കോതമംഗലം: നിർദോഷമെന്നുകരുതി സുഹൃത്തിന് ഉറപ്പുനൽകിയ സഹായം മൂലം നിർദ്ധനയുവാവിന് പെടാപ്പാട്. കോതമംഗലം തൃക്കാരിയൂർ കടുവംബ്ലായിൽ സാബുവാണ് അയൽവാസിയെ സഹായിക്കാനിറങ്ങി കെണിയിലായത്. ഒരുവാക്കിന്റെ പേരിൽ താൻ നേരിട്ട കഷ്ടതകൾ വിവരിക്കുമ്പോൾ സാബുവിന്റെ മിഴികളിൽ കണ്ണീരിന്റെ നനവ് .ഒരുസഹായം ചെയ്തതിന് എന്നേ ഇങ്ങിനെ ദ്രോഹിക്കാമോ? നിസഹായതയോടെ സാബു ചോദിക്കുന്നു.

ആ നശിച്ച ദിവസത്തെക്കുറിച്ച് വിവരിക്കുമ്പോൾ സാബുവിന് ഇപ്പോഴും നടുക്കം.കഴിഞ്ഞ സെപ്റ്റംബർ 29 നാണ് താൻ പ്രതിയായ പൊലീസ് കേസിനും നാടക്കേടിനും ഏറെ മാനസീക്ലേശത്തിനും ഇടയാക്കിയ സംഭവത്തിന്റെ തുടക്കമെന്നും യാതൊരു തെറ്റും ചെയ്യാത്ത തന്നെ സുഹൃത്ത് അബലക്കാടൻ ജോർജ്ജ് രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിക്കുകയാണെന്നുമാണ് സാബുവിന്റെ ആരോപണം.

വൈകിട്ട് മൂന്നരയോടടുത്ത് വീടിനടുത്തുള്ള പാതയോരത്ത് സ്വന്തം മാരുതിവാൻ നിർത്തിയിട്ട് എതിരെ വരികയായിരുന്ന അയൽവാസിയും ഡിഗ്രി വിദ്യാർത്ഥിയുമായ ബെബിനുമായി സംസാരിച്ചിരിക്കുകയായിരുന്നു മരം തൊഴിലാളി കൂടിയായ സാബു. ഈ സമയം ജോർജ്ജിന്റെ ഭാര്യ മിനി വാഹനത്തിന് സൈഡിൽക്കൂടി താഴേക്ക് നടന്നുപോകുന്നത് ഇരുവരുടെയും ദൃഷ്ടിയിൽപ്പെടുകയും ചെയ്തിരുന്നു.

ഏതാനും സമയം പിന്നിട്ടപ്പോൾ മിനിയുടെ നിലനിളികേട്ടു. സാബുവും ബെബിനും ഓടിയെത്തി നോക്കുബോൾ വാഹനത്തിനും സമീപത്തെ തിട്ടിനുമിടയിൽ ഏഴുന്നേൽക്കാൻ വയ്യാത്ത അസ്ഥയിൽ വീണുകിടക്കുകയായിരുന്നു മിനി.ഉടൻ ഇതുവഴിയെത്തിയ സമീപവാസി സ്ത്രീയും സാബുവും ചേർന്ന് മിനിയെ എഴുന്നേൽപ്പിച്ചു.വിവരം തിരക്കിയപ്പോൾ കല്ലിൽതട്ടിവീണതാണെന്നും നടക്കാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നുമിനിയുടെ മറുപിടി. തുടർന്ന് ഒടിയെത്തിവരും മറ്റും ചേർന്ന് മിനിയെ സമീപത്തുള്ള സാബുവിന്റെ വീട്ടിലെത്തിച്ചു.ഈസമയം സാബു വിവരം മിനിയുടെ ഭർത്താവ് ജോർജ്ജിനെ അറിയിക്കുന്നതിരക്കിലായിരുന്നു.

ഇതിനുശേഷം തന്റെ വാഹനത്തിൽ 33 കാരിയായ മിനിയെ അവരുടെ വീട്ടിലെത്തിച്ചു.ഉടൻ ജോർജ്ജിനെയും കൂട്ടി ഇതേ വാഹനത്തിൽതന്നെ കോതമംഗലത്തേ മാർ ബസലിയോസ് ആശുപത്രയിലെത്തി. എക്‌സറേ ,സ്‌കാനിങ് തുടങ്ങി ഇവിടുത്തെ സർവ്വ ആവശ്യത്തിനുള്ള പണം മുടക്കും സാവുവിന്റെ ഉത്തരവാദിത്വത്തിലാണ് നടന്നത്. കൈവശം ആവശ്യമായ പണം ഇല്ലാതിരുന്നതിനാൽ ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹോദരിയെ ബന്ധപ്പെടുത്തിയാണ് സാബു മിനിയുടെ ചികത്സ കാര്യങ്ങൾ നടത്തിയത്.

സ്‌കാനിംഗിൽ കാലിൽ പൊട്ടുണ്ടെന്നു ബോധ്യമായി.ഇതേത്തുടർന്ന് ശസ്ത്രക്രിയക്കായി തൃശൂരിലെ ആശുപത്രയിലേക്ക് മാറ്റണനെന്ന് ജോർജ്ജ് പറഞ്ഞപ്പോൾ ഇതിനും സാബുമുന്നിട്ടിറങ്ങി.തൃശൂരിലേക്ക് പുറപ്പെടും മുൻപെ തന്നെ ഭാര്യയുടെ വീഴ്ച അപകടമാക്കിമാറ്റാൻ ജോർജ്ജ് ശ്രമംതുടങ്ങി. ഇതിന് സാബുവിന്റെ സാഹായവും ഇയാൾ തേടിയിരുന്നു. ആവശ്യം വരുമ്പോൾ തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് സാബു ഉറപ്പും നൽകി. ഈ ഉറപ്പാണ് സത്യത്തിൽ സാബുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവ പരമ്പരക്ക് വഴിയൊരക്കിയത്.

സാബു വീട്ടിലെത്തി വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷ്വറൻസ് തീർന്നിരുന്നതായി മനസിലായി.ഈ വിവരം വിളിച്ചറിയിച്ചപ്പോൾ വേറെ വാഹനം സംഘടിപ്പിച്ചു നൽകണമെന്നായി ജോർജ്ജ്. ഇതേക്കുറിച്ച് അന്വഷിക്കാമെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ച സാബു പിന്നെ തന്റെ ജോലി തിരക്കുകൾമൂലം പിന്നെ ഇക്കാര്യം വിട്ടു. കഷ്ടി ഒരുമാസം കഴിഞ്ഞുകാണും സാബുവിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി.സാബു മാരുതിവാൻ ഇടിപ്പിച്ച് മിനിയെ അപായപ്പെടുത്തിയെന്ന് കാണിച്ച് ജോർജ്ജ് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. സ്റ്റേഷനിലെത്തി എസ് ഐ ഉൾപ്പെടെയുള്ളവരെ ക്കണ്ട് വിവരങ്ങൾ വിശദമാക്കിയപ്പോൾ കേസ് ഒഴിവാക്കാമെന്ന് അവർ സാബുവിന് ഉറപ്പും നൽകി. പിന്നീട് കുറച്ചുദിവസത്തേക്ക് സംഭവം സംബന്ധിച്ച് കാര്യമായ അനക്കമുണ്ടായില്ല .കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ പൊലീസ് സംഘം മാരുതിവാനുമായി സ്റ്റേഷനിലെത്താൻ സാബുവിനോട് നിർദ്ദേശിച്ചു.കുകയും ചെയ്തു.

ഇവിടം കൊണ്ടും പ്രശ്‌നം തീർന്നില്ല. അപകടസമയം ഒപ്പമുണ്ടായിരുന്ന ഡിഗ്രി വിദ്യാർത്ഥിയെക്കൊണ്ടും സഹായിക്കാനെത്തിയ അയൽവാസിയായ സ്ത്രീയെക്കൊണ്ടും സാബുവിനെതിരെ പൊലീസിൽ മൊഴികൊടുക്കുന്നതിനുള്ള നീക്കത്തിലാണഇപ്പോൾ ജോർജ്ജും കൂട്ടരും. കേരളാ കോൺഗ്രസ് നേതാവ് കൂടിയായ സഹോദരൻ ചെറിയാനും ഇക്കാര്യത്തിൽ ജോർജ്ജിനൊപ്പമുണ്ട്. കേസ് മുറുകിയാൽ എതിർ കക്ഷി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകേണ്ട ഗതികേടിലാണഇപ്പോൾ സാബു. അപകടസമയത്ത് വാഹനത്തിന് ഇൻഷ്വർ ഇല്ലാതിരുന്നതിനാൽ നഷ്ട പരിഹാരം സ്വന്തം കൈയിൽ നിന്നും നൽകണം.

നിത്യവൃത്തിക്കായി മരം മുറച്ചുനീക്കന്നതുൾപ്പെടെയുള്ള കൂലിവേല ചെയ്യുന്ന സാബുവിന്റെ പക്കൽ പണി സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള ഒരു മാരുതിവാൻ മാത്രമാണ് വിലപിടിപ്പുള്ളതായിട്ടുള്ളു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പിഴയടക്കാൻ ഇത് വിൽക്കേണ്ടി വന്നാൽ അതിനും മടിക്കില്ലെന്നും സാബു വ്യക്തമാക്കി.ഈ സംഭവത്തിൽ അടിപതറിയെന്നത് സത്യം. ഇനിയും അപകടത്തിൽപ്പെട്ട് ആര് പാതവക്കിൽ കിടന്നാലും ഞാൻ ആശുപത്രിയിൽ എത്തിക്കും. കഴിയാവുന്ന സഹായങ്ങൾ ചെയ്യും. സാബു നയം വ്യക്തമാക്കി.