തിരുവനന്തപുരം : നെയ്യാറ്റിൻകരക്കാരൻ ശശികുമാർ യാത്രയിലാണ് കോടതികളിൽ നിന്ന് കോടതികളിലേക്ക്.... എന്ന് ഈ യാത്രകൾ അവസാനിക്കുമെന്ന് ആർക്കും ഉറപ്പില്ല. സമൻസ് വരുന്നതിനാൽ കോടതിയിൽ എത്തിയില്ലെങ്കിൽ വാറണ്ട് വരും. അതുകൊണ്ട് തന്നെ മുടങ്ങാതെ കോടതികളിലേക്ക് പോകുന്നു. കൊല്ലയിൽ എയ്തുകൊണ്ടാൻകാണി പരിയല്ലൂർ പുത്തൻവീട്ടിൽ നിന്ന്, ഇരുമ്പിൽ പാളയത്ത് വീട്ടിൽ താമസിക്കുന്ന കെ.ശശികുമാർ. കേരളത്തിലെ കോടതികളിൽ സാക്ഷിയായും ജാമ്യക്കാരനായും ശശികുമാർ ഹാജരാകാൻ തുടങ്ങിയിട്ട് നാളേറെയായി. എങ്ങനെ ഇതു സംഭവിച്ചുവെന്നതിന് മാത്രം ശശികുമാറിന് അറിയില്ല.

ഞാൻ ഇതേവരെ ഒരു കോടതിയിലും വാദിയായോ, പ്രതിയായോ, ജാമ്യക്കാരനായോ പോയിട്ടില്ല. പക്ഷെ, വർഷങ്ങളായി സംസ്ഥാനത്തെ പല കോടതികളിൽ നിന്ന് ഞാൻ ചില പ്രതികൾക്ക് ജാമ്യം നിന്നതായി അറിയിപ്പു വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകളിലെ പ്രതികൾ വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ കോടതികളിൽ എത്തണമെന്നു കാണിച്ച് സമൻസുകൾ എത്തുന്നു. പല കോടതികളിലും എത്തി നിരപരാധിത്വം അറിയിച്ചിട്ടുണ്ടെങ്കിലും മനഃസമാധാനം തകർത്തും സാമ്പത്തിക ബാധ്യത സൃഷ്ടിച്ചും വീണ്ടും കോടതികളിൽ എത്താൻ ഉത്തരവുകൾ വരികെയാണ്- തന്റെ ബുദ്ധിമുട്ടിനെ കുറിച്ച് ശശികുമാർ പറയുന്നത് ഇങ്ങനെയാണ്.

ആരൊക്കെയോ ചേർന്നു കോടതിയെ കബളിപ്പിക്കുകയും എന്നെ ബലിയാടാക്കുകയുമാണെന്ന് ഞാൻ കരുതുന്നു. ഇതിനെപ്പറ്റി അന്വേഷിച്ച് പിഴവു കണ്ടെത്തി എന്റെയും കുടുംബത്തിന്റെയും ജീവിതം മടക്കിത്തരണം.-പൊലീസിന് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഈ മധ്യവയസ്‌കൻ. പൊലീസ് റൂറൽ ജില്ലാമേധാവി മുതൽ ഡിജിപിക്കു വരെ നൽകി കാത്തിരിക്കുകയാണ് ശശികുമാർ.വ ിവിധ കുറ്റങ്ങൾ നടത്തിയതായി ആരോപിച്ചു പൊലീസ് കോടതികളിൽ ചാർജ് നൽകിയിട്ടുള്ള കേസുകളിലെ പ്രതികൾക്ക് ജാമ്യം നിന്നതായാണു ശശികുമാറിനെതിരായ രേഖകൾ. പ്രതികൾ വിചാരണയ്ക്ക് ഹാജരാകുന്നില്ലെന്നതു മൂലമാണ് ശശികുമാറിനെതിരെ സമൻസു വരുന്നത്.

ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിലെ കേസിലെ പ്രതി ബിജു, കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ വിചാരണ കേസിലെ പ്രതി സോണി ജോർജ്, കോട്ടയം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസിലെ പ്രതി മിഥുൻഗോപി, മഞ്ചേരി സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്ന പ്രതി ഉണ്ണി, കോലഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രതിയായ സോഹൻ ബനാബത്ത്, കാസർകോട് മജിസ്‌ട്രേട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രതികൾ, കോട്ടയം അഡീഷനൽ ആൻഡ് ഡിസ്ട്രിക്ട് സ്‌പെഷൽ കോടതിയിലെ കേസിൽ പ്രതിയായ ബിജു, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിൽ വിചാരണ നേരിടുന്ന കേസിലെ പ്രതി ജി.വി.ഭാസ്‌കര റാവു എന്നിവർക്ക് ജാമ്യം നിന്നതായിട്ടുള്ളവയാണ് കോടതിയിലുള്ള രേഖകളിൽ ചിലതെന്ന് ശശികുമാർ പറയുന്നു.

രേഖകളിൽ പറയുന്ന പ്രതികൾ ആരെന്നോ, അവർ ചെയ്ത കുറ്റകൃത്യങ്ങൾ എന്തെന്നോ തനിക്കറിവില്ലെന്നാണു ശശികുമാർ പറയുന്നു. എങ്കിലും ജാമ്യരേഖകൾ വരുന്ന സാഹചര്യത്തിൽ കോടതിയിൽ എത്തി തന്റെ നിരപരാധിത്വം അറിയിക്കുകയാണ് ശശികുമാർ ചെയ്യുന്നത്. ആരോ മനപ്പൂർവ്വം തന്റെ പേരും രേഖകളും ഉപയോഗിക്കുന്നുവെന്നാണ് ശശികുമാറിന്റെ വിലയിരുത്തൽ.