ലണ്ടൻ: ചെമ്മനം ചാക്കോ സാറിന്റെ മമ്മി എന്ന ഹൃദയഹാരിയായ കവിത ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ചൊല്ലിപ്പഠിച്ച് എത്തിയവരാണ് യുകെയിലെ നവമലയാളി തലമുറ. ചെമ്മനം ചാക്കോ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാള പാഠവലിയിലെ മമ്മി എന്ന കവിത വായിച്ച ഓർമ്മ വരാത്ത ഒരാൾ പോലും ഉണ്ടാകില്ല. അത്ര വശ്യവും ലളിതവും ആയി ഗഹന ഗംഭീരമായ ഒരു ആശയമാണ് കവി അക്ഷരങ്ങളിൽ കോറിയിട്ടത്.

 

കവിയുടെ വംശാവലിയിലെ ഇളമുറക്കാരിയായ വൂസ്റ്ററിലെ ദിയ ദിനു അമ്പരപ്പിക്കുന്ന ആലാപന ശൈലിയുമായി കഴിഞ്ഞ ദിവസം ബർമിങ്ഹാമിൽ സട്ടൻ കോൾഫീൽഡ് ടൗൺ ഹാളിൽ കഴിഞ്ഞ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആൽബമായ മോനയിലെ how far I'll go എന്ന ഗാനം ആലപിച്ചപ്പോൾ പോപ് സംഗീത ശാഖയ്ക്ക് മലയാളി ശബ്ദവും രുചിക്കും എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുക ആയിരുന്നു.

ലിൻ മാനുവൽ മിറിണ്ടാ എഴുതിയ ഈ ഗാനം ഫൈനൽ വേദിയിൽ പാടാൻ തിരഞ്ഞെടുത്തതും ദിയ തന്നെയാണ്. കഴിഞ്ഞ വർഷം മികച്ച പോപ് ഗണത്തിലുള്ള അക്കാദമി അവാർഡ് ലഭിച്ചതും ഈ പാട്ടിനാണ്. ദിയയുടെ പാട്ടിനു ശേഷം ഒട്ടേറെ പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാൻ എത്തിയത്. വിജയി ആകാൻ കഴിഞ്ഞില്ലെങ്കിൽ പോലും ദിയയുടെ പാട്ടു മനസ്സിൽ ഉണ്ടായിരിക്കും എന്ന കാണികളുടെ വാക്കിനേക്കാൾ വലിയൊരു സമ്മാനം ഗായിക എന്ന നിലയിൽ ദിയയ്ക്കു ലഭിക്കാനുമില്ല.

ബ്രിട്ടനിലെ യുവ മലയാളി തലമുറയ്ക്ക് പോപ് ഗാനരംഗത്തു വഴി തുറന്നിട്ടിരിക്കുകയാണ് ദിയ വർഗീസ്. ദിയയുടെ സംഗീത അഭിരുചിക്കു കുടുംബത്തിൽ ആരെങ്കിലും കാരണമായിരിക്കുമോ എന്ന അന്വേഷണം നടത്തിയപ്പോൾ തന്റെയും ഭാര്യയുടെയും വീടുകളിൽ പാട്ടുകാർ ആരും ഇല്ലെന്നായിരുന്നു ദിയയുടെ പപ്പാ ദിനു വർഗീസിന്റെ മറുപടി.

എന്നാൽ ചെമ്മനം വീട്ടുപേര് ആണെങ്കിൽ ചെമ്മനം ചാക്കോ ആരെന്ന് അന്വേഷിച്ചിപ്പോളാണ് കുടുംബ താവഴിയിലെ കരണവരിൽ ഒരാളായ ചാക്കോ സാറിന്റെ കാര്യം ഓർമ്മിച്ചെടുത്തത്. മലയാളിയുടെ കാവ്യശാഖയ്ക്കു ആക്ഷേപ ഹാസ്യവും ഇണങ്ങും എന്ന് തെളിയിച്ചു വിശ്രമ ജീവിതം നയിക്കുന്ന ചാക്കോ സാറിനു തന്റെ ഇളമുറക്കാരി ബ്രിട്ടനിൽ പാട്ടുവസന്തം സൃഷ്ടിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്ത ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.

തനത് ഇംഗ്ലീഷ് ഉച്ചാരണം വേണ്ടത്ര വഴങ്ങില്ല എന്ന ധാരണയിൽ തലമുറകൾ പാശ്ചാത്യ നാടുകളിൽ ജീവിച്ചാലും മലയാളി കുട്ടികൾ ഗാനശാഖയിൽ കഴിവ് തെളിയിക്കുന്നത് അപൂർവമാണ്. ദിയയെ സംബന്ധിച്ചിടത്തോളം ജന്മനാ ലഭിച്ച പ്രതിഭയുടെ മാറ്റുരയ്ക്കൽ മാത്രമാണ് ഗായികയാകാൻ ഉള്ള വഴിയെന്നും തിരിച്ചറിഞ്ഞത് മറ്റാരുമല്ല, സ്വന്തം പിതാവ് തന്നെയാണ്.

നന്നേ ചെറുപ്പത്തിൽ തന്നെ പാട്ടുകൾ കേൾക്കുമ്പോൾ മൂളിത്തുടങ്ങിയ ദിയയ്ക്കു കഴിഞ്ഞ നാല് വർഷമായി ബ്രിട്ടീഷ് പോപ് ഗായികയായി പേരെടുത്ത മെർലിൻ മീറ്റിൽഡായാണ് പരിശീലനം നൽകുന്നത്. മകൾ പാട്ടു പാടുന്നതിൽ ആകൃഷ്ടനായ ദിനു വർഗീസ് യു ട്യൂബിലും മറ്റും തിരഞ്ഞു പാട്ടുകൾ നൽകിയത് ദിയയുടെ പാടാനുള്ള അഭിവാഞ്ജ വളർത്തുക ആയിരുന്നു. എത്ര ചെറിയ സദസ്സിലും മടിയില്ലാതെ പാടാൻ തയ്യാറാകുന്ന ദിയ തന്നിൽ ഒരു കലാകാരി ഉണ്ടെന്നും മടിപിടിച്ചിരുന്നാൽ തന്റെ അവസരങ്ങൾ ഇല്ലാതാകും എന്ന് നന്നേ ചെറുപ്പത്തിൽ തിരിച്ചറിഞ്ഞത് തന്നെയാണ് വഴിത്തിരിവായി മാറുന്നതും. ബ്രിട്ടൺ ഡെസ് വെറൈറ്റി ബ്രിട്ടീഷ് പോപ് ഗായകരെ സൃഷ്ടിക്കുന്നതിനുള്ള ആദ്യ പടിയാണ്. ഇത്തവണ നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹതാ നേടിയ 40 യുവ ഗായകരിൽ ഏക ഇന്ത്യൻ വംശജ ദിയ വർഗീസ് ആണെന്നത് തന്നെ ഈ മത്സര വേദിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

വൂസ്റ്റർ നന്നാറി വുഡ് ഹൈ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയയ്ക്കു പാട്ടിന്റെ വഴിയിൽ ഏറെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം. സ്‌കൂൾ നാടക സംഘത്തിലെ അംഗം കൂടിയായ ദിയയുടെ നാടകങ്ങൾ പലവട്ടം പ്രൊഫഷണൽ തിയറ്റർ വേദികളിൽ അരങ്ങേറിയിട്ടുണ്ട്. അടുത്തിടെ യോർക്കിൽ നടന്ന ഓർത്തോഡോക്‌സ് സഭ ഫാമിലി കോൺഫ്രൻസിൽ ദിയ പാടിയ ദി ക്ലൈംബ് എന്ന ഗാനം ഏറെപ്പേരുടെ പ്രശംസ നേടിയിരുന്നു.

പാട്ടും നാടകത്തിനും ഒപ്പം വയലിൻ കൂടി പഠിക്കുന്ന ദിയ കായിക രംഗത്തും സജീവമാണ്. ബാഡ്മിന്റൺ ആണ് സ്‌പോർട്‌സിൽ ദിയയുടെ ശ്രദ്ധ. പെരുവ ചെമ്മനം കുടുംബാംഗം ആയ ദിനു വർഗീസിന്റെയും ജോബി ദിനുവിന്റെയും മൂത്ത മകളാണ് ദിയ. വൂസ്റ്റർ റോയൽ ഹോസ്പിറ്റൽ ഐടയു വിഭാഗം നഴ്‌സാണ് ജോബി. ആറാം ക്ലാസുകാരി നേഹയും നേഴ്‌സറി വിദ്യാർത്ഥിനി നിതയുമാണ് ദിയയുടെ സഹോദരിമാർ.