പത്തനംതിട്ട: നാഗാലാൻഡിൽ അഡീഷണൽ എസ്‌പിയായിരുന്ന എം കെ രാജേന്ദ്രൻപിള്ള കേരളത്തിലെ വൻ വ്യവസായിയായി വളർന്നത് ഭീകരവാദം ഇല്ലാതാക്കാനുള്ള ഫണ്ട് അടിച്ചുമാറ്റി സ്വന്തമാക്കിയ കോടികൾ ഉപയോഗിച്ചോ? ഇന്നലെ മുതൽ രാജേന്ദ്രൻപിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ ജൂവലറികളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഉൾപ്പെടെ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് ഈയൊരു ചോദ്യത്തിന് ഉത്തരംകിട്ടാൻ ആണെന്നാണ് ലഭിക്കുന്ന വിവരം. നൂറുകോടിയുടെ അനധികൃത സ്വത്തിന്റെ വിവരങ്ങൾ ഇതിനകം ലഭിച്ചുവെന്നാണ് സൂചനകൾ.

അഞ്ഞൂറ് കോടിയിൽപ്പരം രൂപയുടെ ആസ്തികൾ രാജേന്ദ്രൻപിള്ളയ്ക്കും മക്കൾക്കുമായി രാജ്യത്തൊട്ടാകെ ഉണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ് ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയിട്ടുള്ളത്. കേരളത്തിൽ മാത്രം 250 കോടിയിൽപ്പരം രൂപയുടെ വസ്തുവകകൾ ഇവരുടെ ഉടമസ്ഥതയിലും ശ്രീവൽസം ഗ്രൂപ്പിന്റെ പേരിലും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്താകമാനമായി അഞ്ഞൂറ് കോടിയിൽ പരം രൂപയുടെ ആസ്തികളും ഉണ്ടെന്നാണ് സൂചന. പൊലീസ് എഎസ്‌പി മാത്രമായിരുന്ന രാജേന്ദ്രൻപിള്ള എങ്ങനെ ഇത്രമാത്രം ആസ്തികളുള്ള ഒരു ഗ്രൂപ്പിന്റെ ഉടമയായി എന്ന അന്വേഷണമാണ് നടക്കുന്നത്.

നാഗാലാൻഡിൽ അഡീഷണൽ എസ്‌പിയായി സേവനം അനുഷ്ഠിച്ചുവന്ന പന്തളം പനങ്ങാട് സ്വദേശിയായ രാജേന്ദ്രൻ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായി വൻ ബന്ധമാണുള്ളത്. രാജേന്ദ്രൻ പിള്ളയുടേയും കുടുംബാംഗങ്ങളുടേയും പേരിലാണ് ശ്രീവൽസം ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ. ഇന്നലെയാണ് ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുടെ വീടുകളിലും ജൂവലറികളിലും ഇതര സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.

പന്തളം പനങ്ങാട്ടെ രാജവത്സം എന്ന വീട്ടിലും കോന്നി, പന്തളം തുടങ്ങി ആറ് സ്ഥലങ്ങളിലെ ജുവലറികളിലുമാണ് പരിശോധന. ഇവിടെനിന്നെല്ലാമായി സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ആസ്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ജുവലറി, ബാർ, പണമിടപാട് സ്ഥാപനങ്ങൾ, ടെക്‌സ്റ്റൈൽസ് തുടങ്ങി വൻ ബിസിനസ് ശൃംഖലയുണ്ട് ശ്രീവൽസം ഗ്രൂപ്പിന്. പന്തളത്താണ് വസ്ത്രാലയം, കുളനടയിൽ ബാറുമുണ്ട്. രാജേന്ദ്രൻപിള്ളയുടെ മക്കളായ വരുൺരാജ്, അരുൺരാജ് എന്നിവർക്കാണ് സ്ഥാപനങ്ങളുടെ മേൽനോട്ടം.

സർവീസിൽ നിന്ന് വിരമിച്ചശേഷം നാഗാലാൻഡിൽ തന്നെ സർക്കാരിന്റെ ഉപദേശകനായി തുടരുകയാണ് രാജേന്ദ്രൻപിള്ളയെന്നാണ് വിവരങ്ങൾ. ഇവിടെ സേവനം അനുഷ്ഠിച്ച കാലം മുതൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ട് വൻതോതിൽ വെട്ടിക്കപ്പെട്ടുവെന്ന സംശയത്തിന്റെ പേരിലാണ് ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തിയെപ്പറ്റി അന്വേഷണം ആരംഭിക്കുന്നത്. ഇതിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഇന്നലെ മുതൽ റെയ്ഡ് ആരംഭിച്ചതെന്നാണ് സൂചന.

സംസ്ഥാനത്തിന് പുറത്ത് ബാംഗ്‌ളൂർ, ഡൽഹി, നാഗാലാൻഡ് എന്നിവിടങ്ങളിലും ഇവർക്ക് ആസ്തികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊത്തം അഞ്ഞൂറു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ സ്വത്ത് സമ്പാദിച്ചതെങ്ങനെയെന്ന വിവരമാണ് പരിശോധിക്കുന്നത്. മക്കൾക്കെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുത്തതായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സംശയാസ്പദമായ ഇടപാടുകളെ സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

നാഗാലാൻഡിൽ പിള്ളസാറായി വിലസുന്ന എംകെആർ പിള്ള

നാഗാലാൻഡ് പൊലീസിൽ പിള്ളസർ എന്നാണ് രാജേന്ദ്രൻപിള്ള അഥവാ എംകെആർ പിള്ള അറിയപ്പെടുന്നത്. നാഗാലാന്റിൽ അഡീഷണൽ എസ്‌പിയായിരുന്നു എംകെആർ പിള്ള സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരുലും വൻതോതിൽ ബിനാമി പണം സ്വരൂപിച്ചുവെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. റെയ്ഡ് അതീവ ഗൗരവമായ വിഷയമായി ബന്ധപ്പെട്ടതാണെന്നും ദേശീയ പ്രാധാന്യമുള്ളത് ആണെന്നുമാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.

നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വൻതുകകൾ പിള്ളയുടെ പേരിലും എത്തിയെന്നാണ് നിഗമനം. ഇക്കാര്യങ്ങൾ പരിശോധിക്കാനാണ് റെയ്ഡ് പുരോഗമിക്കുന്നത്.

നോട്ട് അസാധുവാക്കൽ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേർന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ റെയ്ഡ് നടത്തിയപ്പോൾ തങ്ങൾ 100 കോടിരൂപ വെളിപ്പെടുത്താമെന്ന് ഇവർ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം 400 കോടിയുടെ ആസ്തിവിവരങ്ങളാണ് ഇന്നലത്തെ റെയ്ഡിൽ മാത്രം കണ്ടെത്തിയത്. ഇതിൽ തന്നെ മലേഷ്യയിൽ സൂപ്പർമാർക്കറ്റ് തുടങ്ങാൻ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ മുന്ന് ഫ്ളാറ്റുകൾ, ബംഗളൂരുവിൽ രണ്ട് ഫ്ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും, മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങൾ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തിൽ ശ്രീവത്സം ഗ്രൂപ്പ് കൊട്ടാരക്കരയിൽ കോടികളുടെ ഭൂമിഇടപാട് നടത്തിയെന്ന വിവരവും പുറത്തുവരുന്നു. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബിനാമി നിക്ഷേപങ്ങൾ, വ്യാജ കമ്പനികൾ എന്നിവയുടെ പേരിലും നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ മറ്റ് കേന്ദ്ര ഏജൻസികളും വിഷയത്തിൽ അന്വേഷണം നടത്തുമെന്നാണ് വിവരം. നിലവിൽ നാഗാലാന്റ് പൊലീസിലെ ഗതാഗത വിഭാഗം കൺസൾട്ടന്റായി ജോലിചെയ്യുകയാണ് എംകെആർ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസിൽ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്. റെയ്ഡ് നടക്കുമ്പോൾ പിള്ളയുടെ വീട്ടിൽ നിന്ന് നാഗാലാന്റ് പൊലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ഈ ട്രക്ക് ഉപയോഗിച്ച് എന്താണ് കടത്തിയതെന്നതും അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ.

കേരളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങൾക്കും പ്രിയങ്കരനായിരുന്നു പിള്ള. പല പത്രസ്ഥാപനങ്ങളുടേയും സ്‌കൂളുകളുമായി ബന്ധപ്പെട്ട പത്രപ്രചാരണത്തിന്റെ സ്‌പോൺസറായിരുന്നു പിള്ള. പ്രത്യേകിച്ചും പന്തളം മേഖലയിൽ. സമാന രീതിയിൽ ചാനലുകളുടെ പരിപാടികളിലും സ്‌പോൺസറായിരുന്നു. ഇവരുടെ ആഭിമുഖ്യത്തിൽ നടന്ന സേവന പ്രവർത്തനങ്ങളിലും പണം ചെലവഴിച്ചതിലൂടെ ഇടയ്ക്കിടെ മാധ്യവാർത്തകളിലും നിറഞ്ഞിരുന്നു.