തൃശൂർ: അയ്യന്തോൾ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപെടുത്തിയ സംഭവത്തിന് പിന്നിലെ പ്രധാന പ്രതി മഴവിൽ മനോരയിലെ വെറുതെ അല്ല ഭാര്യയിലെ മത്സരാർത്ഥിയായ ശാശ്വതി തന്നെ. താനാണ് കൊല്ലപ്പെട്ട ഷൊർണ്ണൂർ സ്വദേശി സതീഷിനെ കഠിനമായി മർദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബീയർ മാത്രമാണ് താൻ കഴിച്ചിരുന്നതെന്നും എന്നാൽ, അതിൽ മറ്റാരോ മദ്യം കലർത്തിയിരുന്നതിനാൽ, അതിന്റെ ലഹരിയിലാണ് ക്രൂരമായി മർദ്ദിച്ചതെന്നും യുവതി പറയുന്നു. അതിനിടെ കേസിൽ മുൻ കെ. പി. സി. സി. സെക്രട്ടറിയും പൊലീസിന്റെ സംശയനിഴലിലായി. കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റഷീദുമായി അടുപ്പമുള്ള നേതാവാണിയാൾ.

കേസിൽ അറസ്റ്റിലായ ശാശ്വതി എന്ന യുവതിയും നേതാവ് വന്ന സമയത്ത് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. കൊല്ലുന്നതിനു മുമ്പ് കെട്ടിയിട്ടിരിക്കുന്ന സമയത്താണ് നേതാവ് വന്നത്. അതുകൊണ്ട് തന്നെ ഈ നേതാവും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ശാശ്വതി പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഈ നേതാവിനെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. പെൺ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലർത്തി.

എന്നാൽ, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോൾ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്‌ളാറ്റിൽ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്‌ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്നാണ് ചോര വാർന്ന് സതീഷ് മരിച്ചത്. കേസിൽ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.

റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് മർദ്ദിച്ചത്. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. റഷീദ് നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജുവലറിയിൽ നിന്ന് കൊണ്ടുപോയ കിലാേക്കണക്കിന് ആഭരണങ്ങൾ വഴിയിൽ തടഞ്ഞ് തട്ടിയെടുത്ത കേസിലെ പ്രതിയാണ്. അതിന്റെ വിചാരണയ്ക്കിടയിൽ റഷീദ് പാർട്ടി ബ്‌ളോക്ക് പ്രസിഡന്റായി. ഇപ്പോൾ ഫ്‌ളാറ്റിൽ വന്നുപോയ മുൻ കെ. പി.സി. സി. സെക്രട്ടറിയുടെ പിന്തുണയോടെയാണ് പദവി സംഘടിപ്പിച്ചത്. ഈ ഫ്ളാറ്റിൽ നടക്കുന്ന അവിഹിതങ്ങളിൽ കെപിസിസി സെക്രട്ടറിക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷൊർണൂർ ലതനിവാസിൽ ബാലസുബ്രഹ്മണ്യന്റെ മകൻ സതീശൻ കഴിഞ്ഞ ആഴ്‌ച്ചയാണ് കൊല്ലപ്പെട്ടത്. മഴവിൽ മനോരമ ചാനലിലെ വെറുതേയല്ല ഭാര്യ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന യുവതിയാണ് ശാശ്വതി. ഗുരുവായൂർ വല്ലശേരി സ്വദേശിനിയായ യുവതി ഭർത്താവിനെ ഒഴിവാക്കിയ ശേഷം കുത്തഴിഞ്ഞ ജീവമാണ് നയിച്ചിരുന്നതെന്നുമാണ് അറിയുന്നത്. കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തിൽ ഒരു കുട്ടിയുള്ള ആളാണ് ഇയാൾ. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്.

റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടിൽകൃഷ്ണപ്രസാദു(32)മായും ശാശ്വതി ബന്ധം പുലർത്തിയിരുന്നു. സതീഷുമായും ഇതിനിടെ സൗഹൃദത്തിലായി. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവർക്കു പരസ്പരം അറിയാമായിരുന്നു. എന്നാൽ റഷീദുമായിട്ടായിരുന്നു കൂടുതൽ ബന്ധം. സംഭവം നടന്ന ഫ്‌ലാറ്റിൽ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവർത്തനങ്ങൾക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ലാറ്റ് സംഘടിപ്പിച്ചതെന്നുമാണ് സൂചന.

വേറെയും യുവതികൾ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റ് റഷീദിന് സ്വന്തമാക്കാൻ അവസരം ഒരുക്കിയത് ശാശ്വതിയാണ്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ എന്നാണ് പൊലീസ് പറയുന്നത്. ഡിജെ പാർട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിർബന്ധത്തെ തുടർന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് പോയതും. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്.

ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നു നാലു വർഷമായി കേസുകളൊന്നും ഇല്ലാത്തതിനാൽ വീണ്ടും പാർട്ടിയിലേക്ക് തിരികെ എടുക്കുയയും ചെയ്തു. സ്ഥാനം തെറിച്ച ഒരു മുൻ കെപിസിസി സെക്രട്ടറിയുടെയും ജില്ലയിലെ ഒരു എംഎൽഎയുടെയും ഗുണ്ടായാണ് റഷീദെന്നും സൂചനയുണ്ട്. നിരവധി പണമിടപാടിലെ മുഖ്യകണ്ണിയാണ് ഇയാൾ. കുഴൽപ്പണം, നോട്ട് തട്ടിപ്പ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളി കൂടിയാണ് റഷീദ്.

കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി പല ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ള റഷീദിനെ സംരക്ഷിക്കുവാൻ നേതാക്കളുടെ വൻനിര തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ടൈന്നും സൂചനയുണ്ട്. ഇയാളെ ഇനിയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.