കൊച്ചി: റേഡിയോ ജോക്കിയായിരുന്ന രാജേഷ്ഭവനിൽ രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകനായ കായംകുളം അപ്പുണ്ണി കുടുങ്ങുന്നത് സിനിമാ പ്രവർത്തകന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധം പൊലീസ് കണ്ടെത്തുന്നതോടെ. ഫേസ്‌ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് അപ്പുണ്ണിയുടെ വീര സാഹസികതകളിൽ ആകൃഷ്ടയായി കാമുകിയായി മാറുകയും ചെയ്ത സെബെല്ല ബോണിയുമായി കൊലപാതകത്തിന് ശേഷവും അപ്പുണ്ണി ബന്ധപ്പെട്ടിരുന്നു എന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സിനിമാക്കഥകളെ പോലും വെല്ലുന്ന രീതിയിൽ ആയിരുന്നു അപ്പുണ്ണി പൊലീസിന്റെ പിടിയിൽ നിന്ന് വഴുതി മാറിക്കൊണ്ടിരുന്നത്. ഗൾഫിലുണ്ടായിരുന്ന മുഖ്യപ്രതി അലിഭായി എന്ന മുഹമ്മദ് സാലിഹിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞപ്പോഴും കൃത്യം നടപ്പാക്കിയ കായംകുളത്തെ ഗുണ്ടാത്തലവനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

പൊലീസ് വളരെ തന്ത്രപൂർവ്വമായിരുന്നു അപ്പുണ്ണിയെ പിൻതുടർന്നത്. ഇതിനിടെയാണ് അപ്പുണ്ണി ഉപേക്ഷിച്ച ഫോൺ പൊലീസ് കണ്ടെത്തുന്നത്. ഇത് നിർണായകമായി. ഇതിൽ അവസാനം വിളിച്ച നമ്പർ വഴി സെബല്ല ബോണിയുമായുള്ള ബന്ധം കണ്ടെത്തി. സെബല്ലയെ തേടിയെത്തിയ പൊലീസ് സിനിമാ പ്രവർത്തകന്റെ ഭാര്യയായ ഈ യുവതിയും അപ്പുണ്ണിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കിയത് അപ്പോഴായിരുന്നു. കാക്കനാട് വാഴക്കാലയിലെ പ്രമുഖ സിനിമ പ്രവർത്തകന്റെ ഭാര്യയാണ് സെബെല്ല. ഫേസ്‌ബുക്ക് വഴിയാണ് ഇടക്കാലത്ത് അപ്പുണ്ണിയുമായി പരിചയപ്പെടുന്നത്. സൗഹൃദം വളരെ വേഗം ആരാധനയിലേക്ക് വഴിമാറി. പിന്നീട് കടുത്ത പ്രണയത്തിലേക്കും. സിനിമ പ്രവർത്തകനായ ഭർത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി അപ്പുണ്ണി ഇവരുടെ ഫ്ളാറ്റിലെ സ്ഥിരം സന്ദർശകനായി മാറി.

ക്വട്ടേഷൻകാരനായ അപ്പുണ്ണി ആരെയും കൂസാതെയുള്ള അടിപിടികൾ നടത്തുന്നതിന്റെയും മറ്റും വീരകഥകളാണ് സെബെല്ലയുടെ മനസ്സിൽ അപ്പുണ്ണിക്ക് താരപരിവേഷം നൽകിയത്. അങ്ങനെയാണ് പ്രണയത്തിൽ വീണതും വീട്ടിലെ സ്ഥിരം സന്ദർശകനായി അപ്പുണ്ണി മാറിയതും. ഇതിനിടെയാണ് രാജേഷ് കൊല്ലപ്പെടുന്നതും ഒളിച്ചിരിക്കാൻ സഹായംതേടി അപ്പുണ്ണി സെബെല്ലയെ ആശ്രയിക്കുന്നതും. കൊലപാതക ശേഷം അപ്പുണ്ണി എട്ട് സിംകാർഡുകൾ മാറി മാറി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ ആദ്യ നമ്പരിൽ നിന്നും പുറത്തേക്ക് പോയ കോളുകളുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സെബെല്ലയുടേയും നമ്പർ ശ്രദ്ധയിൽപ്പെടുന്നത്. മണിക്കൂറുകളോളം സംസാരിച്ച കോൾ ലിസ്റ്റ് കണ്ടതോടെ സെബെല്ലയുമായി ബന്ധപ്പെട്ടായി അന്വേഷണം. അപ്പുണ്ണി എട്ട് സിം കാർഡുകളിൽ നിന്നും ഇവരെ വിളിച്ചിട്ടുണ്ടായിരുന്നുവെന്നും കണ്ടെത്തി.

രാജേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി ബംഗളുരുവിൽ നിന്നും കേരളത്തിൽ എത്തിയ അപ്പുണ്ണിക്കും അലിഭായി എന്ന മൊഹമ്മദ് സാലിഹിനും എറണാകുളത്ത് സ്വന്തംപേരിൽ മുറിയെടുത്തു നൽകിയത് സെബല്ലയായിരുന്നു. വാഴക്കാലയിലെ ഇവരുടെ ഫ്ളാറ്റിന് എതിർവശത്തുള്ള ലോഡ്ജിലാണ് മുറി തരപ്പെടുത്തി നൽകിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അപ്പുണ്ണി 38 കാരി സെബല്ലയെ മാത്രമാണ് പതിവായി വിളിച്ചു കൊണ്ടിരുന്നത്. നാട്ടിൽ അന്വേഷണം നടത്തുന്ന പൊലീസിന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത് സെബല്ലയായിരുന്നു. പൊലീസ് തന്നെത്തേടി ചെന്നൈയിലും എത്തിയതായി മനസ്സിലാക്കിയതോടെയാണ് അപ്പുണ്ണി അവിടെ നിന്ന് രക്ഷപെട്ടത്. ഇതെല്ലാം മനസ്സിലാക്കി സെബല്ലയെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ ഉപയോഗിച്ച് തന്നെയാണ് അപ്പുണ്ണിയെ കുടുക്കാൻ തന്ത്രങ്ങൾ മെനയുകയും അത് ഫലപ്രാപ്തിയിലെത്തുകയുമായിരുന്നു. അപ്പുണ്ണിക്കും സഹോദരിക്കും വാഴക്കാലയിലെ ലോഡ്ജിൽ കൊലപാതകം നടന്ന ശേഷവും ഇവർ താമസ സൗകര്യം ഒരുക്കി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണി ഉപേക്ഷിച്ച ഫോൺ കണ്ടെത്തിയ പൊലീസ് ഈ മൊബൈലിൽ നിന്നും അവസാനം വിളിച്ച നമ്പർ വഴിയാണ് സെബല്ലയിൽ എത്തിയത്.

അപ്പുണ്ണിയുടെ സിം കാർഡുകളിൽ നിന്നുമുള്ള കോളുകൾ പിൻതുടർന്നാണ് പൊലീസ് അപ്പുണ്ണിയുടെ സഹോദരി ഭാഗ്യശ്രീയേയും (29) പിടികൂടുന്നത്. അപ്പുണ്ണിയെ ഒളിവിൽ താമസിക്കുവാൻ സഹായിച്ചതിന്റെ പേരിലാണ് സഹോദരി പിടിയിലായത്. രാജേഷ് വധക്കേസിലെ കൂട്ടുപ്രതികൂടിയായിരുന്നു ഭാഗ്യശ്രീയുടെ ഭർത്താവ് സുമിത്ത്. സുമിത്തിനെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അപ്പോഴും അപ്പുണ്ണി ചെന്നൈയിൽ ഇവരുടെ വീട്ടിൽ എത്തി താമസിച്ച വിവരം പുറത്തുവന്നില്ല. ചെന്നൈ മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ 18 ൽ ആണ് ഭാഗ്യശ്രീയും സുമിത്തും താമസിക്കുന്നത്. അപ്പുണ്ണിയെ സഹായിക്കാനായി ഭർത്താവിനെ ഭാഗ്യശ്രീ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പൊലീസിൽ നിന്ന ഇക്കാര്യം മറച്ചുവച്ചു. ഇത് വ്യക്തമായതോടെ സുമിത്തിനും ഭാഗ്യശ്രീയ്ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചാർജ് ചെയ്തിട്ടുള്ളത്.

കൊച്ചിയിലെ പ്രമുഖ ബിസിനസ്സുകാരൻ കൂടിയായ സിനിമാ പ്രവർത്തകന്റെ ഭാര്യയായ സെബെല്ല ഭർത്താവുമായി കുടുംബ പ്രശ്നങ്ങളിലാണ്ഇപ്പോൾ. തിരുവനന്തപുരം റൂറൽ എസ് പി അശോക് കുമാറിന്റെ തന്ത്രങ്ങളാണ് അപ്പുണ്ണിയെ കുടുക്കിയതും ഒളിവിൽ താമസിക്കാൻ സഹായിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഇടയാക്കിയതും. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ അപ്പുണ്ണി ആദ്യം ചെയ്തത് മൊബൈൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ലാന്റ് ഫോണിൽ നിന്നുമായിരുന്നു കാമുകിയേയും വിദേശത്തുള്ള സത്താറിനെയും ബന്ധപ്പെട്ടിരുന്നത്. അപ്പുണ്ണിക്കായി ഇതിനിടയിൽ മാതാവുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തുകയും അഭിഭാഷകനെ ബന്ധപ്പെടുകയുമെല്ലാം സെബല്ല ചെയ്തിരുന്നു.

സെബല്ലയെ ട്രാക്ക് ചെയ്ത പൊലീസ് അവരെ വിളിക്കാനുള്ള അപ്പുണ്ണിയുടെ രാത്രിയിലുള്ള ലാന്റ് ഫോൺ കോളിനായി കാത്തിരുന്നു. കൊല്ലം, കായംകുളം പ്രദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്നും അതിനാൽ തിരുവനന്തപുരത്ത് എത്താനും സെബല്ലയെക്കൊണ്ട് പൊലീസ് പറയിച്ചു. തിരുവനന്തപുരത്ത് എത്തി ഓട്ടോയിൽ സഞ്ചരിക്കുമ്പോഴാണ് അപ്പുണ്ണി പിടിയലാകുന്നത്. ഇതോടെ നിർണ്ണായക അറസ്റ്റും സംഭവിച്ചു. ഇനി ഖത്തറിലുള്ള അബ്ദുൾ സത്താറിനെ കുടുക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സത്താറു കൂടി കുടുങ്ങിയാൽ ആർജെയുടെ കൊലപാതകത്തിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് പൊലീസ് കടക്കും.