കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തൃപ്പൂണിത്തുറയിലുള്ള വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ടുകോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി നാരായണദാസിനേയും സംഘത്തേയും സഹായിച്ചിരുന്ന യുവതി മയൂഖി (22) യെ തട്ടിപ്പ് സംഘത്തിലെത്തിച്ചത് സിനിമാ നടിയാവാനുള്ള മോഹം. പെരുമ്പാവൂർ കുന്നത്തുനാട് ഒന്നാംമൈൽ ഗുൽമോഹറിൽ രാജേഷ് കർത്തയുടെ മകളാണ് മയൂഖി.

ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ മയൂഖി രണ്ടാംപ്രതി സായ്ശങ്കറിന്റെ ഭാര്യയുടെ സുഹൃത്താണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സായ്ശങ്കറിന്റെ വീട്ടിൽ വച്ചാണ് മയൂഖി നാരായണദാസുമായി പരിചയത്തിലാവുന്നത്. സിനിമാ നടന്മാരുടെയും മറ്റ് സെലിബ്രിറ്റികളുടെയും കായിക പരിശീലകൻകൂടിയായ നാരായണദാസ് അഭിനയമോഹവുമായി നടക്കുന്ന മയൂഖിയെ തന്ത്രപൂർവ്വം വലയിലാക്കി തട്ടിപ്പുസംഘത്തിൽ ചേർക്കുകയായിരുന്നു. സിനിമാ മേഖലയിലുള്ള പ്രമുഖരുമായി നല്ല ബന്ധമുണ്ടെന്നും മയൂഖിയെ നടിയാക്കാമെന്നും നാരായണദാസ് നേരിട്ട് പറഞ്ഞതോടെ മയൂഖിക്ക് പ്രതീക്ഷയായി.

സിനിമാ നടിയാകുന്നതും സ്വപ്‌നം കണ്ടു നടന്ന യുവതിയെ ഇതിനിടെ തട്ടിപ്പ്‌സംഘത്തിൽ ചേർത്ത് കോടികൾ സമ്പാദിക്കാമെന്ന് നാരായണദാസ് കണക്കുകൂട്ടി. ഇതിനായി സായ്ശങ്കറിന്റെ ഭാര്യമൂലം മയൂഖിയെ സമ്മർദ്ദം ചെലുത്തി. സിനിമയിൽ അഭിനയിക്കുന്നതിനുവേണ്ടി പല പ്രമുഖരായ സംവിധായകരേയും നിർമ്മാതാക്കളേയും കാണുന്നതിനും സംസാരിക്കുന്നതിനുമായി നിരവധി സ്ഥലങ്ങളിൽ താമസിക്കുകയും ഒട്ടേറെ യാത്രകൾ അനിവാര്യമായി വരുമെന്നും സായ്ശങ്കർ മുഖേന നാരായണദാസ് മയൂഖിയെ ധരിപ്പിച്ചു. ഇതിനിടെ വാഹന തട്ടിപ്പുമായി നാരായണദാസ് രംഗത്ത് വിലസുന്നുണ്ടായിരുന്നു. സായ്ശങ്കർ പറഞ്ഞപ്രകാരം നാരായണദാസുമൊത്ത് യുവതി യാത്രക്കൊരുങ്ങി.

നിരവധി സ്ഥലങ്ങളും പ്രമുഖരായ പല വ്യക്തികളെയും സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണെന്ന് ധരിപ്പിച്ച് യുവതിയുമൊത്ത് സംഘം കണ്ടതായാണ് സൂചന. ഇതിനിടയിൽ തട്ടിപ്പ്‌സംഘത്തിൽ അംഗമാകാതെ രക്ഷയില്ലെന്ന് യുവതിക്ക് മനസ്സിലായി. നാരായണദാസും കൂട്ടരും തട്ടിപ്പ്‌സംഘമാണെന്ന് മനസ്സിലാക്കിയ മയൂഖി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും നാരായണദാസ് മയൂഖിയെ ഭീഷണിപ്പെടുത്തി കൂടെ നിർത്തുകയായിരുന്നു. മയൂഖിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പിന്നീടൊരിക്കലും പൊതുജനങ്ങൾക്കു മുമ്പിൽ വരാൻ പറ്റില്ലെന്നും പറഞ്ഞ് നാരായണദാസും സംഘവും ഭീഷണിപ്പെടുത്തിയതോടെ യുവതി തട്ടിപ്പ്‌സംഘത്തിന് കീഴടങ്ങി.

പിന്നീട് ഇവർ മയൂഖിയെ ഉപയോഗിച്ച് സമ്പന്നരും സമൂഹത്തിലെ ഉന്നതരുമായ സുഖലോലുപ ജീവിതം ആഗ്രഹിക്കുന്ന വ്യക്തികളെ കണ്ടെത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി സുധീർ എന്നയാളായിരുന്നു സമ്പന്നരായ വ്യക്തികളെക്കുറിച്ച് ഇവർക്ക് വിവരങ്ങൾ നൽകിയിരുന്നത്. ഇയാളെ ഇന്ന് പൊലീസ് അറസ്റ്റുചെയ്തു. സുധീർ ഇടനിലക്കാരനായി നിന്ന് സമ്പന്നരായ വ്യക്തികളെ കണ്ടെത്തി അവരുടെ രീതികൾ മനസ്സിലാക്കും. പിന്നീട് ഇരകളുടെ വിവരങ്ങൾ നാരായണദാസിന് കൈമാറും. സായ്ശങ്കറുമൊത്ത് പദ്ധതി തയ്യാറാക്കിയശേഷം ഇരകളെ വലയിലാക്കാനായി മയൂഖിയെ ചുമതലപ്പെടുത്തും.

ഇരകളുമായി മയൂഖി ഫോണിൽ സംസാരിച്ച് സൗഹൃദത്തിലാക്കിയശേഷം മുന്തിയ ഹോട്ടലുകളിലേക്ക് ക്ഷണിക്കും. പെൺകുട്ടിയുടെ സംസാരത്തിൽ വീണുപോകുന്ന ഇരകൾ ഹോട്ടലിലെത്തുകയും തുടർന്ന് നാരായണദാസും സംഘവും പ്രത്യക്ഷപ്പെട്ട് അറസ്റ്റ് നാടകം നടത്തിയശേഷം വിലപേശി പണം സമ്പാദിക്കുകയുമായിരുന്നു രീതി. കിട്ടുന്ന പണം നാരായണദാസും സായ്ശങ്കറും വീതിച്ചെടുക്കുകയും മറ്റുള്ളവർക്ക് അവരുടെ ജോലിയുടെ റിസ്‌ക്ക് അനുസരിച്ചുള്ള കൂലി നൽകുകയുമായിരുന്നു. ഇവരുടെ വലയിൽ വീണ പ്രമുഖർ ആരെല്ലാമാണെന്ന് പിടിയിലായ സുധീറിനെ ചോദ്യം ചെയ്യുന്നതോടെ പുറത്തു വരും.