കോഴിക്കോട്: മിംസ് ആശുപത്രിയിൽ ചികിൽസയ്ക്കത്തിയ ഒരു വയസ് തികയാത്ത കുട്ടിയോടുപോലും കാരുണ്യം മറച്ച് കച്ചവടത്തിന്റെ കൊള്ള. ശ്വാസകോശത്തിൽ തളച്ച മൊട്ടുസൂചിയെടുക്കാൻ ഓപ്പർ ഹാർട്ട് സർജറിയാണ് ഡോക്ടർ വിധിച്ചത്. ലക്ഷങ്ങൾ ശസ്ത്രക്രിയാ ഇനത്തിൽ തട്ടിയെടുക്കാനുള്ള നീക്കായിരുന്നു ഇതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചെന്നൈയിലെ അപ്പോളോ ഹോസ്പ്പറ്റിലിൽ എൻഡോസ്‌കോപിയിലൂടെ തന്നെ മൊട്ടു സൂചി നീക്കിയെന്നതാണ് യാഥാർത്ഥ്യം. ഇതിന് സാഹചര്യമൊരുക്കാതെ കാശിൽ കണ്ണുവച്ച് കുട്ടിയുടെ ജീവൻ പോലും അപകടത്തിലാക്കാൻ മിംസിലെ മുതിർന്ന ഡോക്ടർമാർ ശ്രമിച്ചുവെന്നാണ് ആക്ഷേപം.

ആശുപത്രിക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കൾ. എന്നാൽ പരസ്യത്തിൽ മനംമയങ്ങുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾ പതിവ് പോലെ ഈ വാർത്തയും മുക്കി. വടകര സ്വദേശികളുടെ കുട്ടിക്കാണ് മിംസിൽ ദുരവസ്ഥയുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലും ലക്ഷങ്ങൾ കൊള്ളയടിക്കാനാണ് ആശുപത്രി ശ്രമിച്ചതെന്നാണ് ആരോപണം. ഏതായാലും മിംസിൽ നിന്ന് ചെന്നൈയിലെ അപ്പോള ആശുപത്രിയിൽ കൊണ്ടുവന്ന കുട്ടിയിൽ ശസ്ത്രക്രിയ നടത്താതെ തന്നെ മൊട്ടു സൂചി അവിടുത്തെ ഡോക്ടർമാർ പുറത്തെടുത്തു. ചികിൽസ കഴിഞ്ഞ് കുട്ടി ഇപ്പോൾ വടകരയിലെ വീട്ടിൽ തിരിച്ചുമെത്തിയെന്നതാണ് വസ്തുത.

2016 ജനുവരി 19ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ സംഭവിച്ചത് ഇങ്ങനെയായിരുന്നു 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ഏകദേശം 3 ഇഞ്ച് നീളമുള്ള ഒരു മൊട്ടുസൂചി വായിലിട്ടു. അത് ശ്വാസകോശത്തിൽ തറച്ചു നിന്ന് വായിലൂടെ രക്തം വരുന്ന സാഹചര്യമുണ്ടായി. ഉടൻ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും അവിടെയുള്ള ഡോക്ടർമാർക്ക് അത് പുറത്തെടുക്കാനായില്ല. വൈകാതെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. മിംസിലെ നവജാത ശിശുക്കളുടേയും കുട്ടികളുടെ ശസ്ത്രക്രിയയുടേയും പ്രത്യേക വിഭാഗത്തിന്റെ പ്രധാന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ഐ സി യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ വായിൽ നിന്ന് എൻഡോസ്‌കോപ്പി മുഖേന സൂചി പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷെ സാധ്യമായില്ല. ഇനി ഓപ്പറേഷൻ മാത്രമേ വഴിയുള്ളൂവെന്ന് ഡോക്ടർ വിധിയെഴുതുകയും ചെയ്തു. 8 മുതൽ 12 വരെ ലക്ഷം രൂപയാണത്രെ ഓപ്പറേഷന്റെ ഫീസ്. ഏറെ ശ്രമകരമാണെന്നും അദ്ദേഹം തന്നെ വ്യക്തമാക്കി. നെഞ്ച് കീറിയുള്ള ശസ്ത്രക്രിയ, ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള തരത്തിലായതിനാൽ അതിന് അൽപ്പം പ്രയാസമനുഭവപ്പെട്ട ബന്ധുക്കൾ കുടുംബാംഗങ്ങളായ ഡോക്ടർമാരോട് അഭിപ്രായമാരാഞ്ഞു. ശേഷം മദ്രാസ്സ് അപ്പോളോയിലേക്ക് കൊണ്ടുപോവാൻ ശ്രമം തുടങ്ങി. ഇതനുസരിച്ച് മിംസിൽ നിന്ന് ഡിസ്ചാർജ്ജ് തരാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു. പക്ഷെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വളരെ മോശമായാണ് പിന്നീട് പെരുമാറിയത്.

നിങ്ങൾ മദ്രാസ്സിലല്ല, അമേരിക്കയിൽ കൊണ്ടുപോയാലും ഓപ്പറേഷൻ അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നായിരുന്നു കട്ടായം.. ബന്ധുക്കളെ പരിഹസിച്ച ഡോക്ടർ വിമാന മാർഗ്ഗം ചികിത്സയിലിരിക്കുന്ന കുട്ടിയെ എത്തിക്കാനായി നൽകാറുള്ള കത്തു പോലും നൽകിയില്ല. പക്ഷെ ഒരു കത്തുമില്ലാതെ വിമാന മാർഗ്ഗം കുട്ടിയേയുമായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്താനായി. വിശദ പരിശോധനയ്ക്കു ശേഷം ഇഞ്ചക്ഷൻ നൽകി. പിറ്റേ ദിവസം അപ്പോളോയിലെ വിദഗ്ദ്ധ ഡോക്ടർമാർ എൻഡോസ്‌കോപ്പിയിലൂടെ തന്നെ സൂചി വിജയകരമായി പുറത്തെടുക്കുകയും ചെയ്തു. ഒരു ദിവസം ഐ സി യുവിൽ കിടന്നതിനും നടക്കാത്ത എൻഡോസ്‌കോപ്പിയുമെല്ലാം ഉൾപ്പെടെ നാൽപ്പതിനായിരം രൂപയാണ് മിംസ് അധികൃതർ ഈടാക്കിയത്. അനസ്‌ത്യോളജിസ്റ്റിന്റെ ഫീസ് 5,480 രൂപ. ബ്രോണോസ്‌കോപ്പി 7,830 രൂപ. ഒ ടി ചാർജ്ജുകൾ 9,710 രൂപ.... ഇങ്ങിനെ പോവുന്ന ബില്ലിന്റെ വിവരണം.

കുട്ടിയുടെ അച്ഛന്റെ സഹോദരൻ സാജിദ് ബിൻ മുസ്തഫ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. സൂചി തൊണ്ടയിൽ കുരുങ്ങിയ പിഞ്ചുബാലന്റെ ജീവന് അപായമൊന്നും വരരുതേയെന്നാഗ്രഹിച്ച് അടിയന്തിര ചികിത്സക്ക് ഓടിയെത്തുന്നവരിൽ നിന്ന് പോലും സന്ദർഭം മുതലെടുത്ത് ലക്ഷങ്ങൾ ഈടാക്കാൻ അത്യാർത്തി കാണിക്കുന്നവൻ ഡോക്ടറല്ല. നീചനായ കൊള്ളക്കാരനാണ്. മാത്രമല്ല കുട്ടിയുടെ ചികിത്സയ്ക്കായി വിമാന യാത്രക്കുള്ള കത്തുപോലും നൽകാൻ കൂട്ടാക്കാതെ കടുത്ത മനുഷ്യാവകാശ ലംഘനം കൂടി നടത്തിയിരിക്കുന്നു ഡോ. അബ്രഹാം മാമ്മൻ എന്നും സാജിദ് ബിൻ മുസ്തഫ ആരോപിക്കുന്നു. പൊങ്ങച്ചത്തിനും ഇമേജുമായി മിംസ് ആശുപത്രിയിൽ പോകുന്നവർ പലവരു ചിന്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ ആരോപണങ്ങൾ മിംസ് ആശുപത്രി നിഷേധിക്കുകയാണ്. അവരുടെ വിശദീകരണം ഇങ്ങനെ- ജനുവരി മാസം 19ാം തിയ്യതിയാണ് രോഗി മിംസിൽ ചികിത്സയ്ക്കാതി എത്തുന്നത്. സൂചി തറച്ച് കയറിയിരിക്കുന്ന ശരീരത്തിന്റെ ഉൾഭാഗം ശസ്ത്രക്രിയാ വിദഗ്ദ്ധരെ സംബന്ധിച്ച് വളരെ സങ്കീർണ്ണവും അനായാസേന നിർവ്വഹിക്കാൻ സാധിക്കാത്തതുമാണ്. അതുകൊണ്ട് തന്നെ ബ്രോങ്കോസ്‌കോപ്പിയിലൂടെ സൂചി പുറത്തെടുക്കാനാണ് ഡോക്ടർമാർ ശ്രമിച്ചത്. ഒന്നര മണിക്കൂറോളം ഓപ്പറേഷൻ തിയ്യറ്ററിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒപ്റ്റിക്കൽ ബ്രോങ്കോസ്‌കോപ്പിക്ക് രോഗിയെ വിധേയനാക്കിയിരുന്നെങ്കിലും തറച്ചിരിക്കുന്ന പിന്നിന്റെ പ്രത്യേക അവസ്ഥ കാരണം ഒപ്റ്റിക്കൽ ബ്രോങ്കോസ്‌കോപ്പിയിലൂടെ പുറത്തെടുക്കുവാൻ സാധിച്ചിരുന്നില്ല. ഇത്രയും കാര്യങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതാണ്

രോഗിയുടെ നിലവിലുള്ള അവസ്ഥയിൽ കുഴപ്പമില്ലാത്തത് കാരണം 24-48 മണിക്കൂറിനകം സൂചിയുടെ നിലയിൽ മാറ്റമില്ലെങ്കിൽ ശസ്ത്രക്രിയ മാത്രമായിരുന്ന പരിഹാര മാർഗ്ഗം. അതുകൊണ്ട് തന്നെ രോഗിയെ ഒബ്‌സർവേഷനിൽ വച്ച് സമയമെടുത്ത് ആവശ്യമാണെങ്കിൽ ശസ്ത്രക്രിയ തന്നെ നിർവ്വഹിക്കേണ്ടി വരും എന്നതായിരുന്നും ആസ്റ്റർമിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നിലപാട്. രോഗിയുടെ അവസ്ഥ സങ്കീർണ്ണമാകാതെ നിലനിർത്തിയെങ്കിലും ദീർഘയാത്ര ചെയ്യുവാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല രോഗി ഉണ്ടായിരുന്നത്. എന്ന് മാത്രമല്ല തുടക്കത്തിൽ രോഗിയുടെ ബന്ധുക്കൾ ഡിസ്ചാർജ്ജ് ചെയ്യാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ രോഗിയ അനസ്‌തേഷ്യയുടെ മയക്കത്തിലുമായിരുന്നു. ഇത്തരം സാഹചര്യത്തിൽ രോഗിയെ ഡിസ്ചാർജ്ജ് ചെയ്യുന്നത് അപകടകരമാണ് എന്ന് തന്നെയാണ് ചികിത്സാമേഖലയോട് പ്രതിബദ്ധതയുള്ള ഏതൊരു ഡോക്ടറും തീരുമാനിക്കുകയുള്ളൂ.

ഇതിനപ്പുറത്തുള്ള ഒരു തീരുമാനവും ആസ്റ്റർ മിംസ് അധികൃതർ എടുത്തിട്ടില്ല. കത്തിനുവേണ്ടി ശ്രമിച്ചിട്ട് നൽകിയില്ല എന്ന ആരോപണം വേദനാജനകമാണ്. രോഗിയുടെ ന്യായമായ ഒരു അവകാശത്തെയും ആസ്റ്റർ മിംസ് നിഷേധിക്കാറില്ല. രോഗിയെ ചികിത്സിച്ച പ്രശസ്ത ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. അബ്രഹാം മാമനാണ് രോഗിക്ക് ലെറ്റർ അനുവദിക്കേണ്ടത്. എന്നാൽ യാത്രാമധ്യേ രോഗിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടത് ശിശുരോഗ ശസ്ത്രക്രിയാ വിഭാഗവുമായി ബന്ധമില്ലാത്ത മറ്റൊരു ചികിത്സാ വിഭാഗത്തിലെ ഡോക്ടറെയാണ്. ഡോ. അബ്രഹാം മാമന്റെ നേതൃത്വത്തിൽ ചികിത്സയിലിരിക്കുന്ന ഒരു രോഗിക്ക് മറ്റൊരു ഡോക്ടർ എങ്ങിനെയാണ് ലെറ്റർ നൽകുക?-എന്നാണ് ആശുപത്രിയുടെ ചോദ്യം.

രണ്ടാമത്തെ ദിവസം ഒരു പക്ഷെ സൂചിയുടെ സാന്നിധ്യത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടെങ്കിൽ തീർച്ചയായും ഇത് ആസ്റ്റർമിംസിൽ വച്ച് തന്നെ സുരക്ഷിതമായി പുറത്തെടുക്കാവുന്നതേ ഉള്ളൂ. എന്തായിരുന്നാലും, ഇ അവസ്ഥയിൽ ദീർഘദൂര യാത്ര ചെയ്ത് വിജയകരമായി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. ഇതോടനുബന്ധിച്ച് നടത്തിയ മറ്റൊരു പരാമർശം അതീവ ഗൗരവമുള്ളതാണ്. ചികിത്സയ്ക്ക് 12 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് രോഗിയുടെ ബന്ധുക്കളോട് മിംസ് ഹോസ്പിറ്റലിൽ നിന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, പറയുകയുമില്ല. പരമാവധി ഒന്നരരണ്ട് ലക്ഷം രൂപ മാത്രം ചെലവ് വരുന്ന ശസ്ത്രക്രിയയാണ്.

ഒരു സ്ഥാപനത്തെ കരിതേച്ച് കാണിക്കുവാൻ ശ്രമിക്കുമ്പോൾ അതിനൊര് 'പഞ്ച്' അധികം കിടക്കട്ടെ എന്ന് കരുതിയിട്ടാണ് ഈ ആരോപണമെങ്കിൽ അതിന്റെ ഗൗരവം വളരെ വലുതാണ് എന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്യട്ടെ എന്നും മിംസ് ആശുപത്രി വിശദീകരിക്കുന്നു