മലപ്പുറം: രണ്ടാഴ്‌ച്ച മുമ്പ് എറണാകുളം പ്രസ് ക്ലബ്ബിൽ ശബരിമലയ്ക്ക് പോകാൻ ആഗ്രഹിച്ച് മാലയിട്ടെങ്കിലും ദർശനം നടത്തുന്നില്ലെന്ന് പറഞ്ഞ് മൂന്ന് യുവതികൾ വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ യുവതികൾക്കൊപ്പം ഒറ്റനോട്ടത്തിൽ ഫ്രീക്കൻ പയ്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും പങ്കെടുത്തിരുന്നു. നിലമ്പൂർ വഴിക്കടവ് കാരക്കോട് സ്വദേശി സംഗീതായിരുന്നു ഈ യുവാവ്. അന്ന് വാർത്താസമ്മേളനം നടത്തിപ്പോൾ മുതൽ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയായി മാറി സംഗീത് കാരക്കാട്. അന്ന് മുതൽ ഇദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് പ്രചരണം നടന്നിരുന്നു. ഈ പ്രചരണങ്ങൾക്ക് ഒടുവിലായാണ് യുവാവിന് മർദ്ദനമേൽക്കുന്നത്.

ശബരിമലയിലേക്ക് പോകാൻ മാലയിട്ട യുവതികൾക്കൊപ്പം പങ്കെടുത്ത സംഗീത് കണ്ണൂർ സ്വദേശി രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകളുടെ ഗുരുസ്വാമിയായിരുന്നു സംഗീത്. വ്രതത്തിൽ നിൽക്കവേ തന്നെയാണ് അദ്ദേഹത്തിന് മർദ്ദനമേൽക്കേണ്ടി വന്നത്. അമ്പലത്തിലെ ഉത്സവത്തിനായി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ തന്നെ മുപ്പതിലധികം വരുന്ന ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സംഗീത് മാധ്യമങ്ങളോട് പറഞ്ഞത്. കാരക്കോട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനായിട്ട് നാട്ടിൽ എത്തിയതായിരുന്നു. കുളിക്കാനായി സുഹൃത്തിന്റെ കൂടെ പുഴയിൽ എത്തിയപ്പോൾ മരുത്വ എന്ന് സ്ഥലത്തെ മുപ്പതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ എത്തുകയും ആരാണ് സംഗീത് എന്ന് ചോദിക്കുകയും ചെയ്തു.

ഞാൻ ആണ് സംഗീത് എന്ന് പറഞ്ഞ ഉടനെ 'നീയാണോ പെണ്ണുങ്ങളേം കൊണ്ട് മലയ്ക്ക് പോകുന്നത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തലയ്ക്ക് പുറകിലും മറ്റും കൂട്ടമായി അടിക്കുകയായിരുന്നു'' സംഗീത് ഇപ്പോൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പു വടികൊണ്ടും കല്ല് കൊണ്ടുമാണ് സംഗീതിനെ അടിച്ചതെന്നും കൈയ്ക്കും തലക്കും അടിയേറ്റ് സംഗീതിന് ചെവിക്ക് പിറകിലും തലയ്ക്കും പൊട്ടലുണ്ട്. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സംഗീത് കാരക്കാട് പറയുന്നത്.

നിലമ്പൂരിലെയും കാരക്കാട്ടെയും സാമൂഹ്യ, സാഹിത്യ രംഗത്ത് സജീമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സംഗീത് കാരക്കാട്ട്. നീണ്ട താടിയുള്ള ഫ്രീക്കൻ പയ്യനാണെങ്കിലും അയ്യപ്പ വിശ്വാസിയാണ് അദ്ദേഹം. ബ്യൂട്ടീഷനാണ് സംഗീത്. ഫ്രീക്കൻ പയ്യന്മാർക്കിടയിൽ ഹീറോ പരിവേഷം ലഭിച്ചത് അവർക്ക് ഇഷ്ടമുള്ള വിധത്തിൽ ഹെയർ ഡ്രസ്സിങ് നടത്തിയാണ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ തന്നെ ഫ്രീക്കായി ഹെയർ ഡ്രസ്സ് നടത്തിയ യുവാക്കളുടെ ചിത്രങ്ങൾ പോസ്റ്റു ചെയ്തിട്ടുണ്ട്.

സാഹിത്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സംഗീത്. ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്ന സാഹിത്യ വേദികളിലെയും സാന്നിധ്യമായിരുന്നു ഈ യുവാവ്. അതേസമയം തന്നെ പാർട്ടി താൽപ്പര്യമുണ്ടെങ്കിലും അത്തരം ചട്ടക്കൂടുകളിൽ ഒതുങ്ങാനും താൽപ്പര്യം കുറവുള്ള വ്യക്തിയാണ് അദ്ദേഹം. അതേസമയം സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ നേതാവാണ് സംഗീത് എന്നായിരുന്നു സംഘപരിവാറുകാർ ആരോപിച്ചിരുന്നത്.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് മുതൽ വിശ്വാസികളെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് വ്യക്തമെന്നാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾചൂണ്ടി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. അതേസമയം ശബരിമലയിൽ യുവതിപ്രവേശനത്തിന് അനുമതി ലഭിച്ചപ്പോൾ മുതൽ സംഗീത് അതിനെ അനുകൂലിച്ചു കൊണ്ടാണ് പോസ്റ്റിട്ടത്. യുവതികൾ മാലയിട്ടപ്പോൾ അതിന് പിന്തുണച്ചു കണ്ട് ചിത്രങ്ങൾ സഹിതം അന്ന് സംഗീത് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

ഇവർ മൂന്ന് പേർ മാലയിട്ട് സവർണ്ണ ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച പുരുഷാധിപത്യങ്ങളുടെ നെഞ്ചിൽ ചവിട്ടി ശബരിമല കയറാൻ വ്രതമെടുത്തിട്ടുള്ള ചരിത്ര വനിതകളാണ്.... കാലാകാലങ്ങളായി ആണത്തത്തിന്റെ വിളവെടുപ്പിനായി ആചാര ചങ്ങലകളാൽ തളച്ചിടപ്പെട്ട സ്ത്രീകൾ അവയെല്ലാം പൊട്ടിച്ചെറിഞ്ഞ ഒരു ചരിത്രമുണ്ട് ഈ നാടിന്.... കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ അക്ഷര വിരോധികളല്ലാത്തവർക്ക് ആർക്കും മനസ്സിലാവും. സദാചാരങ്ങളെന്ന പേരിൽ നിലനിന്നിരുന്ന എല്ലാ തരത്തിലുള്ള ദുരാചാരങ്ങളേയും ഇച്ഛാശക്തിയും, യുക്തിബോധവും കൊണ്ട് തന്നെയാണ് സമൂഹം നേരിട്ടിട്ടുള്ളത്...

ഇവർ നടന്നു കയറുന്നത് ചരിത്രത്തിലേയ്ക്ക് തന്നെയാണ്... കേരളത്തിന്റെ പുരോഗമന ചിന്താഗതികൾക്ക് ആക്കം കൂട്ടുന്ന തീരുമാനം തന്നെയാണ് ഇവരുടേത്... ചരിത്രം വഴിമാറും ചിലർ വരുമ്പോൾ... ഇവരുടെ കൂടെ മല കയറാൻ വരും ദിവസങ്ങളിൽ ഇനിയും സ്ത്രീരത്‌നങ്ങൾ മുന്നോട്ട് വരിക തന്നെ ചെയ്യും... അഭിവാദ്യങ്ങൾ പെണ്ണുങ്ങളേ...കൂടെയുണ്ട്...

ഈ യുവതികൾ വ്രതം നോറ്റ് മാലയിട്ടെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നീട് പിന്മാരുകയായിരുന്നു. കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. ഇവർക്ക് പിന്തുണയുമായി വന്നതിനാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.