- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ളബ്ബിലിരുന്ന് വെള്ളമടിച്ചവർക്ക് കാടുവെട്ടി കളിസ്ഥലമാക്കൽ ശിക്ഷ; മയക്കുമരുന്ന് ഉപയോഗിച്ച് പിടിയിലാവുന്നവർ വായനയുടെ ലഹരി നുണഞ്ഞാൽ മതിയെന്ന് ഉത്തരവ്; ട്രാഫിക് നിയമം തെറ്റിച്ചാൽ പച്ചക്കറി വിത്ത് വീട്ടിൽ നട്ടുവളർത്തിയേ തീരൂ; ചക്കരക്കല്ലിലെ എസ്ഐ 'ആക്ഷൻ ഹീറോ ബിജു' ന്യൂജെൻ പിള്ളേരെ മിടുമിടുക്കന്മാർ ആക്കുന്ന കഥ
കണ്ണൂർ: സാങ്കൽപ്പിക കസേരയില്ല, മർദ്ദന മുറകളില്ല, തെറിവിളികളില്ല, കുറ്റവാളികൾക്ക് ശിക്ഷ പുസ്തക വായനയും കൃഷിചെയ്യലും. ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെ സവിശേഷ ശിക്ഷാ നടപടികൾ കൊണ്ട് കുറ്റ കൃത്യങ്ങൾ ചെയ്ത് പൊലീസ് പിടിയിലായ 250 ഓളം പേർ ഇന്ന് സ്ഥലത്തെ ഉത്തമ പൗരന്മാരായി മാറിയിരിക്കയാണ്. ചക്കരക്കൽ എസ്.ഐ. യായി പി.ബിജു ചുമതലയേറ്റതോടെയാണ് നിയമലംഘനം നടത്തിയവരെ മാതൃകാ പൗരന്മാരാക്കുന്ന നടപടിക്കു തുടക്കമിട്ടത്. രണ്ടു വർഷം മുമ്പ് ബിജു തുടക്കമിട്ട ശിക്ഷാ ക്രമം ഇങ്ങനെ. പൊലീസ് പട്രോളിങ് നടത്തുന്നതിടെ കൊട്ടാനശ്ശേരി എന്ന സ്ഥലത്തെ ഒരു ക്ലബിനു മുന്നിൽ ഒരു സംഘം യുവാക്കൾ കൂടി നിൽക്കുന്നു. അവരുടെ നിൽപ്പ് പന്തിയല്ലെന്നു കണ്ട എസ്.ഐ. അടുത്തെത്തിയതോടെ മദ്യവും മറ്റും അപ്രത്യക്ഷമായി. എന്നാൽ മദ്യത്തിന്റെ ഗന്ധം അവിടുന്നു മാറിയിരുന്നില്ല. കാര്യം മനസ്സിലായ എസ്.ഐ. ഒന്നും ചെയ്യാനില്ലാതെ കറങ്ങി നടക്കുന്ന ഈ യുവാക്കളെ ജീവിതം എന്തെന്ന് പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. തൊട്ടടുത്ത് കാടുമൂടിയ പറമ്പിലേക്ക് യുവാക്കളെ നയിച്ചു. ക്ലബിന്റ
കണ്ണൂർ: സാങ്കൽപ്പിക കസേരയില്ല, മർദ്ദന മുറകളില്ല, തെറിവിളികളില്ല, കുറ്റവാളികൾക്ക് ശിക്ഷ പുസ്തക വായനയും കൃഷിചെയ്യലും. ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെ സവിശേഷ ശിക്ഷാ നടപടികൾ കൊണ്ട് കുറ്റ കൃത്യങ്ങൾ ചെയ്ത് പൊലീസ് പിടിയിലായ 250 ഓളം പേർ ഇന്ന് സ്ഥലത്തെ ഉത്തമ പൗരന്മാരായി മാറിയിരിക്കയാണ്. ചക്കരക്കൽ എസ്.ഐ. യായി പി.ബിജു ചുമതലയേറ്റതോടെയാണ് നിയമലംഘനം നടത്തിയവരെ മാതൃകാ പൗരന്മാരാക്കുന്ന നടപടിക്കു തുടക്കമിട്ടത്. രണ്ടു വർഷം മുമ്പ് ബിജു തുടക്കമിട്ട ശിക്ഷാ ക്രമം ഇങ്ങനെ.
പൊലീസ് പട്രോളിങ് നടത്തുന്നതിടെ കൊട്ടാനശ്ശേരി എന്ന സ്ഥലത്തെ ഒരു ക്ലബിനു മുന്നിൽ ഒരു സംഘം യുവാക്കൾ കൂടി നിൽക്കുന്നു. അവരുടെ നിൽപ്പ് പന്തിയല്ലെന്നു കണ്ട എസ്.ഐ. അടുത്തെത്തിയതോടെ മദ്യവും മറ്റും അപ്രത്യക്ഷമായി. എന്നാൽ മദ്യത്തിന്റെ ഗന്ധം അവിടുന്നു മാറിയിരുന്നില്ല. കാര്യം മനസ്സിലായ എസ്.ഐ. ഒന്നും ചെയ്യാനില്ലാതെ കറങ്ങി നടക്കുന്ന ഈ യുവാക്കളെ ജീവിതം എന്തെന്ന് പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. തൊട്ടടുത്ത് കാടുമൂടിയ പറമ്പിലേക്ക് യുവാക്കളെ നയിച്ചു. ക്ലബിന്റെ താക്കോൽ എസ്.ഐ. യുടെ കയ്യിലായതിനാൽ പറഞ്ഞത് അനുസരിച്ചേ പറ്റൂ. അവിടെ ഒരു കളിസ്ഥലം നിർമ്മിച്ചാൽ താക്കോൽ തിരിച്ചു തരാമെന്ന് പറഞ്ഞ് എസ്.ഐ. യും സംഘവും മടങ്ങി.
യുവാക്കൾ എസ്.ഐ.യുടെ നിർദ്ദേശം കാര്യമായെടുത്തു. കാട് വെട്ടി തെളിയിക്കാൻ നല്ല പോലെ വിയർത്തു. എന്നാലും അത് മുഴുമിപ്പിക്കുക തന്നെ ചെയ്തു. ഒടുവിൽ ഇപ്പോൾ അവിടം ഒരു ചെറിയ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയമായി മാറി. ഉത്ഘാടനം നടത്തിയത് എസ്.ഐ. ബിജുവിനെക്കൊണ്ട് തന്നെ.
ഇന്ന് ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ പത്തോളം കളിസ്ഥലങ്ങൾ നിർമ്മിക്കപ്പെട്ടു. എല്ലായിടത്തും ഈ യുവാക്കളുടെ പങ്കാളിത്തവുമുണ്ടായി. ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ പ്രധാന പ്രശ്‌നം മയക്കു മരുന്നിന്റെ വ്യാപനമാണ്. മയക്കുമരുന്ന് ഉപയോഗിച്ച് പിടിയിലാവുന്നവർക്ക് ശിക്ഷ പുസ്തക വായന. വെറും വായന പോര. വായിച്ചു കഴിഞ്ഞാൽ അതിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കി എസ.ഐയെ കാണിക്കണം. സ്ഥലത്തെ ഗ്രന്ഥശാലകളിൽ നിന്നും സാസ്‌കാരിക പ്രവർത്തകരിൽ നിന്നുമാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. മയക്കു മരുന്നിന്റെ സുഖം മാത്രമറിഞ്ഞിരുന്ന ഒട്ടേറെ യുവാക്കൾ ഇപ്പോൾ വായനയുടെ ലഹരിയും നല്ലവണ്ണം അറിയുന്നു.
തെറ്റ് ആവർത്തിക്കില്ലെന്ന് അഞ്ഞൂറും ആയിരവും തവണ എഴുതിക്കലാണ് ട്രാഫിക് ലംഘനത്തിന് ശിക്ഷ. ഇതിലെ പ്രതികൾ ഭൂരിഭാഗവും 25 വയസ്സിന് താഴെയുള്ളവരാണെന്നാണ് ബിജു പറയുന്നത്. അതുകൊണ്ടുതന്നെ ശിക്ഷാ നടപടിയിൽ മാറ്റം വരുത്തി. ട്രാഫിക് ലംഘന കേസിൽ പിടികൂടിയാൽ അടുത്തനിമിഷം തന്നെ ഒരു പാക്കറ്റ് പച്ചക്കറി വിത്ത് നൽകും. അത് വീട്ടിൽ കൊണ്ടു പോയി മുളപ്പിച്ച് നടണം. വെറുതെ നട്ട് കൈകഴുകിയാൽ പോര. അവിടേയുമുണ്ട് ചില വ്യവസ്ഥകൾ. ഒരോ ആഴ്ചയും പച്ചക്കറിയുടെ വളർച്ച രേഖപ്പെടുത്തണം. അത് വാട്‌സാപ്പ് വഴി എസ്.ഐ.യെ അറിയിക്കുകയും വേണം. വല്ല ഉദാസീനതയും കാട്ടുന്നുണ്ടോ എന്നറിയാൻ എസ്.ഐ.യുടെ സന്ദർശനവുമുണ്ടാകും. ശിക്ഷ ലഭിച്ചവർ ജീവിതത്തിൽ മികവുള്ളവരായി മാറുന്ന അനുഭവമാണ് ബിജുവിന് പറയാനുള്ളത്.
ജീവിതത്തിൽ കാര്യമായി പുസ്തക വായന ആരംഭിച്ചത് പലരും ഈ ശിക്ഷയോടെയാണ്. കൃഷിക്കളത്തിലിറങ്ങിയവർക്കും ഇത് പുത്തൻ അനുഭവം. സ്റ്റേഷൻ പരിധിയിലെ ന്യൂജറേഷനെ ലക്ഷ്യബോധം ഉള്ളവരാക്കി മാറ്റിയെടുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ബിജു മുന്നേറുന്നത്. ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്നതാണ് മയക്കു മരുന്നിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും യുവാക്കളും കൗമാരക്കാരും ആകർഷിക്കപ്പെടുന്നതിന്റെ മുഖ്യ കാരണമെന്ന് ബിജു പറയുന്നു. ലക്ഷ്യബോധമുണ്ടായാൽ അവർ ചുമതലകൾ നിറവേറ്റും. കുറ്റവാളികൾക്ക് ലോക്കപ്പ് മർദ്ദനം പരിഹാരമല്ല. കൃഷിയും സ്‌പോട്‌സും ശാരീരിക ആരോഗ്യത്തിനും അച്ചടക്കത്തിനും സഹായിക്കും.- ബിജു തന്റെ നിലപാട് വിശദീകരിക്കുന്നത് ഇങ്ങനെ.
ബിജുവിന്റെ അടുത്ത പദ്ധതി സംസ്ഥാനത്തു തന്നെ നടാടെയായിരിക്കും. രണ്ടര ഏക്കർ സ്ഥലത്ത് നെൽ കൃഷി നടത്താനാണ് പദ്ധതി. നിയമലംഘനം നടത്തി ഇപ്പോൾ നല്ലവരായ അമ്പത് യുവാക്കളെ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കുക. ഇത്തരം കർമ്മ പദ്ധതികളിൽ പങ്കെടുക്കുന്ന ഒരാൾ പോലും പിന്നീട് കുറ്റകൃത്യങ്ങളിൽപെട്ടതായി അനുഭവമില്ലെന്ന് എസ്.ഐ. ബിജു മറുനാടൻ മലയാളിയോട് പറഞ്ഞു.