പത്തനംതിട്ട: മോഷണമുതലിൽ കുറേ കൈക്കലാക്കിയ ശേഷം നല്ല ശമരിയാക്കാരാകാൻ ശ്രമിച്ച രണ്ടു യുവാക്കളുടെ കഥയാണിത്. വഴിയിൽ നിന്ന് വീണു കിട്ടിയതെന്ന് പറഞ്ഞ്, മോഷ്ടിച്ച ബാഗ് തിരികെ നൽകിയ നല്ല ശമരിയാക്കാരെ പൊലീസ് നന്നായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ കഥ വെളിയിൽ വന്നത്.

മോഷ്ടാക്കളിൽ ഒരാൾ പാരയായത് നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടിയാണ്. ഇയാളാണ് സ്ഥാനാർത്ഥിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രവർത്തകൻ. വെട്ടിപ്രം തൈക്കാവിൽ ഷമീർ (തൊരപ്പൻ-18), മുഹമ്മദ് റഫീഖ് (തങ്കു-2) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം പകൽ 11 ന് തൈക്കാവ് റോഡിലൂടെ ടൗണിലേക്ക് വരികയായിരുന്ന മലയാലപ്പുഴ ഗവ. സ്‌കൂളിലെ അദ്ധ്യാപിക മലയാലപ്പുഴ വൃന്ദാവനിൽ അനിൽകുമാറിന്റെ ഭാര്യ ബിന്ദുമോളുടെ സ്‌കൂട്ടറിന്റെ ലേഡീസ് ഹാൻഡിലിൽ ഇട്ടിരുന്ന ബാഗാണ് എതിരേ ബൈക്കിൽ വന്ന യുവാക്കൾ ഈസിയായി ഊരിയെടുത്തത്. ഇവരുടെ സ്‌കൂട്ടറിലേക്ക് ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിപ്പിക്കാൻ കൊണ്ടുചെല്ലുകയായിരുന്നു. പരിഭ്രമിച്ച് ബിന്ദു സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെയാണ് ബാഗ് ഊരിയെടുത്തത്.

ടൗണിലെ കടയുടെ മുന്നിലെത്തി സ്‌കൂട്ടർ നിർത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അദ്ധ്യാപിക അറിഞ്ഞത്. വഴിയിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടതാകാമെന്നായിരുന്നു ഇവർ വിചാരിച്ചിരുന്നത്. സഹപ്രവർത്തകരുടെ ഫോണിൽ നിന്നും ബാഗിലുള്ള തന്റെ ഫോണിലേക്ക് അദ്ധ്യാപിക വിളിച്ചു. ആദ്യ തവണ റിങ് ചെയ്തു നിന്നു. രണ്ടാം തവണ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ബാഗിനുള്ളിൽ 4300 രൂപയും 18,000 രൂപയുടെ സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. ഇതു കാരണം ബിന്ദു ഉടൻ തന്നെ സ്റ്റേഷനിൽ എത്തി പരാതി നൽകി.

അൽപ്പസമയം കഴിഞ്ഞപ്പോൾ സഹപ്രവർത്തകയുടെ ഫോണിലേക്ക് ബിന്ദുവിന്റെ നഷ്ടപ്പെട്ട ഫോണിൽ നിന്നും വിളിയെത്തി. വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയതാണ് ബാഗെന്നും തിരിച്ചു തരാമെന്നും ഇവർ അറിയിച്ചു. പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ ബിന്ദു ഉടൻ സ്റ്റേഷനിൽ വിവരം അറിയിച്ചു. ബാഗ് തിരിച്ചു വാങ്ങി നോക്കിയപ്പോഴാണ് പണവും സ്വർണവും കാണുന്നില്ലെന്ന് മനസിലായത്.

തുടർന്ന് അദ്ധ്യാപിക ബാഗ് തിരികെ നൽകിയ ആളുടെ ഫോൺ നമ്പർ പൊലീസിന് കൈമാറി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പിടിച്ചു പറിയാണെന്ന് സൂചന കിട്ടി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതോടെ സംഗതി മോഷണമാണെന്നു തെളിഞ്ഞു. നല്ല ശമരിയാക്കാർ അകത്തുമായി. നഗരസഭ 21-ാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുഖ്യപ്രചാരകനാണ് മുഹമ്മദ് റഫീഖ്.