- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്വന്തമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുള്ള രാജ്യത്തിനുള്ളിലെ രാജ്യം; ഗാന്ധിത്തല നോട്ട് കൊടുത്താൽ കിട്ടുക ജിന്നാ നോട്ട്; കാശ്മീർ വികസിക്കുമ്പോൾ ഇവിടെ ദാരിദ്ര്യം മാത്രം; അജ്മൽ കസബിന് പരിശീലനം കൊടുത്ത നാട്; അൽഖായിദക്ക് തൊട്ട് താലിബാനു വരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി! ജലീലിനെ കുടുക്കിയ 'ആസാദ് കാശ്മീരിന്റെ' കഥ
'നരകതുല്യമായ ഭൂമിയിലെ സ്വർഗം'- ആസാദ് കാശ്മീർ എന്ന് പാക്കിസ്ഥാൻ വിളിക്കുന്ന, പാക് അധിനിവേശ കാശ്മീർ എന്ന പിഒകെയിൽ സന്ദർശനം നടത്തിയ, റോബർട്ട് ഫിസ്‌ക്ക് എന്ന ലോക പ്രശസ്ത മാധ്യമപ്രവർത്തകൻ കുറിച്ച വരികൾ ആണിത്. കാശ്മീരിനെ പൊതുവേ ഭൂമിയിലെ സ്വർഗം എന്നാണെല്ലോ പറയുക. അതുപോലെ കൊതിപ്പിക്കുന്ന മഞ്ഞ് മലകളും, കാൽപ്പനികത തുളുമ്പിനിൽക്കുന്ന ആപ്പിൾ മരങ്ങളും പൈൻ മരങ്ങളും, സഞ്ചാരികളെ മാടിവിളിക്കുന്ന തടാകങ്ങളുമെല്ലാം എല്ലാം അധിനിവേശ കാശ്മീരിലും ഉണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ എല്ലാം ശാന്തം സുന്ദരം. പക്ഷേ അകത്തേക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് നാം ഈ നാട് നരകമാണെന്ന് മനസ്സിലാവുക.
ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയായിരുന്നു, ഈ അടുത്തകാലം വരെയും ഈ നാട്. ലശ്ക്കറെ തെയ്യിബ്ബയുടെ നേതൃത്വത്തിൽ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് 90കളിൽ പരസ്യമായി നടത്തിയിരുന്നത്. പാക്ക് സർക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേർന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാർക്കായി നടത്തുന്നത്. ഇവരിൽ നല്ലൊരു വിഭാഗത്തേയും വിടുക ഇന്ത്യയിലേക്കാണ്. അതിർത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതുകൊണ്ടും, പാക്കിസ്ഥാൻ സാമ്പത്തികമായി തകർന്നതുകൊണ്ടും, ഇത്തരം പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയാറില്ല.
താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികൾക്കുവരെ ബ്രാഞ്ചുകൾ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സർക്കാറിന് തന്നെ ഭീഷണിയായി. കഴിഞ്ഞ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉൾപ്പെടയുള്ളവർ ഇതിനെതിരെ അൽപ്പം കർശന നിലപാട് എടുത്തതോടെ ഇപ്പോൾ ഇത്തരം സംഘടനകളുടെ പ്രവർത്തനവും അൽപ്പം കുറഞ്ഞിട്ടുണ്ട്. അതുപോലെ ഇന്ത്യയെ തകർക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവർത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാൾ വഴി വൻതോതിൽ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകൾ കൊടുത്താൽ ജിന്നയുടെ തലയുള്ള നോട്ടുകൾ കിട്ടിയ കാലം!
ഇനി പുരോഗതിയുടെ കാര്യമെടുത്താൽ ജമ്മു കാശ്മീരിന്റെ എഴയലത്ത് എത്താൻ അധിനിവേശ കാശ്മീരിന് കഴിഞ്ഞിട്ടില്ല. 72 ശതമാനം സാക്ഷരതയുണ്ടായിട്ടും, ഇപ്പോഴും 40 ശതമാനവും ദരിദ്ര്യരേഖക്ക് താഴെ തന്നെയാണ്. പാക്കിസ്ഥാൻ തങ്ങളെ അവഗണിക്കുന്നുവെന്നത്, വർഷങ്ങളായി അധിനിവേശ കാശ്മീരികളുടെ പരാതിയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിൽ ലയിക്കണം എന്നല്ല സ്വതന്ത്ര്യ രാജ്യം വേണം എന്നാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗത്തിന്റെയും ആഗ്രഹം.
പാക്കിസ്ഥാൻ ആസാദ് കാശീമീർ എന്ന വിളിക്കുന്ന നാട് ഇപ്പോൾ കേരളത്തിലും വലിയ ചർച്ചയാവുകയാണ്. മുൻ മന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെ ടി ജലീൽ തന്റെ കാശ്മീർ സന്ദർശനത്തിന്റെ ഭാഗമായി ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ആസാദ് കാശ്മീർ എന്ന പരാമർശം കയറിക്കൂടിയതാണ് വിവാദത്തിന് ഇടയാക്കിയത്. പാക്കിസ്ഥാൻ ആ പ്രദേശത്തെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്ക് ഒരു ഇന്ത്യൻ എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായത് കേസ് എടുക്കത്തക്ക കുറ്റമാണെന്ന് വിമർശനം ഉയരെവേ, ജലീൽ ആ വാക്ക് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു വാക്കിൽ അല്ല കാര്യം. എന്താണ് ആ പ്രദേശം, എന്താണ് അവിടെ നടക്കുന്നത് എന്നൊക്കെ പഠിച്ചാൽ മാത്രമേ ആ വാക്കിലെ ഭീകരത ബോധ്യപ്പെടു.
ചോരയിലൂടെ പിറന്ന പ്രദേശം
ആസാദ് കാശ്മീർ എന്ന പാക്കിസ്ഥാൻ വിളിക്കുന്ന, പ്രവിശ്യ രൂപം കൊള്ളുന്നതും ചോരയിലൂടെയാണ്. 1947 ൽ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോവുമ്പോൾ, അവയ്ക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരുന്നതിനോ, അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിങ് തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. എന്നാൽ പടിഞ്ഞാറൻ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ പാക് അധീന കാശ്മീർ എന്നറിയപ്പെടുന്ന പ്രദേശം) അതിർത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ) മുസ്ലിം വംശജരിലെ ഒരു വിഭാഗം പാക്കിസ്ഥാനിൽ ചേരാനാണ് ആഗ്രഹിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തെിൽ പങ്കെടുത്ത് വിരമിച്ച സൈനികരും, ഈ പ്രദേശത്തെ ജനങ്ങളും, മഹാരാജാവിന്റെ സൈന്യത്തിനെതിരെ മത്സരിക്കുകയും ജില്ലയുടെ മുഴുവൻ നിയന്ത്രണവും നേടുകയും ചെയ്തു. ഈ വിജയത്തെത്തുടർന്ന്, പടിഞ്ഞാറൻ ജില്ലകളായ മുസാഫറാബാദ് , പൂഞ്ച് , മിർപൂർ എന്നിവിടങ്ങളിലെ പാക്കിസ്ഥാൻ അനുകൂലികൾ 1947 ഒക്ടോബർ 3 ന് റാവൽപിണ്ടിയിൽ താൽക്കാലിക ആസാദ് ജമ്മു കശ്മീർ സർക്കാരിനെ പ്രഖ്യാപിച്ചു. തുടർന്ന് ആയിരക്കണക്കിന് പഷ്തൂൺ ഗോത്രവർഗ്ഗക്കാർ ജമ്മു കശ്മീരിലേക്ക് മഹാരാജാവിന്റെ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ എത്തി. പാക് സൈന്യത്തിന്റെ പിന്തണയും ഇവർക്ക് ഉണ്ടായിരുന്നു. പരിചയസമ്പന്നരായ സൈനിക നേതാക്കളാണ് അവരെ നയിച്ചത്. ആക്രമണത്തെ നേരിടാൻ രാജാവിന് കഴിഞ്ഞില്ല. സംസ്ഥാന തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 20 മൈൽ (32 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി മുസാഫറാബാദ്, ബാരാമുള്ള പട്ടണങ്ങൾ റെയ്ഡറുകൾ പിടിച്ചെടുത്തു. ഒക്ടോബർ 24 ന് രാജാവ് ഇന്ത്യയിൽ നിന്ന് സൈനിക സഹായം അഭ്യർത്ഥിച്ചു.
1947 ഒക്ടോബർ 26 ന് രാജാ ഹരി സിങ് സൈനികസഹായത്തിന് പകരമായി പ്രതിരോധ, വിദേശകാര്യ, ആശയവിനിമയങ്ങളുടെ നിയന്ത്രണം ഇന്ത്യൻ സർക്കാരിന് കൈമാറി. ഇന്ത്യൻ സൈനികരെ ഉടൻ തന്നെ ശ്രീനഗറിലേക്ക് വിമാനം കയറി. ഇന്ത്യൻ, പാക് സൈന്യങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. നിരവധി മരണങ്ങൾ ഉണ്ടായി. പക്ഷേ അന്തിമ ജയം ഇന്ത്യക്കായിരുന്നു. വലിയ ആൾ നാശം പാക് പക്ഷത്തുണ്ടായി. ഒടുവിൽ അന്നത്തെ ഇന്ത്യൻ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ 1947 ഒക്ടോബർ 26 ന് ഒരു കരാറിൽ ഒപ്പുവച്ചു. അതുപ്രകാരം നിലവിലുള്ള അവസ്ഥ തുടർന്നു.
പക്ഷേ തർക്കം തുടർന്നു. 1949ലാണ് കാശ്മീരിലെ ഇന്ത്യൻ, പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള ഭാഗങ്ങൾ വേർതിരിക്കുന്ന ഒരു ഔപചാരിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഈ കരാറിനെത്തുടർന്ന്, വെടിനിർത്തൽസമയത്ത് തൽസ്ഥിതി തുടർന്നു. അതായത് ഇന്ത്യൻ സൈന്യം പാക്ക് സൈന്യത്തെ ഏറെ ദൂരം പിന്തള്ളിയെങ്കിലം ഒരു ഭാഗം അവരുടെ കൈയിലായി. അവർ ആ കാശ്മീരിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ വിഭജിച്ച് ഗിൽഗിത്-ബാൾട്ടിസ്ഥാൻ, ആസാദ് കാശ്മീർ എന്നീ രണ്ടുഭാഗങ്ങളാക്കി. ചുരുക്കിപ്പറഞ്ഞാൽ ചോരപ്പുഴയിലൂടെയാണ് ഈ പ്രദേശം രൂപം കൊള്ളുന്നത്. അതിനുശേഷവും അതിന്റെ ചരിത്രം ചോരയുടെയും തോക്കിന്റെയും ബോംബിന്റെയും ചാവേറിന്റെതുമാണ്.
ഒരു ഭാഗം കാശ്മീർ ചൈനക്ക്
തങ്ങൾ പിടിച്ചെടുത്ത കാശ്മീരിന്റെ ഒരു ഭാഗം ചൈനക്ക് പാക്കിസ്ഥാൻ കൊടുത്തതും ഇന്നും അത്ഭുദമാണ്. ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഒരു ചെറിയ പ്രദേശമായ കശ്മീരിലെ ഷാക്സ്ഗാം, 1963ൽ പാക്കിസ്ഥാൻ ചൈനയ്ക്ക് വിട്ടുകൊടുത്തു. ഇപ്പോൾ ചൈനയുടെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണിത്. പകരം ചൈനയുടെ സൈനിക സഹായവും ചൈനയുടെ നേതൃത്വത്തിൽ അതിർത്തിയിൽ നടക്കുന്ന വികസനവും തന്നെയാണ് പാക്കിസ്ഥാൻ പ്രതീക്ഷിച്ചത്. പക്ഷേ ഇപ്പോൾ ഈ മേഖലയിലൊക്കെ ചൈന നിരങ്ങി, അവസാനം ഗൽഗിത്- ബാൾട്ടിസ്ഥാൻ മേഖല ചൈനയുടെ സാമന്ത രാഷ്ട്രം പോലെയായി. ഇപ്പോൾ അവിടെ തദ്ദേശീയർക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ ചൈനീസ് ഔട്ടപോസ്റ്റുകൾ പോലുമുണ്ട്! അതായത് ചങ്കിലെ ചൈന പാക്കിസ്ഥാനിനെ വിഴുങ്ങുന്നുവെന്ന് ചുരുക്കം.
ആസാദ് കശ്മീർ എന്ന് പാക്കിസ്ഥാൻ വിളിക്കുന്ന പ്രദേശത്തിന്റെ ആറിരട്ടി വലുപ്പമാണ് ഗിൽഗിത്-ബാൾട്ടിസ്ഥാനുള്ളത്. 1993 ൽ ഇത് പാക്കിസ്ഥാന്റെ ഭാഗമാക്കാൻ നീക്കം നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പുമൂലം റദ്ദാക്കേണ്ടി വന്നു. 2009 ൽ പരിമിതമായ സ്വയംഭരണം അനുവദിക്കപ്പെട്ടു. എന്നിരുന്നാലും, ഈ പ്രദേശത്തിന്റെ യഥാർത്ഥ അധികാരം മുഖ്യമന്ത്രി, തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി എന്നിവയേക്കാളുപരി ഗവർണറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഗവർണറാകട്ടെ സംരക്ഷിക്കുന്നത് പാക്കിസ്ഥാന്റെയും ചൈനയുടെയും താൽപ്പര്യങ്ങളാണ്. ഫലത്തിൽ സ്വയം ഭരണം ആവിയായി എന്ന് ചുരുക്കും.
പാക്കിസ്ഥാനിലെ ഷിയ ഭൂരിപക്ഷമുള്ള പ്രദേശം കൂടിയാണ് ഗിൽഗിത്- ബാൾട്ടിസ്ഥാന്. 1948 ൽ ഷിയകൾ ഇവിടെ ജനസംഖ്യയുടെ 85 ശതമാനം ഉണ്ടായിരുന്നു. ജനറൽ സിയാ ഉൽ ഹഖിന്റെ നടപടികളാണ് ഈ അനുപാതം കുറച്ചത്. മറ്റ് പ്രവിശ്യകളിൽ നിന്നും ഫെഡറൽ അഡ്‌മിനിസ്‌ട്രേറ്റഡ് ട്രൈബൽ ഏരിയകളിൽ നിന്നും സുന്നികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചാണ് ഈ മാറ്റം ഉണ്ടാക്കിയത്. 1979 ലെ ഇറാനിയൻ വിപ്ലവത്തിനുശേഷം ഷിയകളുടെ വർധിച്ചുവരുന്ന വിഭാഗീയ ബോധത്തെ ചെറുക്കാനുള്ള ആഗ്രഹമാണ് ഈ നയത്തിന് പ്രചോദനമായതെന്ന് പറയുന്നത്. പക്ഷേ പതുക്കെ ഷിയകളുടെ ഈ പ്രദേശം ഭരണകൂടത്തിന്റെ ഒത്താശയോടെ സുന്നികളുടേതായി.പാക്കിസ്ഥാനിൽ നിന്നുള്ള സുന്നികൾക്ക് ലാഭകരമായ തൊഴിൽ ഓഫറുകളും മറ്റ് പ്രോത്സാഹനങ്ങളും സർക്കാർ നൽകി. അതോടെ ഈ ഭൂമിയുടെ യഥാർത്ഥ നിവാസികളായ ഷിയ ഒരു ന്യൂനപക്ഷമായി!
പിഒകെ യോടുള്ള ചൈനീസ് താത്പര്യം 15,397 അടി ഉയരത്തിൽനിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന റോഡായ കാരക്കോറം ഹൈവേ 4665 മീറ്ററിൽ നിർമ്മിച്ചതിൽനിന്ന് വ്യക്തമാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൈമാറ്റം ചെയ്യാനും ചൈനയിൽ നിന്ന് ആണവ, മിസൈൽ വസ്തുക്കൾ വിക്ഷേപിക്കാനും ഇത് ധാരാളം ഉപയോഗിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ റോഡും പാലവും ആർമി ബേസുമായി ചൈന ഈ നാട് പിടിച്ചെടുത്തു. അതായത് ഇനി ഈ ഭാഗത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കുമ്പോൾ പാക്കിസ്ഥാന് ചൈനയോടും ചോദിക്കേണ്ടി വരും.
1972ലാണ് ഇന്ത്യൻ, പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ അതിർത്തികൾ നിയന്ത്രണ രേഖ എന്ന് നാമകരണം ചെയ്യപ്പെത്. 1972 ലെ സിംല ഉടമ്പടിക്ക് ''ഉഭയകക്ഷി ചർച്ചകളിലൂടെ സമാധാനപരമായ മാർഗങ്ങളിലൂടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ'' ഇരു രാജ്യങ്ങളെയും നിർബന്ധിതരാക്കി. ആ ഉടമ്പടി കണക്കിലെടുക്കുമ്പോൾ, ഐക്യരാഷ്ട്രസഭ പോലുള്ള ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്താതെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ചർച്ചയാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരം.
രാജ്യത്തിനുള്ളിലെ രാജ്യം
സത്യത്തിൽ പാക്കിസ്ഥാനിൽ ഉള്ളിലെ രാജ്യത്തിനുള്ളിലെ രാജ്യം എന്ന് പറയുന്നതാണ് പിഒകെ. പാക് ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണ് കടലാസിൽ ഇത്. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം അധിനിവേശ കാശ്മീരിന് ഉണ്ടായിരുന്നു. സിയാഉൽ ഹഖ് പാക്കിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം പിഒകെയുടെയും പൊതു സൈന്യമായി മാറി. പാക്കിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ല. പക്ഷേ സംഭവിക്കുന്നത് അങ്ങനെ അല്ലെന്ന് മാത്രം. ഗിൽജിത്-ബാൾട്ടിസ്ഥാൻ നീക്കം ചെയ്താൽ, ആസാദ് കശ്മീരിലെ വിസ്തീർണ്ണം 13,300 ചതുരശ്ര കിലോമീറ്ററിലാണ്. ജനസംഖ്യ 45 ലക്ഷം. 8 ജില്ലകളും 19 തഹസിൽസും 182 ഫെഡറൽ കൗൺസിലുകളും ഉണ്ട്. ജമ്മു കശ്മീരിന്റെ ജനസംഖ്യ ഒന്നരക്കോടിയാണെന്ന് ഓർക്കണം. അധിനിവേശ കാശ്മീരിന്റെ മൂന്നിരട്ടിയുണ്ട് ജമ്മു കാശ്മീർ. പാക് അധിനിവേശ കശ്മീരിനും സ്വന്തമായി സുപ്രീം കോടതിയും ഹൈക്കോടതിയും ഉണ്ട്. ഭൂരിഭാഗം ജനങ്ങളുടെ തൊഴിൽ കൃഷി തന്നെ.
1974 ൽ പാസാക്കിയ ആസാദ് കശ്മീർ ഇടക്കാല ഭരണഘടന നിയമപ്രകാരമാണ് ഇവിടുത്തെ ഭരണം. സ്വന്തമായി പാർലമെന്റ് ഇവർക്കുണ്ട്. തലസ്ഥാനം മുസാഫറാബാദിലാണ്. രാഷ്ട്രപതിഭരണഘടനാ രാഷ്ട്രത്തലവനാണ്, പ്രധാനമന്ത്രി ഒരു മന്ത്രിസഭയുടെ പിന്തുണയോടെ ചീഫ് എക്സിക്യൂട്ടീവ് ആണ്. പാക്കിസ്ഥാൻ പാർലമെന്റിൽ ആസാദ് കശ്മീർ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, സർക്കാരിന്റെ കാശ്മീർ കാര്യ മന്ത്രാലയവും ഗിൽഗിത്-ബാൾട്ടിസ്ഥാനും, ആസാദ് കാശ്മീർ സർക്കാരുമായി ഒരു ബന്ധപ്പൊണ് പ്രവർത്തിക്കുന്നത്. പക്ഷേ സ്വന്തമായി ഒരു പ്രസിഡന്റും പ്രധാനമന്ത്രിയും ഉണ്ടെങ്കിലും എന്തിനും ഏതിനും പാക്കിസ്ഥാനെ ആശ്രയിക്കേണ്ട ഗതികേടിയാണിതവർ.
2005 ഒക്ടോബറിൽ ഭൂകമ്പ സമയത്താണ് ഈ നാടിന്റെ ദുരവസ്ഥ ലോകം അറിഞ്ഞത്. ഇന്ത്യ സഹായിക്കാമെന്ന് പറഞ്ഞിട്ടുപോലും പാക്കിസ്ഥാൻ കൂട്ടാക്കിയില്ല. സ്വന്തമായി സഹായിക്കാൻ അവർക്ക് കഴിഞ്ഞതുമില്ല. ആയിരങ്ങൾ ആണ് അങ്ങനെ മരിച്ചത്. അതിനുശേഷം പകർച്ചവ്യാധിയുണ്ടായപ്പോൾ, അത് പിടിച്ചു നിർത്താനും, രാജ്യത്തിന് കഴിഞ്ഞില്ല. ഇക്കാരങ്ങൾ കൊണ്ടുതന്നെ പാക്കിസ്ഥാനോട് വലിയ സ്നേഹമൊന്നും അവർക്ക് ഇല്ല. സ്വതന്ത്രമായ ഒരു രാജ്യം ഉണ്ടാവണം എന്നാണ് ആ നാട്ടിലെ ഭൂരിഭാഗത്തിനും ആഗ്രഹം. പക്ഷേ ഇവിടെ മാധ്യമങ്ങൾക്ക് പ്രവർത്തന സ്വതന്ത്ര്യവുമില്ല. ആസാദ് കശ്മീർ റേഡിയോയായിരുന്നു ഏക റേഡിയോ സ്റ്റേഷൻ. വാസ്തവത്തിൽ, ഭൂകമ്പസമയത്തും ഇവർ തെറ്റായ വിവരങ്ങളാണ് നൽകിയത്. പല വിദേശ മാധ്യമങ്ങും രഹസ്യമായി നടത്തിയ സർവേയിലുടെയാണ് അധിനിവേശ കാശ്മീരിലെ യഥാർഥ സ്വതന്ത്ര്യമോഹത്തെക്കുറിച്ച് വിവരങ്ങൾ കിട്ടുന്നത്.
ഐഎസ്‌ഐയും സൈന്യവുമാണ് ഇവിടുത്തെ രാഷ്ട്രീയ ജീവിതം നിയന്ത്രിക്കുന്നുവെന്ന് പാക്കിസ്ഥാൻ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നുത്. സത്യത്തിൽ 72 ശതമാനം സാക്ഷരതയുള്ള നാടാണ് ഇത്. പക്ഷേ ഇവിടെ ആവശ്യത്തിന് കോളജുകൾ ഇല്ല. തീവ്രവാദത്തിന് ആളെക്കൂട്ടാനാള്ള പരിപാടി എന്നോണം, മദ്രസകൾക്ക് ചേർന്ന്, സ്‌കുളുകൾ തുടങ്ങുമെന്ന് മാത്രം. അതുകൊണ്ട് സംഭവിക്കുന്നത് ഭൂരിപക്ഷം പേരുടെയും പഠനം, സ്‌കുളിൽ അവസാനിക്കും എന്നതാണ്.അതുകൊണ്ട് തന്നെ അൽപ്പം വിദ്യാഭ്യാസമുള്ളവർ ഈ നാട്ടിൽനിന്ന് പലായനം ചെയ്യുന്ന അവസ്ഥയാണ്. അവർ യൂറോപ്പിലോ മിഡിൽ ഈസ്റ്റിലോ ഉള്ള രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നത്. പിന്നീട്് ഇങ്ങോട്ട് വരാറുമില്ല.
പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി
അടിസ്ഥാനപരമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഇവിടെ പ്രകടമാണ്. കാശ്മീരിനെ തീവ്രവാദ മുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനുമാണ് ഇന്ത്യ ശ്രമിച്ചത്. കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിനെ അവഗണിക്കുകയാണെന്ന് ഇന്ന് തലക്ക് ഓളമുള്ളവർക്കും, കടുത്ത മത തീവ്രവാദികൾക്കും അല്ലാതെ പറയാൻ കഴിയില്ല. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പാക്കേജുകളുമാണ് കേന്ദ്ര സർക്കാർ കാശ്മീരിൽ നടപ്പാക്കുന്നത്.
എന്നാൽ അധിനിവേശ കാശ്മീരിലെ അവസ്ഥ എന്താണ്. വളരെ വർഷങ്ങളായി പാക്കിസ്ഥാൻ അവരെ കൃത്യമായി അവഗണിച്ച് കൊണ്ടിരിക്കയാണ്. സിയാവുൽ ഹഖിനെപ്പോയുള്ള അതിക്രൂരന്മാരായ ഭരണാധികൾക്ക്, തങ്ങളുടെ അജണ്ടക്ക് അനുസരിച്ച് കൊല്ലാനും ചാവാനും, കത്തിക്കാനുമുള്ള തീവ്രവാദികളെ സൃഷ്ടിക്കാനുള്ള സ്ഥലം ആയിരുന്നു ഇത്. പാക്കിസ്ഥാൻ ഈ മേഖലയെ തങ്ങളുടെ ചാര സംഘടനയായ ഐസ്ഐക്ക് പതിച്ച് കൊടുക്കുക ആയിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനായി ലശ്ക്കർ, ജെയ്ഷേ തീവ്രവാദികൾക്ക് പരിശീലനം കൊടുക്കുന്ന ഒരു ഹബ്ബായി ഇത് 90കളിൽ മാറിയിരുന്നു. ആയിരത്തോളം തീവ്രവാദി ക്യാമ്പുകളായിരുന്നു അക്കാലത്ത് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. പാക്കിസ്ഥാൻ ആർമി ഓഫീസർമാർ തന്നെ ആയിരുന്നു, ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്. ഓർക്കണം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മൽ കസബിന്വരെ പരിശീലനം കിട്ടിയത് പിഒകെയുടെ തിലസ്ഥാനമായ മുസഫറാബാദിൽ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കസബിനെ, പണവും ഓഫറുകളും നൽകി, മനസ്സിലേക്ക് തീവ്രവാദത്തിന്റെ വിത്തിട്ട്, ചാവറാക്കി മാറ്റിയതും സാക്ഷാൽ ഐഎസ്ഐ തന്നെ ആയിരുന്നു. ഇങ്ങനെ ആയിരക്കണിക്ക് കുട്ടികളുടെ ജീവിതമാണ് ഇവർ ഇല്ലാതാക്കുന്നത്.
തീവ്രവാദത്തിന് തീവെട്ടി പിടിച്ചുകൊണ്ട് നടത്തുന്ന ഈ കളി തീക്കളിയാണെന്ന് പാക്കിസ്ഥാൻ ഈയടുത്താണ് അറിഞ്ഞത്. കാരണം താലിബാനും, അൽഖായിദക്കും, ഐസിസിനും തൊട്ട് സകല ഇസ്ലാമിക തീവ്രാവാദ സംഘനകൾക്കും ഇവിടെ ബ്രാഞ്ചായി. പാക്ക് താലിബാൻ ശക്തി പ്രാപിച്ചു. ചില ഭാഗങ്ങളിൽ ഷിയാ തീവ്രവാദവും ഉണ്ടായി. അതോടെയാണ് ഇമ്രാൻഖാൻ സർക്കാർ ഇവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചത്. ഇപ്പോൾ പഴയതുപോലെ ഇല്ലെങ്കിലും തീവ്രവാദവും വിധ്വംസക പ്രവർത്തനങ്ങളും പിഒകെയിൽ വളരെയധികം തുടരുന്നുണ്ട്.
ഒരിക്കൽ തങ്ങളുടെ ഭാഗമാവുമെന്ന് ഇന്ത്യ
പാക്കിസ്ഥാൻ ഇപ്പോഴും കാശ്മീരിന്റെ ഭാഗത്തുനിന്നുള്ള അവകാശവാദങ്ങളിൽനിന്ന് പിന്മാറിയിട്ടില്ല എന്നതുപോലെ, ഇന്ത്യ പാക്ക് അധീന കാശ്മീരും തങ്ങളുടെ ഭാഗമാണെന്ന് നിലപാടാണ് എക്കാലവും ഉയർത്തിപ്പടിക്കാറുള്ളത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കിയിരുന്നു. എല്ലാ അന്തരാഷ്ട്ര ഫോറങ്ങളിലും ഇതുതന്നെയാണ് ഇന്ത്യയുടെ നിലപാട്.
2020ൽ കാലാവസ്ഥാ പ്രവചനം നടത്താൻ ഉദ്ദേശിക്കുന്ന സഥലങ്ങളിൽ പാക്കിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന കാശ്മീരിലെ മുസാഫറാബാദ്, ഗിൽജിത്-ബാൾട്ടിസ്താൻ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) നടപടി ഇന്ത്യ ഈ മണ്ണിനുവേണ്ടി പോരാടൻ ഒരുക്കമാണ് എന്നതിന്റെകൂടി സൂചന ആയിരുന്നു. ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവ പിഒകെയിലെ താപനിലയും കാലാവസ്ഥയും ന്യൂസ് ബുള്ളറ്റിനുകളിൽ ഇപ്പോൾ പറയുന്നുണ്ട്. സ്വകാര്യ ചാനലുകളും ഇതു പിന്തുടരണം എന്ന് നിർദ്ദേശമുണ്ട്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ 'ജമ്മു കശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്താൻ, മുസാഫറാബാദ്' എന്നാണ് ഇപ്പോൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പരാമർശിക്കുന്നത്.
അതായത് ഇന്ത്യക്ക് ഇപ്പോഴും പിഒകെ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നാം നമ്മുടെ മണ്ണ് ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇന്നലെങ്കിൽ നാളെ അത് ഭാരതത്തിന്റെ ഭാഗം ആകുമെന്നാണ് സർക്കാർ വൃത്തങ്ങൾ ഉറച്ചു പറയുന്നത്.
വാൽക്കഷ്ണം: 'നാം നമ്മുടെതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമി' എന്ന് പറഞ്ഞ്, ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇഎംഎസ് പറഞ്ഞതുവെച്ചുനോക്കുമ്പോൾ നാം ജലീലിന്റെ പ്രസ്താവനയിൽ ഞെട്ടേണ്ട കാര്യമൊന്നുമില്ല. ഇഎംഎസ് അത് ത്വാതികമായി പറഞ്ഞപ്പോൾ, പണ്ട് ജമാഅത്തെ ഇസ്ലാമിയുടെയും സിമിയുടെയും സ്‌കൂളുകളിൽ പഠിച്ചതിന്റെ തേട്ടൽ അറിയാതെ കെ ടി ജലീലിന്റെ വായിലൂടെ പുറത്തുവന്നുവെന്നു മാത്രം. ഒന്നോർത്താൽ ഇഎംഎസിനേക്കാൾ സത്യസന്ധനല്ലേ ജലീൽ!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ