- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ബിനീഷ് മരുതംകുഴിയിലെ വീടു വാങ്ങിയത് മുൻ ഐജിയിൽ നിന്നും; വിൽപ്പനയിൽ ആധാരത്തിൽ രേഖപ്പെടുത്തിയത് കുറഞ്ഞ തുക; യഥാർത്ഥ തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നൽകാതെ കബളിപ്പിക്കൽ; ഐജി മടങ്ങിയത് വഞ്ചനയുടെ ദുഃഖത്തിൽ; കാൻസർ രോഗിയായിരിക്കെ പിന്നീട് മരണവും; വീട്ടിൽ ഇഡി റെയ്ഡിന് എത്തുമ്പോൾ ചർച്ചയാകുന്നത് ബിനീഷിന്റെ പഴയ ചതിയുടെ കഥ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിലേക്ക് ഇഡി സംഘം എത്തുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് മുൻ ഐജിയുടെ ഈ പഴയ വീട് തന്നെ. ഈ വീട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും ബിനീഷിനൊപ്പം താമസിക്കുന്നത്. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരിയും കുടുബവും എകെജി സെന്റരിലെ ഫ്ളാറ്റിലേക്ക് മാറി. ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലുമായി. അതിനാൽ വീട് അടഞ്ഞു കിടക്കുകയാണ്.
മുൻ ഐജിയാണ് ഈ ഇരുനില വീട് ബിനീഷ് കോടിയേരിക്ക് വിൽക്കുന്നത്. ഇഡി റെയ്ഡ് വഴി വീട് ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുമ്പോൾ തന്നെ വലിയ ഒരു ചതിയുടെ കഥകൂടി ഈ ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട് എന്നാണ് വീടിനെ അറിയുന്നവർ പറയുന്നത്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് വീട് വിൽപ്പന നടക്കുന്നത്. അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ആ കാലത്ത് ഐജി വിരമിക്കുന്ന സമയമായിരുന്നു. തലസ്ഥാനം വിടാൻ വേണ്ടിയാണ് ഐജി വീട് വിൽപ്പനയ്ക്ക് ശ്രമിച്ചത്. മൂന്നു കോടി വരെ വിലപറഞ്ഞ വീടായിരുന്നു ഇത്.
പലരും വന്നു നോക്കിയെങ്കിലും അങ്ങനെ വീട് കൈമാറാൻ ഐജി തയ്യാറല്ലായിരുന്നു. ബിനീഷ് വന്നു വില്പനയ്ക്കായി വീടിനു വിലയിട്ടു. വന്നു നോക്കിയവർ പറഞ്ഞതിലും കുറഞ്ഞ തുക ആയിരുന്നെങ്കിലും വിൽപ്പനയ്ക്ക് സമ്മതിക്കുകയും ചെയ്തു. ആധാരത്തിൽ വീടിന്റെ വില കുറച്ചാണ് രേഖപ്പെടുത്തിയത്. ആധാരത്തിൽ പറഞ്ഞ തുക ബിനീഷ് നൽകുകയും ചെയ്തു. പക്ഷെ ബാക്കി തുക ചോദിച്ചപ്പോൾ ബിനീഷ് നൽകാൻ തയ്യാറായില്ല. ആധാരത്തിൽ പറഞ്ഞ തുക നൽകിയല്ലോ എന്ന മറുപടിയാണ് ബിനീഷ് നൽകിയത്. ആധാരത്തിൽ പറഞ്ഞ തുകയല്ലാതെ ഒരു രൂപ പോലും ബിനീഷ് അധികം നൽകിയില്ലനിയമ വശങ്ങൾ അറിയാമായിരുന്ന ഐജി നിശബ്ദനായിരുന്നു.
ഈ പ്രശ്നം ഐജിയെ വല്ലാതെ അലട്ടിയിരുന്നു. . ഇതിന്റെ മനോവിഷമത്തിലായിരുന്നു ഐജിയുടെ തുടർന്നുള്ള ജീവിതം. കാൻസർ രോഗി കൂടി ആയിരിക്കുമ്പോഴാണ് വീട് വില്പന സംബന്ധിച്ച പ്രശ്നം കൂടി അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഐജി മരിക്കുകയും ചെയ്തു. വീടിനു പറഞ്ഞ വില ബിനീഷ് നൽകിയില്ല എന്നും ഐജി കബളിപ്പിക്കപ്പെട്ട കാര്യവുമെല്ലാം ബിനീഷും ഐജിയുമായി അടുപ്പമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ വലിയ ചതി അന്ന് ചർച്ചാവിഷയവുമായിരുന്നു.
അന്ന് ഐജി ബിനീഷിനു വിറ്റ വീട്ടിലാണ് ഇഡി സംഘം റെയിഡിനു എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനായ ബിനീഷിനു കള്ളപ്പണം ഇടപാടുകൾ ഉണ്ട് എന്ന് സിപിഎമ്മിനുള്ളിലെ വലിയ വിഭാഗത്തിനു അറിവുണ്ടായിരുന്നു. പക്ഷെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ എന്നൊന്നും പലർക്കും അറിയുമായിരുന്നില്ല. മയക്കുമരുന്ന് കടത്തിൽ ബിനീഷിനു ബന്ധമുണ്ടെന്നും വൻ തുക ബിനീഷ് മുതൽ മുടക്കി എന്നൊക്കെ അറിഞ്ഞപ്പോൾ അത് നേതൃത്വത്തിലെ പലർക്കും ആഘാതമായിട്ടുണ്ട്. അച്ഛന്റെ തണലിൽ ഒരു അധോലോക സാമ്രാജ്യം തന്നെ ബിനീഷ് കെട്ടിപ്പൊക്കുകയായിരുന്നു എന്നാണ് പലരും മനസിലാക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുന്നതിന് സിപിഎം കേന്ദ്ര നേതൃത്വം എതിരല്ലെങ്കിലും സിപിഎമ്മിൽ ഇത് സംബന്ധിച്ച ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്. കള്ളപ്പണ-മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ഇഡി ആദായനികുതി സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടിൽ റെയിഡിനു എത്തിയ സംഭവം ന്യായീകരിക്കാൻ പാർട്ടി വൃത്തങ്ങൾക്കും പ്രയാസമുണ്ട്. മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ എന്തിന് ശിക്ഷിക്കപ്പെടണം എന്ന ചോദ്യം ഉയരുമ്പോൾ തന്നെ ബിനീഷിന്റെ പ്രശ്നം സിപിഎമ്മിന് കീറാമുട്ടിയായി തുടരുകയാണ്.
മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലായിരിക്കെ ശക്തമായ നടപടികളുമായി ഇഡി സംഘം നീങ്ങുന്നത്. ബിനീഷിനു ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തും. ഈ സ്ഥാപനങ്ങളിലെ കണക്കുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പിന് കേന്ദ്രത്തിന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദായനികുതി സംഘം ബിനീഷുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്. മരുതംകുഴിയിലെ ബിനീഷിന്റെ വീട്, ബിനീഷിന്റെ ബിനാമിയായ കാർപാലസ് അബ്ദുൽ ലത്തീഫിന്റെ കാർ പാലസ്, യുഎഫ്എക്സ് സോല്യുഷൻസ്, ഫർണ്ണിച്ചർ ഷോപ്പ്, ബിനീഷിനു പങ്കാളിത്തമുള്ള പാരഗൺ ഹോട്ടൽ എന്നിവയിലെല്ലാം ഇഡി സംഘം പരിശോധന നടത്തുമെന്നാണ് അറിയുന്നത്.
പാരഗൺ ഹോട്ടൽ ബിനീഷിനു കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയാണോ എന്നും ഇഡിപരിശോധിക്കുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായിട്ട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിനീഷ് കോടിയേരിയും താമസിക്കുന്ന മരുതംകുഴിയിലെ വീട്ടിൽ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. വീട്ടിൽ നിലവിൽ ആൾ താമസമില്ല. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയിട്ടുണ്ട്. വീട് നിലവിൽ അടഞ്ഞു കിടക്കുകയാണ്. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നിന്ന് വിലപ്പെട്ട രേഖകൾ എല്ലാം മുൻപ് തന്നെ കടത്തി എന്ന രഹസ്യവിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. കാലിയായ വീട് തന്നെയായിരിക്കും തങ്ങളെ കാത്തിരിക്കുക എന്ന നിഗമനത്തിലാണ് ഇഡി ഉദ്യോഗസ്ഥർ. അതുകൊണ്ട് തന്നെ രേഖകൾ എവിടേയ്ക്ക് മാറ്റി എന്നും ബിനീഷിനു ബന്ധമുള്ള വീടുകൾ ആരുടെതൊക്കെ എന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്.
ബംഗളൂർ ഇഡിയുടെ കേരളത്തിലേക്കുള്ള പരിശോധനയ്ക്ക് പ്രധാന കാര്യം കാർ പാലസ് അബ്ദുൽ ലത്തീഫ് ആണെന്ന് സൂചനയുണ്ട്. ലത്തീഫിന്റെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുക. മുൻകൂർ ജാമ്യം തടയുക എന്നൊക്കെയുള്ള ലക്ഷ്യം ഇഡിക്ക് ഉണ്ടെന്നു ബംഗളൂരുവിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ലത്തീഫിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതാണ് ഇഡിയുടെ പതിവ് രീതി. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്രങ്ങൾ അബ്ദുൽ ലത്തീഫിന്റെ അറസ്റ്റ് ഭയക്കുന്നുണ്ട്. അബ്ദുൽ ലത്തീഫ് അറസ്റ്റിലായാൽ അത് ബിനീഷിനു കൂടുതൽ കുരുക്ക് ആകും എന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ബംഗളൂരുവിലെ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിൽ കാർ പാലസ് അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമി എന്നാണ് ഇഡി രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഇഡിയുടെ വരവിൽ അബ്ദുൽ ലത്തിഫിന്റെ അറസ്റ്റ് മണക്കുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.