മലപ്പുറം: ആർ.എസ്.എസ് പ്രചാരകും മുൻ ജില്ലാ കാര്യവാഹകുമായിരുന്ന തിരൂർ തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണ (47 ) ന്റെ അറസ്റ്റോടെ കൊടിഞ്ഞി പുല്ലാണി ഫൈസൽ (32) വധക്കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ പ്രതികളേയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചു. ക്രിത്യം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളിയായവരുമായ നേരത്തെ പ്രതി ചേർക്കപ്പെട്ട 15 പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരേയും സൗകര്യം ചെയ്തു കൊടുത്തവരേയും കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.കെ ബാബു പറഞ്ഞു. കേസിലെ പ്രധാന സൂത്രധാരനായി ഉയർത്തിക്കാട്ടിയ മഠത്തിൽ നാരായണന്റെ അറസ്റ്റ് അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായിരിക്കുകയാണ്. കേസിലെ പത്താം പ്രതിയാണ് നാരായണൻ.രണ്ടാം തവണയും ഒരേ സ്വഭാവമുള്ള കൊലപാതക കേസിൽ പ്രതിയായ നാരായണൻ ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യക്തിയാണ്. എല്ലാറ്റിലുപരി ഏറെ ദുരൂഹതകൾ തോന്നിപ്പിക്കുന്നതായിരുന്നു നാരായണന്റെ ജീവിതം.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ഫൈസൽ വധക്കേസിലെ സൂത്രധാരിൽ ഒരാളും ആർ.എസ്.എസ് നേതാവുമായ മഠത്തിൽ നാരായണൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു മുമ്പാകെ കീഴടങ്ങിയത്. കേസിന്റെ തുടക്കം മുതൽ ഉയർന്നു കേട്ട പേരായിരുന്നു നാരായണന്റേത്. നവംബർ 19 ന് പുലർച്ചെ ബൈക്കിലെത്തി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ നാലംഗ സംഘത്തിന് നാരായണന്റെ കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫൈസലിനെ വകവരുത്തുന്ന വിഷയം മറ്റു പ്രതികൾ നാരായണനുമായി പലതവണ കൂടിയാലോചന നടത്തിയിരുന്നു. ഒടുവിൽ കൃത്യം നടത്തുന്നതിനുള്ള ക്രിത്യമായ മാർഗനിർദ്ദേശങ്ങളും രൂപരേഖയും നൽകിയത് നാരായണനായിരുന്നു.

നേരത്തെ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴും നാരായണന്റെ പങ്ക് വ്യക്തമായിരുന്നു. എന്നാൽ നാരായണൻ എവിടെയാണെന്ന് പൊടിപോലും കണ്ടു പിടിക്കാൻ പൊലീസിനായിരുന്നില്ല. തൃക്കണ്ടിയൂരിലെ വീട്ടിൽ ആഴ്‌ച്ചകളോളം പൊലീസ് കയറി ഇറങ്ങിയെങ്കിലും നാരായണനെ കിട്ടിയിരുന്നില്ല. പിന്നീട് പൊലീസ് അന്വേഷണം ഊർജിത മാക്കിയെങ്കിലും ഉത്തരേന്ത്യയിലെ ആർ.എസ്.എസ് കേന്ദ്രത്തിലെവിടെയോ ഒളിവിൽ കഴിയുകയാണെന്ന മറുപടി നൽകി പൊലീസ് കൈ മലർത്തുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒളിവിൽ കഴിയുകയായിരുന്ന നാരായണനെ പിടികൂടാൻ അവിടത്തെ ലോക്കൽ പൊലീസിന്റെ സഹായമില്ലെന്നതാണ് കേരളാ പൊലീസിനെ കുഴക്കിയത്. ഈ സാഹചര്യത്തിലാണ് മുഴുവർ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും പാർട്ടികളും സമരം ശക്തമാക്കിയത്.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ ഒന്നടങ്കം സമരവുമായി എത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്നുള്ള അന്വേഷണം വഴിത്തിരിവിലെത്തുകയും നാരായണൻ കുടുങ്ങുമെന്നുമുള്ള സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ഉന്നത നേതാക്കളിടപെട്ട് കീഴടക്കുകയായിരുന്നു. അറസ്റ്റ് നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്നും കൂടുതൽ പേരുദോഷം സംഘടനക്കുണ്ടാകുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നായിരുന്നു നാരായണന്റെ കീഴടങ്ങൽ. പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുന്നതോടെ ഒളിവിൽ കഴിയാൻ സഹായിച്ചവരെല്ലാം കുടുങ്ങുമെന്നതാണ് തിരക്കിട്ട കീഴടക്കലിനു പിന്നിൽ. അതേസമയം താൻ ഇത്രയും ദിവസങ്ങളിൽ ശബരിമല, കാശി തുടങ്ങിയ ക്ഷേത്രങ്ങളിലായിരുന്നുവെന്നാണ് നാരായണൻ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

നിലവിൽ ആർ.എസ്.എസ് പ്രചാരക് ആയി പ്രവർത്തനം നടത്തുന്ന മഠത്തിൽ നാരായണൻ ഏറെ വിവാദമായ രണ്ടാമത്തെ കൊലപാതക കേസിലാണ് അറസ്റ്റിലാവുന്നത്. ലവലേശം തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള പ്രവർത്തനങ്ങളും ജീവിത രീതിയുമാണ് നാരായണന്റേത്. തിരൂരിലെ അറിയപ്പെട്ട സ്‌കൂൾ അദ്ധ്യാപികയായിരുന്നു അമ്മ. സമ്പന്ന കുടുംബത്തിൽ ജനിച്ച നരായണൻ പെൺമക്കൾക്കിടയിലെ ഏക ആൺതരിയായിരുന്നു. സംഘപരിവാർ സംഘടനകളോട് ചെറുപ്പം തൊട്ടേയുള്ള താൽപര്യമായിരുന്നു. അത് പിന്നീട് ബാലഗോഗുലത്തിലൂടെ ആർ.എസ്.എസ് നേതൃനിരയിൽ എത്തിച്ചു. അമ്പത് വയസോടടുത്ത നാരായണൻ അവിവാഹിതനാണ്. തൃക്കണ്ടിയൂരിൽ സഹോദരിക്കും ഭർത്താവിനും ഒപ്പമാണ് താമസം. നേരത്തെ വെറ്റില കയറ്റുമതി കേന്ദ്രത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സംഘടന മാത്രമാണ് ജോലി.

മനസും ശരീരവും ജീവിതവുമെല്ലാം സംഘത്തിനു സമർപ്പിച്ച സംസ്ഥാനത്തെ പ്രചാരകരിലൊരാളാണിന്ന് നാരായണൻ. ആർ.എസ്.എസ് സർസംഘചാലക് മുതൽ കേന്ദ്ര ബിജെപി, ആർ.എസ്.എസ് നേതാക്കൾക്കു വരെ പ്രിയങ്കരനാണ് തിരൂരിലെ മഠത്തിൽ നാരായണൻ. പതിറ്റാണ്ടുകൾക്കു മുമ്പേയുള്ള വ്യക്തി ബന്ധങ്ങളാണിത്. സംഘടനാ ചുമതലയും പരിപാടികളുമായി സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിക്കുന്ന നാരായണൻ നാട്ടുകാർക്കു മുന്നിലും ചോദ്യ ചിഹ്നമാണ്. മീഡിയക്കു മുന്നിലും ക്യാമറക്കു മുന്നിലും തീരെ പ്രത്യക്ഷപ്പെടാറില്ല. ആൾകൂട്ടത്തിൽ അപൂർവ്വമായി മാത്രം പത്യക്ഷപ്പെടും. കാൽനടയായോ സൈക്കിളിലോ ആയിരിക്കും ദൂരം എത്രയുണ്ടെങ്കിലും യാത്ര. മൊബൈൽ ഫോൺ ഉപയോഗിക്കാറേ ഇല്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് പൊലീസ് ഏറെ പാട് പെട്ടിട്ടും നാരായണനെ പിടികൂടാൻ സാധിക്കാതിരുന്നത്.

1998 ലെ യാസിർ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു നാരായണൻ. കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് കുമാർ ഫൈസലായതിലെ പ്രതികാരമാണ് കൊലയിലേക്ക് എത്തിച്ചത് എങ്കിൽ 17 വർഷങ്ങൾക്കു മുമ്പ് നടന്ന കൊലപാതകം അയ്യപ്പൻ യാസിർ ആയതിലെ പ്രതികാരമായിരുന്നു. 1998 ഓഗസ്റ്റ് 18നു പുലർച്ചെ തിരൂർ പഴംകുളങ്ങര ജങ്ഷനിൽവച്ചായിരുന്നു സ്വർണപ്പണിക്കാരനായ ആമപ്പാറക്കൽ യാസിറിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആളുകളെ ഇസ്‌ലാംമതത്തിലേക്കു ക്ഷണിക്കുന്നതിൽ പ്രകോപിതരായിട്ടാണത്രെ അന്ന് കൊലനടത്തിയത്. കൂടെ ജോലി ചെയ്തിരുന്ന ബൈജു, യാസിറിന്റെ പ്രേരണയാൽ ഇസ്‌ലാം സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു കൊല നടത്തിയത്. ഇനിയും കൂടുതൽ യുവാക്കൾ ഇസ്ലാമിലേക്ക് പോകുമെന്ന് ആശങ്കപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചനകൾക്കു ശേഷം യാസിറിനെ വധിക്കുകയായിരുന്നുവത്രെ. ആക്രമണത്തിൽ ബൈജു എന്ന അബ്ദുൽ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഈ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അഞ്ച് മാസം മുമ്പ് സുപ്രീം കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. 2016 ജൂലൈ 21 നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

പ്രതികളുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ കെ ഗോയൽ എന്നിവരുൾപ്പെട്ട സുപ്രിംകോടതി ബെഞ്ചിന്റെ നടപടി. കേസിലെ ഒന്നാംപ്രതി തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ, മൂന്നാംപ്രതി തലക്കാട് സ്വദേശി സുനിൽകുമാർ, ആറാംപ്രതി മനോജ്കുമാർ, ഏഴാംപ്രതി കൊല്ലം എടമല സ്വദേശി ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂർ സ്വദേശി നന്ദകുമാർ എന്നിവരെയാണു വെറുതെവിട്ടത്. വിചാരണാ നടപടികൾക്കു ശേഷം മഞ്ചേരി രണ്ടാം അതിവേഗ കോടതി കേസിലെ 7 പ്രതികളെ അന്ന് വെറുതെവിട്ടിരുന്നു. പിന്നീട് യാസിറിന്റെ ഭാര്യ സുമയ്യ നൽകിയ റിവിഷൻ ഹരജിയെത്തുടർന്ന് ആറു പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസിൽ രണ്ടാംപ്രതിയായിരുന്ന രവീന്ദ്രൻ 2007 ജനുവരിയിൽ തിരൂരിലുണ്ടായ അക്രമസംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. നാലാംപ്രതി സുരേന്ദ്രനെ സംഭവം നടന്ന് 18 വർഷമായിട്ടും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട സമയത്ത് പൊലീസിന്റെ അന്വേഷണത്തെ നിശിതമായി വിമർശിച്ചിരുന്നു. യാസിർ വധത്തിൽ കേസിനെയും അന്വേഷണത്തെയും നാരായണന്റെ ബന്ധങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നെന്ന വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

യാസിർ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ച് കൃത്യം നാല് മാസം തികയുമ്പോഴായിരുന്നു പുല്ലാണി വിനോദ് കുമാർ എന്ന ഫൈസലിനെ മതംമാറിയതിന്റെ പേരിൽ അതേ ശൈലിയിൽ കൊലപ്പെടുത്തിയത്. യാസിർ വധത്തിന്റെ അന്വേഷണ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ച അന്വേഷണമാണ് പൊലീസും നടത്തുന്നത്. ഫൈസൽ വധക്കേസിൽ ഇതുവരെ കണ്ടെടുത്ത ആയുധങ്ങൾ, വാഹനങ്ങൾ, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ, സാക്ഷികൾ എന്നിവ പ്രധാന തെളിവുകളാകും. കൊലപാതകം നടത്തിയ ശേഷം നാരായണന്റെ വീടിനടുത്തുള്ള ആർ.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിരത്തിലെത്തിയാണ് വസ്ത്രങ്ങൾ കഴുകിയതും തീയിട്ടതുമെല്ലാം. പ്രതികളുടെ ഈ മൊഴികളും കേസിൽ നിർണായകമാകും. അറസ്റ്റിലായ മഠത്തിൽ നാരായണനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫൈസൽ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട 15 പ്രതികളും പിടിയിലായ സാഹചര്യത്തിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ബാബു പറഞ്ഞു.