- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മയക്കുമരുന്ന് കച്ചവടം; മയക്കുമരുന്നിനൊപ്പം മനുഷ്യക്കടത്തും; അധോലോകത്തിന്റെ കിരീടം വെക്കാത്ത രാജാവായി ജോക്വിൻ എൽ ചാപോ ഗസ്മാൻ; കുറ്റകൃത്യങ്ങളിൽ പങ്കാളിയായി മുൻസൗന്ദര്യ റാണി കൂടിയായ ഭാര്യ എമ്മ കൊറോണൽ ഐസ്പ്യൂറൊ; സെക്സും വയലൻസും ആവോളം നിറച്ച മെക്സിക്കൻ അധോലോകത്തിലൂടെ ഒരു യാത്ര
ലോകത്തിലെ സംഘടിത കുറ്റവാളി സംഘങ്ങളിൽ സമ്പത്തുകൊണ്ടും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കാഠിന്യം കൊണ്ടും മുൻനിരയിൽ നിൽക്കുന്നവയാണ് മെക്സിക്കൻ ഡ്രഗ് കാർട്ടലുകൾ. വിപണിയിൽ പരസ്പരമുള്ള മത്സരം ഒഴിവാക്കുവാനും ഉദ്പാദനവും വിതരണവും കൊർത്തിണക്കിക്കൊണ്ടുപോകാനുമായി കാർട്ടലുകൾ പോലുള്ള സംവിധാനങ്ങൾ രൂപീകരിച്ച മെക്സിക്കൻ മയക്കുമരുന്നിന്റെ ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടോളം നീണ്ടുകിടക്കുന്നു. അക്കാലത്ത് മെക്സിക്കോയിൽ മരിജുവാന, കറുപ്പ്, കൊക്കെയ്ൻ തുടങ്ങിയവയൊക്കെ നിയമപരമായി വിവിധ ചികിത്സകൾക്ക് ഉപയോഗിച്ചിരുന്ന മരുന്നുകളായിരുന്നു.
ഫാർമസികളിലും ജനറൽ സ്റ്റോറുകളിലുമൊക്കെ ഇവ എളുപ്പത്തിൽ ലഭ്യമായിരുന്ന കാലത്ത് അത് വാങ്ങുന്നവർ രോഗികളാണോ അതോ മയക്കുമരുന്നിന് അടിമകളാണോ എന്നൊന്നും ആരും നോക്കിയിരുന്നില്ല. മാത്രമല്ല, ഇത്തരം മരുന്നുകൾക്ക് ഡോക്ടർമാരുടെ കുറിപ്പുകളും നിർബന്ധമായിരുന്നില്ല. എന്നിരുന്നാലും മെക്സിക്കോയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം അത്ര വലുതായിരുന്നില്ല. എന്നാൽ, തൊട്ടടുത്തു കിടക്കുന്ന അമേരിക്കൻ ഐക്യനാടുകളുടെ സ്ഥിതി അതായിരുന്നില്ല. അതിവേഗം നഗരവത്ക്കരണത്തിലേക്ക് കുതിച്ചുയർന്നുകൊണ്ടിരുന്ന അമേരിക്കയിൽ അതോടൊപ്പം മയക്കുമരുന്ന് ഉപയോഗവും ഉയർന്നുകൊണ്ടിരുന്നു. അങ്ങനെയാണ് മെക്സിക്കോയിൽ നിന്നും മയക്കുമരുന്നുകൾ അമേരിക്കയിൽ എത്താൻ ആരംഭിച്ചത്.
മയക്കുമരുന്ന് ഉദ്പാദനവും വിതരണവും നിയമവിരുദ്ധമാകുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ അമേരിക്ക അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തു. മയക്കുമരുന്ന് വില്പനയും ഉപയോഗവും നിയമവിരുദ്ധമായി പ്രഖ്യാപിച്ച 1909-ലെ ഷാങ്ങ്ഹായ് സമ്മേളനം അമേരിക്കയുടെ നയത്തിന്റെ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയായി 1914-ൽ നിലവില വന്ന ഹാരിസൺ നർകോട്ടിക് ആക്ട് മയക്കുമരുന്ന് നിയന്ത്രണത്തിൽ ഫലവത്തായ ഒന്നായിരുന്നു. മാത്രമല്ല, പല രാജ്യങ്ങളും ഇത്തരത്തിലുള്ള നിയമങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഈ സമയത്ത് മെക്സിക്കൻ വിപ്ലവം അരങ്ങേറുകയായിരുന്നു. വിപ്ലവ നേതാക്കൾക്ക് മയക്കുമരുന്നിനേക്കാൾ പ്രാധാന്യം അവരുടെ രാഷ്ട്രീയ അതിജീവനമായിരുന്നതിനാൽ, പിന്നെയും മെക്സിക്കോയിൽ മയക്കുമരുന്നുകൾ നിയമവിധേയമായ ചരക്കായി തന്നെ തുടർന്നു. എന്നാൽ അമേരിക്കയിൽ ഇത് നിയമവിരുദ്ധമായി. അങ്ങനെയാണ് മെക്സിക്കോയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് ശക്തി പ്രാപിക്കുന്നത്. മരിജുവാന അമേരിക്കയിലെ സൈനികരും, ക്രിമിനലുകളും പാവപ്പെട്ടവരും ഉപയോഗിച്ചിരുന്നപ്പോൾ, അവിടെയുള്ള ചൈനീസ് വംശജരായിരുന്നു കറുപ്പിന്റെ പ്രധാന ഉപഭോക്താക്കൾ. മോർഫിൻ, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയവ കാലാകാരന്മാർക്കിടയിലും മധ്യവർത്തി സമൂഹത്തിലും പ്രചുരപ്രചാരം നേടി.
എന്നാൽ, 1920 ൽ മരിജുവാന കൃഷിയും അതിന്റെ വാണിജ്യപരമായ ഇടപാടുകളും മെക്സിക്കോ നിരോധിച്ചു. 1926 ൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇപ്രകാരം തന്നെ നിരോധിച്ചു. എന്നാൽ, അപ്പോഴേക്കും സുസ്ഥാപിതമായിക്കഴിഞ്ഞ ഒരു വ്യാപരമായി മറിക്കഴിഞ്ഞിരുന്നു അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കയറ്റുമതി. ലോള ലാ ചാറ്റ പോലുള്ള മെക്സിക്കൻ നഗരങ്ങളിൽ താമസിക്കുന്ന പല ധനികർക്കും ദൂരെയുള്ള ഗ്രാമങ്ങളിൽ കഞ്ചാവും മറ്റും കൃഷിചെയ്യുന്ന ഇടങ്ങളുണ്ടായിരുന്നു. നർകോട്ടിക്സ് പൊലീസിന്റെ ഉന്നതരുടെ സഹായത്തോടെ അവരുടെ വാണിജ്യ തുടരുക തന്നെ ചെയ്തു.
മെക്സിക്കോ മയക്കുമരുന്നിന്റെ പ്രധാന വിപണിയാകുന്നു
മെക്സിക്കോയിൽ മാത്രമല്ല, പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും മയക്കുമരുന്നുകൾ വലിയതോതിൽ ഉദ്പാദിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, അവർ മെക്സിക്കോയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഒരു പതിറ്റാണ്ടിലേറെ അമേരിക്കയിൽ മദ്യനിരോധനം നിലനിന്നിരുന്ന കാലത്തായിരുന്നു. 1920 മുതൽ 1933 വരെയുള്ള കാലത്ത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വ്യാജമദ്യം അമേരിക്കയിൽ എത്തിക്കാൻ മെക്സിക്കൻ കള്ളക്കടത്തുകാരായിരുന്നു മുന്നിലുണ്ടായിരുന്നത്. മെക്സിക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമായിരുന്നു ഇതിൽ ഇവർക്ക് സഹായകമായത്.
അമേരിക്കൻ ഐക്യനാടുകളിലെ മദ്യ നിരോധനം നീങ്ങിയതോടെ മദ്യത്തിന്റെ സ്ഥാനം മയക്ക് മരുന്ന് ഏറ്റെടുത്തു. 1960 കളിലെത്തിയപ്പോഴേക്കും ഈ വിപണി ശക്തിപ്രാപിച്ചു എന്നുമാത്രമല്ല, ഉദ്പാദനം , വിപണനം തുടങ്ങിയവ വ്യക്തമായി നിർവ്വചിച്ചുകൊണ്ടുള്ള ഡ്രഗ് കാർട്ടലുകളും നിലവിൽ വന്നു. വിപണിയിൽ പരസ്പരം മത്സരിക്കാതെയുള്ള ഒരുതരം സഹകരണ സംഘങ്ങളുടെ രീതിയിലുള്ളതായിരുന്നു ഇവയുടെ പ്രവർത്തനം. പി ആർ ഐ പാർട്ടി മെക്സിക്കോ ഭരിച്ച 70 വർഷക്കാലം മയക്കുമരുന്ന് മാഫിയയുടെ സുവർണ്ണ കാലഘട്ടമായിരുന്നു.
ഡ്രഗ് കാർട്ടലുകൾ തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നതും, രാജ്യത്തെ സമൂഹ വ്യവസ്ഥയിൽ സുപ്രധാന സ്വാധീന ശക്തിയാകുന്നതും ഇക്കാലത്താണ്. മയക്കുമരുന്ന് വേട്ടയെല്ലം ദൂരെ പർവ്വതപ്രദേശങ്ങളിലെ ചെറിയ കൃഷിയിടങ്ങളിലായി ഒതുങ്ങി. നഗരമേഖലകളിലെ വിപണിയെ കൈവയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മയക്കുമരുന്ന് മാഫിയ മെക്സിക്കോയിൽ തഴച്ചുവളരുന്നത്.
ജോക്വിൻ എൽ ചാപോ ഗസ്മന്റെ ഉദയം
1957-ൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ജോക്വിൻ തന്റെ പിതാവിന്റെ കാലടികളെ പിന്തുടർന്നാണ് മയക്കുമരുന്ന് രംഗത്തേക്കിറങ്ങുന്നത്. അടിസ്ഥാനപരമായി ഒരു കന്നുകാലി കർഷകനായിരുന്ന ജോക്വിന്റെ പിതാവ് ചെറിയതോതിൽ മയക്കുമരുന്ന് കൃഷിയും കച്ചവടവും നടത്തിയിരുന്നു. അതിൽ സഹായിച്ചുകൊണ്ടാണ് ഇയാൾ ഈ രംഗത്തെത്തുന്നത്. 1970 കളിൽ യൗവ്വനാരംഭത്തിൽ തന്നെ അയാൾ അന്നത്തെ മയക്കുമരുന്ന് മാഫിയാതലവന്മാരിൽ പ്രധാനിയായിരുന്ന ഹെക്ടർ എൽ ഗുരോയുടെസംഘാംഗമായി. സിയാറാ മേഖലയിൽ നിന്നും മയക്കുമരുന്ന അമേരിക്കൻ-മെക്സിക്കൻ അതിർത്തിയിൽ എത്തിക്കുകയായിരുന്നു അയാളുടെ ജോലി.
സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയ ജോക്വിൻ എൽ ചാപോയ്ക്ക് ഉയരങ്ങളിൽ എത്താനുള്ള ആവേശമായിരുന്നു. തനിക്ക് കടത്താൻ കൂടുതൽ മയക്കുമരുന്ന് തരണമെന്ന് അയാൾ സംഘത്തലവന്മാരോട് പറയുമായിരുന്നു. മാത്രമല്ല, അതുവരെ അക്രമങ്ങൾക്ക് വലിയ പ്രാധാന്യമില്ലാതിരുന്ന ഈ ലോകത്തിൽ അക്രമം എത്തിച്ചതിലും വലിയൊരു പങ്ക് ഇയാൾക്കാണ്. തന്റെ ചരക്കുകൾ സമയത്ത് എത്താൻ വൈകിയാൽ, അതുകൊണ്ടുവരുന്നവരെ നിർദാക്ഷണ്യം വെടിവെച്ചു കൊല്ലുക എന്നത് ഇയാളുടെ പതിവായിരുന്നു.
ഇതോടെ എൽ ചാപോയെ ചതിക്കുകയോ അല്ലെങ്കിൽ, കൂടുതൽ വില നൽകുന്ന എതിരാളികളുടെ സംഘത്തോടൊപ്പം ചേരുന്നതോ ബുദ്ധിയല്ല എന്ന ചിന്ത ഇയാൾക്കൊപ്പം നിന്നവരിൽ ഉണ്ടാകാൻ തുടങ്ങി. അന്നും കൊളമ്പിയയിൽ നിന്നുള്ള മയക്കു മരുന്ന്, പ്രധാനമായും കൊക്കേയ്ൻ മെക്സിക്കോ മഫിയയുടെ സഹായത്തോടെ അമേരിക്കയിലേക്ക് കടത്താറുണ്ടായിരുന്നെങ്കിലും, അവർ പ്രധാനമായും ആശ്രയിച്ചിരുന്നത് ലാറ്റിൻ മരിക്കൻ രാജ്യങ്ങൾ വഴി കരീബിയൻ-ഫ്ളോറിഡ ഇടനാഴിയിലൂടെ കടത്താനായിരുന്നു. എന്നാൽ, അമേരിക്ക ഈ ഭാഗത്തെ നിരീക്ഷണം ശക്തമാക്കുകയും നിരവധി ലോഡുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ കൊളമ്പിയയിൽ പ്രധാന മയക്കുമരുന്ന് സംഘങ്ങളെല്ലാം മെക്സിക്കൻ മാഫിയയുടെ സഹായം തേടിയെത്തി.
ഇതോടൊപ്പം അമേരിക്കൻ രഹസ്യാന്വേഷണ സംഘങ്ങൾ മെക്സിക്കോയിലെ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. മയക്കു മരുന്നു വില്പനയിലെ പലഏജന്റുമാരേയും അവർ തങ്ങളുടെ ഇൻഫോർമർമാരായി മാറ്റിയിരുന്നു. ഇത്തരത്തിലുള്ള കമാരേന സലാസർ എന്ന ഇൻഫോർമർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, 1985-ൽ വലിയൊരു മരിജുവാന വേട്ട മെക്സിക്കൻ സൈന്യം നടത്തി. ഇതിന് പ്രതികാരമായി കാമാരേനയെ അന്ന് മാഫിയാ തലവനായ ഫെലിസ്‌ക് കൊന്നു. ഇത് അമേരിക്കയെ ചൊടിപ്പിച്ചു.
ഇതോടെ അമേരിക്കൻ സഹായത്തോടെ മെക്സിൻ പൊലീസും സൈന്യവും ഫെലിക്സിനു വേണ്ടിയുള്ള വേട്ട ശക്തമാക്കി. ഈ അവസരം മുതലെടുത്ത് എൽ ചാപോ കാർട്ടലിൽ തന്റെ സ്ഥാനം ഭദ്രമാക്കുവാനായി കൂടുതൽ മയക്കുമരുന്ന് കടത്താൻ ആരംഭിച്ചു. ഏറെ താമസിയാതെ ഫെലിക്സ് അറസ്റ്റിലായി. തുടർന്ന് ഫെലിക്സിന്റെ കീഴിലുള്ള കാർട്ടൽ രണ്ടായി വിഭജിക്കപ്പെടുകയും ഇസ്മയിൽ എൽ മായോയുടെ നേതൃത്വത്തിലുള്ള സിനാലോ കാർട്ടലിൽ എൽ ചാപോ എത്തുകയും ചെയ്തു. അവിടെനിന്നായിരുന്നു അയാൾ മാഫിയാ തലവനായി ഉയരുന്നത്.
കാർട്ടലുകൾ തമ്മിലുള്ള കിടമത്സരവും കൊലപാതക പരമ്പരകളും
ഫെലിക്സിന്റെ അറസ്റ്റോടെ രണ്ട് വിഭാഗമായി മാറിയ കാർട്ടലിൽ, ടിജുവാനാ കാർട്ടലിന്റെ കാര്യങ്ങൾ അരെല്ലനോ ഫെലിക്സ് സഹോദരങ്ങൾ, ജീസൽ ലാബ്ര, ജാവിയർ കാരോ എന്നിവരെയായിരുന്നു ഏല്പിച്ചിരുന്നത്. ഇതിൽ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ ജാവിയർ മാരോ കാനഡയിലേക്ക് കടക്കുകയും പിന്നീട് അവിടെ വച്ച് അറസ്റ്റിലാവുകയും ചെയ്തു. അതേസമയം എൽ ചാപോയും സിനലോയ കാർട്ടലിലെ മറ്റ് നേതാക്കളും അരെല്ലെനൊ ഫെല്ക്സ് സഹോദരങ്ങൾക്ക് മീതെ പകയുമായി നീങ്ങുകയായിരുന്നു.
1989-ൽ ഫെലിക്സ് കുടുംബവുമായി ഒരു ധാരണയുണ്ടാക്കുവാൻ എൽ ചാപോ തന്റെ ഏറ്റവും വിശ്വസ്തനായ അർമാൻഡോ ലോപ്സിനെ അയച്ചു. എന്നാൽ ലോപസ് കൊല്ലപ്പെടുകയായിരുന്നു. ലോപസിന്റെ മൃതദേഹ നഗരത്തിന്റെ അതിർത്തിയിൽ ഉപേക്ഷിച്ച ടിജുവാന കാർട്ടൽ ഭാവിയിൽ പ്രതികാരനടപടികൾ ഇല്ലാതെയിരിക്കാനായി ലോകശിന്റെ കുടുംബാംഗങ്ങളെ മുഴുവനും വകവരുത്തുകയും ചെയ്തു. അതേവർഷം തന്നെ അരെല്ലാനോ ഫെലിക്സ്, അറിയപ്പെടുന്ന വിനിസ്വലൻ കള്ളക്കടത്തുകാരനായ റാഫേൽ ക്ലാവലിനെ, സിനലോവ കാർട്ടലിന്റെ നേതാക്കളിലൊരാളായ പാല്മയുടെ കുടുബത്തിലേക്ക് അയച്ചു.
പാല്മയുടെ ഭാര്യയെ കൈയിലെടുത്ത് അയാളുടെ അക്കൗണ്ടിൽ നിന്നും 7 മില്ല്യൺ യു എസ് ഡോളർ അടിച്ചുമാറ്റുക എന്നതായിരുന്നു ലക്ഷ്യം. കാര്യം സാധിച്ചശേഷം അയാൾ പാല്മയുടെ ഭാര്യയെ കഴുത്തറത്തുകൊല്ലുകയും അവരുടെ തല ഒരു പെട്ടിയിലാക്കി പാല്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മെക്സിക്കൻ മയക്കുമരുന്ന് രംഗത്തെ ആദ്യത്തെ തലയറുത്തുള്ള കൊലപാതകമായിരുന്നു അത്. രണ്ടാഴ്‌ച്ചക്ക് ശേഷം ക്ലാവേൽ പാല്മയുടെ രണ്ട് മക്കളെയും നദിയിലെറിഞ്ഞു കൊന്നു. പാല്മ ക്ലാവലിനെ കൊന്ന് പകരം വീട്ടി.
പിന്നീട് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒരു തുടർക്കഥയാവുകയായിരുന്നു. നിരവധി പേരാണ് ഇരുഭാഗത്തുമായി കൊല്ലപ്പെട്ടത്. ഇതിനിടയിൽ തന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ എൽ ചാപോയെ കൊല്ലാൻ ഫെലിക്സ് ഒരു ശ്രമം നടത്തിയെങ്കിലു അത് വിജയിച്ചില്ല. മരണത്തിൽ നിന്നും രക്ഷപ്പെട്ട എൽ ചാപ്പൊ തന്റെ സംഘത്തേയും കൂട്ടി ഫെലിക്സിനെ ആക്രമിച്ചു. ഇരുഭാഗത്തുമായി എട്ടോളം പേർ മരണപ്പെട്ടപ്പോൾ ഫെലിക്സും എൽ ചാപോയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് ആറുമാസക്കാലത്തോളം ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടര്ന്നു. പക്ഷെ ഇരുഭാഗത്തേയും നേതാക്കൾക്ക് ജീവഹാനി സംഭവിച്ചില്ല.
കർദ്ദിനാളിന്റെ വധം; എൽ ചാപ്പോയുടെ അറസ്റ്റും ജയിൽവാസവും; സുലേമ ഹെർണാണ്ടസിന്റെ വരവും
ഈ ഏറ്റുമുട്ടലുകൾക്കൊടുവിൽ ഗൗഡലജരാ അന്താരാഷ്ട വിമാനത്താവളത്തിൽ എൽ ചാപ്പോ ഉണ്ടെന്ന് മനസ്സിലാക്കിയ എതിരാളികൾ അവിടെ സംഘം ചേർന്ന് എത്തി. തുടർന്ന് അവർ എൽ ചാപ്പോക്ക് നേരെ വെടി ഉതിർത്തു. എന്നാൽ എൽ ചാപ്പോയുടെ കാറെന്ന് അവർ തെറ്റിദ്ധരിച്ച് വെടിവച്ചത് അവിടത്തെ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ ജുവാൻ ജീസസ് പൊസാഡസിന്റെ കാറിനു നേരെയായിരുന്നു. ഇതിൽ കർദ്ദിനാൾ കൊല്ലപ്പെട്ടു. മെക്സിക്കോയിൽ മതനേതാക്കളിൽ പ്രമുഖനായിരുന്ന കർദ്ദിനാളിന്റെ കൊലപാതകം വലിയ വിവാദമായി. പ്രസിഡണ്ട് കാർലോസ് വരെ ഇതിനെ അപലപിച്ചും മാത്രമല്ല കത്തോലിക്ക സഭയുടെയും പൊതുജനങ്ങളുടെയും സമ്മർദ്ദംഏറിയപ്പോൾ ഇതിനെ കുറിച്ച് അന്വേഷിക്കാനും ആരംഭിച്ചു.
കർദ്ദിനാളിന്റെ കൊലയാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്ല്യൺ അമേരിക്കൻ ഡോളറായിരുന്നു ഇനാമായി പ്രഖ്യാപിച്ചത്. മാത്രമല്ല, എൽ ചാപ്പോയുടെ ചിത്രം ടി വി ചാനലുകളിലൂടെയും മറ്റും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ താൻ പിടിക്കപ്പെടുമെന്ന് ബോദ്യമായ എൽ ചാപ്പോവ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി ഗോട്ടിമാലയിലേക്ക് കടന്നു. തന്റെ പെൺസുഹൃത്ത് മരിയയും ഏറ്റവും വിശ്വ്സ്തരായ അനുയായികളുമൊരുമിച്ച് എൽ സാൽവഡോറിൽ താമസം ആരംഭിക്കുവാനായിരുന്നു അയാൾ ഉദ്ദേശിച്ചത്. എന്നാൽ, ഇയാളുടെ ഓരോ നീക്കങ്ങളും മെക്സിക്കൻ -ഗ്വാട്ടിമാല അധികൃതർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ 1993-ൽ ഗ്വാട്ടിമാലയിലെ ഒരു ഹോട്ടലിൽ വെച്ച് ഗ്വാട്ടിമാലൻ സൈന്യം ഇയാളെ അറസ്റ്റ് ചെയ്ത് മെക്സിക്കൻ അധികാരികൾക്ക് കൈമാറി. തുടർന്ന് കർദ്ദിനാൾ കൊല്ലപ്പെട്ട കേസിൽ ഇയാൾ കുറ്റവിമുക്തനായെങ്കിലും വിവിധ മയക്കുമരുന്ന് കേസുകളിലായി 20 വർഷത്തെ ജയിൽ ശിക്ഷ ഇയാൾക്ക് വിധിച്ചു. ഇതേസമയം, ഇയാളുടെ സഹോദരൻ എൽ പോളൊ ഇയാളുടെ സംഘത്തിന്റെ ചുമതല ഏറ്റെടുത്തു. അതീവ സുരക്ഷയുള്ള ഒരു ജയിലിലായിരുന്നു ഇയാളെ താമസിപ്പിച്ചിരുന്നത്. എന്നിരുന്നാലും സംഘാംഗങ്ങൾ കെട്ടുനിറയെ പണം കൊണ്ടുവന്നു നൽകിയതിനാൽ ജയിലിൽ ഇയാൾക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു.
അന്ന് മെക്സിക്കോയിലെ ഏറ്റവും സമ്പന്നമായ മാഫിയയായിരുന്നു എൽ ചാപ്പോവിന്റെത്. അതുകൊണ്ടുതന്നെ പണത്തിന് ഒരു ക്ഷാമവും അയാൾക്കുണ്ടായിരുന്നില്ല. ജയിൽ ജീവനക്കാരെല്ലാം ഇയാളുടെ ദാസന്മാരെ പോലെ എന്താഗ്രഹവും സാധിച്ചുകൊടുക്കാൻ തയ്യാറായി മുന്നിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഒരു മോഷണക്കേസിൽ അറസ്റ്റിലായി ജയിൽ വാസമനുഭവിക്കുന്ന സുലേമ ഹെർണാണ്ടസിനെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് എൽ ചാപ്പോയുടെ വെപ്പാട്ടിയും സിനലോ കാർട്ടലിലെ ഒരു പ്രമുഖാംഗവുമായി മാറി. കാർട്ടലിന്റെ പ്രവർത്തനങ്ങൾ മെക്സിക്കോ സിറ്റിയിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇവരുടെ മൃതദേഹം പിന്നീട് ഒരു ടണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. കത്തികൊണ്ട് നിരവധി തവണ ശരീരത്തിൽ സെഡ് എന്ന ഇംഗ്ലീഷ് അക്ഷരം പോറിയിട്ടിട്ടുണ്ടായിരുന്നു. സിനാലോവയുടെ എതിരാളികളായ ലോസ് സെറ്റാസിന്റെ അടയാളമാണത്.
ജയിൽ ചാട്ടവും വിവാഹവും
ജയിലിലായി അധികം താമസിയാതെ കാവൽക്കാർക്ക് കൈക്കൂലി നൽകി അവരുടെ സഹായത്തോടെ എൽ ചാപ്പോ ജയിൽ ചാടുകയായിരുന്നു. പിന്നീട് അയാളുടെ ഉയർച്ചയായിരുന്നു ലോകം കാണുന്നത്. മയക്കുമരുന്നിനൊപ്പം, പെൺകുട്ടികളേയും കടത്തുവാൻ ആരംഭിച്ചതോടെ എൽ ചാപ്പോയുടെ വരുമാനവും വർദ്ധിച്ചു വന്നു. ആയിടക്കാണ് എമ്മ കൊറോണൽ ഐസ്പുറോവുമായി പരിചയപ്പെടുന്നത്. 2007-ൽ മെക്സിക്കോയിൽ നടന്ന ഒരു സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു എമ്മ. മത്സരാർത്ഥികൾ ഓരോരുത്തരായി ഒരു ദിവസം വീതം അത്താഴവിരുന്നൊരുക്കണം എന്നൊരു നിബന്ധന മത്സരത്തിനുണ്ടായിരുന്നു.
അത്തരത്തിൽ എമ്മ ഒരുക്കിയ വിരുന്നിനിടെയാണ് എൽ ചാപ്പോ എമ്മയെ കണ്ടുമുട്ടുന്നത്. ആദ്യ ദർശനത്തിൽ തന്നെ പ്രണയബദ്ധരായ ഇവർ വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 2011-ൽ ഇവർ കാലിഫോർണിയയിൽ വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു, എന്നാൽ ബർത്ത് സർട്ടിഫിക്കറ്റിലും മറ്റു രേഖകളിലും എൽ ചാപ്പോവിന്റെ പേരുണ്ടായിരുന്നില്ല. അന്നേ അയാൾ അമേരിക്കയുടേ നോട്ടപ്പുള്ളി ആയിരുന്നതിനാലായിരുന്നു ഇത്.
ജയിൽ ചാടിയ അന്നുമുതൽ തന്നെ എൽ ചാപ്പോവിനെ വേട്ടയാടാനും ആരംഭിച്ചു. മെക്സിക്കയ്ക്കൊപ്പം അമേരിക്കയും എൽ ചാപ്പോവിനെ പിടികൂടാൻ ഒരുങ്ങി നടക്കുകയായ്‌രിരുന്നു. എന്നാൽ, ഒരു പതിറ്റാണ്ടിലധികം കാലം അയാള നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് മയക്കുമരുന്ന് വ്യാപാരവുമായി മുന്നോട്ട് പോയി.
രണ്ടാമത്തെ അറസ്റ്റും രക്ഷപ്പെടലും
സിയാറാ മാഡ്രേ പർവ്വതനിരകളിലായിരുന്നു ദീർഘനാൽ എൽ ചാപ്പോ ഒളിവിൽ കഴിഞ്ഞിരുന്നത്. എന്നാൽ അതിനിടെ പിടിയിലായ അയാളുടെ ചില അനുയായികളിൽ നിന്നും എൽ ചാപ്പോ ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ സിനലോവയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അതനുസരിച്ച് അവർ അയാളുടെ മുൻ ഭാര്യയുടെ വീട്ടിൽ എത്തിയെങ്കിലും അവിടെ നേരത്തേ നിർമ്മിച്ചിരുന്ന രഹസ്യ തുരങ്കം വഴി അയാൾ രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നും മസാൽടാനിലേക്ക് പോയ അയാളെ അവിടെ ഒരു ഹോട്ടലിൽ വച്ചാണ് പിന്നീട് മെക്സിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിൽ അറസ്റ്റ് ചെയ്യുമ്പോൾ അയാൾക്കൊപ്പം എമ്മയും ഉണ്ടായിരുന്നു. അറസ്റ്റിനെ തുടർന്ന് അയാളെ വീണ്ടും അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. ഇവിടെ ആരോഗ്യപരമായ സാഹചര്യങ്ങൾ ഇല്ലെന്ന പേരിൽ ആയിരക്കണക്കിൻ തടവുകാരെ സംഘടിപ്പിച്ച് നിരാഹാര സമരം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനിടയിൽ, അമേരിക്കയിലും ഇയാളുടെ പേരിൽ കേസുകൾ ഉള്ളതിനാൽ ഇയാളെ അമേരിക്കയിലേക്ക് വിട്ടുകിട്ടാൻ അവരും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം ഒരോ സങ്കേതിക കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു.
ഇതിനിടയിലാണ് ഇയാൾ രണ്ടാം തവണയും ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. സെക്യുരിറ്റി ക്യാമറകളിൽ ഒന്നിലും ഇയാളെ കാണാതായതിനെ തുടർന്ന് ഇയാളുടെ സെല്ലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ രക്ഷപ്പെട്ടതായി കണ്ടത്. ജയിൽ അറയ്ക്കുള്ളിൽനിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലേക്ക് നിർമ്മിച്ച ഭൂഗർഭ തുരങ്കം വഴിയായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങൾ വരെ ഒരുക്കിയിരുന്ന ഈ ആധുനിക തുരങ്കത്തിന്റെ നിർമ്മാണത്തിന് എല്ലാ സഹായവും ചെയ്തത് എമ്മയായിരുന്നു എന്ന് പറയപ്പെടുന്നു. ജയിലിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഒരു വീടും സ്ഥലവും വിലയ്ക്ക് വാങ്ങി അവിടെനിന്നുമായിരുന്നു തുരങ്കം നിർമ്മിക്കാൻ തുടങ്ങിയത്.
സിനിമാ നിർമ്മാണവും മൂന്നാം അറസ്റ്റും
ജയിൽ ചാടി ഒളിവിൽ കഴിയുന്ന കാലത്താണ് എൽ ചാപ്പോയുടെ അഭിഭാഷകർ കേയ്റ്റ് ഡെൽ കാസ്റ്റില്ലോ എന്ന മെക്സിക്കൻ നടിയുമായി ബന്ധപ്പെടുന്നത്. നേരത്തേ മയക്കുമരുന്ന് കടത്തു നിർത്തി സ്നേഹം കടത്താൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ഈ നടി എൽ ചാപ്പോക്ക് ഒരു തുറന്ന കത്തയച്ചിരുന്നു. ഇപ്പോൾ അയാളുടെ ആവശ്യം തന്റെ കഥ ഒരു സിനിമയാക്കാൻ സഹായിക്കണം എന്നതായിരുന്നു. സിനിമാ വൃത്തങ്ങളിൽ നിന്നും ഇതിനെക്കുറിച്ചറിഞ്ഞ അമേരിക്കൻ നടൻ സീൻ പെൻ, കാസ്റ്റിലയുമായി ബന്ധപ്പെട്ട് തനിക്ക് എൽ ചാപ്പോയുടെ ഒരു അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കണമെന്ന് അഭ്യർത്ഥിച്ചു.
അങ്ങനെയാണ് കാസ്റ്റില്ലോയും പെന്നും കൂടി പർവ്വത നിരകളിലുള്ള എൽ ചാപ്പോയുടെ ഒളിസങ്കേതത്തിലെത്തി ഇയാളെ കാണുന്നത്. ഏഴുമണിക്കൂറോളം അയാളുമായി അവർ സംസാരിച്ചു. അന്നായിരുന്നു അയാൾ തനിക്ക് മയക്കുമരുന്ന് വ്യാപാരമുണ്ടെന്ന്ആദ്യമായി ഒരു മാധ്യമത്തോട് സമ്മതിക്കുന്നത്. എന്നാൽ ഇവരുടെ വരവിലൂടെ എൽ ചാപ്പോയുടെ ഒളിസങ്കേതം ഏതെന്നവ്യക്തമായ വിവരം അമേരിക്കയ്ക്ക് ലഭിച്ചു. അവർ അത് മെക്സിക്കൻ അധികൃതർക്ക് കൈമാറുകയും ചെയ്തു. തുടർന്ന് അവിടെ പൊലീസ് എത്തിയെങ്കിലും കനത്ത വെടിപ്പിനിടെ അയാൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് വടക്കൻ സിനലോയയിലെ കടല്ത്തീര നഗരമായ ലോസ് മോക്കിസിൽ അയാളുണ്ടെന്നറിഞ്ഞ് പൊലീസും സൈനികരും എത്തിയെങ്കിലും അവിടെയും വീട്ടിനുള്ളിൽ നിന്നും നിർമ്മിച്ചിരുന്ന ഒരു തുരങ്കം വഴി അയാൾ രക്ഷപ്പെട്ടു. മോഷ്ടിച്ചെടുത്ത ഒരു വാഹനവുമായായിരുന്നു അയാൾ പോയത്. വഴിയിൽ അയാളെ തടഞ്ഞ പൊലീസുകാർക്ക് വൻ തുക കൈക്കൂലി വാഗ്ദാനം നൽകിയെങ്കിലും അവർ അതിനു വഴങ്ങിയില്ല. പിന്നീട് മേലധികാരികളുടെ ആജ്ഞാ പ്രകാരം അയാളെ അറസ്റ്റ് ചെയ്ത് മെക്സിക്കൻ സൈന്യത്തിന് കൈമാറുകയയിരുന്നു.
മറുനാടന് ഡെസ്ക്