കോഴിക്കോട്: ഓട്ടിസം ബാധിച്ച വിദ്യാർത്ഥിനിയാണ് പൂജ. കഴിഞ്ഞ അഞ്ചുവർഷമായി ഈ കുഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതാകട്ടെ കല്ലും മുള്ളും പാമ്പും പഴുതാരയുമെല്ലാം ഉള്ള ഒരു ദുരിതവഴി താണ്ടിയാണ്. കുത്തനെയുള്ള കയറ്റംകയറിയുള്ള യാത്രയ്ക്കിടെ കുഞ്ഞ് വീണ് പലപ്പോഴും പരിക്കുപറ്റുകയും ചെയ്തു. സ്‌കൂളിൽ പോകാൻ വാഹന സൗകര്യമില്ലാത്ത ഇടുങ്ങിയ വഴി ഒന്ന് ടാർ ചെയ്ത് തരണമെന്ന് പറഞ്ഞ് പൂജയുടെ അമ്മ നിവേദനം നൽകാൻ ഇനിയൊരിടവും ബാക്കിയില്ല. തങ്ങൾക്ക് സന്മനസ്സുള്ള ആരെങ്കിലും സഹായത്തിന് ഉണ്ടാവുമോ എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ട്പുറം മച്ചിൽപറമ്പ് രേഖ.

രേഖയുടെ മകൾ പൂജ നിലവിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടി സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. വർഷങ്ങൾക്ക് മുമ്പേ ഭർത്താവ് ഉപേക്ഷിച്ച് പോയ രേഖ ടെക്സ്‌റ്റൈൽസ് ഷോപ്പിൽ ജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ പൂജയെ സ്‌കൂളിൽ ചേർത്തതിന് ശേഷം സ്‌കൂളിൽ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും കൂടെ പോയേ പറ്റൂ. അതിനാൽ രേഖക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയില്ല.

കേവലം 4 അടി മാത്രം വീതിയുള്ള കുത്തനെയുള്ള വഴിയാണ് ഇവരുടേതടക്കമുള്ള 3 വീടുകൾക്കുള്ളത്. ഇതാകട്ടെ മഴക്കാലത്ത് വെള്ളം ഒഴുകി വരുന്ന വഴിയാണ്. സ്‌കൂളിൽ നിന്നും തിരികെവരുന്ന സമയത്ത് നിരവധി തവണ പൂജ ഈ വഴിയിൽ വീഴുകയും അപകടം പറ്റുകയും ചെയ്തിട്ടുണ്ട്. 50 ശതമാനം മാത്രം മാനസികവും ശാരീരികവുമായ വളർച്ച മാത്രമുള്ള പൂജക്ക് എല്ലാ കാര്യത്തിലും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. വഴിയൊന്ന് നന്നാക്കിക്കിട്ടാൻ പല തവണ പഞ്ചായത്തിലും മറ്റ് അധികാരികളുടെ മുന്നിലും അപേക്ഷയുമായി ചെന്നെങ്കിലും ഒന്നും നടന്നില്ലെന്ന് രേഖ മറുനാടനോട് പറഞ്ഞു.

ഇനിയേതായാലും ഈ ഇടുങ്ങിയ വഴിയിൽ കൂടി വാഹനം വരുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. റോഡിനോട് ചേർന്ന് സ്ഥലമുള്ളവരെല്ലാം മതിൽ കെട്ടിയടച്ചിരിക്കുന്നു. എന്നിരുന്നാലും ഈ വഴിയൊന്ന് നടക്കാൻ യോഗ്യമായ രീതിയിൽ കോൺക്രീറ്റ് ചെയ്താൽ മതി. അതിനായി ഇനി മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ മകളുമായി വരുന്ന സമയത്ത് ഈ വഴികളിൽ വീണും മറ്റും അപകടം പറ്റിയിട്ടുണ്ട്.

എന്റെ മകൾ മാത്രമല്ല ഈ വഴി ഉപയോഗിക്കുന്ന മുകളിലുള്ള എല്ലാ വീട്ടുകാരുടെയും അവസ്ഥ ഇത് തന്നെയാണ്. അവിടെയെല്ലാമുള്ള പ്രായമാവർ അടക്കമുള്ളവർക്ക് താഴെയെത്താൻ വളരെയേറെ പ്രയാസമാണ്. രാത്രി കാലങ്ങൾ വിഷപ്പാമ്പുകളും മറ്റും ഈ വഴിയിൽ ഉണ്ടാകാറുമുണ്ട്. മകൾക്ക് അത് പാമ്പാണെന്നും കടിക്കുമെന്നും തിരിച്ചറിയാൻ പോലും ആവില്ല. ഇക്കാര്യങ്ങളൊക്കെ ഇനി ആരോടാണ് പറയേണ്ടതെന്നറിയില്ല- രേഖ മറുനാടനോട് പറഞ്ഞു.

നേരത്തെ ഇത്തരം കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ ചേർക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൈങ്ങോട്ട് പുറം സ്‌കൂളിൽ നിന്ന് ഇവരെ അവഗണിച്ച് പറഞ്ഞയച്ചിരുന്നു. കുന്ദമംഗലം പഞ്ചായത്തിൽ പെട്ട ഇവിടെ കെ പി കോയയാണ് വാർഡ് മെമ്പർ. ഇവരോടടക്കം നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെയായും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. വെക്കേഷൻ കഴിഞ്ഞ് അടുത്ത അദ്ധ്യായന വർഷത്തിലെങ്കിലും തന്റെ മകൾക്ക് നല്ല വഴിയിലൂടെ സ്‌കൂളിൽ പോകാൻ കഴിയുമോയെന്നാണ് രേഖയുടെ ചോദ്യം.