പത്തനംതിട്ട: മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിക്കു പിന്നാലെ പ്രേമാഭ്യർഥനയുമായി നടന്നു ശല്യം ചെയ്ത സംഘപരിവാർ നേതാവിനെ നാട്ടുകാരുടെ മുന്നിലിട്ട് എൻ.ഡി.എഫുകാർ മർദ്ദിച്ചു. പ്രതികാരം ചെയ്യാൻ നേതാവ് മറ്റു പരിവാറുകാരുടെ സഹായം തേടിയെങ്കിലും കിട്ടാതെ വന്നപ്പോൾ സ്വന്തം കൂട്ടുകാരനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിച്ച് കുറ്റം എൻ.ഡി.എഫുകാരുടെ തലയിൽ ചുമത്തി. വർഷങ്ങൾക്ക് മുൻപുനടന്ന സംഭവത്തിന്റെ പിന്നിലെ യാഥാർത്ഥ്യം അടുത്തിടെ ക്വട്ടേഷൻ സംഘം പിടിയിലായതോടെയാണു പുറത്തുവന്നത്.

വർഗീയസംഘർഷമുണ്ടാക്കാൻ തിരക്കഥ മെനഞ്ഞ സംഘപരിവാർ നേതാവും കൂട്ടാളികളും ഒളിവിലായി. തങ്ങൾക്കെതിരെ മൊഴി നൽകിയതിന് വെട്ടേറ്റ് പരുക്കേറ്റ സുഹൃത്തിന്റെ വീടും തല്ലിത്തകർത്തു. 2008 -ൽ പത്തനംതിട്ടയിൽ നടന്ന സംഭവത്തിനു വഴിത്തിരിവുണ്ടായതു കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഹരിപ്പാട്ട് കുപ്രസിദ്ധ ക്വട്ടേഷൻ സംഘം പിടിയിലായതോടെയാണ്. കഥ ഇങ്ങനെ:

ആർഎസ്എസ് പ്രവർത്തകരായിരുന്ന ഓമല്ലൂർ സ്വദേശി ജിതേഷ്, പുത്തൻപീടിക ഷട്ടർമുക്ക് പട്ടയിൽ രാജീവ്, പ്രക്കാനം സ്വദേശി ലിജോ കെ. ബാബു, ഇലവുംതിട്ട സ്വദേശി അനിൽ എന്നിവർ സുഹൃത്തുക്കളാണ്. 2008 ജനുവരിയിൽ പത്തനംതിട്ട സ്വദേശിയായ മുസ്ലിം പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് ലിജോ കെ. ബാബുവിനെ എൻ.ഡി.എഫുകാർ ക്രൂരമായി മർദിച്ചു. തിരിച്ചടിക്കാൻ ലിജോ ആർഎസ്എസ് നേതൃത്വത്തിന്റെ സഹായം തേടിയെങ്കിലും പെണ്ണു കേസായതിനാൽ അവർ ഇടപെട്ടില്ല. സമൂഹമധ്യത്തിൽ തന്നെ മർദിച്ചവരോട് പ്രതികാരം ചെയ്യാൻ മറുവഴി തേടാൻ തന്നെ ലിജോ തീരുമാനിച്ചു. സഹായത്തിന് ജിതേഷ്, അനിൽ എന്നിവരെയും കൂട്ടി. കൂട്ടത്തിലൊരാളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തന്നെ മർദിച്ച എൻ.ഡി.എഫുകാരെ പ്രതിയാക്കാനായിരുന്നു പദ്ധതി.

ഇതിന്റെ ഭാഗമായി 2008 ഫെബ്രുവരിയിൽ ഓമല്ലൂർ ഓർത്തഡോക്‌സ് വലിയപള്ളിക്ക് സമീപം ചാപ്പൽ ജങ്ഷനിൽ വച്ച് രാജീവിനെ ക്വട്ടേഷൻ സംഘത്തെ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു. 16 വെട്ടുകളേറ്റ് ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജീവ് നീണ്ട കാലത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. രാജീവിനെ രാത്രിയിൽ പുത്തൻപീടികയിൽ വിളിച്ചു വരുത്തി ക്വട്ടേഷൻ സംഘത്തിനു കാട്ടിക്കൊടുത്ത ശേഷം ഇവർ സ്ഥലത്തുനിന്നു മാറുകയായിരുന്നു. ജിതേഷ് ആണ് രാജീവിനെ വിളിച്ചിറക്കിയത്. വെട്ടേറ്റു വീണ രാജീവിനെ ഇവർ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിനുപിന്നിൽ എൻ.ഡി.എഫ് പ്രവർത്തകരായ മൂന്നു പേരാണെന്നുപറഞ്ഞു ധരിപ്പിച്ച് അവരുടെ പേരിൽ കേസ് കൊടുപ്പിച്ചു.

എന്നാൽ, നാളുകൾക്കുശേഷം സംശയം തോന്നിയ രാജീവ് മജിസ്‌ട്രേറ്റിനെ സത്യാവസ്ഥ ധരിപ്പിച്ചു. നിയമസഭാ സമിതി, മനുഷ്യാവകാശ കമ്മിഷൻ, ഡി.ജി.പി എന്നിവർക്കും ലിജോ അടക്കം മൂന്നുപേരെ സംശയം ഉണ്ടെന്നു കാട്ടി രാജീവ് പരാതി കൊടുത്തിരുന്നു.

ഇതിനു ശേഷമാണ് മിത്രയെന്ന പെൺകുട്ടിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ലിജോയും സംഘവും റാന്നിയിൽ തന്നെയുള്ള ബിജെപിക്കാരനായ മറ്റൊരു യുവാവിനെ ഓമല്ലൂർ മഞ്ഞനിക്കരയ്ക്കു സമീപം വിളിച്ചുവരുത്തി വെട്ടി മൃതപ്രായനാക്കിയത്. ആ കേസിൽ ലിജോ പിടിയിലായപ്പോൾ രാജീവ് പഴയ സംഭവം പറഞ്ഞ് മാദ്ധ്യമങ്ങളെ സമീപിച്ചിരുന്നു. അന്നുപുറത്തായിരുന്ന ലിജോയുടെ കൂട്ടുകാർ ഭീഷണിയുമായി രംഗത്തുവന്നതോടെ രാജീവ് ഭയന്നുപിന്മാറി.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ക്വട്ടേഷൻ സംഘത്തലവൻ ചെറുതന ആനാരിയിൽ ഗിരിജാ ഭവനത്തിൽ അനീഷ് (ശാസ്താംമുറി അനീഷ്- 29), ഹരിപ്പാട് തുലാംപറമ്പ് നടുവത്ത് മഹേഷ് ഭവനത്തിൽ മഹേഷ് (28), ഹരിപ്പാട് താമല്ലാക്കൽ തെക്ക് പുത്തൻവീട്ടിൽ സതീഷ് (32) എന്നിവർ ഹരിപ്പാട് പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ ഇടിയേറ്റതോടെ ഗുണ്ടകൾ തങ്ങൾ പണ്ടുചെയ്തത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചു. ഇതോടെയാണ് പത്തനംതിട്ടയിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ലിജോയും കൂട്ടരും നടത്തിയ പദ്ധതി പുറത്തുവന്നത്. തുടർന്ന് പത്തനംതിട്ട പൊലീസ് ജിതേഷിനെ അറസ്റ്റ് ചെയ്തു. തന്നെ വെട്ടിയ ക്വട്ടേഷൻ ടീമിനെയും അവരുടെ മുൻപിൽ കൂട്ടിക്കൊണ്ടുപോയ ജിതേഷിനെയും രാജീവ് തിരിച്ചറിഞ്ഞു.

അതിനുപിറ്റേന്ന് ജിതേഷിന്റെ അനിയൻ ജിതിനും സംഘവും ചേർന്നുരാജീവിന്റെ വീടാക്രമിച്ചു. ആക്രമണം നടന്നതിന്റെ പിറ്റേന്നു പുലർച്ചെ അഞ്ചു മണിയോടെ രാജീവ് പത്തനംതിട്ട സി.ഐയെ വിളിച്ച് സംഭവം ധരിപ്പിച്ചു. സി.ഐ പറഞ്ഞത് അനുസരിച്ച് ജി.ഡി ചാർജിലുണ്ടായിരുന്ന ഷിബു എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീവിന്റെ വീട്ടിലെത്തി മൊഴി എടുത്തു. പ്രതിയാരാണെന്ന് അറിയാമോ എന്നായിരുന്നു ചോദ്യം.

പ്രതിയാരെന്ന് അറിയാതെ കേസ് എടുക്കാൻ കഴിയില്ലെന്നും ജിതിനെ വിളിച്ച് ചോദ്യം ചെയ്ത ശേഷം കേസെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാമെന്ന് ഷിബു പറയുകയും ചെയ്തുവെന്ന് രാജീവ് ഡിവൈ.എസ്‌പിക്ക് നൽകിയ പരാതിയിലുണ്ട്. പിന്നീട് മുൻ എംഎ‍ൽഎ കെ.സി. രാജഗോപാൽ എസ്‌പിയെയും ഡിവൈ.എസ്‌പിയെയും ബന്ധപ്പെട്ടപ്പോഴാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ജിതിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ക്വട്ടേഷൻ സംഘത്തിന് ഒത്താശ ചെയ്യുന്ന ഷിബുവെന്ന പൊലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് എസ്‌പിക്ക് പരാതി നൽകുമെന്ന് രാജീവ് പറഞ്ഞു.