- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക നവോത്ഥാനത്തിന്റെ യുഗ സ്രഷ്ടാവ്; വിദ്യാഭ്യാസത്തിന്റെ മഹത്തം മലയാളിയെ പഠിപ്പിച്ച വൈദികൻ; തൊട്ടെതെല്ലാം നാടിന്റെ നന്മയാക്കിയ ബഹുമുഖ പ്രതിഭ; വിശുദ്ധനായ ചാവറയച്ചനെ അറിയാം
യുഗ സ്രഷ്ടാവ്, കേരള നവോത്ഥാന നായകൻ, സഭാസമുദ്ധാരകൻ എന്നിങ്ങനെയുള്ള പേരുകളിൽ പരക്കെ ആദരിക്കപ്പെടുന്ന ചാവറയച്ചൻ ഒരു പ്രകാശഗോപുരമായിരുന്നു. ആധ്യാത്മിക സേവനത്തിനോടൊപ്പം സ്‌കൂളുകളും പ്രസുകളും സ്ഥാപിച്ചു സാമൂഹിക വിപ്ലവം നടത്തിയ വ്യക്തി. അതിലുപരി മികച്ച സാഹിത്യകാരനും. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാരതീയ ഭാഷകൾക്കു പുറമെ സുറിയാനി, ലത
യുഗ സ്രഷ്ടാവ്, കേരള നവോത്ഥാന നായകൻ, സഭാസമുദ്ധാരകൻ എന്നിങ്ങനെയുള്ള പേരുകളിൽ പരക്കെ ആദരിക്കപ്പെടുന്ന ചാവറയച്ചൻ ഒരു പ്രകാശഗോപുരമായിരുന്നു. ആധ്യാത്മിക സേവനത്തിനോടൊപ്പം സ്‌കൂളുകളും പ്രസുകളും സ്ഥാപിച്ചു സാമൂഹിക വിപ്ലവം നടത്തിയ വ്യക്തി. അതിലുപരി മികച്ച സാഹിത്യകാരനും. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാരതീയ ഭാഷകൾക്കു പുറമെ സുറിയാനി, ലത്തീൻ, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതൻ. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായ അനസ്താസ്യയുടെ രക്ഷസാക്ഷിത്വത്തിന്റെ(1862) കർത്താവ് ഇങ്ങനെയെല്ലാം മലയാളിയുടെ നിലവാരമുയർത്താൻ പ്രയത്‌നിച്ച വ്യക്തിത്വമാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയമുയർത്തി ചാവറയച്ചൻ തുടങ്ങിയ നവോത്ഥാന മുന്നേറ്റമാണ് ആധുനിക കേരള സൃഷ്ടിയുടെ അടിത്തറ.
കുട്ടനാട്ടിലെ കൈനകരിയിൽ 1805 ഫെബ്രുവരി 10-നാണു വിശുദ്ധ ചാവറയച്ചൻ ജനിച്ചത്. ചാവറ കുടുംബത്തിലെ കുര്യാക്കോസും തോട്ടയ്ക്കാട് ചോതിരക്കുന്നേൽ കുടുംബത്തിൽ നിന്നുള്ള മറിയവുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഒരു സഹോദരനും നാലു സഹോദരിമാരുമുണ്ടായിരുന്നു. അഞ്ചു വയസുമുതൽ കളരിയഭ്യാസം നടത്തി. അതിനിടെയിൽ ദൈവവിളി തിരിച്ചറിയാൻ കൊച്ചു കുര്യാക്കോസിനായി. പതിമ്മൂന്നു വയസുള്ളപ്പോൾ കൊച്ചു കുര്യക്കോസ് പള്ളിപ്പുറം സെമിനാരിയിൽ ചേർന്നു പാലയ്ക്കൽ തോമാച്ചന്റെ ശിക്ഷണം സ്വീകരിച്ചു. ഇതിനിടയിൽ കുട്ടനാട്ടിലുണ്ടായ പകർച്ചവ്യാധിമൂലം തന്റെ മാതാപിതാക്കളെയും ഏക സഹോദരനെയും നഷ്ടപ്പെട്ടത്. കുടുംബം നിലനിർത്താൻ വൈദിക പഠനം ഉപേക്ഷിക്കണമെന്ന ബന്ധുക്കളുടെ നിർബന്ധം സ്വീകരിച്ചില്ല. വീട്ടുതങ്കലിലുമായി. പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് സമിനാരിയിലേക്കു തന്നെ മടങ്ങി. ആ യാത്രയാണ് വിശുദ്ധ പദവിവരെ എത്തിച്ചതും.
24-ാമത്തെ വയസിൽ വൈദികനായി അഭിഷിക്തനായി. മികച്ച വചനപ്രഘോഷകനും ആത്മീയ പാലകനുമായി തിളങ്ങി. തുടർന്ന് പാലയ്ക്കൽ മല്പാനച്ചനോടും പോരൂക്കര തോമാ മല്പാനച്ചനോടും ചേർന്ന് 1831 മെയ് 11-നു സി.എം.ഐ സന്യാസസഭയ്ക്കു മാന്നാനത്തു തുടക്കമിട്ടു. എന്നാൽ സഭ ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുൻപ്, 1841 ജനുവരി 16-നു പാലയ്ക്കലച്ചനും 1846 ജനുവരി 8-നു പോരൂക്കരയച്ചനും അന്തരിച്ചു. പിന്നീടു 1855 ഡിസംബർ എട്ടിന് അദ്ദേഹവും മറ്റു പത്തു വൈദികരും സന്യാസവ്രതാനുഷ്ഠാനം നടത്തി സി.എം.ഐ സഭ ഔദ്യോഗികപദവി നേടുന്നത്. അന്നു മുതൽ 1871 ജനുവരി മൂന്നിനു മരണമടയുന്നതുവരെ അദ്ദേഹമായിരുന്നു സഭയുടെ ഭരണാധികാരി. പ്രിയോർ ജനറാൾ എന്നതിന്റെ ചുരുക്കപ്പേരായ പ്രിയോർ എന്ന നാമത്തിലാണ് അന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സെമിനാരി നടത്തുന്നതിനോടൊപ്പം വൈദികർക്ക് ആത്മീയ ഉണർവ് നൽകുന്നതിനുള്ള സംരംഭങ്ങളും വിശുദ്ധ ചാവറയച്ചൻ ആരംഭിച്ചു. അതിന്റെ ഭാഗമായിട്ടു മാന്നാനം, എൽത്തുരുത്ത് എന്നീ ആശ്രമങ്ങളിൽ വച്ചു വൈദികർക്കു വാർഷികധ്യാനം നടത്തുവാൻ തുടങ്ങി. വെദികർക്കെന്നപോലെ ജനങ്ങൾക്കും ആധ്യാത്മിക വളർച്ചയുണ്ടാകുന്നതിനുവേണ്ടി ഇടവകകളിൽ പൊതുജനങ്ങൾക്കുള്ള ധ്യാനവും തുടങ്ങി. 1846-ൽ മാന്നാനത്ത് ഒരു സംസ്‌കൃതവിദ്യാലയം സ്ഥാപിച്ച് ചാവറയച്ചൻ പുതുചരിത്രം കുറിച്ചു. സവർണരെയും അവർണരെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കുവാൻ അദ്ദേഹം തയാറായപ്പോൾ കേരള നവോത്ഥാനത്തിനുള്ള വലിയ ഒരു കാൽവയ്പായി അതു മാറി. അതുവരെ മലയാളിക്ക് ചിന്തിക്കാൻ കഴിയാത്ത സാമൂഹിക വിപ്ലവം. മാന്നാനത്തെന്നപോലെ അദ്ദേഹം കുടമാളൂരും സ്‌കൂൾ സ്ഥാപിച്ചു.
സാർവത്രിക വിദ്യാഭ്യാസം എപ്പോഴും ലക്ഷ്യം വച്ചിരുന്ന വിശുദ്ധ ചാവറയച്ചൻ ആ രംഗത്തു വലിയൊരു വിപ്ലവം സൃഷ്ടിച്ചത് 1864-ൽ ആണ്. 'പള്ളിയോടൊപ്പം ഒരു പള്ളിക്കൂടം' എന്ന ആശയം മുന്നോട്ട് വച്ചു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്നു അന്ന് ചാവറയച്ചൻ. 1850-കളിൽ യൂണിവേഴ്‌സിറ്റി പോലെ ഉന്നതപഠനത്തിനുവേണ്ടിയുള്ള ഒരു പൊതുപഠനകേന്ദ്രവും അദ്ദേഹം വിഭാവനം ചെയ്തതുവെങ്കിലും അന്ന് അതു സഫലമായില്ല. ചാവറയച്ചനാൽ സ്ഥാപിതമായ സിഎംഐ സഭ അടുത്തകാലത്തു ബാംഗ്‌ളൂരിലെ ക്രൈസ്റ്റ് കോളജ് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയായി ഉയർത്തിയപ്പോൾ മാത്രമാണ് ആ ലക്ഷ്യം നേടാനായത്.
മാന്നാനത്തു 1846-ൽ ഒരു പ്രസും സ്ഥാപിച്ചു. വിദേശീയരുടെ കണ്ടുപിടിത്തമായ പ്രസ് വാങ്ങുവാൻ പണമില്ലാതിരുന്നതുകൊണ്ട് ഒരു നാടൻ പ്രസ് നിർമ്മിക്കുകയാണു ചെയ്തത്. തിരുവനന്തപുരത്തെ പ്രസ് കണ്ടതിനുശേഷം അതിന്റെ ഒരു മോഡൽ വാഴപ്പിണ്ടിയിൽ ഉണ്ടാക്കി ഒരു ആശാരിക്കു നൽകി. ആശാരിയുടെ സഹായത്തോടെ ചാവറയച്ചൻ നാടൻ പ്രസ് നിർമ്മിച്ചു. അങ്ങനെ അച്ചടി വിദ്യയുടെ തദ്ദേശവൽക്കരണത്തിന്റെ പിതാവായും ചാവറയച്ചൻ മാറി. അന്നു വിശുദ്ധ ചാവറയച്ചൻ നിർമ്മിച്ച പ്രസിൽ നിന്ന് ആദ്യം പുറത്തിറങ്ങിയതു ജ്ഞാനപീയുഷം എന്ന പ്രാർത്ഥനാപുസ്തകമായിരുന്നു. ഈ പ്രസിൽ നിന്നുതന്നെയാണ് 1887-ൽ കേരളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക 'നസ്രാണി ദീപിക' എന്ന പേരിൽ പുറത്തിറങ്ങിയത്. ചാവറയച്ചൻ പിൽക്കാലത്തു കൂനമ്മാവിലും പ്രസ് സ്ഥാപിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളും മഹത്തരമാണ്. ഗുരുവായിരുന്ന പാലയ്ക്കലച്ചനെക്കുറിച്ച് അദ്ദേഹം എഴുതിയ 'പാലയ്ക്കൽ തോമാ കത്തനാരുടെ ചരിത്രം' ആണ് ഒരു മലയാളിയെക്കുറിച്ചു മറ്റൊരു മലയാളി എഴുതിയ ആദ്യത്തെ ജീവചരിത്രം. ആത്മാനുതാപം, മരണവീട്ടിൽ പാടുവാനുള്ള പാന എന്നവിയിലൂടെ കവിയെന്ന നിലയിലും മികവ് കാട്ടി. കുടുംബങ്ങളിലെ അംഗങ്ങൾക്കു മാർഗനിർദ്ദേശം നൽകുന്ന 'ഒരു നല്ല അപ്പന്റെ ചാവരുൾ'. ധ്യാനസല്ലാപങ്ങൾ, നാളാഗമങ്ങൾ, തിരുക്കർമ്മാചാരനുഷ്ഠാനങ്ങൾ വിവരിക്കുന്ന തൂക്കാസ, മരിച്ചവർക്കുള്ള ഒപ്പീസ്, ലിറ്റർജിക്കൽ കലണ്ടർ, കത്തുകൾ എന്നിവ അദ്ദേഹത്തിന്റെ രചനകളിൽ ഉൾപ്പെടുന്നു.
പ്രസാധനരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ പുതിയ പാതകൾ വെട്ടിത്തുറന്ന ചാവറയച്ചൻ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ ശ്രദ്ധിച്ചിരുന്നു. സ്ത്രീകൾക്കുവേണ്ടി ഒരു സന്യാസസഭ സ്ഥാപിക്കണമെന്നു ചാവറയച്ചനു നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ലെയോപ്പോൾഡ് മിഷണറിയുടെ സഹായത്തോടെ 1866 ഫെബ്രുവരി 13-നു കൂനമ്മാവിൽ അദ്ദേഹം ഒരു മഠം സ്ഥാപിച്ചു. ഈ തുടക്കത്തിൽ നിന്നാണു വിശുദ്ധ എവുപ്രാസ്യാമ്മ അംഗമായിരിക്കുന്ന സി.എം.സി സന്യാസസമൂഹം 6500 അംഗങ്ങളുള്ള വലിയ സന്യാസസഭയായി വളർന്നു പന്തലിച്ചത്. കേരളത്തിലെ ആദ്യത്തെ അഗതിമന്ദിരം 1869-ൽ കൈനകരിയിൽ സ്ഥാപിച്ചതും ചാവറയച്ചൻ.
കത്തോലിക്കാസഭയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കുന്നതിലും വിട്ടുവീഴ്ച വരുത്തിയില്ല. കേരള സുറിയാനിക്കത്തോലിക്കരെ പിളർപ്പിലേക്കു നയിക്കുവാൻ ശ്രമിച്ച വിദേശിയായ റോക്കോസ് മെത്രാനെതിരായി ചാവറയച്ചൻ ശക്തമായി പോരാടിയത്. വിശുദ്ധ ചാവറയച്ചന്റെ സമയോചിതമായ ഇടപെടൽ മൂലമായിരുന്നു റോക്കോസ് മെത്രാൻ ജന്മനാട്ടിലേക്കു തിരികെപ്പോയതും സുറിയാനിക്കത്തോലിക്കരുടെയിടയിലെ പിളർപ്പ് ഒഴിവായതും. 1871 ജനുവരി മൂന്നിന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആശ്രമത്തിൽ വച്ച് ചാവറയച്ചൻ മരിച്ചു.
ചാവറയച്ചന്റെ വിശുദ്ധിയെക്കുറിച്ചു പൊതുജനങ്ങളുടെയിടയിലുണ്ടായിരുന്ന മതിപ്പും അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം മൂലം ലഭിച്ച നിരവധി അനുഗ്രഹങ്ങളുമാണ് അദ്ദേഹത്തിന്റെ നാമകരണനടപടികൾ തുടങ്ങുവാൻ സഭയെ പ്രേരിപ്പിച്ചത്. 1936 ഡിസംബർ 21-നായിരുന്നു സി.എം.ഐ സഭാതലത്തിൽ ഇതിനുള്ള തീരുമാനം എടുത്തത്. നാമകരണനടപടികൾ ആരംഭിക്കുവാനുള്ള അനുവാദം റോമിൽനിന്നു ലഭിച്ചതു 1955 ഡിസംബർ ഒമ്പതിനായിരുന്നു. നാമകരണ നടപടികളുടെ ഭാഗമായി 1958 ജനുവരി മൂന്നിനു ചാവറയച്ചനെ ദൈവദാസനായും 1984 ഏപ്രിൽ ഏഴിനു ധന്യനായും 1986 ഫെബ്രുവരി എട്ടിനു വാഴ്‌ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലെത്താൻ അത്ഭുതം സംഭവിക്കണമായിരുന്നു. അതും നടന്നു. ചാവറയച്ചനോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയുടെ ഫലമായി പാലാ കൊട്ടാരത്തിൽ ജോസിന്റെയും മേരിയുടെയും മകൾ മരിയയുടെ രണ്ടു കോങ്കണ്ണുകളും നേരെയായി എന്നതായിരുന്നു അദ്ഭുതം.
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സാക്ഷിപത്രങ്ങളോടെയുള്ള ഒരു അപേക്ഷ സി.എം.ഐ സഭയുടെ അന്നത്തെ പോസ്റ്റലേറ്ററായിരുന്ന ഫാ.സെബാസ്റ്റ്യൻ ആത്തപ്പിള്ളി പാലാ രൂപതയുടെ മെത്രാന്മാർ ജോസഫ് കല്ലറങ്ങാട്ടിനു സമർപ്പിച്ചു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ഒരു ട്രിബ്യൂണൽ സ്ഥാപിക്കുകയും അതിന്റെ പ്രവർത്തനം 2010 ജൂലൈ 16-ന് ആരംഭിക്കുകയും ചെയ്തു. ഒരു വർഷം നീണ്ടുനിന്ന സാക്ഷിവിസ്താരത്തിനും പഠനത്തിനും ശേഷം ട്രിബ്യൂണലിന്റെ വിധി തയാറായി. ട്രിബ്യൂണലിൽ സമർപ്പിക്കപ്പെട്ട നാൽപത്തിനാലു സാക്ഷിപത്രങ്ങളോടും മറ്റു രേഖകളോടുമൊപ്പം ട്രിബ്യൂണലിന്റെ വിധി അടങ്ങുന്ന റിപ്പോർട്ട് പുതിയ പോസ്റ്റുലേറ്റർ ജനറാൾ ഫാ.ചെറിയാൻ തുണ്ടുപറമ്പിൽ 2011 സെപ്റ്റംബർ ആറിനു റോമിൽ സമർപ്പിച്ചു.
ഈ റിപ്പോർട്ട് അനുബന്ധ രേഖകളോടുമൊപ്പം രണ്ടു വിദഗ്ധ ഡോക്ടർമാർ ഓരോരുത്തരായി പരിശോധിച്ചു. അവരുടെ അംഗീകാരത്തെത്തുടർന്നു റിപ്പോർട്ട് ആറ് അംഗങ്ങളുള്ള മെഡിക്കൽ ബോർഡിനു 2013 സെപ്റ്റംബർ 13-നു സമർപ്പിച്ചു.
മരിയയുടെ കോങ്കണ്ണു നേരെയായതു വൈദ്യശാസ്ത്രത്തിനു മനസിലാക്കുവാൻ സാധിക്കാത്ത ഒരു അദ്ഭുതമാണെന്നു മെഡിക്കൽ ബോർഡിലെ വിദഗ്ധരായ ആറു ഡോക്ടർമാരും ഏകകണ്ഠമായി വിധിയെഴുതി. ഈ കണ്ടെത്തൽ കർദ്ദിനാളന്മാരുടെ പ്ലീനറി അസംബ്ലി 2014 മാർച്ച് 18-ന് ഔദ്യോഗികമായി അംഗീകരിച്ചു. കർദ്ദിനാളന്മാരുടെ പ്ലീനറി അസംബ്ലി അംഗീകരിച്ചു തയാറാക്കിയ ഡിക്രി 2014 ഏപ്രിൽ മൂന്നിനു ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചതോടെയാണ് വാഴ്‌ത്തപ്പെട്ട ചാവറയച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്.
ചാവറയച്ചൻ ജീവിത രേഖ
10.02.1805-കൈനകരി ചാവറ കുടുംബത്തിൽ ജനനം.
18.02.1805- ജ്ഞാനസ്‌നാനം- ചേന്നങ്കരി പള്ളിയിൽ
1815 പള്ളിപ്പുറം പള്ളിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു.
1817 അപ്പനും അമ്മയും ഏക സഹോദരനും മരിച്ചു.
1829 പൗരോഹിത്യ സ്വീകരണം- അർത്തുങ്കൽ വിശുദ്ധ അന്ത്രയോസിന്റെ പള്ളിയിൽ .
29.11.1829- നവപൂജാർപ്പണം. ചേന്നങ്കരി പള്ളിയിൽ
12.05.1831-ഭാരതത്തിലെ പ്രഥമ സന്യാസസഭ (സി.എം.ഐ) സ്ഥാപനം
1832 തെക്കൻ പള്ളിപ്പുറത്ത് വികാരി
1833 മാന്നാനത്ത് വൈദിക സെമിനാരി സ്ഥാപിച്ചു
1840 സി.എം.ഐ സഭയുടെ പ്രിയോർ ജനറാൾ
1840 ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ പ്രസ് മാന്നാനത്തു സ്ഥാപിച്ചു
1855 മാന്നാനത്ത് ആദ്യത്തെ 11 വൈദികരുടെ സന്യാസ വ്രതാനുഷ്്ഠാനം
1857 സി.എം.ഐ സഭയുടെ ശാഖാഭവനങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിച്ചു.
1861 കേരള സഭയുടെ വികാരി ജനറാൾ
1861 റോക്കോസ് ശീശ്മയ്‌ക്കെതിരേയുള്ള പ്രവർത്തനങ്ങൾ.
1862 കേരള സഭയുടെ ആരാധനാക്രമങ്ങളെ ക്രമീകരിച്ചു
1864 കേരളത്തിലെ പ്രഥമ കത്തോലിക്കാ പ്രൈമറി സ്‌കൂൾ മാന്നാനത്തു സ്ഥാപിച്ചു.
1864 കേരളത്തിലെ ആദ്യത്തെ ഉപവിശാലകൈനകരിയിൽ തുടങ്ങി.
1864 കൂനമ്മാവിൽ സി.എം.ഐ സഭയുടെ ഭവനം ആരംഭിച്ചു
1866 ഭാരതത്തിലെ ആദ്യത്തെ സന്യാസിനി സഭ (സി.എം.സി) കൂനമ്മാവിൽ തുടങ്ങി.
1866 നാല്പതു മണി ആരാധന കൂനമ്മാവിൽ തുടങ്ങി
03.01.1871-കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആശ്രമത്തിൽ മരിച്ചു. അവിടെ സംസ്‌കരിച്ചു
24.05.1889- പൂജ്യാവശിഷ്്ടങ്ങൾ മാന്നാനം ആശ്രമ ദേവാലയത്തിൽ കൊണ്ടുവന്നു സംസ്‌കരിച്ചു.
1936 നാമകരണ നടപടികൾ തുടങ്ങണമെന്ന് സി.എം.ഐ സഭ മാർപാപ്പയോട് അപേക്ഷിച്ചു
1957 ചങ്ങനാശേരി അതിരൂപത നാമകരണ നടപടികൾ തുടങ്ങി.
07.04.1984 ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചു
08.02.1986- ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
30.12.1987- ചാവറ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി.