കൊല്ലം: കൊല്ലത്ത് മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം വരുത്തുകയും ചെയ്ത വനിതാ ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് അവരുടെ ഭർത്താവ് രംഗത്തെത്തി. കൊല്ലം അസീസിയ കോളേജിലെ ഡോക്ടറായ രശ്മി പിള്ളയെ ആണ് ഇന്നലെ അറസ്റ്റു ചെയ്തത്. മൂന്ന് പേർക്ക് പരിക്കുണ്ടാക്കുകയും മണിക്കൂറുകളോളം ഗതാഗത തടസത്തിന് കാരണക്കാരിയുമായി രശ്മി പിള്ളയ്ക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഭർത്താവാണ്. 25 ലക്ഷം രൂപ നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന ആരോപണവമാണ് രശ്മി പിള്ളക്കെതിരെ ഉയർന്നിരുന്നത്.

രശ്മിയുടെ ഭർത്താവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കരുനാഗപ്പള്ളി കുറ്റിവട്ടം കൊക്കാരിക്കൽ അഡ്വ:സുനിലാണ് ഈ ആരോപണം ഉന്നയിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ വക വരുത്തുവാൻ രശ്മി ശ്രമിച്ചത്. ഇതിനായി കൊല്ലത്തെ ഒരു പ്രമുഖ കൊട്ടേഷൻ സംഘത്തിനായി പണമിടപാടും നടത്തിയെന്നാണ് വെളിപ്പെടുത്തൽ.

ഇത് രഹസ്യമായി അറിഞ്ഞ ഉടൻ പൊലീസിൽ പരാതിപ്പെടുകയും ഹൈക്കോടതിയിൽ നിന്നും പൊലീസ് പ്രൊട്ടക്ഷനും വാങ്ങി. ഇതോടെ ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് സുനിൽ ഇതേക്കുറിച്ച് മറുനാടനോട് പറഞ്ഞു. തന്നെ വക വരുത്തുവാൻ കഴിയാതിരുന്നതിനാൽ രണ്ട് മക്കളിൽ ഒരാളായ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മകനെ കൊട്ടേഷൻ സംഘവുമായി ചേർന്ന് അപായപ്പെടുത്തുവാനും ശ്രമിച്ചു. എന്നാൽ നിസ്സാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ മക്കൾ ഹൈക്കോടതിയിൽ പോയി പൊലീസ് പ്രൊട്ടക്ഷൻ വാങ്ങിയിരിക്കുകയാണ്.

2003 ൽ സുനിലും ഭാര്യാ പിതാവ് ഗോപിനാഥൻ പിള്ളയും നാഷണൽ ഹൈവേയ്ക്ക് സമീപം കുറ്റിവട്ടത്ത് ഇരുവരുടേയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കുന്നത്. ഇതിനായി മുഴുവൻ തുകയും ചെലവാക്കിയത് സുനിലായിരുന്നു. എന്നാൽ പമ്പ് ഭാര്യ രശ്മിയുടെ പേരിലാണ് കരാറെഴുതിയത്. പമ്പ് തുടങ്ങി രണ്ട് വർഷം കഴിഞ്ഞതോടെ ഇരുവരുടേയും ദാമ്പത്യത്തിൽ വിള്ളലുണ്ടായി. പമ്പിന്റെ ചുമതല തനിക്ക് വേണമെന്നാവശ്യവുമായി രശ്മി മുന്നോട്ട് വന്നതാണ് കാരണം. ഇതോടെ മാനസികമായി അകന്നതോടെ രശ്മി സ്വന്തം വീട്ടിൽ പോയി നിൽക്കുകയായിരുന്നു. പിന്നീട് കോടതി ഉത്തരവിൽ രശ്മി പമ്പ് പിടിച്ചെടുക്കുകയായിരുന്നു.  ഇപ്പോൾ പമ്പിലെ വരുമാനം കൈകാര്യം ചെയ്യുന്നത് രശ്മി മാതാപിതാക്കളുമാണ്. പമ്പ് നിൽക്കുന്ന സ്ഥലം സ്വന്തമാക്കാനാണ് രശ്മി ഇത്തരത്തിൽ കൊട്ടേഷൻ നൽകിയത്. ഇതിനെതിരെ ചവറ പൊലീസിലും കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്കും സുനിൽ പരാതി നൽകിയിട്ടുണ്ട്.

രശ്മി കഴിഞ്ഞ വർഷമാണ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നും ഡെന്റലിൽ പി.ജി എടുത്തത്. ഏറെ നാളായി ഇവർ മദ്യത്തിനടിമയായിരുന്നു എന്ന് സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. യുവാക്കൾക്കിടയിൽ ഇവർ 'ഡോക്ടർ ആന്റി' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

കൊല്ലത്തെ പ്രമുഖ കൊട്ടേഷൻ താരം പ്രഭുവാണ് ഇവരുടെ ബോഡി ഗാർഡ്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസ്സിൽ ഇയാളും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. മദ്യപിച്ച് വാഹനമോടിക്കുകയും അപകടം വരുത്തി വച്ചതിനുമായി വിവിധ സ്റ്റേഷനുകളിൽ രശ്മിയുടെ പേരിൽ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ബെൻസ് കാറിനോടാണ് കമ്പം. അതേസമയം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത രശ്മിയെ ജാമ്യത്തിലിറക്കാനെത്തിയത് യൂത്ത് കോൺഗ്രസ്സ് നേതാവായ ബിനോയ് ഷാനൂർ, ജയന്റെ ബന്ധുവായ ആദിത്യൻ എന്നിവരാണ് സ്റ്റേഷനിലെത്തിയത്.

ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം ആഡംബര കാറോടിച്ച ഇവർ അതിക്രമം കാണിച്ചപ്പോൾ ഗതാഗത തടസമുണ്ടായത് ഒരു മണിക്കൂറോളമായിരുന്നു. ദേശീയപാതയിൽ മേവറം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഡോക്ടറുടെ ആഡംബര കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ആദ്യം മാരുതി കാറിലിടിച്ചശേഷം മുന്നോട്ടുപോയ കാർ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്‌ത്തി. ബൈക്ക് യാത്രികർ നിലത്തുവീണെങ്കിലും ഡോക്ടർ കാർ നിർത്തിയില്ല. പിന്നീട് മറ്റൊരു ബൈക്കിലും ഇടിച്ചു.

ഇതിനിടെ ആദ്യം ഇടിച്ച മാരുതി കാറിലെയും ബൈക്കിലെയും യാത്രക്കാർ പിന്നാലെയെത്തി കാർ വളഞ്ഞു. ഇതോടെ ബൈക്ക് യാത്രക്കാർക്കുേനരെ ഇവർ കൈയേറ്റത്തിനും ശ്രമിച്ചു. നാട്ടുകാർ തടിച്ചുകൂടിയതോടെ കൺട്രോൾ റൂം പൊലീസും ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പിങ്ക് പൊലീസ് സ്ഥലത്തെത്തി ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ ആൺ സുഹൃത്തുക്കൾക്കൊപ്പം ഡോർ ലോക്ക് ചെയ്ത് അകത്തിരുന്ന ഡോക്ടറെ ഏറെപണിപ്പെട്ടാണ് പൊലീസ് പുറത്തിറക്കിയത്. കൺട്രോൾ റൂമിലെ പൊലീസുകാരും പിങ്ക് പൊലീസും കാറിന്റെ ഡോർ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. കൊല്ലം ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം ഗതാഗത തടസത്തിനിടയാക്കി.

ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ഇവർ പൊലീസുകാരോടും മാധ്യമപ്രവർത്തകരോടും തട്ടിക്കയറി. കാറിൽ നിന്ന് നാല് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ കാൽ നിലത്തുറയ്ക്കാതിരുന്ന ഇവർ പൊലീസുകാരെ അസഭ്യം പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരിന്ന ആൺസുഹൃത്തുക്കൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പിന്നീട് നിർബന്ധിച്ച് പൊലീസ് ജീപ്പിൽ കയറ്റി ട്രാഫിക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മുമ്പ് അത്യാസന്ന നിലയിലുള്ള രോഗിയുമായി വന്ന ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തെന്ന പരാതിയാണ് ഇവർക്കെതിരെ ഉയർന്നിരുന്നത്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് അന്ന് കൊല്ലം ഈസ്റ്റ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ഈ കേസ് നിലനിൽക്കെ തന്നെയും ഇവർ മദ്യലഹരിയിൽ അഴിഞ്ഞാട്ടം തുടരുകയായിരുന്നു. ഇന്ന് തന്റെ ആഡംബരകാറിൽ ആംബുലൻസ് തട്ടിയെന്ന് ആരോപിച്ചാണ് കോപാകുലയായ രശ്മി പിള്ള ആംബുലൻസിന്റെ താക്കോൽ ഊരി മാറ്റിയത്.