- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവായിരം സ്വർണനാണയങ്ങൾ, പഞ്ചലോഹത്തിൽ തീർത്ത കിണ്ടി, സ്വർണക്കട്ടികൾ...മുത്തശിക്കഥയിലെ നിധികുംഭം കിട്ടിയ രാമചന്ദ്രന് ഇന്ന് കഞ്ഞി കുടിക്കാൻ നിവൃത്തിയില്ല
പാലക്കാട്: മുത്തശ്ശിക്കഥകളിലെ നിധികുംഭം ലഭിച്ച മഹാഭാഗ്യവാൻ ഒരുനേരത്തെ കഞ്ഞിക്കായി അലയുന്നു. മുപ്പതുവർഷം മുമ്പ് ലഭിച്ച നിധിയാണു രാമചന്ദ്രനെ ഇന്ന് ഒരു നേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. നിധിസൗഭാഗ്യം ലഭിച്ചിട്ടും അനുഭവഭാഗ്യം ഇല്ലാതെപോയ ജീവിതകഥയിലെ ദുരന്തനായകൻ വാണിയംകുളം മാന്നന്നൂർ തോപ്പിൽ കോളനിയില
പാലക്കാട്: മുത്തശ്ശിക്കഥകളിലെ നിധികുംഭം ലഭിച്ച മഹാഭാഗ്യവാൻ ഒരുനേരത്തെ കഞ്ഞിക്കായി അലയുന്നു. മുപ്പതുവർഷം മുമ്പ് ലഭിച്ച നിധിയാണു രാമചന്ദ്രനെ ഇന്ന് ഒരു നേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്.
നിധിസൗഭാഗ്യം ലഭിച്ചിട്ടും അനുഭവഭാഗ്യം ഇല്ലാതെപോയ ജീവിതകഥയിലെ ദുരന്തനായകൻ വാണിയംകുളം മാന്നന്നൂർ തോപ്പിൽ കോളനിയിലെ രാമചന്ദ്രനാണ്. കവളപ്പാറ, ത്രാങ്ങാലി പ്രദേശങ്ങളിൽ ഒരു മുത്തശ്ശിക്കഥ പോലെ പാടിനടന്നതാണു നിധി കിട്ടിയ സംഭവം. എന്നാൽ ആ കഥയിലെ നായകനായ രാമചന്ദ്രൻ ഇന്നു ജീവിക്കാൻ ഗതിയില്ലാതെ അലയുകയാണ്.
രാമചന്ദ്രന്റെ ഇരുപതാമത്ത വയസ്സിൽ 1978 ജൂൺ 5 നാണ് കവളപ്പാറ കൊട്ടാരക്കെട്ടിന്റെ അധീനതയിലുള്ള മാന്നന്നൂർ ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന്റെ മുറ്റത്തുനിന്നും സ്വർണ്ണനാണയങ്ങൾ അടങ്ങിയ നിധികുംഭം ലഭിച്ചത്. നടക്കുമ്പോഴൊക്കെ കയ്യിലുള്ള വടി കൊണ്ട് മണ്ണിൽ കുത്തിനോക്കുന്ന ഹോബി രാമചന്ദ്രനുണ്ടായിരുന്നു. ക്ഷേത്രമുറ്റത്ത് കാലികളെ മെയ്‌ക്കുമ്പോൾ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് മണ്ണിൽ വെറുതെ കുത്തിക്കുഴിച്ചു. വടി അപ്പോൾ എവിടെയോ തടഞ്ഞു. വെറുതേ മാന്തി നോക്കിയപ്പോൾ തിളക്കം. മണ്ണു കൂടുതൽ മാറ്റിയപ്പോഴാണ് നിധികുംഭം കണ്ടത്. നിധി കണ്ടെത്തിയ അമ്പരപ്പ് മാറും മുമ്പേ രാമചന്ദ്രനു നിധി കിട്ടിയ വാർത്ത പുറംലോകം അറിഞ്ഞു. വിവരം അറിഞ്ഞ് റവന്യു അധികൃതരും പൊലീസും സ്ഥലത്തെത്തി നിധികുംഭം പിടിച്ചെടുത്തു.
നിധി കിട്ടിയ വാർത്ത അറിഞ്ഞ് പലരും അവകാശികളായി രംഗത്തെത്തി. ഒന്നരകിലോ വരുന്ന പഞ്ചലോഹ നിർമ്മിതമായ ഒരു കിണ്ടിയും 1635 സ്വർണ്ണ നാണയങ്ങളും ആണ് നിധികുംഭത്തിൽ ഉണ്ടായിരുന്നത്. രാമചന്ദ്രൻ പറയുന്ന കഥയിൽ ചെറുപഴത്തോളം വരുന്ന സ്വർണക്കട്ടികളും നാണയങ്ങളും മൂവായിരത്തോളം വരും. എന്നാൽ റവന്യൂ രേഖയിൽ ആദ്യം പറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിധിയുമായി ബന്ധപ്പെട്ട് റവന്യു അധികൃതർ നൽകിയ രേഖകൾ രാമചന്ദ്രനിൽനിന്നും നഷ്ടപ്പെട്ടു. പലതവണ ഹിയറിങ്ങിന് ഹാജരായ രാമചന്ദ്രന് നിധി ലഭിച്ചത് തനിക്കാണെന്നു തെളിയിക്കാൻ സാധിച്ചില്ല. തർക്കം മൂലം വർഷങ്ങളോളം തീരുമാനമാകാതെ കിടന്ന നിധിക്കഥയ്ക്ക് അടുത്ത കാലത്താണ് അവസാനം ഉണ്ടായത്. നിധികുംഭം കവളപ്പാറ കൊട്ടാരത്തിന് നൽകി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നരപ്പതിറ്റാണ്ടു രാമചന്ദ്രൻ താലോലിച്ചു നടന്ന സുവർണസ്വപ്നങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. യൗവനം മുഴുവൻ രാമചന്ദ്രൻ പിന്നിട്ടത് നിധിസ്വപ്നങ്ങളുടെ തേരിലായിരുന്നു.
നിധിയുടെ ഒരു ഭാഗമെങ്കിലും തന്റെ കയ്യിൽ വന്നു ചേരുമെന്ന് രാമചന്ദ്രന് ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷേ, സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാതെ, കാലികളെ മെയ്‌ക്കലും തെങ്ങുകയറ്റവും തൊഴിലായി കൊണ്ടുനടന്ന രാമചന്ദ്രനുവേണ്ടി ഒരു വാക്കുപറയാൻ പോലും ആരും ഇല്ലായിരുന്നു. ഇന്ന് രാമചന്ദ്രൻ നാട്ടിൽ കഞ്ഞി കുടിക്കാൻ മാർഗമല്ലാത്ത, നിധിക്കഥയിലെ നായകൻ മാത്രമാണ്.
അടുത്തകാലം വരെ തെങ്ങു കയറിയിരുന്ന രാമചന്ദ്രന് ഇന്ന് അതിനും കഴിയാതെയായി. യൗവ്വനം പിന്നിട്ടത് നിധിസ്വപ്നങ്ങളുടെ മാസ്മരികതയിലായിരുന്നു. നിധി കൈവിട്ടുപോയതു മൂലം സൗഭാഗ്യം നഷ്ടപ്പെട്ട മനോവേദനയിൽ അമ്മ കാളി മരിച്ചു.പുറകെ ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചുപോയി. ഉണ്ടായിരുന്ന ഓലഷെഡ് പൊളിഞ്ഞു വീണപ്പോൾ കിടപ്പാടം ഇല്ലാതായി. പിന്നെ നാട്ടിലെ ഗ്രാമോദയം വായനശാല നിർമ്മിച്ചു കൊടുത്ത ഒരു കോൺക്രീറ്റ് ഷെഡിലായി താമസം. അവിടെ ഊണിലും ഉറക്കത്തിലുമെല്ലാം രാമചന്ദ്രൻ ജാക്കി എന്നു വിളിക്കുന്ന നാടൻ നായ മാത്രം ഇപ്പോൾ കൂട്ടിനുണ്ട്. രാമചന്ദ്രൻ ഉണ്ടില്ലേലും നായയെ ഊട്ടും. രാമചന്ദ്രൻ എവിടെ പോയാലും ജാക്കിയുണ്ടാകും കൂട്ടിന്. ശാന്തനായി നടക്കുമെങ്കിലും ആരെങ്കിലും രാമചന്ദ്രനു നേരെ കൈ ഉയർത്തിയാൽ ജാക്കി അപ്പോൾ കുരച്ചു ചാടും.രാമചന്ദ്രന് ഒരു രക്ഷാകർത്താവ് കൂടിയാണ് ജാക്കി.
രാമചന്ദ്രനെ കണ്ടെത്തണമെങ്കിലും നാട്ടിൽ അലയണം. കാട്ടിലെ പാറക്കെട്ടിനു മുകളിലോ ഏതെങ്കിലും കുറ്റിക്കാട്ടിൽ മരത്തിന്റെ ചുവട്ടിലോ രാമചന്ദ്രൻ ഉണ്ടാവും. തെങ്ങുകയറാൻ വയ്യെങ്കിലും മരത്തിലൊക്കെ കയറും. നാട്ടുകാർക്ക് കുരുമുളക് പറിച്ചു കൊടുത്തും, മറ്റു ജോലികൾ ചെയ്തും, അവർ കൊടുക്കുന്ന ഭക്ഷണം മാത്രം കഴിച്ച്് രാമചന്ദ്രൻ നിധിക്കഥയിലെ നായകനായി നടക്കുന്നു, എക്കാലത്തും മുത്തശിമാർക്കു ചൊല്ലിക്കൊടുക്കാനുള്ള ഒരു കഥ അവശേഷിപ്പിച്ചുകൊണ്ട്.