനൂപ് പത്തനംതിട്ട സ്റ്റേഷനിൽ 2006 ലെ 924 നമ്പർ കേസിലെ ഒന്നാം പ്രതിയാണ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത് ഉൾപ്പെടെയാണ് ഇയാൾക്കെതിരെ അന്ന് കേസ് എടുത്തിരുത്. എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രകടനം നടക്കുന്നതിനിടയിൽ ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പന്തളം സ്വദേശി അഷ്‌റഫ് ട്രാഫിക് നിയമം തെറ്റിച്ചു കയറിയ സിപിഐ(എം) നേതാവിന്റെ വാഹനം തടഞ്ഞതിനെ ചൊല്ലിയായിരുന്നു അന്നു സംഘർഷം ഉണ്ടായത്.

പൊലീസ് ഏതാനും എസ്.എഫ്.ഐ പ്രവർത്തകരെ സ്റ്റേഷനിലേക്കു കൊണ്ടു പോയതിനെ തുടർന്ന് അവിടെയെത്തിയ പ്രവർത്തകരും പൊലീസുമായി പിന്നീടും പ്രശ്‌നങ്ങൾ ഉണ്ടായി. ഈ സംഭവത്തിലാണ് അനൂപ് മാത്യുവിനെ ഒന്നാം പ്രതിയായും കണ്ടാലറിയാവുന്ന 19 പേരെയും ഉൾപ്പെടുത്തി പൊലീസ് കേസ് എടുത്തത്. കേസിൽ ഉൾപ്പെട്ട അനൂപ് പിന്നീട് ഹാജരാകാതെ വന്നതിനെ തുടർന്നാണ് 2012 ൽ 36-ാം നമ്പരായി അദ്ദേഹത്തിനെതിരെ ലോങ്‌പെൻഡിങ് വാറന്റായത്.

അനൂപ് എങ്ങനെ മാവോയിസ്റ്റായി എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. അതു കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ ഇപ്പോൾ നെട്ടോട്ടമോടുമ്പോൾ വെളിവാകുന്നത് പൊലീസ് ഇന്റലിജൻസിന്റെ പിടിപ്പില്ലായ്മയാണ്. പത്തനംതിട്ട ജില്ലയിൽ എവിടെനിന്ന് മാവോയിസ്റ്റ് വരാൻ എന്ന അമിത ആത്മവിശ്വാസവും ഇവർക്ക് വിനയായി. പി. വിമലാദിത്യ ജില്ലാ പൊലീസ് മേധാവിയായിരിക്കുമ്പോൾ ഈ വിവരം മാനത്തു കണ്ടിരുന്നു. അതിന് വേണ്ടിയാണ് അദ്ദേഹം ജില്ലയിലെ മുഴുവൻ ആയുധവിൽപ്പന കേന്ദ്രങ്ങളും പരിശോധിച്ചതും തോക്ക് കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതും. മാവോയിസ്റ്റുകൾ എപ്പോൾ വേണമെങ്കിലും ആയുധവിൽപനശാലകൾ ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പ് ഉടമകൾക്ക് നൽകിയ അദ്ദേഹം ഇവയ്ക്ക് മേൽ രഹസ്യനിരീക്ഷണവും ഏർപ്പെടുത്തി. പിന്നീട് പ്രമാദമായ കരിക്കനേത്തുകൊലപാതകക്കേസിൽ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഇവിടെ നിന്ന് തെറിപ്പിച്ച പി. വിമലാദിത്യ തന്നെയാണ് വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം നൽകിയതെന്നത് വിരോധാഭാസമായി.

രൂപേഷിന്റെ സന്തത സഹചാരിയായ അനൂപിന്റെ പൂർവകാല വിവരങ്ങൾ ഇപ്പോഴാണ് ഇന്റലിജൻസ് ശേഖരിച്ചു തുടങ്ങിയിരിക്കുന്നത്. തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയുമില്ലെന്ന് അവർ തന്നെ പറയുന്നു. അതിനുള്ള കാരണമാണ് രസകരം. അനൂപ് മാവോയിസ്റ്റാണെന്ന് ആരെയും അറിയിച്ചിരുന്നില്ലത്രേ. കേട്ടു മാത്രം പരിചിതമായ മാവോയിസ്റ്റ് കഥകളിൽ പത്തനംതിട്ടക്കാരനും ഉൾപ്പെട്ടുവെന്നത് ഇന്റലിജൻസ് വിഭാഗത്തിന് ഞെട്ടലാണ് ഉണ്ടാക്കിയത്. അതിനാൽ ഈ യുവാവിന്റെ മുൻകാല പ്രവർത്തനങ്ങൾ സസൂക്ഷ്മം ശേഖരിക്കുന്ന തിരക്കിലാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവും. ഇതിനായി ഇന്നലെ എസ്.എസ്.ബിയിലേതടക്കം ഉന്നത ഉദ്യോഗസ്ഥർ അനൂപിന്റെ വീട്ടിലെത്തിയിരുന്നു.

പത്താം തരം വരെ തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളി കാര്യങ്ങളിൽ സജീവമായി പങ്കെടുത്തു വന്നിരുന്നയാളുമായ അനൂപ് എങ്ങനെ ഇടതുപക്ഷ തീവ്രവാദ സംഘടനയിൽ (എൽ.ഡബ്ല്യു.ഇ) എത്തപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. ആരാണ് അനൂപിനെ അതിലേക്ക് നയിച്ചത്? ആരൊക്കെയായിരുന്നു മുൻകാലത്തെ ഉറ്റ ചങ്ങാതിമാർ? അനൂപിന് തീവ്രരാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടാകാൻ കാരണം എന്ത്? 2011 ൽ റാസൽഖൈമയിലേക്കു ജോലിക്കു പോയ അനൂപ് നാലു മാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയത് എന്തിന്? ജോലിക്കു വിദേശത്തേക്കു പോയ മകൻ അവിടെ നിന്നും ആരും അറിയാതെ കോഴിക്കോട്ട് വിമാനമിറങ്ങിയിട്ടും വീട്ടിലെത്തുകയോ വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കുകയോ ചെയ്തിട്ടും പരാതി പൊലീസിൽ നൽകാതിരുന്നത് എന്തുകൊണ്ട്? ഒളിവിലായിരുന്ന കാലയളവിൽ എപ്പോഴെങ്കിലും ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടോ? നാട്ടിലുള്ള ആരെങ്കിലുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ? എന്നീ ചോദ്യങ്ങൾക്കാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉത്തരം തേടുന്നത്.

ഇനി ഒരു പാളിച്ച ഉണ്ടാകാതിരിക്കാൻ എല്ലാ തരത്തിലുമുള്ള അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഇവർ. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുള്ള മാന്മിസിങ് കേസിലെ അന്വേഷണ പുരോഗതിയും വിലയിരുത്തുന്നുണ്ട്. സമൂഹം ബഹുമാനിക്കുന്ന കുടുംബത്തിൽ ജനിച്ച അനൂപിന് പത്താം ക്ലാസ് പഠനത്തിനു ശേഷമാണ് സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായതെന്നാണ് പൊലീസ് വിലയിരുത്തൽ. ഒരു വർഷം കോയമ്പത്തൂരും രണ്ടു വർഷം വീതം തമിഴ്‌നാട്ടിലും വച്ചൂച്ചിറയിലും പോളിടെക്‌നിക്ക് വിദ്യാർത്ഥിയായിരുന്നു അനൂപ്. അക്കാലയളവിൽ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. സിപിഎമ്മിന്റെ കുമ്പളാംപൊയ്ക ബ്രാഞ്ച് സെക്രട്ടറിയുമായി. സഹജീവി സ്‌നേഹം കൂടുതലായി കാണിച്ചിരുന്ന ഇയാൾ ഇടക്കാലത്ത് മദ്യത്തിന് അടിമയായെന്ന് പൊലീസിന് വിവരം ലഭിച്ചു.

വീട്ടുകാർക്കു പോലും ഈ യുവാവിന്റെ ഭാവിയിൽ ആശങ്ക ഉണ്ടായതിനെ തുടർന്നാണ് റാസൽഖൈമയിലേക്കു ജോലിക്ക് അയച്ചത്. നാലു മാസത്തിന് ശേഷം ഇയാൾ നാട്ടിലേക്ക് മടങ്ങിയതായി അവിടെയുള്ളവരാണ് വീട്ടുകാരെ അറിയിച്ചത്. കോഴിക്കോടിനുള്ള വിമാനത്തിൽ കയറ്റി വിട്ടുവെന്നായിരുന്നു അവർ അറിയിച്ചത്. പിന്നീട് വീട്ടുകാർക്കു ലഭിച്ച വിവരം അനൂപ് ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്നാണ്. എന്നാൽ അവൻ മാവോയിസ്റ്റായിരുന്നുവെന്നു കരുതാൻ റിട്ട. അദ്ധ്യാപികയായ മാതാവിനോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഇപ്പോഴും കഴിയുന്നില്ല.