പത്തനംതിട്ട: കോൺസ്റ്റബിളായി തുടങ്ങി അഡീഷനൽ എസ്‌പി വരെയായി വിരമിച്ച കെ.പി.ആർ. പിള്ള നാഗാലാണ്ടിൽ എല്ലാവർക്കും പരോപകാരിയാണ്. എന്നാൽ നാട്ടിൽ പന്തളത്ത് അതല്ല സ്ഥിതി. മൊത്തം ദുരൂഹമാണ്. എങ്ങനെയാണ് പിള്ള, പിള്ളസാറായത് എന്നതിൽ ആർക്കും ഒരു പിടിയുമില്ല. ശ്രീവൽസം പിള്ളയെന്നാണ് പന്തളത്തുകാർ വിളിക്കാറ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പിള്ളയ്ക്ക് മൂവായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പന്തളത്തുകാർ മൂക്കത്ത് കൈവയ്ക്കുകയാണ്. എന്നാൽ നാഗാലാണ്ടുകാർക്ക് പരോപകാരിയായ പിള്ള സാർ നേരത്തേ മലയാളി സമാജം പ്രസിഡന്റുമായിരുന്നു. വൻ സമ്പത്ത് ഉണ്ടെന്ന് അറിയാമെങ്കിലും ബിസിനസ് രീതിയെക്കുറിച്ചു നാഗാലാൻഡിലെ മലയാളികൾക്കും ഇത്രയും കോടീശ്വരനാണ് പിള്ള സാറെന്ന് അറിയില്ലായിരുന്നു.

ശീ വൽസംപിള്ള യുടെ അച്ഛനും അമ്മാവനും ഒക്കെ കഴിഞ്ഞ മുപ്പതു വർഷം മുമ്പ് വരെ പന്തളത്തിനടുത്തു കുളനടയിലും പരിസര പ്രദേശങ്ങളിലും സോഡാ വിറ്റു നടക്കുന്ന പണി ആയിരുന്നു. അതായതു പണ്ടത്തെ വട്ടു സോഡാ. ഇയാളുടെ അമ്മാവനും അച്ഛനും ഒക്കെ സൈക്കിളിൽ കെട്ടി വെച്ചു നാട്ടിൽ ഉള്ള മാട കടകളിൽ ഒക്കെ കൊണ്ട് നടന്നു കൊടുക്കുന്ന പണിയായിരുന്നു. സോഡാ കൃഷ്ണ പിള്ളയുടെ കുടുംബക്കാരൻ എങ്ങനെ മൂവായിരം കോടിയുടെ ആസ്തിയുള്ള മുതലാളിയായെന്നത് പന്തളത്തുകാർക്ക് ഇന്നും അതിശയമാണ്. എല്ലാ രാഷ്ട്രീയക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസും ഒതുക്കി തീർക്കുമെന്നാണ് പന്തളത്തുകാർ പറയുന്നത്. പത്രങ്ങളുടേയും ഇഷ്ടക്കാരൻ. അതുകൊണ്ട് തന്നെ ശ്രീവൽസം പിള്ള വിവാദങ്ങളിൽ നിന്ന് തടിയൂരുമെന്നാണ് പന്തളത്തുകാരുടെ അടക്കം പറച്ചിൽ.

ഏതാനും മാസങ്ങൾക്കു മുൻപ് അടൂരിൽ നടന്ന പിള്ളയുടെ മകന്റെ കല്യാണത്തിന് നാഗാലാൻഡ് മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കാനെത്തിയിരുന്നു. കാര്യപ്രാപ്തികൊണ്ടും വിശ്വസ്തത കൊണ്ടുമാണു പിള്ള ജോലിയിൽ മുന്നേറിയതെന്നാണ് നാഗാലാണ്ടിലെ മലയാളികൾ കരുതുന്നത്. അവിടെ മലയാളികൾ ആരെങ്കിലും മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സേവനങ്ങൾക്ക് ഒരുകാലത്തു നേതൃത്വം നൽകിയിരുന്നതു പിള്ളയായിരുന്നു. വിരമിച്ചശേഷം പൊലീസ് ആസ്ഥാനത്ത് ഉപദേശകൻ എന്ന തസ്തികയിൽ ബീക്കൺ വച്ച കാറിലായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പൊലീസ് ആസ്ഥാനത്തെ പ്രതിനിധിയായാണു പിള്ളയെ മുതിർന്ന ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.

നാഗാലാൻഡിൽ പിള്ളയ്ക്ക് അറിയപ്പെടുന്ന സംരംഭങ്ങൾ ഒന്നുമില്ല. അവിടെ നാട്ടുകാർക്കു മാത്രമേ ഭൂമി വാങ്ങാനാകൂ. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബെനാമിയായി പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഗോത്രസംസ്ഥാനമായ നാഗാലാൻഡിനു ലഭിച്ച കോടികളുടെ ഫണ്ടുകൾ തിരിമറി നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏതായാലും കുളനടയിലെ സാധാരണ കുടുംബത്തിൽനിന്നു തൊഴിൽ തേടി നാഗാലാൻഡിൽ പോയ എം.കെ.ആർ.പിള്ള പിന്നീടു പന്തളത്തും കുളനടയിലുമൊക്കെ അനേകർക്കു തൊഴിൽ നൽകുന്ന ധനാഢ്യനായി വളർന്നതു തട്ടിപ്പു നടത്തിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15 വർഷംകൊണ്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേറെയും. കേരളത്തിൽ ആറിടത്തു ജൂവലറികളുണ്ട്. മണിമറ്റം ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനവുമുണ്ട്.

റിയൽ എസ്റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാര മേഖലകളിലായി നാലു സംസ്ഥാനങ്ങളിലാണു പിള്ള ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. നാഗാലാൻഡ് പൊലീസ് സേനയുടെ മുഴുവൻ വാഹനങ്ങളുടെയും ചുമതലയാണു പിള്ളയ്ക്കുള്ളത്. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വെബ് പേജിൽ പേരും ഫോൺ നമ്പറും നൽകിയിട്ടുണ്ട്. വിരമിച്ച എം.കെ.ആർ.പിള്ള കരാർ ജീവനക്കാരൻ മാത്രമാണെന്നു നാഗാലാൻഡ് ഡിജിപി ഇപ്പോൾ വിശദീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളോ നാഗാലാൻഡ് ഡിജിപിയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന.

സർവീസ് കാലത്തു രാജ്യാതിർത്തിയിൽനിന്നു പൊലീസ് വാഹനങ്ങളിൽ കള്ളക്കടത്തു നടത്തിയെന്ന ആരോപണത്തെ തുടർന്നു പിള്ള നടപടി നേരിട്ടിരുന്നു. എന്നാൽ കുറ്റം തെളിയിക്കാനായില്ല. നടപടി നേരിട്ടയാളെ വിരമിച്ചശേഷം പൊലീസ് വാഹനങ്ങളുടെ ചുമതലക്കാരനായി നിയമിച്ചു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. 45 വർഷം മുൻപു കോൺസ്റ്റബിളായി നാഗാലാൻഡ് പൊലീസിൽ ചേർന്ന പിള്ള എഎസ്‌പിയായാണു വിരമിച്ചത്. രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ 400 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണു കണ്ടെത്തിയത്. പിള്ളയുടെ മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവർ അന്വേഷണത്തോടു സഹകരിച്ച് 1000 കോടി രൂപയുടെ സ്വത്തു ശ്രീവൽസം ഗ്രൂപ്പിനുണ്ടെന്ന് ആദായനികുതി വകുപ്പിനോടു വെളിപ്പെടുത്തി. ഇതിന്റെ രേഖകൾ പത്തു ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണു പരിശോധനകൾ താൽക്കാലികമായി അവസാനിപ്പിച്ചത്.

നാട്ടിലും പുറത്തും വാങ്ങിയ സ്വത്തുക്കൾ നാഗാലാൻഡ് സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും ഫണ്ടുകൾ അടിച്ചുമാറ്റി വാങ്ങിയതാണന്ന വാർത്തകൾ പുറത്തു വരുമ്പോൾ നാട്ടുകാർ മൂക്കത്ത് വിരലുവെക്കുന്നു. ഒപ്പം പിള്ള സാറിന്റെ സമ്പാദ്യം ദേശീയ വിഷയവുമാകുന്നു. ആദായനികുതി വകുപ്പ് പറയുന്നത്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. നോട്ട് അസാധുവാക്കൽ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേർന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. 400 കോടിയുടെ ആസ്തിവിവരങ്ങളാണ് റെയ്യ്ഡിൽ മാത്രം കണ്ടെത്തിയത്. ഇതിൽ തന്നെ മലേഷ്യയിൽ സൂപ്പർമാർക്കറ്റ് തുടങ്ങാൻ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഗുരുവായൂരിലെ രാജവത്സം ഹോട്ടൽ ഓഡിറ്റോറിയം സമുച്ചയം പ്രധാന സംരംഭമാണ്. പന്തളം, കുളനട, കോന്നി, ഹരിപ്പാട്, വെമ്പായം, തൃശൂർ, പൊൻകുന്നം, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണു പ്രധാന ബിസിനസുകൾ. വിദ്യാലയങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയും നടത്തുന്നു. ആറന്മുളയ്ക്കടുത്തുള്ള സ്‌കൂൾ ഗ്രൂപ്പിന്റേതാണ്. പത്തനംതിട്ടയിൽ വസ്ത്രശാലയ്ക്കു കെട്ടിടംപണി അവസാന ഘട്ടത്തിലാണ്. മുൻപും പരിശോധനകൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. ആദ്യമായാണു വിപുലമായ പരിശോധന നടത്തി അനധികൃത സ്വത്തുക്കൾ കണ്ടെത്തുന്നത്. ആരാധനാലയങ്ങൾക്കും സംഘടനകൾക്കുമൊക്കെ കയ്യയച്ചു സംഭാവന ചെയ്യുന്നതാണു പിള്ളയുടെ രീതി.