വൈക്കം: തമിഴ്‌നാട്ടിൽ വിജിലൻസ് സിഐ ആണെന്ന് പറഞ്ഞ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടുകയും ചെയ്ത യുവതി വൈക്കം പൊലീസിന്റെ പിടിയിലായി. കോട്ടയം കുമാരനല്ലൂർ കുക്കു നിവാസിൽ മോഹനന്റെ മകൾ അഷിത (24) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്. വിജിലൻസിലെ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പും വിവാഹം. വീട്ടുകാർപോലും അറിയാതെയാണ് തട്ടിപ്പ് നടന്നിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന വൈക്കം എസ്‌ഐ എം സാഹിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒരു കോഴ്‌സിന് ചേരുന്നുവെന്ന് കൂലിപ്പണിക്കാരായ അച്ഛനമ്മമാരേയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് അഷിത ഒന്നേകാൽ വർഷം മുമ്പ് നാടുവിടുന്നത്. പാലക്കാട് മണ്ണാർക്കാടിന് സമീപം വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ തനിക്ക് തമിഴ്‌നാട്ടിൽ വിജിലൻസിൽ സിഐ ആയി ജോലി കിട്ടിയെന്ന് പ്രചരിപ്പിച്ച അഷിത പിന്നീട് തട്ടിപ്പ് തുടങ്ങുകയായിരുന്നു.

വീട്ടുടമയേയും പരിസരവാസികളേയും യാത്രചെയ്തിരുന്ന നാട്ടുകാരായ ഓട്ടോറിക്ഷ ഡ്രൈവർമാരെയുമൊക്കെ ഇവർ പൊലീസ് ഓഫീസറാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. കോയമ്പത്തൂരിൽ ജോലിക്ക് പോകാൻ സൗകര്യമാണെന്ന് പറഞ്ഞ് പാലക്കാട്ടുതന്നെ താമസവും തുടർന്നു. മൂന്നുമാസം ട്രെയിനിഗ് കഴിഞ്ഞെന്നും ജോലി സ്ഥിരമായെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചു. അതോടെ നാട്ടുകാരും പാലക്കാട്ട് പരിചയക്കാർക്കുമെല്ലാം സിഐ മാഡവുമായി അഷിത. പ്‌ളസ്ടു കഴിഞ്ഞ് ഒരു വർഷത്തെ ഡിപ്‌ളോമാ കോഴ്‌സ് ചെയ്ത യുവതിയാണ് ഇത്തരത്തിൽ വലിയ തട്ടിപ്പ് നടത്തിയത്.

ഇത്തരത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥയാണെന്ന് പ്രചരിപ്പിച്ച് വിവാഹാലോചനകളും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 10നു തലയാഴം സ്വദേശിയും എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖിൽ. കെ. മനോഹറുമായി വിവാഹവും നടന്നു. ഇതിന് ശേഷവും തട്ടിപ്പൊന്നും പുറത്തുവരാത്ത രീതിയിൽ പതിവു രീതിയിലായിരുന്നു പെരുമാറ്റം. ഇതിനിടയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി ആർഭാട ജീവിതമായിരുന്നു അഷിതയുടേത്. ഉന്നത ഉദ്യോഗസ്ഥയാണെന്ന് സമർത്ഥമായി പരിചയക്കാരെയെല്ലാം വിശ്വസിപ്പിക്കുകയും ചെയ്തു.

വിജിലൻസിൽ ഇവരുടെ അസിസ്റ്റന്റായി നിയമനം നൽകാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂർ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വൻ കബളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന് അഷിതയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെ മനസ്സിലായി. എന്നാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ യുവാവിന് പണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയുണ്ടാക്കിയെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പരാതി നൽകിയതോടെയാണ് അറസ്റ്റ് നടന്നത്. കൂടുതൽ പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായും പൊലീസ് പറയുന്നു.

പണം തിരികെ ചോദിക്കുന്നവരുമായി അവിഹിത ബന്ധങ്ങൾ ഉണ്ടാക്കി തലയൂരാനും ശ്രമങ്ങൾ നടന്നിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ കെണിയിൽ കുടുക്കിയതിനാൽ തന്നെ പണം നഷ്ടപ്പെട്ട പലരും പരാതി നൽകാത്ത സാഹചര്യവുമുണ്ടെന്ന് മൊഴികളിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇപ്പോൾ പരാതി നൽകിയ ആലത്തൂർ സ്വദേശി സാന്റോയേയും ഇത്തരത്തിൽ വളയ്ക്കാൻ ശ്രമിച്ചിരുന്നു. അതിന് വഴങ്ങാതിരുന്നപ്പോൾ നീയൊക്കെ ഒരാണാണോടാ.. എന്ന് ചോദിച്ചതായും സാന്റോ പൊലീസിനോട് പറഞ്ഞു.

ഇതോടെ ഇത്തരത്തിൽ അവിഹിത കെണിതീർത്ത് പണം തിരികെ ചോദിക്കുന്നവരുടെ വായടച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ഇവരെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവരുമ്പോൾ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നും പൊലീസ് കരുതുന്നു. പണം തിരികെ ചോദിച്ചപ്പോൾ ലൈംഗികമായി ആകർഷിക്കാൻ ശ്രമിച്ചതിൽ പന്തികേട് തോന്നിയാണ് സാന്റോ പരാതിയുമായി എത്തുന്നത്. ഇതോടെയാണ് തട്ടിപ്പുകളുടെ കഥകൾ പുറത്താവുന്നതും.

ഇത്തരത്തിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടുവന്ന സൂചനകൾ ലഭിച്ചതോടെ അഷിതയ്‌ക്കെതിരെ പാലക്കാട്ടും മണ്ണാർക്കാട്ടുമായി മറ്റ് തട്ടിപ്പുകളുണ്ടോ എന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നതോടെ അവരേയും ചോദ്യം ചെയ്തു. എന്നാൽ കൂലിപ്പണിക്കാരായ അവരെ നാട്ടുകാരെ പറഞ്ഞു പറ്റിച്ചതുപോലെ പറ്റിക്കുകയായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്. എസ്‌ഐ എം.സാഹിലിന്റെ നേതൃത്വത്തിൽ മറ്റ് തട്ടിപ്പുകളെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണിപ്പോൾ.