ബ്രിസ്‌ബേൻ: എട്ടാം വയസിൽ സ്‌കൂളിൽ അരങ്ങേറിയ ഒരു പ്രസംഗ മത്സരം ഡാനിയെന്ന മലയാളിക്കുട്ടിയെ ഇത്രമാത്രം പ്രശസ്തനാക്കുമെന്ന് ആരും കരുതിയില്ല. അന്നേവരെ സ്റ്റേജിൽ കയറിയിട്ടില്ലാത്ത കുട്ടി പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവുമായി വീട്ടിലെത്തിയതോടെ അവന്റെ അച്ഛൻ അവനെ പ്രസംഗ കലയുടെ ലോകത്തേക്ക് പിടിച്ചുയർത്തുകയായിരുന്നു. വലിയ സദസിനോടു പോലും അങ്കലാപ്പില്ലാതെ അവൻ സംവദിക്കുമെന്ന് ഉറപ്പായതോടെ പിതാവ് ബ്ലെസൻ അവനെ പ്രസംഗകലയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു. അതു തന്നെയാണ് ഡാനി ബ്ലെസൻ എന്ന പന്ത്രണ്ടുകാരന് ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിലെ ബാറ്റൺ റിലേയിൽ ബാറ്റൺ ബെയററാകാനുള്ള ഭാഗ്യവും കൊണ്ടുവന്നിരിക്കുന്നത്.

ഓസ്‌ട്രേലിയയിലുള്ള ഫുഡ് ബാങ്ക് എന്ന സംഘടനയുടെ ക്യൂൻസ് ലാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നതിനിടെ ഈ വർഷത്തെ കോമൺ വെൽത്ത് ഗെയിംസിന്റെ ബാറ്റൺ ബെയറർ ആകുന്നതിന്റെ ആവേശം കൂടി ഡാനിക്കുണ്ട്. ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനോടനുബന്ധിച്ചുള്ള ബാറ്റൺ റിലേയിൽ ബാറ്റൺ ബെയറർ ആകാനുള്ള ഭാഗ്യമാണ് ഡാനിക്ക് ലഭിച്ചിരിക്കുന്നത്. 100 ദിവസത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ 3800 പേരാണ് ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നുള്ള ബാറ്റൺ റിലേയിൽ പങ്കാളികളാകുന്നത്. അതിൽ പൈൻ റിവർ റെസിഡന്റ്‌സിനെ പ്രതിനിധീകരിച്ചു കൊണ്ട് ബാറ്റൺ ബെയററാകുന്ന രണ്ടുപേരിൽ ഒരാളാണ് ഡാനി ബ്ലെസൺ. അങ്ങനെ ലോകത്തിന്റെ വിശപ്പ് മാറ്റുന്നതിനുള്ള ബാറ്റൺ തന്റെ കൈവശം വന്നു ചേർന്നിരിക്കുന്ന ആവേശത്തിലാണ് പന്ത്രണ്ടുകാരനായ ഡാനി.

ഒരു കമ്യൂണിറ്റി ഹീറോ എന്ന നിലയിലേക്ക് വളർന്ന ഡാനിക്ക് പൈൻ റിവർ റെസിഡന്റ്‌സ് നൽകുന്ന അംഗീകാരം കൂടിയാണ് ബാറ്റൺ ബെയറർ ആകുകയെന്നത്. തന്റെ വാക്കുകൾ ഒട്ടേറെപ്പേർക്ക് പ്രചോദനമാകുന്നുവെങ്കിൽ അത് തന്റെ ജീവിതലക്ഷ്യമാകുന്നുവെന്നാണ് ഡാനി കരുതുന്നത്. ലോകത്തിന്റെ വിശപ്പ് മാറ്റാനുള്ള തന്റെ പ്രഘോഷണത്തിന് ലഭിച്ച അംഗീകാരമായാണ് ഡാനി ബാറ്റൺ ബെയറർ ആകാനുള്ള തന്റെ ഉദ്യമത്തെ കാണുന്നത്. അതുകൊണ്ടു തന്നെ മാർച്ച് 30ന് നടക്കുന്ന ബാറ്റൺ റിലേയിൽ ഡാനി ഒരു ലാപ്പ് ബാറ്റൺ പിടിച്ച് ഓടും.

എട്ടാം വയസിൽ തുടങ്ങിയ ഒരു പ്രസംഗം ഇപ്പോഴും ഡാനി തുടർന്നു കൊണ്ടിരിക്കുന്നു. മുൻപ് പഠിച്ചിരുന്ന ഈറ്റൺ ഹിൽ സ്റ്റേറ്റ് സ്‌കൂൾ ക്യാപ്റ്റൻ പദവിയും ഡാനിക്ക് നേടിക്കൊടുത്തത് ഈ പ്രസംഗ പാടവും തന്നെ. മകന്റെ പ്രസംഗ പാടവം മനസിലാക്കിയതോടെ ബ്ലെസൻ ആദ്യം ചെയ്തത് ഡാനിയുടെ ഏതാനും പ്രസംഗം യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭക്ഷ്യക്ഷാമത്തെക്കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും ഡാനി നടത്തിയ പ്രസംഗം കേൾക്കാനിടയായി ഫുഡ് ബാങ്ക് എന്ന ചാരിറ്റി സംഘടന് ഇവരെ സമീപിക്കുകയായിരുന്നു. പിന്നീട് ഫുഡ് ബാങ്കിന്റെ ക്യൂൻസ് ലാൻഡ് അംബാസഡറായി മാറുകയായിരുന്നു ഡാനി.

തന്റെ പ്രസംഗമികവിലൂടെ ഡാനി തന്റെ പ്രായത്തിലുള്ള കുട്ടികളെ ലോകത്തിലെ ദാരിദ്ര്യത്തെകുറിച്ചും ഭക്ഷ്യക്ഷാമത്തെക്കുറിച്ചും ഉദ്‌ബോധിപ്പിക്കാൻ സാധിച്ചു എന്നതാണ് ഫുഡ് ബാങ്ക് സംഘാടകർക്കും ഡാനിയെ പ്രിയങ്കരനാക്കുന്നത്. ഒമ്പതു വയസുള്ളപ്പോൾ തന്നെ ഹൈസ്‌കൂൾ വിദ്യാർത്ഥികളോട് ഇക്കാര്യത്തെ കുറിച്ച് സംവദിക്കാനും ആയിരക്കണക്കിനാൾക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കാനും ഈ കൊച്ചുമിടുക്കന് സാധിച്ചു.

ഫുഡ് ബാങ്ക് നടത്തുന്ന സ്‌കൂൾ കാൻ ഡ്രൈവിലും സജീവ പ്രവർത്തകനാണ് ഡാനി. വിവിധ സ്‌കൂളുകളിൽ പോയി ബോധവത്ക്കരണം നടത്തി ഈയൊരു വലിയ പ്രശ്‌നത്തെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുക കൂടിയാണ് ഡാനി ചെയ്യുന്നത്.

2015-ൽ ബ്രിസ്‌ബേൻ പാർലമെന്റ് അനക്‌സിൽ നടന്ന യുണൈറ്റഡ് നേഷൻസ് യൂത്ത് വിങ് ക്യൂൻസ്ലാൻഡ് പബ്ലിക് സ്പീക്കിങ് കോംപറ്റീഷൻ ഗ്രാൻഡ് ഫിനാലേയിൽ മുഖ്യപ്രഭാഷണം നടത്താനും ഡാനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഡാനിയുടെ മാതാപിതാക്കളായ ബ്ലെസനും സിലിയും കേരളത്തിലാണ് ജനിച്ചു വളർന്നതെങ്കിലും യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 2011-ൽ കുടിയേറുകയായിരുന്നു. യുകെയിൽ ജനിച്ച് ഓസ്‌ട്രേലിയയിൽ വളരുന്ന ഡാനിക്കും സഹോദരൻ നോയലിനും ദാരിദ്ര്യത്തെക്കുറിച്ചും കേട്ടറിവു പോലുമില്ലായിരുന്നു. എന്നാൽ പ്രസംഗത്തിന് തയ്യാറെടുക്കവേ ലോകത്തിലെ ദാരിദ്ര്യത്തെകുറിച്ച് യൂട്യൂബ് വീഡിയോ കണ്ട ഡാനി അസ്വസ്ഥനാകുകയും പിന്നീട് ഇതിനെതിരേ പോരാടുവാൻ ഇറങ്ങിത്തിരിക്കുകയുമായിരുന്നു. ഇന്ന് ഈ പ്രായത്തിലുള്ള മറ്റാരേക്കാളും ഡാനിക്ക് അറിയാം, ദാരിദ്ര്യത്തിന്റെ പൊള്ളുന്ന സത്യങ്ങൾ. അത് തന്റെ സഹപാഠികളിൽ, സമപ്രായക്കാരിൽ എല്ലാം എത്തിച്ചുകൊടുക്കാൻ ശ്രമിക്കുകയാണ് ഈ ഏഴാംക്ലാസുകാരൻ.

മുതിർന്നവർ പറയുന്നതിനേക്കാളും, കുട്ടികൾ ഇക്കാര്യത്തെകുറിച്ച് പറയുമ്പോൾ ശ്രോതാക്കൾക്ക് അത് മനസിൽ പതിയുന്നുവെന്നാണ് ജെനസിസ് ക്രിസ്ത്യൻ കോളജിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡാനി വ്യക്തമാക്കുന്നത്. കുട്ടികളിലൂടെ എത്തുന്ന സന്ദേശങ്ങൾ മുതിർന്നവരുടെ മനസിൽ തങ്ങിനിൽക്കുകയും ചെയ്യുമെന്ന് ഡാനി അനുഭവത്തിലൂടെ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിൽ മാത്രമല്ല ഡാനിയുടെ പ്രസംഗമികവ് എത്തിയിട്ടുള്ളത്. കോട്ടയത്ത് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബിലും ഈ കൊച്ചുമിടുക്കൻ പ്രസംഗിച്ചിട്ടുണ്ട്. ഡാനിയിലെ പ്രാസംഗികനെ താൻ കണ്ടെത്തുക മാത്രമായിരുന്നുവെന്ന് പിതാവ് ബ്ലെസൻ പറയുന്നു. ഡാനിയുടെ ഈ കഴിവ് അവന്റെ മുത്തച്ഛനിൽ നിന്നു പകർന്നു കിട്ടിയതാണെന്നാണ് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബ്ലെസൻ-ടിലി ദമ്പതികളുടെ മകനായ ഡാനി മികച്ചൊരു ക്രിക്കറ്റർ കൂടിയാണ്. സഹോദരൻ നോയൽ  മൂന്നാം ക്ലാസിൽ പഠിക്കുന്നു. ബ്ലെസൻ ഫാർമസിസ്റ്റും സിലി നഴ്‌സുമാണ്.

ദുഃഖവെള്ളിയാഴ്ച അര കിലോമീറ്ററോളം ദൂരം കോമൺ വെൽത്ത് ഗെയിം ബാറ്റൺ പിടിച്ച് ഓടുമ്പോൾ ഡാനിക്ക് അത് തന്റെ സമപ്രായക്കാരോട് തന്റെ സന്ദേശത്തിന്റെ ബാറ്റൺ കൈമാറൽ കൂടിയാണ്. പന്ത്രണ്ടു വയസുള്ള തനിക്ക് ലോകത്തിൽ ഇതൊക്കെ ചെയ്യാമെങ്കിൽ എന്തുകൊണ്ട് മറ്റുള്ളവർക്കും ആയിക്കൂടാ എന്നുള്ള ചോദ്യം കൂടിയുണ്ട് ഡാനിയുടെ ചെയ്തികളിൽ....ഇനിയും ലോകം കാത്തിരിക്കുന്നത് ഡാനിയുടെ വാക്കുകൾക്കാണ്...ഇതൊരു ചെറിയ തുടക്കം മാത്രം.